ADVERTISEMENT

ഒരു കൊള്ളിയാൻ ആകാശത്ത് മിന്നി മറഞ്ഞു. പിന്നാലെ കാതടപ്പിക്കുന്ന ഇടിമുഴക്കവും. രാത്രിയുടെ അന്ത്യയാമങ്ങൾ ആയിരിക്കുന്നു. കാറ്റിന്റെ പല താളങ്ങളിലുള്ള സീൽക്കാരങ്ങൾ അവിടമാകെ മുഴങ്ങി നിന്നു. ഒരു നനുത്ത മഴ അപ്പോഴും പെയ്തു കൊണ്ടേയിരുന്നു. നിയന്ത്രിക്കാൻ ആകാത്ത പ്രകൃതിയുടെ താളം സ്വതന്ത്രമായി തന്റെ കടമ നിർവഹിച്ചു കൊണ്ടേയിരുന്നു. ഇന്നലത്തെ പകൽമഴയിലും കാറ്റിലും ഒടിഞ്ഞു വീണ വാഴത്തോട്ടത്തിന് മുകളിലൂടെ, പഴക്കം ചെന്ന്‌ തകർന്നു വീണ ബംഗ്ലാവിനും മുകളിലൂടെ അവൾ അങ്ങനെ ഒഴുകി നടന്നു. തണുത്ത കാറ്റ് അപ്പോഴും ശക്തമായി വീശുന്നുണ്ട്. അവളുടെ നീണ്ട മുടിയിഴകൾ ചിലപ്പോഴൊക്കെ അവൾക്ക് മുന്നേയും ചിലപ്പോഴൊക്കെ അവൾക്ക് പിന്നിലും കാറ്റിനൊത്തു ചലിച്ചു കൊണ്ടിരുന്നു. ദൂരെ കുന്നിന്റെ ചരിവിലായി ഒരു ഭാഗം മുഴുവനും ഒലിച്ചു പോയിരിക്കുന്നു. ആ ഭാഗത്തു ആൾതാമസം ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ഒരു ചെറിയ അരുവി ഇപ്പോൾ കുത്തിയൊലിക്കുന്ന ഒരു നദിപോലെ അതിന്റെ രൗദ്രഭാവം പ്രകടമാക്കി കടന്നു പോകുന്നു. അവൾ ആ കലങ്ങി മറിഞ്ഞ് കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ മുകളിലൂടെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ അങ്ങനെ ഒഴുകി നടന്നു. ശക്തമായ വെള്ള പാച്ചിലിൽ ഒഴുകിവന്ന വലിയ പാറക്കഷണങ്ങൾ, ഉരുളൻ കല്ലുകൾ അവിടമാകെ നിറഞ്ഞിരിക്കുന്നു. അവയിൽ എല്ലാം തട്ടിത്തെറിച്ചു വരുന്ന വെള്ളം ഇരു കരകളെയും കാർന്നു തിന്നുകൊണ്ടിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് തന്നെ വല്ലാതെ മാറിപ്പോയിരിക്കുന്ന ആ പ്രദേശം അവൾ ചുറ്റിക്കണ്ടു. പാതി തകർന്ന വീടുകൾ, ഒലിച്ചു പോയ ചെമ്മൺ റോഡുകൾ, കടപുഴകിയ വൃക്ഷങ്ങൾ അങ്ങനെ അങ്ങനെ. പക്ഷേ.. അപ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ തലയുയർത്തിപ്പിടിച്ചു ചെങ്കുറിഞ്ഞി അങ്ങനെ നിൽപ്പുണ്ട്. എവിടെ നിന്നോ കാറ്റിൽ അടിച്ചു കയറിയ വള്ളിപ്പടർപ്പുകൾ അതിന്റെ ശിഖരത്തിൽ ഉടക്കി കിടന്ന്‌ ഇളകിയാടുന്നുണ്ട്. മഴമേഘങ്ങൾ അതിന്റെ തീവ്ര ഭാവം വെടിഞ്ഞു നേർത്തു തുടങ്ങുന്നതവൾ അറിഞ്ഞു.  "ഒഴിഞ്ഞു തുടങ്ങുന്നു" അവൾ മനസ്സിൽ പറഞ്ഞു. അവളുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ നിഴൽ പടർന്നു.

