ഈശ്വരനും പ്രാർഥനകളും – ഫിജോ ഫ്രാൻസിസ് എഴുതിയ ചെറുകഥ
Mail This Article
ഒരിക്കൽ സ്വർഗ്ഗത്തിൽ പുതിയതായി ഒരു ആത്മാവ് എത്തി. ദൈവത്തോടുകൂടെ സമയം ചെലവിടാൻ അയാൾക്ക് അവസരം ലഭിച്ചു. ഭൂമിയിൽ നിന്നും ആളുകൾ ദൈവത്തെ വിളിക്കുന്നത് കേൾക്കാം. വെൺമേഘങ്ങൾക്കിടയിലൂടെ താഴേക്ക് നോക്കിയപ്പോൾ പലതരം നിർമ്മിതികൾ കണ്ടു- ചെറുതും വലുതുമുണ്ട്. "വിളിക്കുന്നത് അവിടെ നിന്നുമാണോ?" "അല്ല." ദൈവം പറഞ്ഞു. "അവയെല്ലാം ആഹ്ലാദിക്കുന്ന മനുഷ്യരുടെ ഭവനങ്ങളാണ്. ആ ശബ്ദങ്ങളിൽ എനിക്കായുള്ളവ എപ്പോഴും കുറവാണ്."
പിന്നീട് അയാൾ നോക്കിയപ്പോൾ ഉയർന്നു നിൽക്കുന്ന ചില നിർമ്മിതികൾ കണ്ടു. ശ്രദ്ധിച്ചപ്പോൾ അവയിൽ നിന്നും ഉച്ചത്തിലുള്ള ആരവം കേട്ടു. പ്രാർഥനകളും കീർത്തനങ്ങളും ധൂമങ്ങളും മണിയൊച്ചകളും ഉണ്ടായി. "അവ എനിക്കായി തീർത്തിട്ടുള്ള മന്ദിരങ്ങളാണ് - ദേവാലയങ്ങൾ. ഞാൻ ആരാധിക്കപ്പെടുന്നിടം. അവിടെ മുറ തെറ്റാതെ, നിശ്ചിതപ്രകാരമുള്ള ജപങ്ങൾക്കൊണ്ട് ശബ്ദമുഖരിതമായിരിക്കും." അയാൾ തലയാട്ടി.
അപ്പോൾ മറ്റൊരു കെട്ടിടം ചൂണ്ടി ദൈവം പറഞ്ഞു: "എന്നാൽ ഏറ്റവും തീക്ഷ്ണമായി പ്രാർഥനകൾ ഉരുക്കഴിക്കുന്നത് ഇവിടങ്ങളിൽ നിന്നുമാണ്.'' "പക്ഷേ ഞാനൊന്നും കേൾക്കുന്നില്ലല്ലോ" അയാൾ പരിഭവിച്ചു. "അവ മൗനങ്ങളിൽ പൊതിഞ്ഞിരിക്കുകയാണ്. അവ ഉയരുന്നത് നീറുന്ന മനസ്സുകളിൽ നിന്നും. ശരീരത്തിന്റെയും ജീവന്റെയും തീർപ്പ് ഇടങ്ങൾ! അവർക്കായി കാത്തിരിക്കുന്നവർ വിഗ്രഹങ്ങളും അന്തരീക്ഷവും കൂടാതെയും എന്നോട് തീവ്രമായി മന്ത്രിക്കുകയാണ്." "ഏതാണാ കെട്ടിടം?'' അയാൾ ആകാംക്ഷയോടെ ചോദിച്ചു. "അതൊരു ആശുപത്രിയാണ്." ദൈവം പറഞ്ഞു. പലതും ഓർത്തുകൊണ്ട് ആത്മാവും അതിനെ ശരിവെച്ചു.