'ആരും മനസ്സിലാക്കാത്ത ജന്മം', ഒടുവിൽ മനസ്സിന്റെ നിയന്ത്രണം നഷ്ടമായി
Mail This Article
ലക്ഷ്മിയേടത്തി മരിച്ചതിന് ശേഷം ഇന്നാണ് ചേലാമ്പ്ര വീട്ടിലേക്ക് ചെല്ലുന്നത്. ഇടയ്ക്ക് വരുമ്പോഴൊക്കെ എങ്ങോട്ടും പോകാനുള്ള സമയമൊന്നും കിട്ടാറില്ല. ഇതിപ്പോൾ ചന്ദ്രേട്ടന്റെ മകൾ കണിയുടെ കല്യാണം ആണ്. കുടുംബത്തിൽ നടക്കുന്ന കല്യാണം ആയതുകൊണ്ട് വരാതിരിക്കാനും തരമില്ലല്ലോ. ലക്ഷ്മിയേടത്തി ഉണ്ടായിരുന്നപ്പോൾ അവർ പറയുന്ന കഥയുടെ കേൾവിക്കാരി ഞാൻ ആയിരുന്നു. ഇമ വെട്ടുന്ന പോലെയാണ് ലക്ഷ്മിയേടത്തി കഥ പറയുന്നത്. അത്രയും വേഗത്തിൽ.. ചിലപ്പോൾ സോപാനത്തിൽ വന്നിരുന്നു കൊണ്ട്.. ചിലപ്പോൾ അടുക്കളയിൽ വാതിലിന് നേരെ കെട്ടിയിട്ടിരിക്കുന്ന പടികളിൽ ഇരുന്ന്.. കാലൊക്കെ നീട്ടിവെച്ച്... ചുരുണ്ട മുടിയിലൂടെ കൈ വിരലുകൾ കുടുക്കി.. പറയുന്ന കഥകൾക്കിടയിൽ പൊട്ടിച്ചിരി ഉണ്ടാകും അത് ചിലപ്പോൾ അട്ടഹാസത്തിലേക്കോ വഴിയിൽക്കൂടി പോകുന്നവരെ ചീത്ത വിളിക്കുന്നതിലേക്കോ ഒക്കെ ചെന്നെത്തും. അപ്പോഴൊക്കെ വല്യച്ഛൻ, ദേഹം തുടച്ചു കൊണ്ട് നിൽക്കുകയാണെങ്കിൽ തോർത്തു കൊണ്ടോ അല്ലെങ്കിൽ കൈകൊണ്ടോ പുറത്ത് ഒരെണ്ണം കൊടുക്കുമ്പോൾ പറയുന്ന പുലയാട്ട് വല്യച്ഛന്റെ നേരെ പറഞ്ഞു ലക്ഷ്മിയേടത്തി അകത്തേക്ക് കയറി പോകും.
കല്യാണം കഴിഞ്ഞ് ചെന്നതിന് ശേഷം ഞാനായിരുന്നു കഥകളുടെ കേൾവിക്കാരി എന്ന് പറഞ്ഞല്ലോ... ഇടയ്ക്കിടെ ചേലേമ്പ്രയിലേക്ക് ചെല്ലുമ്പോഴോ, കണ്ടില്ലെങ്കിൽ വേലിപ്പടർപ്പിന്റെ വടക്കേ അതിരിലെ പുളി മരത്തിന്റെ തണലിൽ വന്ന് നിന്നോ "കേട്ടോ മീരേ...."എന്ന് പറഞ്ഞു തുടങ്ങുന്ന കഥകളിൽ ഹിതങ്ങളും അവിഹിതങ്ങളുമൊക്കെ ഉണ്ടാകും. അമ്പലം കുന്നിറങ്ങി വരുന്ന, ലക്ഷ്മിയേടത്തിക്ക് മാത്രം കാണാൻ കഴിയുന്ന വലിയ തീവെട്ടി പന്തങ്ങളെ കുറിച്ചും ദേഹം മുഴുവൻ പൊരിയണ്ണി വന്നത് ലക്ഷ്മിയേടത്തി കുളിക്കുന്നത് വല്യമ്മച്ചി ഒളിച്ചു നോക്കിയത് കൊണ്ടാണെന്നും ആ കിളവി തള്ളയുടെ ഏത് സമയത്തുമുള്ള നോട്ടം കാരണമാണ് തന്റെ ഇടതൂർന്ന മുടി കൊഴിഞ്ഞു പോയത് എന്നുമൊക്കെയുള്ള പറച്ചിലിനിടയിൽ ഒന്ന് രണ്ട് ചീത്ത വാക്കുകൾ വല്യമ്മച്ചിയുടെ പേരിന്റെ കൂടെയും ചേർത്ത്, പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞ് പറഞ്ഞ്... ഒക്കെത്തിന്റേയും അവസാനം "മീരയോട് പറയുമ്പോൾ എന്തോ ആശ്വാസം കിട്ടും" എന്നൊക്കെ പറഞ്ഞ് പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് വീട്ടിലേക്ക് മടങ്ങിപോകും.