ഇന്ന് അമ്മു എത്തേണ്ടുന്ന ദിവസമാണ്. തന്നെ ഈ ഭൂമിയിൽ ആരെല്ലാമോ ആക്കിത്തീർത്തത് അമ്മു മാത്രമാണ്. അവൾ വരുമ്പോൾ പ്രകൃതിയുടെ ഈ ഭാവമാറ്റം  അവൾക്ക് ബുദ്ധിമുട്ട് ആകരുതെന്ന്‌ വല്ലാതെ ആഗ്രഹിച്ചിരുന്നു. മുകളിലേക്കു മുഖമുയർത്തി ഒഴിഞ്ഞു പോകുന്ന മഴ മേഘങ്ങളെ അവൾ ആദരവോടെ നോക്കി. പിന്നെ മഴമേഘങ്ങൾക്കും ഭൂമിക്കും മദ്ധ്യേ അവൾ അങ്ങനെ ഒഴുകി നടന്നു. ശക്തമായ മഴ ഇനിയുണ്ടാകില്ല അതവൾക്കുറപ്പാണ്. ഇനി ഉണ്ടാകുക നനുത്ത ചാറ്റമഴ മാത്രമാകും. അതോടെ എല്ലാം പഴയതുപോലെ ആയിത്തുടങ്ങും. എന്നാലും... ദൂരെ ആകാശത്ത് നിന്നും ഭൂമിയിലേക്ക് വിരിഞ്ഞിറങ്ങുന്ന വളരെ നേർത്ത വെള്ളിവെളിച്ചം. വളരെ നേർത്തത് ആയത് കൊണ്ടാകാം പിന്നാലെ ഉണ്ടാകാറുള്ള  ഇടിമുഴക്കം അതവൾക്ക് കേൾക്കാനായില്ല. തന്റെ ദൗത്യം പൂർത്തിയാക്കി ഇരുട്ട്  പതുക്കെ പിൻവാങ്ങുകയാണ്. നേർത്ത വെളിച്ചം, തന്റെ വർണ്ണ ലോകം അവിടമാകെ വിതറി തുടങ്ങാൻ ഒരുങ്ങി നിൽക്കുന്നു. അവൾക്ക് ഏറ്റവും പ്രിയമുള്ള ഒരു സമയമാണിത്. ആകാശത്ത് വിരിഞ്ഞുവരുന്ന അത്ഭുത നിറങ്ങൾ അത് ഈ സമയത്ത് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. നീല, മഞ്ഞ, ഓറഞ്ച്, വെളുപ്പ്, കറുപ്പ്. പല നിറങ്ങൾ ഒരുമിച്ച് പല രീതിയിൽ എന്തു ഭംഗിയാണ്. വളരെ കുറച്ചു നേരം മാത്രം നീണ്ടുനിൽക്കുന്ന ഈ അത്ഭുത കാഴ്ച, ഒരിക്കൽ താൻ അമ്മുവിന് കാട്ടി കൊടുത്തിട്ടുണ്ട്. അന്ന് അമ്മുവിന്റെ കണ്ണുകളിൽ കണ്ട അത്ഭുതം നിറഞ്ഞ ആഹ്ലാദം ഇന്നും തനിക്ക് ഓർമ്മയുണ്ട്. അമ്മുവിനെ കുറിച്ചുള്ള ചിന്ത അവളിൽ വിഷാദം നിറച്ചു. ഏതാണ്ട് മൂന്ന് വർഷത്തോളം ആയിരിക്കുന്നു ഒന്ന് കണ്ടിട്ട്. ഇന്ന് അവൾ വരുന്നുണ്ട് പക്ഷേ ഈ വരവ് അവൾ തനിച്ചാണ്. തന്നെ ഈ ഭൂമിയുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഒരേയൊരാൾ. എന്നിട്ടും....

