ടാക്സി ഡ്രൈവർ, മസാജർ... ജീവിക്കുവാൻ പല ജോലികൾ ചെയ്യേണ്ടി വരുമ്പോഴും കൈവിടാത്ത ധൈര്യം
Mail This Article
നടക്കുന്നതൊന്നും യാഥാർഥ്യമല്ല എന്ന് വിശ്വസിക്കാനാണ് അയാൾ ഇഷ്ടപ്പെട്ടിരുന്നത്. പാതിരാത്രിക്കാണ് വിമാനം ഇറങ്ങിയത്. നീണ്ടയാത്രയുടെ ക്ഷീണം, ഒന്നുറങ്ങി ക്ഷീണം മാറ്റി രാവിലെ പുറപ്പെടാം. സൈറ്റിൽ എത്താൻ മണിക്കൂറുകൾ എടുക്കും. യന്ത്രോപകരണങ്ങൾ സ്ഥാപിക്കുന്ന ഒരു എഞ്ചിനീയർ എന്ന് പറഞ്ഞാൽ, ഇപ്പോഴത്തെ കാലത്ത് നോക്കി നിന്നാൽ മതി. എന്നാൽ തന്റെ സ്ഥാപനത്തിൽ അതെല്ലാം താനാണ്. സഹായിക്കാൻ പ്രാദേശികമായി ആളുകൾ കാണും. എങ്കിലും, തന്റെ മനോഭാവം മാറ്റാനാവില്ല, യന്ത്രോപകരണങ്ങൾ ഘടിപ്പിക്കുമ്പോൾ എഞ്ചിനീയർ വിവേകിന് അതെല്ലാം തന്റെ ഒരു സൃഷ്ടിയായാണ് അനുഭവപ്പെടാറ്. ഉപകരണങ്ങൾ തന്റെ കൈയ്യിൽ മുറുകെപ്പിടിച്ചു ഓരോന്ന് ഘടിപ്പിക്കുമ്പോഴും, അതിന്റെ നിർമ്മാണം നടക്കുന്ന ഫാക്ടറിയിലെ ഓരോ പ്രവർത്തിയും വിവേകിന് ഓർമ്മ വരും. അവിടത്തെ ജോലിക്കാരുടെ ആയാസങ്ങൾ, അവരുടെ ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പുകണങ്ങൾ, ഉത്പാദനം കഴിഞ്ഞു പാക്ക് ചെയ്യുമ്പോൾ ഗുർചരണൻ സിംഗ് പറയും, "നിനക്ക് കൂട്ടിച്ചേർക്കാൻ ഞാൻ ഒരു യന്ത്രം കൂടി തയാറാക്കി തന്നിരിക്കുന്നു. മക്കളെപ്പോലെയാണിവർ, ശ്രദ്ധയോടെ വേണം കൂട്ടിച്ചേർക്കാൻ. പ്രവർത്തനത്തിന് തയാറാകുമ്പോൾ വിളിക്കണം, അതിന്റെ ശബ്ദം ചെവികളിൽ മുഴങ്ങികേൾക്കുമ്പോൾ ചാന്ദ്രയാന്റെ ആരവങ്ങൾ ആണ് ഞാൻ കേൾക്കുക, ഒപ്പം അമ്മയുടെ ശബ്ദവും, മകനേ നീ വിജയിച്ചിരിക്കുന്നു എന്ന ശബ്ദം.