ഒരു ദിവസം വന്നത് വല്യച്ഛന്റെ രഹസ്യക്കാരിയെ കണ്ടുപിടിച്ച സന്തോഷവുമായിട്ടായിരുന്നു. ടി വിയിൽ വാർത്ത വായിക്കുന്ന പെൺകുട്ടിയുമായി വല്യച്ഛന് രഹസ്യ ബന്ധം ഉണ്ടെന്നും, അതുകൊണ്ടാണ് എന്നും രാത്രി വല്യമ്മച്ചിയെ സീരിയൽ കാണാൻ സമ്മതിക്കാതെ വാർത്ത കാണുന്നതെന്നുമാണ് ലക്ഷ്മിയേടത്തി കണ്ടുപിടിച്ചത്.. ഈ കഥകളുമായി സഞ്ജുവിന്റെ അടുത്തേക്ക് വരുമ്പോഴാവും "എടി പെണ്ണേ അവർക്ക് മുഴുത്ത വട്ടാണ്... നീ അവർ പറയുന്ന കഥയും കേട്ട് നടന്നോന്നും" പറഞ്ഞു പോരെടുക്കുന്നത്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് എന്ന് പറയുന്ന പോലെ ആണ്.. ലക്ഷ്മിയേട്ടത്തി വയലന്റ് ആയി വീടിന് ചുറ്റും ഓടുമ്പോഴും, ഇട്ടിരിക്കുന്ന തുണി വലിച്ച് കീറുമ്പോഴും.. ഒടുവിൽ എല്ലാവരും പിടിച്ച് അകത്തേക്ക് കൂട്ടി കൊണ്ട് പോകുമ്പോഴുമൊക്കെ വീടിന് മുന്നിൽ അത് കാണാൻ കുറെ ആളുകൾ ഉണ്ടാകും.. ലക്ഷ്മിയേടത്തി കാണാൻ സുന്ദരി ആയിരുന്നു. ഉണ്ട കണ്ണുകൾക്ക് താഴെ തടിച്ച വിരലുകൾ കൊണ്ട് കനത്തിൽ കണ്ണെഴുതി ശിങ്കാർ കൊണ്ട് വലിയ പൊട്ടൊക്കെ വരച്ച്... ബാക്കി വരുന്ന കണ്മഷിയും ചാന്തും മുറിക്കുള്ളിലെ ചുമരിൽ പലരീതിയിൽ തേച്ചു വയ്ക്കും. ആ വരകൾ കറുപ്പും ചുവപ്പും കലർന്ന അരൂപികളെ പോലെ തോന്നിപ്പിക്കും. എത്ര വരച്ചിട്ടും ശരിയാകാതെ പോയ അവരുടെ ജീവിതം പോലെ..