ഒരു നാൾ സ്വന്തം എന്ന് കരുതിയിരുന്ന ശരീരത്തിനു മുകളിലൂടെ ഒഴുകി നടന്നു തുടങ്ങിയത് ഓർമ്മയുണ്ട്. പിന്നെ ഇരുട്ട് നിറഞ്ഞ ഏതോ വഴിയിലൂടെ നീണ്ട ഒരു യാത്ര. ആ യാത്രയ്ക്ക് വളരെയധികം സമയം എടുത്തിരുന്നു. അതിനൊടുവിൽ ഒരു പ്രകാശവലയത്തിൽ അകപ്പെട്ടതുപോലെ. മുകളിലേക്ക് ഉയർന്നു നിൽക്കുന്ന പടിക്കെട്ടുകൾ. ആ പടിക്കെട്ടുകൾക്ക്‌ സ്വർണ്ണ നിറമായിരുന്നു.പിന്നെ എന്താണ് തനിക്ക് സംഭവിച്ചത്? ഓർക്കാൻ ശ്രമിച്ച് പലതവണ പരാജയപ്പെട്ടിടമാണത്. പക്ഷേ... അതിനെല്ലാം മുൻപ് താൻ ആരായിരുന്നു? എന്തായിരുന്നു? ഒരിക്കൽ അമ്മുവും തന്നോടിത് ചോദിച്ചിട്ടുണ്ട്, ഇവിടെ എങ്ങനെയാ വന്നത്? എത്ര കാലം കൊണ്ട് ഇവിടെയുണ്ട്? സ്വന്തം എന്ന് കരുതുന്ന തന്റെ ശരീരത്തിനു മുകളിലൂടെ ഒഴുകി നടക്കുന്ന ഒരു ദിവസം എല്ലാവർക്കും ഉണ്ടാവും അത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. പക്ഷേ... അതോടു കൂടി എല്ലാം അവസാനിക്കുന്നു എന്നത് ശരിയല്ല പകരം അവിടെ പലതും അവശേഷിക്കുന്നു എന്നതാണ് മനസ്സിലാക്കേണ്ടുന്നത്. ഒരു വസ്ത്രം ഉപേക്ഷിച്ച് മറ്റൊരു വസ്ത്രം സ്വീകരിക്കുന്നതിന് ഇടയ്ക്കുള്ള സമയം. ആ സമയം എന്നു പറയുന്നത് എന്റെ നിയോഗത്തിൽ അതിവിടെയാണ്. അത്ര മാത്രമേ എനിക്ക് ഇതേക്കുറിച്ച് പറയാനുള്ളൂ. പക്ഷേ... എങ്ങനെ ആയിരുന്നു? അതെന്റെ ഓർമ്മയിൽ തെളിയുന്നതേ ഇല്ല. പലപ്പോഴും ഞാൻ അത് ഓർത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.  ഇത്രയും പറഞ്ഞു അവൾ ആകാശത്തിലേക്ക് നോക്കി. ശേഷം അമ്മുവിനോട് ചോദിച്ചു, "ഞാൻ പറഞ്ഞത് എന്തെങ്കിലും നിനക്കു മനസ്സിലായോ അമ്മു" "ഇല്ല" അത് കേട്ട് മുത്തുമണികൾ കിലുങ്ങും പോലെ അവൾ ചിരിച്ചു. "അമ്മൂ, ഇതൊന്നും നിനക്ക് മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. ഒരിക്കൽ നിനക്കത് തനിയെ മനസ്സിലാകുന്നതാണ്." വീണ്ടും അവൾ ചിരിച്ചു.