പെട്ടെന്ന് വിമാനത്താവളത്തിലേക്ക് പോകാനും വരാനും ഉള്ള സൗകര്യത്തിനാണ് എയർപോർട്ട് ലോഡ്ജ് തിരഞ്ഞെടുത്തത്. എയർപോർട്ടിന്റെ വെബ്സൈറ്റിൽ നിന്ന് നമ്പർ തിരഞ്ഞെടുത്ത് വിളിക്കുമ്പോൾ, അയാളുടെ പേര് ചോദിച്ചു, "രത്തൻ, പക്ഷെ ഞാൻ രാത്രി മാത്രമേ കാണൂ സർ, പകൽ വേറെ ആളായിരിക്കും". വിവേക് അങ്ങനെയാണ്, അയാൾ ബന്ധപ്പെടുന്നവരുമായി ഒരു വ്യക്തി ബന്ധം സ്ഥാപിക്കും. "സർ ടെർമിനൽ മൂന്നിലല്ലേ വരുന്നത്? മുപ്പത്തിരണ്ടാമത്തെ തൂണിനടുത്ത് നിന്നാൽ മതി, എയർപോർട്ട് ഷട്ടിൽ ബസ്സ് വരും. അതിൽ കയറിയാൽ എയർപോർട്ട് ലോഡ്ജിൽ എത്തിക്കും, ടാക്സി ഒന്നും എടുക്കണ്ട, ബസ്സാണ് കൂടുതൽ സുരക്ഷിതം". "ദീഘദൂര യാത്ര കഴിഞ്ഞു വരുന്നതല്ലേ മറ്റെന്തിലും സർവീസ് വേണമോ സർ. ഇവിടെ മസാജ് സർവീസ് ഒന്നുമില്ല, വേണമെങ്കിൽ ഒരാളെ ഏർപ്പാടാക്കാം. അറിയുന്ന ആളാണ്, നല്ല സർവീസ് ആണ്, പുറത്തു കൊടുക്കുന്ന തുകയേക്കാൾ കുറച്ചു കൊടുത്താൽ മതി. വേണ്ട ഉപകരണങ്ങളുമായി ആൾ എത്തിക്കോളും". "ഒന്നും വേണ്ട രത്തൻ, എനിക്കൊന്നു കുളിക്കണം ഉറങ്ങണം. അത്രയേ വേണ്ടൂ".
പറഞ്ഞപോലെ മുപ്പത്തിരണ്ടാം തൂണിന്നടുത്തു ബസ്സ് കിടപ്പുണ്ടായിരുന്നു. ലോഡ്‌ജിൽ എത്തുമ്പോൾ താഴത്തെ നില ഒരു സത്രം പോലെയാണ് തോന്നിച്ചത്. കിടക്കാനുള്ള ബെഞ്ചുകൾ ധാരാളം, പലരും ഉറക്കത്തിലാണ്, കുറച്ചുപേർ തറയിൽ ഉറങ്ങുന്നു. ദീർഘദൂര ബസ്സുകളുടെ ടിക്കറ്റ് കൗണ്ടറുകൾ തുറന്നിരിക്കുന്നു. കാന്റീൻ എന്നെഴുതിയ വാതിൽ അടഞ്ഞിരിക്കുന്നുണ്ട്. വെള്ളവും അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന ഒന്ന് രണ്ട് കടകൾ തുറന്നിരിപ്പുണ്ട്, ഇടനാഴിയുടെ അറ്റത്ത് ഒരു ചായക്കട, അവിടെ നല്ല തിരക്കുണ്ട്. ഒന്നുമറിയാതെ ഉറങ്ങുന്ന ഒരുപാട് പേർ. നല്ല ഒരു ഉറക്കം അതിനാണല്ലോ നാമെല്ലാം കൊതിക്കുന്നത്. എയർപോർട്ടിൽ നിന്ന് വന്നു ബസ്സുകൾ കാത്തു കിടക്കുന്നവർ ആയിരിക്കണം, അല്ലെങ്കിൽ ഉടനെ എയർപോർട്ടിൽ പോകേണ്ടവർ, മുറിയെടുക്കേണ്ട ആവശ്യം അവർക്കുണ്ടാകില്ല, ഒരു ചെറിയ മയക്കം, പറ്റിയാൽ ഒരു മണിക്കൂർ നീളുന്ന ഉറക്കം.
