ADVERTISEMENT

"ഇറച്ചി കടയിൽ നല്ല തിരക്കാണല്ലോ ബീവാത്തുവെ" "പെരുന്നാളിന്റെയാ ത്താ. അതിപ്പം അങ്ങ് തീരും" കോഴി വെട്ടുന്നതിനിടയിൽ ബീവാത്തു പറഞ്ഞൊപ്പിച്ചു. "ഇങ്ങകെത്ര" "ഒന്നര" "പാർട്സ് വേണ" "വേണ്ട" കൊല്ലം ഇരുപതു കഴിഞ്ഞു. തന്റെ പതിനെട്ടാം വയസിൽ ബീഡിതെറുപ്പുകാരൻ മമ്മലിയുടെ മകൻ ഹസൻ നിക്കാഹ് കഴിച്ചു കൊണ്ട് വന്നതാണ്. അക്കാലത്തു പുതുമോടിയിൽ കച്ചവടം തുടങ്ങിയപ്പോൾ ഹസ്സൻ തന്റെ ബീടലിന്റെ പേര് തന്നെ കോഴി കടയ്ക്കു ഇടാൻ തീരുമാനിച്ചു. അപ്പോൾ കൂട്ടുകാരെല്ലാം കളിയാക്കി ചോദിച്ചു "ബീവാത്തു കോഴിക്കടയോ" "അതെന്തു പേരാടോ." കേട്ടപ്പോൾ ഹസ്സനും തോന്നി, അത് പോരെന്നു. എന്ന ഒന്ന് പൊലിപ്പിക്കാം എന്ന് കരുതി പേര് അങ്ങ് ഇംഗ്ലിഷിൽ ആക്കി. ബീവാത്തുസ് ചിക്കൻ സ്റ്റാൾ. എന്നാൽ ചിക്കൻ സ്റ്റാളോ കോഴികളെയോ ഒന്നും ബീവാത്തുനിഷ്ടം അല്ലായിരുന്നു.

ഞായറാഴ്ച്ചകളിൽ ബാപ്പ കോഴി വാങ്ങുമ്പോൾ ഉമ്മച്ചി വെച്ച കറി കൂട്ടും എന്നല്ലാതെ കോഴിയുമായി ഒരു ബന്ധവും ബീവാത്തുവിനില്ലായിരുന്നു. പിന്നെന്തിനാ ഈ നിക്കാഹിനു സമ്മതിച്ചത് എന്ന് ചോദിച്ചാൽ ബാപ്പയെ വലിയ ഇഷ്ടമായിരുന്നു. അക്കാലത്തു പതിനെട്ടു കഴിഞ്ഞ പെൺകുട്ടികൾ പോരേൽ ഉണ്ടേൽ വാപ്പമാരുടെ നെഞ്ചിൽ ഒരു പൊകച്ചിലാ. അങ്ങനെ തന്റെ ഉപ്പയുടെ നെഞ്ചിലെ പൊകച്ചിലൊന്നു കുറയ്ക്കാൻ ആദ്യം കണ്ട ആൾക്ക് തന്നെ സമ്മതം മൂളി. എന്നാൽ നിക്കാഹിന്റെ രണ്ടു നാൾ കഴിഞ്ഞു ബാപ്പ മരണപ്പെട്ടു. അങ്ങനെ ബീവാത്തു ഹസ്സന്റെ മാത്രമായി. രാവിലെ ഹസ്സൻ സൈക്കിളിൽ ചന്തയിൽ പോകും. വലയിട്ട കൂടുകളിൽ കോഴികളെയും കൊണ്ട് തിരിച്ചു വരും. കൂടുകൾ അടുക്കി അടുക്കി കടയിൽ വെക്കും. സഹായിക്കാൻ ബീവാത്തു കടയിൽ ചെല്ലും. കോഴിയുടെയും കോഴികാട്ടത്തിന്റെയും മണവും എല്ലാം കൂടി കാരണം ആദ്യ ദിവസം മുഴുവൻ ബീവാത്തു ഛർദിച്ചു. കോഴിയെ ഹസൻ അറക്കുന്നത് കണ്ടു പേടിച്ചു. ചോര മുഖത്തേക്ക് ചീറ്റുന്നത് സ്വപ്നത്തിൽ കണ്ടു രക്തം പുരണ്ട സ്വന്തം മുഖം കണ്ടു ആ രാത്രികളിൽ ഞെട്ടി ഉണർന്നു. പിന്നീടുള്ള ദിവസങ്ങളിൽ കടയിൽ പോകാൻ മടിച്ചു.