ചിരിക്കാനും തമാശ പറയാനും ഉള്ള കഴിവ് തനിക്കുണ്ടെന്ന് അമ്മു കടന്നു വന്ന ശേഷമാണ് തനിക്ക് മനസ്സിലായത്. അത് പക്ഷേ അമ്മുവിന്റെ സാന്നിധ്യമുള്ളപ്പോൾ മാത്രമാണെന്നത് ഒരു വസ്തുതയാണ്. പുലർവെളിച്ചം അതിന്റെ സൗന്ദര്യമെല്ലാം ആവാഹിച്ച് കടന്നു വന്നു തുടങ്ങിയിരിക്കുന്നു. നേർത്ത മഞ്ഞിൻ കണങ്ങളാൽ നിറഞ്ഞ അന്തരീക്ഷത്തിലേക്ക്‌ പതുക്കെ കടന്നു വരുന്ന സൂര്യപ്രഭ. ഇലച്ചാർത്തുകളിൽ ഉടക്കി നിൽക്കുന്ന ജലകണങ്ങൾ ആ വെളിച്ചം തന്നിലേക്കാവാഹിച്ച് തന്റെ സൗന്ദര്യം വെളിവാക്കുന്നു. ശീതക്കാറ്റ് അതിന്റെ രൂപവും ഭാവവും മാറ്റിയിരിക്കുന്നു, വളരെ സുഖമുള്ള ഒരു തണുത്ത ഇളം കാറ്റായി അവളെ തഴുകി കടന്നു പോയി. അവൾ അമ്മുവിന്റെ വീട് ലക്ഷ്യമാക്കി തന്റെ ദിശ തിരിച്ചു വിട്ടു. അവിടെ അമ്മു ഒഴികെ ബാക്കി എല്ലാവരും എത്തിയിട്ടുണ്ട്. അവസാനം എത്തുന്നത് അമ്മുവാണ്. പക്ഷേ... തന്റെ പ്രശ്നം അതൊന്നുമല്ല. ഇപ്പോൾ.. അമ്മുവിന്റേതായിരുന്ന മുറിയിൽ മാറ്റാരോ ആണ്. മുകളിലത്തെ നിലയിലെ വടക്കു കിഴക്കേ മൂലയിലെ മുറി, അതായിരുന്നു അമ്മുവിന്റേത്. അമ്മു വരുമ്പോൾ എന്തു ചെയ്യും. ഉറപ്പാണ്, അവൾക്ക് വിഷമമാകും എന്നുള്ളത്. എന്നാലും... അവൾ അത് പുറത്തു കാണിക്കാൻ സാധ്യത ഇല്ല. അമ്മുവിനെ അവൾക്ക് നന്നായറിയാം. "എപ്പോഴാകും എത്തുക" അവൾ വഴിയിലേക്ക് നോക്കി. അമ്മുവിനെ കാണണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ... തന്റെ സഞ്ചാര സ്വാതന്ത്ര്യം പരിമിതമാണെന്ന പൂർണ്ണ ബോധ്യമുണ്ട്. അത്, എന്തുകൊണ്ട് അങ്ങനെ? അതവൾക്ക് അറിയില്ല. എന്നാലും... തനിക്ക് വിഷമമില്ല. കാരണം, ഈ ഭൂമിയിൽ തന്നെ കാണാനും, അറിയാനും ഒരാൾക്കെങ്കിലും ആവുന്നുണ്ടല്ലോ. അത് അവിചാരിതമായി സംഭവിച്ച ഒന്നാണ്, കാൽ തെറ്റി വലിയൊരു കുഴിയിലേക്ക് വീഴാൻ തുടങ്ങിയ അമ്മുവിനെ കടന്നു പിടിക്കാൻ സാധിച്ചത് മുതൽക്കാണ് എന്ന് പറയാം.