"രത്തൻ, എവിടെയാണ് ലോഡ്ജ്?" വിവേക് ചോദിച്ചു. "ഇടത് വശത്ത് ഒരു കോണിപ്പടി കാണുന്നില്ലേ, മുകളിലേക്ക് വരൂ സർ, ഞാൻ അവിടെ തന്നെയുണ്ട്, അതോ ബാഗെടുക്കാൻ ആളെ അയക്കണോ". രത്തൻ പറഞ്ഞു. "വേണ്ട, ഞാൻ വന്നോളാം" വിവേക് പറഞ്ഞു. കോണിപ്പടി കയറയുമ്പോൾ അതിനു താഴെ ഉറങ്ങുന്ന മൂന്നുപേരെ വിവേക് ശ്രദ്ധിച്ചു, ഒരു മുത്തശ്ശി, ചെറുപ്പക്കാരിയായ ഒരമ്മ, ഒരു ചെറിയ മകൾ. "അടിയിൽ നല്ല തിരക്കുണ്ടല്ലോ." പൈസ കൊടുത്ത് രസീതി വാങ്ങുമ്പോൾ വിവേക് ചോദിച്ചു. "ദീർഘദൂര ബസ്സുകൾ എല്ലാം ഇവിടെ നിന്നാണ് തുടങ്ങുന്നതും അവസാനിക്കുന്നതും. സത്യത്തിൽ ഇതാണ് എയർപോർട്ട് ഹബ്, നാല് ഷട്ടിൽ ബസ്സുകൾ തുടർച്ചയായി ഓടുന്നു. എയർപോർട്ടിന് മുന്നിൽ തിരക്ക് കുറക്കാൻ ഇതേറെ സഹായിക്കുന്നു. മാത്രമല്ല യാത്രക്കാർക്ക്, കുളിക്കാനും മറ്റു സൗകര്യങ്ങളും ചെറിയ തുക കൊടുത്താൽ താഴെ ലഭ്യമാണ്". "കാലത്തൊരു ടാക്സി തയ്യാറാക്കാമോ." വിവേക് ചോദിച്ചു. "ശരിയാക്കാം " രത്തൻ പറഞ്ഞു.
മുറിയിൽ കയറി, വിസ്തരിച്ചൊരു കുളി, കിടന്നതേ ഓർമ്മയുള്ളൂ. രാവിലെ രത്തൻ തന്നെയാണ് വിളിച്ചുണർത്തിയത്. എട്ടിന് പോകണമെന്ന് പറഞ്ഞിരുന്നല്ലോ. വണ്ടി റെഡി ആണ്. വേഗത്തിൽ കുളിച്ചു വണ്ടിയിൽ കയറുമ്പോഴാണ് ഡ്രൈവർ ഒരു സ്ത്രീ ആണെന്നത് വിവേക് ശ്രദ്ധിച്ചത്. "എന്താണ് പേര്" വിവേക് ചോദിച്ചു. "അപർണ" അവർ പറഞ്ഞു. "ഞാൻ ഒറ്റപ്പെട്ടൊരു വ്യാവസായിക ഇടനാഴിയിലേക്കാണ് പോകുന്നത്. അപർണ്ണക്ക് ഭയമില്ലേ" "ഭയം പറഞ്ഞിരുന്നാൽ ജീവിക്കാനാകില്ലല്ലോ സർ" അപർണ്ണ പറഞ്ഞു. വഴിയിൽ നിന്ന് ഭക്ഷണം വാങ്ങുമ്പോൾ വേണ്ട എന്ന് പറഞ്ഞിട്ടും അപർണ്ണക്ക് കൂടി വാങ്ങി. ലക്ഷ്യത്തിലെത്തി കാശു കൊടുക്കുമ്പോൾ കുറച്ചു തുക കൂടുതൽ നൽകി. അപ്പോഴാണ് അവരുടെ മുഖം വിവേക് ശ്രദ്ധിച്ചത്, എവിടെയോ മുമ്പ് കണ്ടിട്ടുണ്ട്.