"എന്നെ കൊണ്ട് ഒരു ഗുണവും ഇല്ല മീരേ... ചന്ദ്രേട്ടനെ കൊണ്ട് അല്ലെ ഉപകാരം ഉള്ളത്. ജോലി വാങ്ങി... വീട് ശരിയാക്കി.. എനിക്ക് സൂക്കേട് ആയോണ്ടല്ലേ ഏട്ടത്തി ഏട്ടനെയും കൊണ്ട് പോയത്.. അല്ലേ തന്നെ എന്നെക്കൊണ്ട് എന്താ കിട്ടുന്നേ... എന്നെ ആർക്കും ഇഷ്ടമല്ല മീരേ... കെട്ടിച്ചയച്ചിടത്തും ജീവിച്ചില്ല..." ഒരിക്കൽ ചുവരിൽ വരച്ചുകൊണ്ട് ലക്ഷ്മിയേടത്തി പറയുകയുണ്ടായി.. ചിലപ്പോൾ മാത്രം ഉണ്ടാകുന്ന ബോധത്തിൽ നിന്നും. "എനിക്ക് ഈ സുന്ദരി ലക്ഷ്മിയേടത്തിയെ ഇഷ്ടമാണല്ലോ" എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ നോക്കിയപ്പോൾ "വേണ്ട മീരേ എന്റെ മാറ് വലുതാകും" എന്ന് പറഞ്ഞു അവർ മാറി നിന്നു. ലക്ഷ്മിയേടത്തിയുടെ ഏറ്റവും വലിയ പ്രശ്നം വളർന്നു വരുന്ന അവരുടെ മുലകൾ ആയിരുന്നു. എന്നും കുളിക്കാൻ കയറുമ്പോൾ നൈറ്റി അഴിച്ചിട്ട് അവർ സ്വയം ഒരു വിലയിരുത്തൽ നടത്തും... എന്നും വളർന്നു കൊണ്ടിരിക്കുന്ന മുലകൾ.... കിടക്കുമ്പോൾ നെഞ്ചിന് മുകളിൽ ഉയർന്നു നിൽക്കുന്ന ശിലകൾ പോലെ.... ഇതൊക്കെ അവരുടെ തോന്നൽ ആണെന്ന് പറയാൻ ശ്രമിക്കുമ്പോഴും, ആ വളർച്ചയെ മറക്കാനായി എത്ര ഉഷ്ണത്തും അവർ നൈറ്റിക്കടിയിൽ പിന്നെയും തുണികൾ വരിഞ്ഞുകെട്ടി. മുറ്റത്തെ പിച്ചിയിലെ ഇലകൾ മാറുകൾക്കിടയിൽ വച്ചു.. ക്ലാസ് കഴിഞ്ഞു വരുന്ന എന്നെക്കൊണ്ട് ആരൊക്കെയോ പറഞ്ഞു കൊടുത്ത മരുന്നു കൂട്ടുകൾ വാങ്ങിപ്പിച്ചു അരച്ച് മുലകളിൽ തേച്ച് എന്നെങ്കിലും ആ വളർച്ച മുരടിക്കും എന്ന് സ്വപ്നം കണ്ട് കൊണ്ട് അവർ ഉറങ്ങി എഴുന്നേറ്റു.