അവളുടെ കൈകളിൽ പിടിക്കാൻ സാധിച്ചു എന്നത് മാത്രമല്ല, തന്റെ ശബ്ദവും അവൾ കേട്ടിരിക്കുന്നു. പക്ഷേ... അവൾക്ക് തന്നെ കാണാൻ സാധിച്ചിരുന്നില്ല. എത്ര വയസുണ്ടായിരുന്നു അന്നവൾക്ക്, അഞ്ച് അല്ലെങ്കിൽ ആറ്, അതിനപ്പുറം എന്തായാലും പോകില്ല. തന്റെ ശബ്ദം കേട്ടിടത്തേക്ക് അത്ഭുതത്തോടെ നോക്കി അവൾ ചോദിച്ചു, ആരാ? എന്താ എനിക്ക് ഇവിടെ ആരെയും കാണാൻ പറ്റാത്തത്? അവളുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി തിരിച്ചൊരു ചോദ്യം ആണ് താൻ അന്ന് ചോദിച്ചത്, "ശബ്ദം കേട്ടിട്ട് ഞാൻ സുന്ദരി ആണെന്ന് തോന്നുന്നുണ്ടോ?" "ഉണ്ട്" "എങ്കിൽ ഒരു സുന്ദര രൂപം മനസ്സിൽ വിചാരിച്ച്, കണ്ണുകൾ അടച്ച് എന്റെ കൈയ്യിൽ പിടിച്ചോളൂ, ഞാൻ പറയാതെ കണ്ണ് തുറക്കരുത്. സമ്മതമാണോ" "ഉം, സമ്മതിച്ചു" താൻ അറിഞ്ഞിരുന്നില്ല, അന്ന് രൂപമില്ലാതിരുന്നവൾക്ക് സ്വന്തമായി ഒരു രൂപവും ഭാവവും വേഷവും എല്ലാം ലഭിക്കുകയായിരുന്നു എന്ന്. കണ്ണ് തുറന്ന് അമ്മു സന്തോഷത്തോടെ അവളോട് ചേർന്നു നിന്ന് അത്ഭുതത്തോടെ അവളെ നോക്കി. "ഞാൻ മനസ്സിൽ വിചാരിച്ചത് പോലെ തന്നെയുണ്ടല്ലോ" അതും പറഞ്ഞ് കുസൃതി കലർന്ന ചിരിയോടെ അമ്മു ദൂരേക്ക് ഓടി മറയുന്നത് നോക്കി നിൽക്കുമ്പോൾ അത്, പുതിയൊരു തുടക്കം ആയിരുന്നു എന്നവൾ അറിഞ്ഞിരുന്നില്ല. തന്നെ കാണാനും അറിയാനും സ്പർശിക്കാനുമൊക്കെ അവൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും അമ്മുവിന് അറിയുമായിരുന്നില്ല. നിഷ്കളങ്കമായ അവളുടെ മനസ്സിലേക്ക് തന്നെ കുറിച്ചുള്ള സത്യങ്ങൾ അറിയാൻ വളരെക്കാലം പിന്നെയും എടുത്തിരുന്നു. പക്ഷേ... പറയാതിരിക്കാൻ ആവില്ല, പലപ്പോഴും അവളുടെ ധൈര്യം തന്നേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തന്റെ കൈകളിൽ പിടിച്ചു ഉയരങ്ങളിലേക്ക് അവൾ യാത്ര ചെയ്തിട്ടുണ്ട്. അവൾക്ക് പല കാഴ്ചകളും താൻ കാട്ടി കൊടുത്തിട്ടും ഉണ്ട്.