അന്നത്തെ ജോലി വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വൈകുന്നേരമാകുമ്പോഴേക്ക് വിവേക് ആകെ തളർന്നു പോയിരുന്നു. ഇന്ന് തന്നെ ജോലി തീർത്തു പോകണമെന്നുള്ളതിനാൽ അയാൾ ദീർഘനേരം വിശ്രമമില്ലാതെ ജോലി ചെയ്തു. ഗുർചരൺസിംഗാണെങ്കിൽ ഇടയ്ക്കിടെ യന്ത്രത്തിന്റെ ശബ്ദം കേൾക്കണമെന്ന് പറഞ്ഞു വിളിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ചെറിയ തെറ്റ് തന്റെ എത്രയോ സമയം അപഹരിച്ചിരിക്കുന്നു. അവസാനം എല്ലാം ശരിയാക്കി യന്ത്രം പ്രവർത്തിച്ചപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം. എങ്കിലും ശരീരമാകെ വേദനിക്കുന്നു. പിറ്റേന്ന് കാലത്താണ് വിമാനം, എയർപോർട്ട് ലോഡ്ജിൽ തന്നെ തങ്ങാൻ തീരുമാനിച്ചു, കാലത്ത് തിരക്കിൽപെടാതെ വേഗം വിമാനത്താവളത്തിൽ എത്താം. ഫോണടിച്ചപ്പോൾ എടുത്തത് രത്തൻ തന്നെയാണ്. "രത്തൻ, ഒരു മസാജറെ കിട്ടുമെങ്കിൽ ഏർപ്പാടാക്കണേ, ഫുൾ ബോഡി മസ്സാജ്, ശരീരമാകെ വേദനിക്കുന്നുണ്ട്". "ശരിയാക്കാം സർ" രത്തൻ പറഞ്ഞു. ലോഡ്ജിൽ എത്തുമ്പോൾ രത്തൻ പറഞ്ഞു, "മസാജർ മുറിയിലുണ്ട്, റൂം നമ്പർ 118".
മുറി തുറന്നപ്പോൾ കണ്ട വ്യക്തിയെക്കണ്ട് വിവേക് ഞെട്ടി "അപർണ്ണ". "അതെ ഞാൻ മസാജർ കൂടിയാണ്. ജീവിക്കാൻ ഒരുപാട് ജോലികൾ ചെയ്യേണ്ടി വരുന്നു സർ". "വേഗം വസ്ത്രം മാറി വന്നാൽ എന്റെ ജോലി വേഗം കഴിക്കാമായിരുന്നു". വിവേക് വസ്ത്രം മാറി വരുമ്പോഴേക്ക് ആ മുറി മുഴുവൻ മാറിക്കഴിഞ്ഞിരുന്നു, മനസ്സ് ശാന്തമാക്കുന്ന സംഗീതം, മുറിയിൽ കത്തുന്ന മെഴുകുതിരിയിൽ നിന്നും പരിമളം ഒഴുകുന്നു. ഉഴിയാനുള്ള ബെഡ് തറയിൽ വിരിച്ചിരുന്നു. അപർണ്ണയുടെ വിരലുകൾ വിവേകിന്റെ ശരീരത്തിലൂടെ സഞ്ചരിച്ചു. "നിങ്ങൾ ഒരു കഠിനാധ്വാനിയാണ്, നിങ്ങളുടെ ശരീരം അത് പറയുന്നു. വേദനയുള്ള ഭാഗങ്ങൾ പറയൂ, അവിടെ ഞാൻ പ്രത്യേകം ശ്രദ്ധിക്കാം." അപർണ്ണ പറഞ്ഞു. "നിങ്ങൾ ഒരു പ്രൊഫഷണൽ ആണെന്ന് കൈവിരലുകളുടെ താളം എനിക്ക് പറഞ്ഞു തരുന്നുണ്ട്. നാട്ടിൽ ഞാൻ കളരി ഉഴിച്ചിലിന് പോകാറുള്ളതാണ്, നിങ്ങൾ അതേ രീതിയാണ് പിന്തുടരുന്നത്". വിവേക് പറഞ്ഞു. "എന്ത് ജോലിയായാലും പ്രൊഫഷണൽ ആവുക എന്നതാണ് പ്രധാനം. വണ്ടിയോടിക്കുമ്പോഴായാലും, മസ്സാജ് ചെയ്യുമ്പോഴായാലും ഞാനെന്റെ നൂറു ശതമാനം അർപ്പണമാണ് അതിന് നൽകുന്നത്". അപർണ്ണ പറഞ്ഞു.