"ബീവാത്തു, ബീവാത്തു ഇറച്ചി വെട്ടുന്നതിടയിൽ ഈയ്യ് സ്വപ്നം കാണുവാ കയ്യ് മുറിയും പെണ്ണെ." ബീവാത്തു ഒന്ന് ഞെട്ടി. അരീകണ്ടത്തെ സുല്ഫത്ത് ആണ്. തീരാതെയുള്ള വെട്ടു തുടങ്ങിട്ടു രണ്ടു ദിവസം ആയി. അതായിരിക്കും ഒരു നിമിഷം ചിന്തകൾ പുറകോട്ടു പോയത്. "ഇല്ല ഇത്ത, പഴയ കാര്യങ്ങൾ ഒന്നോർത്തു പോയതാ. ഹസ്സനിക്ക ഉണ്ടായിരുന്നേൽ ഞാനിങ്ങനെ." "എല്ലാം പടച്ചോന്റെ തീരുമാനങ്ങളല്ലേ. എന്നാലും അന്നെ നമ്മള് സമ്മതിച്ചു. അന്റെ ഒരാളുടെ ധൈര്യം കൊണ്ടല്ലേ അണ്ണാച്ചി ഗോവിന്ദനെ ഓടിച്ചു വിടാൻ പറ്റിയത്" പലിശക്കാരൻ അണ്ണാച്ചി ഗോവിന്ദൻ, കല്ലടി ദേശക്കാരനാണ്. കറുത്ത് തടിച്ച് ഒരു ആൾ കുരങ്ങൻ ആണ് എന്ന് തോന്നും ഒറ്റ നോട്ടത്തിൽ. ഒരു ദിവസം കടയിൽ ഹസ്സൻ ഇല്ലാത്ത നേരത്തു മനസില്ലാ മനസോടെ ബീവാത്തുവിന് കടയിൽ നിൽക്കേണ്ടി വന്നു. അന്ന് അയാൾ വന്നു. അണ്ണാച്ചി ഗോവിന്ദൻ. ബീവാത്തുവിനെ അടിമുടിയൊന്നു നോക്കി "നിന്റെ കെട്ടിയവൻ ഇല്ലേടി"

ബാപ്പ പോലും തന്നെ എടി എന്ന് വിളിച്ചിട്ടില്ല. എന്നാലും തിരിച്ചൊന്നും മിണ്ടിയില്ല. പക്ഷെ ബീവാത്തുവിന് ഭയമൊന്നും തോന്നിയില്ല "നിന്നോടാ ചോദിച്ചത്" "ചന്തേൽ പോയതാ, കോഴി എടുക്കാൻ" "അവന്റെ കോഴി കച്ചവടം ഞാൻ അവസാനിപ്പിക്കും. പലിശ ഇത്ര ആയി എന്ന് വല്ലോ ഓർമ്മയുണ്ടോ നിനക്കും നിന്റെ കെട്ടിയോനും." പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം. "പെണ്ണുങ്ങളോടല്ല, ഞമ്മളോട് പറ." ഹസ്സന്റെ ശബ്ദം. ഗോവിന്ദൻ തിരിഞ്ഞു. "നിന്നോട് പറയുകയല്ല വേണ്ടത്" എന്ന് പറഞ്ഞു  ഹസ്സനെ ആഞ്ഞു ചവിട്ടി. ഓർക്കാപ്പുറത്തുള്ള ചവിട്ടേറ്റ് ഹസ്സൻ മലർന്നു പുറകോട്ടു വീണു. തല നിലത്തടിച്ചു ചോര വന്നു. ആ രക്തം ബീവാത്തുവിന്റെ മുഖത്തു തെറിച്ചു. സ്വപ്നത്തിൽ കോഴിയെ വെട്ടുമ്പോൾ തന്റെ മുഖത്ത് തെറിച്ച രക്തം പോലെ തോന്നി. ഇതും ഒരു ദിവാസ്വപ്നം ആവണെ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു. ബീവാത്തു ആദ്യമൊന്നു പകച്ചു. കരഞ്ഞില്ല. മൊത്തത്തിൽ ഒരു മരവിപ്പ്. 

ഇറച്ചി വെട്ടുന്ന മരപ്പലകയിൽ കൊത്തി വെച്ച കത്തി എടുത്തു ബീവാത്തു ഗോവിന്ദനെ ഒറ്റ വെട്ടു. അങ്ങനെ ഒരു വെട്ടു ബീവാത്തുവിന്റെ അടുത്ത് നിന്ന് ഗോവിന്ദൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞെട്ടലും വേദനയും കൊണ്ട് അലറി കരഞ്ഞു അയാൾ ഓടി. പിന്നീട് ഗോവിന്ദനെ ആരും കണ്ടിട്ടില്ല. കല്ലടി ദേശക്കാരും കണ്ടിട്ടില്ല. ബഹളം കേട്ടു നാട്ടുകാർ ഓടി കൂടി. അവർ ഹസ്സനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. എന്നാൽ ബീവാത്തു അവിടെ തന്നെ നിന്നു. കത്തിയിൽ നിന്നും കൈയ്യുടെ മുറുക്കം  ഒട്ടും അയഞ്ഞില്ല. ചിലപ്പോൾ ബീവാത്തുവിന്റെ ഉള്ളിൽ നേരത്തെ തന്നെ ആ തന്റേടം ഉണ്ടായിരുന്നിരിക്കാം. ചില അവസരങ്ങൾ ആണല്ലോ അവനവന്റെ ഉള്ളു മനസിലാക്കി തരുന്നത്. ഹസ്സൻ മരിച്ചു. കബറടക്കം കഴിഞ്ഞു രണ്ടു നാളുകൾക്കു ശേഷം ബീവാത്തു കോഴി കട തുറന്നു. ആ കത്തി വീണ്ടും കൈയ്യിൽ എടുത്തു. തന്റെ സ്വപ്നങ്ങളിൽ കോഴിയുടെ കഴുത്തിൽ നിന്നു ചീറ്റുന്ന ചോര പിന്നെ പലവട്ടം കണ്ടെങ്കിലും ഒരു ഭയവും തോന്നിയില്ല. "ഇത്താത്ത, രണ്ടു കിലോ കോഴി." ബീവാത്തു ഒരു കോഴിയെ കൂട്ടിൽ നിന്നു എടുത്തു.

English Summary:

Malayalam Short Story ' Beevathus Chicken Stall ' Written by Rohan