തന്റെ ഈ ഭൂമിയിലെ വാസത്തിന് ഇടയ്ക്കുള്ള ആകെ ഒരു കൂട്ട് അവൾ മാത്രമായിരുന്നു. ഒരിക്കൽ അവൾ തന്നോട് ചോദിച്ചിട്ടുണ്ട്, "ആരെയെങ്കിലും പേടിപ്പിച്ചിട്ടുണ്ടോ? ആരോടെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ? ആരെയെങ്കിലും കൊല്ലണമെന്ന് തോന്നിയിട്ടുണ്ടോ? എന്നോട് മുത്തശ്ശി പറഞ്ഞല്ലോ, അങ്ങനെയൊക്കെയാണെന്ന്. അത് ശരിയാണോ?," തന്റെ നീണ്ട് മെലിഞ്ഞ വിളർത്ത കൈകളിലേക്ക് നോക്കി അവൾ ചോദിച്ചു "അമ്മുവിന് തോന്നുന്നുണ്ടോ? ഈ കൈകൾ കൊണ്ട് എനിക്കാരെയെങ്കിലും കൊല്ലാൻ സാധിക്കുമെന്ന്." "നോക്കൂ..." അവൾ കൈകൾ അമ്മുവിന് നേരെ നീട്ടി. അവൾ ചിരിച്ചു കൊണ്ട് തുടർന്നു, "എല്ലാം, ഒന്നുമറിയാതെ ഒന്നും മനസ്സിലാക്കാതെ വെറുതെ പറയുന്നതാണ്" "എന്റെ ഈ രൂപം പോലും നീയാണെനിക്ക് സമ്മാനിച്ചത്" "ഓർമ്മയില്ലേ അമ്മൂന്" അമ്മുവിന്റെ തലയിൽ തലോടി കൊണ്ട് അവൾ ചോദിച്ചു. "നിങ്ങളുടെയൊക്കെ മനസ്സിൽ വിരിയുന്ന രൂപമാണെനിക്ക്. നിങ്ങളുടെ സങ്കൽപത്തിൽ ഉണ്ടാകുന്ന രൂപമാണ് എനിക്ക് ഉണ്ടാവുക. അല്ലാതെ എനിക്ക് പ്രത്യേകിച്ച് ഒരു രൂപവുമില്ല." "അമ്മുവിന് എന്നെ ഏത് രൂപത്തിൽ കാണുവാനാണ് ഇഷ്ടം, അതേ രൂപത്തിൽ മാത്രമേ അമ്മുവിന് കാണാൻ സാധിക്കുകയുള്ളു. അല്ലാതെ ഓരോരുത്തർ പറഞ്ഞു ധരിപ്പിച്ചു വച്ചിരിക്കുന്നത് പോലെയൊന്നുമല്ല." "ഇനിയും സംശയം ഉണ്ടോ? ചോദിച്ചോളൂ" അമ്മു ചിരിച്ചു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു. "ഇത് എനിക്ക് കിട്ടിയ ഒരു ഭാഗ്യം ആണ്. ഒരു പക്ഷേ മറ്റാർക്കും കിട്ടാത്ത അപൂർവ്വമായൊരു ഭാഗ്യം." അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ... അന്നൊന്നും തന്നെ ഞാൻ ചിന്തിച്ചിരുന്നില്ല എന്തുകൊണ്ട് അമ്മുവിന് മാത്രം എന്നെ കാണാൻ സാധിക്കുന്നു? എന്തുകൊണ്ട്  അമ്മുവിന് മാത്രം എന്നെ തൊടാൻ സാധിക്കുന്നു? ഇപ്പോഴും അതിനുള്ള ഉത്തരം എന്റെ കൈയ്യിൽ ഇല്ല. പക്ഷേ... ഞാൻ സന്തോഷവതിയാണ്.