ഉഴിച്ചിൽ കഴിഞ്ഞപ്പോൾ വിവേകിന് ശരീരമെല്ലാം നന്നായി അയഞ്ഞതായി തോന്നി. ജോലിയുടെ വേദനയെല്ലാം എവിടെയോ പോയി മറഞ്ഞു. ശരീരമെല്ലാം നന്നായി തുടച്ചു കഴിഞ്ഞു അപർണ്ണ പറഞ്ഞു, "സർ ഒന്ന് പുറത്തു നടന്നു വരൂ, അപ്പോഴേക്കും, ഞാൻ മുറി എല്ലാം വൃത്തിയാക്കാം, അത് കഴിഞ്ഞു കുളിച്ചുറങ്ങാം. പിന്നെ പണമടങ്ങിയ ബാഗുണ്ടെങ്കിൽ കൂടെയെടുക്കണം, ഒരു കള്ളിയെന്ന് കേൾക്കാൻ ഇഷ്ടമില്ലാത്തതിനാൽ ആണ്". "അപർണ്ണയെ വിശ്വാസമില്ലാതെയല്ല, ബാഗ് ഞാനെടുക്കുന്നുണ്ട് ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങാൻ ഉണ്ട്, അതിനായി മാത്രം". വിവേക് പറഞ്ഞു. കോണിപ്പടി ഇറങ്ങുമ്പോൾ അതിനു താഴെ മുത്തശ്ശിയും ചെറുമകളും മാത്രമുറങ്ങുന്നതാണ് വിവേക് കണ്ടത്. അപ്പോഴാണ് ആ മുഖം എവിടെയാണ് കണ്ടതെന്ന് ഓർമ്മ വന്നത്. വിവേക് തിരിച്ചു വരുമ്പോൾ അപർണ്ണ മുറിയെല്ലാം വൃത്തിയാക്കി, പോകാൻ തയാറായി നിൽക്കുകയായിരുന്നു. പറഞ്ഞ തുകയുടെ ഇരട്ടിത്തുക വിവേക് അപർണ്ണക്ക് കൊടുത്തു.
അപർണ്ണ വിവേകിന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു, നിങ്ങളോടെനിക്ക് എന്തെന്നില്ലാത്ത ആദരവുണ്ട്, സാധാരണ എന്തെങ്കിലുമൊക്കെ ചീത്ത അനുഭവങ്ങൾ ആണ് എല്ലാവരിൽ നിന്നും ഉണ്ടാവാറുള്ളത്, വാക്കുകൾ, നോട്ടങ്ങൾ, മറ്റുകാര്യങ്ങൾക്കായി പ്രേരിപ്പിക്കൽ. അതിനെയെല്ലാം നേരിടാൻ എനിക്കറിയാം, അല്ലാതെ ജീവിക്കാനാകില്ലല്ലോ." "രത്തൻ നിങ്ങളുടെ ആരാണ്" വിവേക് ചോദിച്ചു. "എന്റെ ഭർത്താവ്, കാണുന്നത് പോലെയല്ല, രോഗിയാണ്, അതാണ് ഞാൻ പല പല ജോലികൾക്ക് പോകുന്നത്, ജോലി സമയത്ത് കൂട്ടായി വന്ന് കോണിപ്പടിക്ക് താഴെ ഉറങ്ങുന്നത്, ഞാനല്ലെങ്കിൽ അമ്മ എപ്പോഴും കൂടെയുണ്ടാകും, എപ്പോഴാണ് പോവുക എന്നറിയാത്ത രോഗം." അപർണ്ണ പറഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വിവേക് പുറത്തുനിന്ന് കൂടെ കൊണ്ടുവന്ന ഒരു പൊതി അപർണ്ണക്കു നേരെ നീട്ടി, "മകൾക്കാണ്, കുറച്ചു ചോക്ലേറ്റും ഒരു കളിപ്പാവയുമാണ്". "സ്വർഗത്തിൽ നിന്നുള്ള ഒരു സമ്മാനം - എന്ന് പറഞ്ഞാണ് ഞാനിത് അവൾക്ക് കൊടുക്കുക". അപർണ്ണ പറഞ്ഞു.
അപർണ്ണ പുറത്തേക്ക് നടന്നു. വിവേക് അവർക്കൊപ്പം നടന്ന് റിസപ്ഷനിൽ എത്തി. "രത്തൻ, എനിക്ക് നാളെ രാവിലെ ആറ് മണിക്ക് എയർപോർട്ടിലേക്ക് പോകണം" വിവേക് പറഞ്ഞു. "ഷട്ടിൽ ബസ്സുണ്ടല്ലോ സർ" രത്തൻ പറഞ്ഞു. വിവേക് പറഞ്ഞു. "വേണ്ട, എനിക്ക് ടാക്സി മതി, രാവിലെ എന്നെ സൈറ്റിൽ കൊണ്ടുചെന്നാക്കിയ ടാക്സി".