ADVERTISEMENT

ശ്യാം സുന്ദർ തിരിഞ്ഞും മറിഞ്ഞും കിടന്നു. വല്ലാത്തൊരു അസ്വസ്ഥത. നെഞ്ചകം ശൃംഗാരി മേളം തീർക്കുന്നു.. ഹൊ! എന്താണിപ്പോയിങ്ങനെ.. ശ്യാമോർത്തു. ജിനോ.. അവനെ കണ്ടതിന് ശേഷം. അവന്റെ വാക്കുകൾ... ശ്ശൊ! വേണ്ടായിരുന്നു. അവന് എന്റെ നമ്പറ് കൊടുക്കേണ്ടിയില്ലായിരുന്നു. കോരിച്ചൊരിയുന്ന മഴ. മഴതുള്ളികൾ മേച്ചിൽപുറത്ത് പെരുമ്പറ മുഴക്കി തിമിർക്കുന്നു. പുതപ്പിനിടയിലൂടെ ഊളിയിട്ട് കുളിരണിയിച്ച് കടന്ന് വരുന്ന മഴയുടെ ചങ്ങാതി. ഉള്ളം കലങ്ങിമറിഞ്ഞപ്പോൾ തെന്നിമാറിയ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി ശ്യാം മനസ്സിലൊറപ്പിച്ചു. വരുന്നത് വരുന്നിടത്ത് വച്ച് കാണാം.. സൗഹൃദങ്ങളിൽ ഗൗരവക്കാരനാകാത്ത ജിനോ. ''പിന്നെ പെണ്ണുങ്ങളില്ലാണ്ടാ.. എല്ലാവരുമുണ്ടാകും.'' ജോജിയോടു ചോദിച്ചു. ''ങ്ഹാ നല്ലതല്ലേ... എല്ലാവരുമായിട്ടൊള്ള ചങ്ങാത്തം...'' തിരക്കുള്ള ജോജിക്കും ആവേശം. സന്തോഷിനോട് ചോദിച്ചു.. എല്ലാത്തിലും ഗൗരവവും ആത്മാർഥതയുമുള്ള അതിലുപരി തന്റെ ശരികളിലൂടെ കുതിച്ച് പായുന്ന പ്രിയ ചങ്ങാതി. ''കൂട്ടുകാരും കൂട്ടുകാരികളുമായി ഒത്തുകൂടാം നല്ല രസമായിരിക്കും'' എല്ലാവരിലുമുള്ള ആവേശം ശ്യാംസുന്ദറിലും നിറഞ്ഞു തളിർക്കുമ്പോഴും ഒരു ചമ്മലിൽ മുഖം വിളറി വലിഞ്ഞു.

കൂട്ടുകാരികൾ... ശരിക്കും കൂട്ടുകാരികളായിരുന്നോ.. അങ്ങനെ പറഞ്ഞാൽ അത് കള്ളത്തരമാകും. ഉള്ളം നിറയെ കള്ളം കുമിഞ്ഞു കൂടുന്നത് ആരാലും കാണാതെ പതുങ്ങി പതുങ്ങിയിരിക്കുകയായിരുന്നില്ലേ.. ഒരു വേള, കള്ളങ്ങളായിരുന്നോ ഉള്ളിലൊളിപ്പിച്ചത്.. വർണ്ണങ്ങൾ നിറഞ്ഞ പ്രണയമായിരുന്നില്ലേ... അതെ, കൂട്ടുകാരികളായിരുന്നില്ല എല്ലാവരും പ്രണയിനികളായിരുന്നു. രാവിലെ മണപ്പാട്ടുചിറയുടെ ഓരത്തിരുന്ന് ഭൂമിയെ ചുംബിക്കാൻ ഉപ്പൂറ്റിക്ക് വഴിയൊരുക്കി കൊടുത്തോണ്ടിരുന്ന പാരഗൺ ചെരുപ്പ് തേച്ചൊരുക്കുമ്പോഴും.., ചകിരിയിട്ടൊരച്ച് കറുത്ത മേനിയെ വെളുപ്പിക്കാൻ മെനക്കെടുമ്പോഴും കൊതിച്ചത്, പ്രണയം തുളുമ്പുന്ന ഒരു നോട്ടം, മനം മയക്കുന്ന ഒരു ചിരി, തേൻ തുളുമ്പുന്ന വാക്കുകൾ. ക്ലാസ്സ് മുറിയിലെ ജനലഴികൾക്കിടയിലൂടെ ഒഴുകി വന്ന ഇളം കാറ്റ് കൂട്ടുകാരികളെ തഴുകി ശ്യാമിന്റെ ഹൃദയത്തിനുള്ളിൽ പ്രണയമഴ ചൊരിഞ്ഞു.