ഇടയ്ക്കെപ്പോഴോ അമ്മുവിന്റെ കാര്യത്തിൽ താൻ വല്ലാതെ സ്വാർഥയായി മാറിയിരുന്നു. അങ്ങനെ ആവാൻ പാടില്ലെന്ന് മനസ്സ് വിലക്കിയിട്ടുണ്ട്. പക്ഷേ.. സാധിച്ചിട്ടില്ല. ഒന്നറിയാം, താൻ ചിലപ്പോഴെങ്കിലും കുറച്ചു സ്വാർഥയാണ്. ഇപ്പോഴുമതെ. കാരണം, അവൾക്കൊപ്പം തന്നേക്കാൾ പ്രിയമുള്ളവർ ഉണ്ടെന്നുള്ള അറിവ്, അതാണ്‌ തന്നെ സ്വാർഥ ആക്കുന്നത്. താനതു ആഗ്രഹിക്കുന്നില്ല, തന്നെ കഴിഞ്ഞു മാത്രമേ മറ്റാരും അവളുടെ മനസ്സിൽ ഉണ്ടാകാവൂ എന്ന ആഗ്രഹമാണ് അതിന് കാരണം.. പക്ഷേ.. അതങ്ങനെ അല്ലെന്നുള്ള തിരിച്ചറിവ് അവളിൽ നിന്നും സ്വയം അകലം പാലിക്കാൻ നിർബന്ധിതയാക്കി. എന്നിട്ടും.. തനിക്കവൾ മാത്രമായിരുന്നു എല്ലാം. അവളെ അറിയാൻ തുടങ്ങിയ അന്ന് മുതൽ ഉറച്ചു പോയതാണത്, താനുള്ള കാലത്തോളം അതിന് മാറ്റമുണ്ടാകില്ല എന്ന് ഉറപ്പുണ്ട്. അവളുടെ സന്തോഷങ്ങൾക്ക് തടയിടാതെ സ്വയം ഒഴിഞ്ഞും അവളുടെ കാഴ്ച്ചയ്ക്ക് പിടികൊടുക്കാതെ മനപ്പൂർവം അകലം പാലിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, ഇരുവരുടെയും ലോകം രണ്ടാണെന്നുള്ള ബോധ്യവുമുണ്ട്. അത്, വിഷമത്തോടെയാണെങ്കിലും തന്നെ ദൂരേക്ക് വലിച്ചു മാറ്റാറുണ്ട് പലപ്പോഴും. അമ്മുവിന്റെ പ്രണയകാലവും സന്തോഷങ്ങളും, സങ്കടങ്ങളും എല്ലാറ്റിനും പലപ്പോഴും താൻ കൂടി സാക്ഷിയായിട്ടുണ്ട്. അവളുടെ പ്രണയത്തെ ചേർത്ത് പിടിച്ചു ഒരു പുതു ജീവിതം ആരംഭിച്ചു തുടങ്ങിയപ്പോൾ അതുകണ്ട് വല്ലാതെ സന്തോഷിച്ചിട്ടുണ്ട്. ഒപ്പം തന്നിൽ നിന്നും ദൂരേക്ക് നടന്നകലുന്ന അവളെ നോക്കി തേങ്ങലടക്കാനാവാതെ നിന്നിട്ടുമുണ്ട്. ഈയിടെയായി ശക്തമായ ഒരു തോന്നൽ മനസ്സിൽ ഉണ്ടായിട്ടുണ്ട്. ഇനി അധികകാലം താൻ ഇവിടെ ഉണ്ടാവില്ല എന്നൊരു തോന്നൽ. ആ തോന്നൽ എത്രത്തോളം ശരിയാണ്? അതെനിക്കറിയില്ല. എന്നാലും ഓരോ ദിവസം കഴിയുംതോറും ആ തോന്നൽ ശക്തി പ്രാപിച്ചു വരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്രാവശ്യത്തെ അമ്മുവിന്റെ വരവ് താൻ ഇത്രയും കാത്തിരിക്കുന്നത്.