മാസത്തിൽ ഒരിക്കൽ ലക്ഷ്മിയേടത്തിയെ മരുന്ന് വാങ്ങാനായി അവണ്ണൂർക്ക് കൊണ്ടുപോകും. പോയിട്ട് വരുമ്പോൾ, ആരെങ്കിലും തുറിച്ചു നോക്കിയതായും ആ നോട്ടമൊക്കെയും വളർന്നു കൊണ്ടിരിക്കുന്ന ലക്ഷ്മി ഏട്ടത്തിയുടെ മുലകളിലേക്കായിരുന്നു എന്നും പറഞ്ഞ് അസ്വസ്ഥയാകും.. കഴിക്കുന്ന മരുന്നിന്റെ ക്ഷീണം താങ്ങാൻ ആകാതെ, മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന ഭാരപ്പെട്ട ചിന്തകൾക്കുമൊപ്പം പലപ്പോഴും മുറിക്കുള്ളിൽ തന്നെ ചടഞ്ഞു കിടക്കും... ആരോടും മിണ്ടാതെ.... കഥകൾ പറയാതെ.... "ആ രമേശൻ ആദ്യം പിടിച്ചത് ഈ മുലയിലാണ് മീരേ... എനിക്ക് എന്ത് വേദനിച്ചെന്ന് അറിയുമോ" ഒരിക്കൽ അവണ്ണൂർക്ക് പോയി വന്നതിന്റെ പിറ്റേന്ന് കഴിച്ച മരുന്നിന്റെ ക്ഷീണത്തിൽ കിടക്കുമ്പോഴാണ് ലക്ഷ്മിയേടത്തി പറഞ്ഞത്. "പിന്നെയും പിന്നെയും അയാൾ ചെയ്തു മീരേ... ഏറ്റവും വേദനിപ്പിച്ചു.... അന്നൊക്കെ എനിക്ക് ഒന്ന് ഉറങ്ങിയാൽ മതിയാരുന്നു.. കട്ടിലിൽ കൈകൾ രണ്ടും കെട്ടിയിട്ട്.... എന്നെ വേദനിപ്പിക്കുന്നത് അയാളുടെ രീതി ആയിരുന്നു... കരയാതിരിക്കാൻ വായിൽ തുണി തിരുകി... എനിക്ക് അയാളെ തീരേ ഇഷ്ടം അല്ലായിരുന്നു.. പിന്നെപ്പിന്നെ എനിക്ക് അയാളെ കാണുന്ന കൂടി പേടിയായി...അയാൾ വരുമ്പോഴൊക്കെ തലയിലൂടെ പുതപ്പ് മൂടി ഉറങ്ങുന്നപോലെ കിടക്കും ഞാൻ...."
ലക്ഷ്മിയേടത്തി അതുവരെ പറഞ്ഞതിൽ വച്ച് ഏറ്റവും വലിയ കഥയാണ് അതെന്ന് എനിക്ക് തോന്നി... അപ്പോൾ മാത്രമാണ് ലക്ഷ്മിയേടത്തിക്ക് വട്ടില്ല എന്നൊക്കെ തോന്നിയത്.. ഏറെ ചേർത്ത് പിടിക്കണമെന്നും അവരോടൊപ്പം കരയണമെന്നുമൊക്കെ തോന്നിയത്. "കെട്ടിയേന്റെ അന്ന് തന്നെ തുണി അഴിക്കാത്തത്തിന്റെ കഴപ്പ് ആയിരുന്നു അവന്" പിന്നീട് ഒരു ദിവസം ലക്ഷ്മിയേടത്തി ഏറെ അസ്വസ്ഥയായി ബഹളം വെച്ച് വീട്ടിൽ നിന്നും ഇറങ്ങിയോടി, പിടിച്ചു വലിച്ചു മുറിക്കുള്ളിൽ പൂട്ടിയിട്ട ദിവസം സഞ്ജുവിന്റെ അമ്മയാണ് പറഞ്ഞത്. "അന്നേ ഞാൻ പറഞ്ഞതാ പഠിച്ചോണ്ടിരിക്കുന്ന കൊച്ചിനെ പിടിച്ച് കെട്ടിക്കണ്ട എന്ന്... അന്നാരും അത് കേട്ടില്ല.. എന്നിട്ട് ഇപ്പൊ എന്തായി.. എങ്ങനെ ജീവിക്കേണ്ട പെങ്കൊച്ചാരുന്നു...." നീരവിനെ ഗർഭിണിയായ ശേഷമാണ് ഞാൻ ചേലാമ്പ്രയിലേക്ക് പോകാതെയായത്. ഛർദിയും ക്ഷീണവും കാരണം ഏറെ സമയവും കിടപ്പായിരുന്നു. "അതേ... മീരയ്ക്ക് ആൺകൊച്ചിനെ മതി കേട്ടോ... ആണിനെ പെറ്റാൽ മതിന്ന് മീരയോട് പറയണേ" എന്നൊക്കെ ലക്ഷ്മിയേടത്തി അമ്മയോട് പറഞ്ഞയക്കും. എന്നെ ഏഴാം മാസം വിളിച്ചോണ്ട് പോകുന്ന ചടങ്ങിനൊന്നും ലക്ഷ്മിയേടത്തിയെ ആരും കൊണ്ടു വന്നില്ല. ആ സമയം ആയപ്പോഴേക്കും അവർ ഏറെയും മരുന്നിന്റെ തളർച്ചയിൽ ആയിരുന്നു... ബോധം വരുമ്പോഴൊക്കെ വയലന്റ് ആവുകയും ചെയ്യും. അതുകൊണ്ട് മിക്കപ്പോഴും മുറിക്കുള്ളിൽ പൂട്ടി ഇടുമായിരുന്നു. പ്രസവത്തിന് പോകാൻ ഇറങ്ങുമ്പോൾ വെറുതേ ലക്ഷ്മിയേടത്തിയുടെ വീട്ടിലേക്ക് നോക്കി... മുകളിലത്തെ മുറിയിൽ ജനാലയിൽ മുഖം വച്ച് എവിടേക്കോ നോക്കി നിൽക്കുകയായിരുന്നു ലക്ഷ്മിയേടത്തി... കണ്ണുകൾ ഏറെ താഴ്ന്നിരുന്നു... വലിയ പൊട്ടോ കണ്മഷിയോ ഒന്നും എഴുതാതെ അവശയായി.. നീരവ് ജനിച്ച് മൂന്നാം പക്കമാണ് ലക്ഷ്മിയേടത്തി മരിക്കുന്നത്.. ഉച്ചയ്ക്ക് ശേഷം പെയ്തു തോർന്ന വേനൽ മഴയ്ക്ക് ശേഷം... മരുന്ന് കൊടുക്കാനായി വല്യമ്മച്ചി മുറി തുറന്നപ്പോൾ കട്ടിലിൽ മുഖം അമർത്തി കിടക്കുന്ന ലക്ഷ്മിയേടത്തിയെ ആണ് കണ്ടത്....
ഇന്നിപ്പോൾ കണിയുടെ കല്യാണവുമായി ബന്ധപ്പെട്ട് ചേലേമ്പ്ര വീട് ആകെ മോടി പിടിപ്പിച്ചിട്ടുണ്ട്.. മുറ്റത്തു കല്ലുകൾ പാകി.. മതിലൊക്കെ കെട്ടി.. ചന്ദ്രേട്ടനാണ് എല്ലാം നോക്കി നടത്തുന്നത്... അവരിപ്പോൾ ബാംഗ്ലൂർ വിട്ട് നാട്ടിൽ സെറ്റിൽ ആയിട്ടുണ്ട്... ലക്ഷ്മിയേടത്തിയുടെ മുറിയുടെ അവകാശി ഇപ്പോൾ കണിയാണ്. ലക്ഷ്മിയേടത്തി വരച്ച കറുപ്പും ചുവപ്പും വരകളൊക്കെ പുതിയ ചായം പൂശലിൽ മാഞ്ഞു പോയിരിക്കുന്നു.. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന അവളുടെ സാധനങ്ങളും, അവൾ വലിയ കാൻവാസിൽ വരച്ച ചിത്രങ്ങളും, അവൾ അവൾക്കായി എഴുതിയിട്ട കുറേ വാക്കുകളും ഒക്കെ നിറച്ചിരിക്കുന്നു.. എന്തോ അവിടെ നിന്നപ്പോൾ ശ്വാസംമുട്ടുന്ന പോലെ തോന്നി... അവിടെ ഇപ്പോൾ ആരും ലക്ഷ്മിയേട്ടത്തിയെ ഓർക്കാറില്ല.. പടികൾ ഇറങ്ങി വരാന്തയിൽ വന്നപ്പോൾ വെറുതെ ഓർത്തു... എപ്പോഴാണ് നമ്മുക്ക് ഓർമ്മകളെ മായിക്കുവാൻ കഴിയുന്നത്.. വെറും വെറുതേ എങ്കിലും..