ADVERTISEMENT

ജീവൻ തുടിച്ചപ്പോൾ മുതൽ

തണലേകിയതാണവൾ

ജീവിതയാഥാർഥ്യങ്ങളുടെ പ്രളയം വലച്ചിട്ടും,

കൈപ്പുനീരേറെ വലിച്ചെടുത്തിട്ടും,

ഇലകൾ പൊഴിക്കാത്തവൾ..

എനിക്ക് തണൽലേകിയവൾ..
 

വളമേകേണ്ടവർ മഴുവോങ്ങിയിട്ടും,

സംരക്ഷിക്കേണ്ടവർ 

വാക്ശരങ്ങളാൽ

അഗ്നിപടർത്തിയിട്ടും,

വേരുണക്കാത്തവൾ,

ഫലമേകിയവൾ.

സ്വന്തം നീരൂറ്റിയെന്നെ പോറ്റിയവൾ,

എനിക്ക് മാർഗ്ഗം തെളിച്ചവൾ,

നൽവാക്ക് ചൊല്ലിയേൽപ്പിച്ചവൾ.
 

നിൻ ശീതളച്ഛായയിൽ

മുഴുകിയ ഞാൻ അറിഞ്ഞില്ല 

നീയേറ്റത് കത്തുന്ന വെയിലാണെന്ന്.

അറിഞ്ഞില്ല, നീയെത്ര ശോഷിതയെന്ന്,

അറിഞ്ഞില്ല നിൻ പൊള്ളലെത്രയെന്ന്.
 

പക്ഷെ, ഇന്നറിയുന്നു ഞാൻ നിൻ 

ദളങ്ങൾ കൊഴിഞ്ഞതും,

അറിയുന്നു നിന്റെ മുറിവേറ്റ സ്പന്ദനങ്ങളും.

പച്ചമാഞ്ഞതറിഞ്ഞു ഞാൻ,

നിൻ, കൈകളുണങ്ങിയതറിഞ്ഞു ഞാൻ.

ഇന്ന്, ഇരുളിന്റെ ഗന്ധം പരന്നതെന്തേ?

പുൽനാമ്പുകൾ നോക്കി ചിരിച്ചതെന്തേ?
 

ആരോ നീക്കിവെച്ച പുഷ്‌പവും, ധാന്യമണികളും

ചിതറി കിടക്കുന്നു,

കൊത്താൻ കാത്തുനിന്ന കാകൻ പറന്നകലുന്നു,

കാറ്റിലെങ്ങും കർപ്പൂരം ശ്വസിക്കയായ്,

പടിഞ്ഞാറിൻ ചുവപ്പുമായുകയായ്.

തീജ്വാല പടർന്നിട്ടും, എനിക്ക് പൊള്ളുന്നില്ല,

കാരണം ഞാൻ നീ തന്നെയായിരുന്നു,

നീ എന്നേ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com