ADVERTISEMENT

അവകാശത്തർക്കങ്ങൾക്കൊടുവിൽ എരിഞ്ഞമണ്ണിലവശേഷിച്ചത്, ആർക്കും വേണ്ടാത്ത ഒരു പഴയ ചിത്രം മാത്രം. അയാൾ ആ ചിത്രത്തിൽ കുറച്ചു സമയം ഉറ്റു നോക്കിയിരുന്നു, അതിൽ തന്നെ ഒരിക്കലും ഒറ്റപ്പെടുത്താത്തവരുണ്ടായിരുന്നു. ഒടുവിലൊരു പൊട്ടിച്ചിരിയിലതവസാനിക്കുമ്പോൾ അയാളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. അധികാരം ആഞ്ഞടിച്ചപ്പോൾ തെറിച്ചുവീണ വിഷച്ചാറ്റലിൽ ദ്രവിച്ചു വീണതൊക്കെയും പഴയതെന്നു പാടേ നീക്കിമാറ്റുന്ന സാമ്രാജ്യത്തിന്റെ അടിവേരുകളായിരുന്നു. അയാൾക്കു പറയാനുള്ളത് ഒരു അധികാരക്കസേരയ്ക്കും കേൾക്കാനുള്ള ചെവികളില്ലാതെ പോയി. മരിച്ചുപോയ മനസ്സകങ്ങളിൽ കുനിഞ്ഞു കയറാൻ മാത്രം വലുപ്പമുള്ള കൂരയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു അവ. അധികകാലം പിടിച്ചുനിൽക്കുവാനുള്ള കരുത്തില്ലാതെ അതിനുള്ളിൽ നിന്നും ചതഞ്ഞരൂപത്തിൽ പുറത്തു വരേണ്ടിവന്നു ആ കാതുകൾക്ക്. 

കിതച്ചുനീങ്ങിയ സത്യമുഖങ്ങളിൽ ഇത്തിരി വെട്ടത്തിന്റെ ആശ്വാസം. അനന്തതയിലേക്കുള്ള ദൂരം അളക്കുവാനെന്നപോലെ ആ ഒറ്റമനുഷ്യൻ പകച്ചുനോക്കുകയാണ് അകലങ്ങളിലേക്ക്. എന്തിന് എന്ന് ചോദിക്കുന്ന പുതിയ തലമുറയ്ക്കുള്ള ഉത്തരമായി ജാള്യതയോടെ വേദന കടിച്ചമർത്തിയ അധരങ്ങളുടെ വിണ്ടുകീറലായിരുന്നു ആ ദേഹിയിൽ ചിരിയെന്നപേരിലവശേഷിച്ചത്. നോക്കുകുത്തികൾ മാത്രമായിമാറുന്ന ജീവിതച്ചരടുവലിക്കുന്നവർക്കു മുന്നിൽ ആത്മാവിന്നകമുരുകുന്ന ചൂട് കടിച്ചമർത്തി ആശ്വസിക്കുവാൻ മാത്രമേ അദ്ദേഹത്തിനായുള്ളൂ. നൊമ്പരം മാത്രം സമ്മാനിക്കുന്ന കാലത്തിന്റെ പര്യവസാനം കുറിക്കുന്ന വേഴ്ച്ചകളിലൂടെ ചീന്തിയെറിയപ്പെട്ട ഒരു ജീവിതത്തിന്റെ ബാക്കിപത്രമായി അവശേഷിച്ചപ്പോൾ, കുത്തകാധികാരക്കോമരങ്ങൾ വാളുറഞ്ഞനുഗ്രഹിച്ചേകിയ ഒറ്റമുറിയുടെ മൂലയ്ക്കിരുന്നുകൊണ്ട് ഉച്ചത്തിൽ അലറിക്കരഞ്ഞ അയാളെ മനസ്സാക്ഷിമരവിച്ചമനുഷ്യക്കോലങ്ങൾ വിളിച്ചപേരാണ് ഭ്രാന്തൻ എന്നത്. 

കോടിയുടുത്ത കോഴക്കെട്ടുകൾക്ക് പറയാൻ ഒരായിരം കെട്ടുകഥകൾ മാത്രം ബാക്കിയിട്ട് വിറച്ച കോമരങ്ങൾക്ക്‌ മുമ്പിൽ കുനിഞ്ഞ ശിരസ്സു വെട്ടിയിട്ടുകൊണ്ട് വിചിത്രവേദിയിൽ നിന്നും വിടപറഞ്ഞു ആ ഒറ്റ മനുഷ്യനെന്ന ഭ്രാന്തൻ. കോമാളിവേഷമുടുപ്പിച്ചുകൊണ്ട് ഭ്രാന്തിന്റെ തൊപ്പിയണിയിക്കുന്ന ഈ ഭ്രാന്തലോകത്ത് ബലിച്ചോറുതിന്നാൻ പോലും തിരികെയെത്താൻ മനസ്സില്ലാതെ മറിഞ്ഞുവീഴുകയായിരുന്നു. മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും അവശേഷിക്കുന്ന മനസ്സുകൾമാത്രമുള്ളൊരു ലോകത്തിനായി ഒരു നിമിഷത്തിന്റെ ദൂരമെങ്കിലും മനസ്സിലൂടെ നടന്നിട്ടുണ്ടാവണം ആ ഒറ്റ മനുഷ്യൻ.

അനന്തതയിലേക്ക് സ്വയം ഉടഞ്ഞു വീഴുമ്പോഴും ഭാരതജനതയ്ക്കുമുമ്പിൽ മൗനത്തിലൂടെ അദ്ദേഹം ഉരുവിട്ടത് ഇങ്ങനെയായിരിക്കും !! "ഉള്ളിലൊരിത്തിരിവെട്ടം കത്തിച്ചുവയ്ക്കുവാൻ നിങ്ങളോരോരുത്തർക്കും കഴിയട്ടെ. ഒരു ഒറ്റ മനുഷ്യനും ഇല്ലാത്ത, ഓർമ്മക്കുടിലുകൾപോലെ ഒതുങ്ങിനിൽക്കുന്നവരില്ലാത്ത, ഊർജ്ജസ്വലതയുടെ ഊനം ഉയർത്തുന്ന ജനസമൂഹത്തിന്റെ ലോകമാകട്ടെ ഇനി ഭാരതം."

English Summary:

Malayalam Short Story ' Otta Manushyan ' Written by Pramodinidas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com