എല്ലാവരെയും ആരുമറിയാതെ പ്രണയിച്ചതിനാലായിരിക്കാം നാമ്പിനു പോലും ഒരെണ്ണം പോലും കിളിർക്കാഞ്ഞത്.. നിറഞ്ഞ് തുളുമ്പിയ പ്രണയം കരകവിഞ്ഞൊഴുകാൻ തിടുക്കം കൂട്ടിയപ്പോൾ മനം മന്ത്രിച്ചു. മിഠായി വിതരണം. മനസ്സിലുറപ്പിച്ചു. അത്താഴം കഴിക്കാതെ വാശി കാണിച്ച് അമ്മയോട് വാങ്ങിയ പണം. അൻപത് ക്യാരാം മിൽക്ക് മിഠായി വാങ്ങി... നാളെയെ തോളിലേറ്റിയതിനാൽ ആ രാത്രി അകന്ന് മാറി നിന്ന നിദ്ര.. അളി പായയിൽ കിടന്നുരുണ്ടു ശ്യാം. അന്തിക്ക് മോന്തിയ കള്ളിന്റെ ഉശിരിൽ ബുള്ളറ്റിൽ കേറി പായുന്ന അച്ചൻ. കർണ്ണപടം പൊട്ടുമോന്ന് ഭയന്നു.. മണ്ണെണ്ണ വിളക്കും തീപ്പെട്ടിയും തപ്പിയെടുത്തു. ക്യാരാം മിൽക്കിന്റെ പൊതിയും. പുറംവാതിൽ തുറന്നു. കൂരാകൂരിരുട്ട്... തീപ്പെട്ടിയൊരച്ചു.. ആളിയ തീ പൊടുന്നനെയണഞ്ഞു. വീണ്ടും ഉരച്ചു. വീണ്ടും അണഞ്ഞു. അര തിണ്ണയോടു ചേർന്നിരുന്നുരച്ചു.. ചുവന്ന പ്രകാശം പരന്നു. മിഠായി ഒരെണ്ണമെടുത്ത് തുറന്നു. അകത്ത് മധുരം പൊതിഞ്ഞിരുന്ന കട്ടിയുള്ള ചെറിയ തൂവെള്ള പേപ്പെറെടുത്ത് നിവർത്തി. കൈയ്യിൽ കരുതിയ പേനയെടുത്തു. വടിവൊത്ത അക്ഷരത്തിലെഴുതി. I LOVE YOU. 

വീണ്ടും വീണ്ടും നോക്കി. പഴയ പോലെ ഭംഗിയായി പൊതിഞ്ഞ ആ ഒരു ക്യാരാംമിൽക്ക് മിഠായി പ്രത്യേകം സുരക്ഷിതമാക്കി. തലയുയർത്തി.. എന്തോ നേടിയ ആവേശം. ഇരുണ്ട മാനത്ത് അങ്ങിങ്ങ് താരകങ്ങൾ മിന്നി മിന്നി ചിരിക്കുന്നു.. മലയിറങ്ങി ചിറയെ പുൽകി വന്ന വടക്കൻ കാറ്റ് വിളക്കുമണച്ച് കടന്നു പോയപ്പോൾ സ്ഥലകാലബോധം വന്ന ശ്യാമിന്റെ നട്ടെല്ലിലൂടെ എന്തോ ഇഴഞ്ഞു കേറി.. ഒറ്റയ്ക്ക് പുറത്ത്.. കാലുകൾ തറഞ്ഞു പോയി... ശരീരം തണുത്തു.. ഇരുട്ടിൽ പുതിയ രൂപങ്ങൾ തെളിയുന്നു. ''അമ്മേ..'' ഉച്ചത്തിൽ കാറി കരഞ്ഞതും എല്ലാവരും ചാടി എഴുന്നേറ്റു. അച്ഛൻ അമ്മയെ പൂരപ്പാട്ട് പാടുന്നു. ''വാതില് ശരിക്കടക്കാഞ്ഞിട്ടാ... തണ്ടാൻമാരു കണ്ണ് കെട്ടി കൊണ്ടോയതാ ഈ പാതിരാത്രിക്കെന്റെ മോനെ...'' പിന്നീടുള്ള കോലാഹലങ്ങൾക്ക് കാത് കൊടുക്കാതെ തട്ടിക്കൊണ്ടുപോയ ക്ലാസ്സിലെ സുന്ദരികളെ കിനാവു കണ്ട് കൊണ്ട് ശ്യാം സുന്ദർ സുന്ദരമായി കിടന്നുറങ്ങി.