ഒരുപക്ഷേ ഇപ്പോഴത്തെ കാത്തിരിപ്പ് അവസാനത്തേതാവാം. അങ്ങനെ തോന്നി തുടങ്ങിയിട്ട് കുറച്ചു നാളുകളായി. സത്യത്തിൽ താനത് ആഗ്രഹിക്കുന്ന കാര്യമാണ്.  'ഒന്നിനും ആകാതെ ഒന്നും ചെയ്യാതെ എന്നും ഒരുപോലെയുള്ള യാത്രകൾ ഒരുപോലെയുള്ള കാഴ്ചകൾ. ഒരുപോലെയുള്ള ദിനരാത്രങ്ങൾ. ഒന്നിനും തനിക്ക് മാറ്റമില്ല എല്ലാം ഒരുപോലെ തന്നെയാണ് എപ്പോഴും. പലപ്പോഴും തോന്നിയിട്ടുണ്ട്, എന്നാണ് ഇതിനകത്തു നിന്ന് ഒരു മോചനം ലഭിക്കുക എന്ന്.' ആ തോന്നൽ വരുമ്പോഴൊക്കെ മടുപ്പ് തോന്നാറുണ്ട്. പെട്ടെന്ന്.. അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. എന്തു പറ്റി, തനിക്ക്. തനിക്ക് ചുറ്റും വല്ലാതെ മാറിയിരിക്കുന്നത് പോലെ അവൾക്ക് തോന്നി. അവിടമാകെ സന്തോഷം തുടിക്കുന്നത് പോലെ അവൾക്കനുഭവപ്പെട്ടു. ഇനി അമ്മു എത്തിയിട്ടുണ്ടാകുമോ? അവൾ വഴിയിലേക്ക് തന്റെ കണ്ണുകൾ പായിച്ചു. ശരിയാണ്. അമ്മു എത്തിയിരിക്കുന്നു. അവൾ തനിച്ചാണ് എത്തിയിട്ടുള്ളത്. ദൂരെ നിന്നും അവൾ അമ്മുവിനെ തന്നെ നോക്കി നിന്നു. അവളുടെ ചുറ്റുപാടും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് പോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു. തനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു. ഇനി ഇവിടെ അധിക നേരമില്ലെന്ന് മനസ്സ് പറയും പോലെ. ഇനി ഈ ലോകത്ത് താനുണ്ടാകില്ല. അതവൾക്കുറപ്പായി. തനിക്കായി മറ്റൊരു ലോകം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഈ കാഴ്ച അവസാനത്തേതാണ്. "ഞാൻ തിരിച്ചെത്തീട്ടോ.." എന്നുള്ള അമ്മുവിന്റെ ഉച്ചത്തിലുള്ള വിളിച്ചു പറയൽ കേൾക്കാൻ അവൾ വല്ലാതെ ആഗ്രഹിച്ചു. നിശബ്ദമായി അമ്മുവിനോടായി അവൾ പറഞ്ഞു, "ഞാൻ കാത്തിരിക്കുകയായിരുന്നു" "പക്ഷേ.. എനിക്ക് മടങ്ങാനുള്ള സമയമായിരിക്കുന്നു." കണ്ണെടുക്കാതെ അമ്മുവിനെ തന്നെ  നോക്കി നിൽക്കെ, വലിയൊരു പ്രകാശവലയം അവൾക്ക്ചുറ്റിലും നിറഞ്ഞ് അവളിലേക്ക് ആഴ്ന്നിറങ്ങി. പിന്നീട്... ഒരു  ദിവ്യ പ്രഭയായി മാറി, ആ അന്തരീക്ഷത്തിലേക്ക്  അവൾ അലിഞ്ഞു ചേർന്നു. ഒന്നിനും സാക്ഷിയാകാതെ ഒന്നുമറിയാതെ, തന്റെ വീട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം മനസ്സിലൊതുക്കിപ്പിടിച്ച് മുറ്റത്തെ തുളസിത്തറയുടെ അരികിലൂടെ.. നിറയെ പൂത്തു നിൽക്കുന്ന പിച്ചകത്തിന്റെ അരികിലൂടെ.. അമ്മു വീടിനകത്തേക്ക് നടന്നു കയറി.

English Summary:

Malayalam Short Story ' Janmantharam ' Written by Raji Snehalal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com