തെയ്യത്തിന്റെ ചോപ്പും ബാല്യകാലവും
Mail This Article
(ഒരു കാസറഗോഡൻ വായന)
വടക്കത്തിയാ.. അസ്സല് വടക്കത്തി.. തെയ്യവും കാവും വിശ്വാസങ്ങളും കുറച്ചു അന്ധവിശ്വാസങ്ങളും കൂടിയ നല്ല വടക്കത്തി. പക്ഷേങ്കിൽ, തെയ്യത്തിന്റെ ചോപ്പ് കണ്ടാൽ വിറക്കുന്ന ഒരു കാലം ഇണ്ടായിന്.. ചെണ്ടക്കൂറ്റ് കേട്ടാൽ വിറക്കും കൈയ്യും കാലും.. പിന്നെ ഒരു തിരിഞ്ഞോട്ടം ആണ്.. വാലുണ്ടായിരുന്നെങ്കിൽ പൊക്കിയേനെ.. പിന്നെ കാണണോങ്കിൽ വാതിലിന്റെ മൂലക്കൊ, കട്ടിലിന്റെ അടിക്കോ പെരുതണം .. അല്ലെങ്കിലിപ്പോ തെയ്യം എന്തിനാ വീട്ടിലേക്കു വരുന്നേ! കൊല്ലത്തില് പള്ളിയറയിൽ വന്നിട്ടെന്നെ ആവശ്യത്തിന് പേടിപ്പിക്കുന്നുണ്ടല്ലോ എന്നിട്ടാണ് ചെണ്ടേം കൊട്ടി വീട്ടിലേക്ക്..
അങ്ങനെ ഇരിക്കുമ്പോൾ ഒരിക്ക.. എന്തോ മേണിക്കാൻ പീടിയക്ക് പോകാൻ കണ്ടത്തിന്റെ ഇപ്രത്തു വരമ്പത്തു എത്തിയെ ഉള്ളൂ.. അപ്രത്ത് അതാ ഒരു ചോപ്പ്.. "ഹെന്റമ്മേ!" ചെണ്ട കൂറ്റില്ല, വീട്ടിൽ എത്തുമ്പോൾ കൊട്ടുമായിരിക്കും.. ഉറപ്പിച്ചു.. മൊത്തം ചോപ്പ്.. തെയ്യന്നേ.. വീണ്ടും ഇല്ലാത്ത വാലും പൊക്കി തിരിഞ്ഞോടി.. അര മണിക്കൂർ അങ്ങോട്ടു പോയ ദൂരം അഞ്ചു മിനുറ്റിൽ തിരിഞ്ഞോടിയപ്പോ പി.ടി ഉഷ പോലും മൂക്കത്തു കയ്യ് വെക്കും.. "വല്യമ്മേ തെയ്യം വരുന്നുണ്ട്..." "ഇപ്പോളോ?" "ആ ഇപ്പോന്നെ, കണ്ടത്തിൽ എത്തി, കൂടുതൽ വിശദീകരിക്കാൻ ഇപ്പോ സമയമില്ല.. കട്ടിൽ എവിടെ കട്ടിൽ!.." വല്യമ്മക് അപ്പോ തിരക്ക് എന്നെ ഒളിപ്പിക്കാൻ അല്ല മാച്ചി എടുക്കുന്നു അടിക്കുന്നു വാരുന്നു, കിണ്ടി എടുക്കുന്നു.. ഒന്നും പറയണ്ട.. കുറച്ചു ടൈം ആയി, തെയ്യം എത്തീറ്റാ..
പക്ഷെ, എളേമ്മരെ അടുത്ത് ബീഡി തെരക്കാൻ പഠിക്കുന്ന രമേട്ടി എത്തി.. നല്ല കടും ചോന്ന പട്ടു പാവാടേം ബ്ലൗസും ഇട്ടോണ്ട്..