രാവിലെ ക്ലാസ്സിലെ കൂട്ടുകാരൻമാർക്കെല്ലാം മിഠായി കൊടുത്ത ശേഷം വലതുഭാഗത്തിരിക്കുന്ന പ്രണയിനികളെ നോക്കിയതും ഉള്ളം കുളിരണിഞ്ഞു. ഒരു കൂട്ടം കുരുവികൾ കിന്നാരം ചൊല്ലുന്നു. I LOVE YOU ന്നെഴുതിയ ക്യാരാം മിൽക്കെടുത്തു.. കച്ചമുറുക്കിയെണിറ്റു. ഒരു നിമിഷം.. പൊടുന്നനെ ഉള്ളം നിറഞ്ഞത്... ആർക്കിതു നൽകും.. ബിന്ദുന് കൊടുത്തെങ്കിലോ.. അതോ സിന്ധുനോ.. ഏയ് ജീനക്ക് കൊടുക്കാം അല്ലെങ്കിൽ ഷീനക്കാണെങ്കിലോ.. തീരുമാനം അകന്നകന്നു പോയി..' മയിൽ പീലികൾ കൊഴിയുന്നു. ഉണ്ണിയാർച്ചകൾ കിളിർക്കുന്നു.. ആ നേരം വരെയുണ്ടായിരുന്ന ധൈര്യം ചോർന്നു പോയ ശ്യാം നിന്ന് വിയർത്തു. 'ടാ എന്ത്യേ.. പെമ്പിള്ളേർക്ക് മിഠായികൊടുക്കുന്നില്ലേ...'' സെബാസ്റ്റ്യന്റെ ആ ചോദ്യത്തിൽ പകച്ചതും, കാലം തെറ്റിച്ച് മഴ പെയ്തു. 

കാത്ത് സൂക്ഷിച്ച കനകം മറ്റ് ക്യാരാം മിൽക്കിന്റെ കൂട്ടത്തിലേക്കിട്ടു. യാന്ത്രികമായി മൊത്തമൊന്ന് ഇളക്കികുലുക്കി.. തിരിച്ചറിയാത്ത വിധം ഇടകലർന്നു. എല്ലാ സുന്ദരികൾക്കും കൊടുത്തു. ബാലൻസ് വന്ന രണ്ടെണ്ണം ഒൻപതിലെ രണ്ട് പെൺകുട്ടികൾക്കും കൊടുത്തു.. എല്ലാം കഴിഞ്ഞതും കൂട്ടിലിട്ട വെരുകിനേ പോലെ പുളഞ്ഞ ശ്യാം കൂട്ടബെല്ലടിക്കാൻ കൊതിച്ചു. ചമ്മലിൽ ശിരസ്സൊടിഞ്ഞു തൂങ്ങി.. എന്നാലും... ഇപ്പോഴും ആ ക്യാരാംമിൽക്ക് കാണാമറയത്തിരുന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ആ ചമ്മലായിരുന്നു ആദ്യമെ എന്നെ അസ്വസ്ഥനാക്കിയത്.

ഇന്ന് ഇവിടെ നിന്ന് കൂട്ടുകാരികളെയെന്ന് അഭിസംബോധന ചെയ്യുമ്പോൾ ശുദ്ധമായ കരിക്കിൻ വെള്ളം പോലെ മധുരിക്കുന്നു.. ഒരു പക്ഷേ, കാലം തെളിച്ച വെളിച്ചം. വന്ന വഴികളിൽ കണ്ട നേർകാഴ്ചകളാകാം.. എന്റെയുള്ളിൽ തേനൊഴിച്ചത്. കറ പുരളാത്ത സൗഹൃദം രത്നങ്ങൾ മുളയ്ക്കുന്ന വിളനിലമായി മാറും. എന്റെ പ്രിയ കൂട്ടുകാരികളെ, കൂട്ടുകാരൻമാരെ.. ഞാനിന്ന് എല്ലാവർക്കും കരുതിയിരിക്കുന്ന ക്യാരാം മിൽക്കിൽ എഴുതുകയാണ്. I love your friendship. ചെമ്പകപ്പൂമണമേകാൻ ചെമ്പക മൊട്ടുകളായി മാറാം നമുക്ക്. നിറുത്തുന്നു. പത്താം ക്ലാസ്സിലെ നിങ്ങളുടെ കൂട്ടുകാരൻ ശ്യാം സുന്ദർ.''

English Summary:

Malayalam Short Story ' Caramilk ' Written by Shibu K. Malayattoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com