'ഓപ്പറേഷൻ തീയേറ്ററിന്റെ ഒബ്സർവേഷൻ വാർഡിൽ നാലുവയസ്സുകാരൻ'; വികൃതികൾ കണ്ടു ചിരിച്ച് മറ്റു രോഗികള്
Mail This Article
അനസ്‌തേഷ്യ കഴിഞ്ഞു മയക്കത്തിൽ നിന്നും അയാൾ മെല്ലെ ഉണർന്നു വരുന്നതേയുള്ളൂ. ഓപ്പറേഷൻ തീയേറ്ററിന്റെ ഒബ്സർവേഷൻ വാർഡിൽ അയാളുടെ തൊട്ടടുത്തുള്ള കട്ടിലിൽ നിന്നും ഒരു പിഞ്ചുബാലന്റെ തേങ്ങിക്കരച്ചിൽ അയാൾ കേട്ടു. അർദ്ധമയക്കത്തിൽ നിന്നും അയാൾ മെല്ലെ കണ്ണുകൾ തുറന്നു.. നാലുവയസ്സു പ്രായം തോന്നിക്കുന്ന ഒരാൺ കുട്ടിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകാനായുള്ള ഡ്രസ്സ് ധരിപ്പിച്ചു കിടത്തിയിരിക്കുകയാണ്. കരയുന്ന മകന്റെ അരികിലിരുന്നു യുവാവായ അച്ഛൻ ആശ്വസിപ്പിക്കുന്നുണ്ട്. കാഴ്ചയിൽ കരുത്തനാണെങ്കിലും സങ്കടം കൊണ്ട് ഇടയ്ക്കിടെ അയാൾ കണ്ണു തുടക്കുന്നുണ്ട്. എന്താണ് കാര്യം? അയാൾ ആകാംഷയോടെ കൈ കൊണ്ട് ആംഗ്യം കാണിച്ച് കാര്യം തിരക്കി. പയ്യൻ അഞ്ചു രൂപയുടെ നാണയം വിഴുങ്ങിയതാണ്. എക്സ്റേയിൽ അന്നനാളത്തിൽ നാണയം കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായി കാണിക്കുന്നുണ്ട്. അസ്വസ്ഥതയും പരിഭ്രമവും കൊണ്ട് പയ്യൻ അപ്പോഴും തേങ്ങിക്കൊണ്ടിരുന്നു.
"ആജ് ക്യാ ഖായ?" (ഇന്ന് എന്താണ് കഴിച്ചത്?) ഒരു യുവ ഡോക്ടർ പയ്യന്റെ അച്ഛനോട് കാര്യങ്ങൾ തിരക്കി. "സുബേ എക് കേല ഖായ. ഉസ്‌ക്കെ ബാദ് കുച്ചു നഹി." (രാവിലെ ഒരു പഴം കഴിച്ചതാണ്. അതിന് ശേഷം ഒന്നും കഴിച്ചിട്ടില്ല) ഓപ്പറേഷന് മുൻപുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഡോക്ടർ തിരിച്ചു പോയി. മാലാഖയെപ്പോലെ സദാ പുഞ്ചിരിക്കുന്ന ഒരു നഴ്സ് വന്ന് കൂട്ടിയെ ആശ്വസിപ്പിച്ചു. അമ്മ കുട്ടിക്ക് കൊടുക്കുന്ന അതേ വാത്സല്യത്തോടെ അവനെ തോളിലിട്ട് ഓപ്പറേഷൻ മുറിയിലേക്ക് കൊണ്ടുപോയി. അച്ഛൻ വിതുമ്പിക്കൊണ്ട് പ്രാർഥന നിർഭരനായി കട്ടിലിലിരുന്നു. "ഭായ്സാബ് കുച്ചു നഹി ഹോഗ. ചിന്താ മത് കർനാ. പാഞ്ച് മിനുട്ടുമെ ഉൻലോഗ് നികാൽദേഖ" (സഹോദരാ. ഒന്നും സംഭവിക്കില്ല. പരിഭ്രമിക്കാതിരിക്കൂ. അഞ്ചുമിനിറ്റിനുള്ളിൽ അവർ അതെടുത്തിരിക്കും.) ആരോ അയാളെ ആശ്വസിപ്പിച്ചു.
രാജസ്ഥാനിൽ നിന്നും തലസ്ഥാനത്തേക്ക് കുടിയേറിയ അയാൾ നഗരത്തിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ കൂലിപ്പണിക്കാരനാണ്. കൺസ്ട്രക്ഷൻ സൈറ്റിലുള്ള ഒരു ടെന്റിലാണ് കുടുംബ സമേതം താമസം. രാവിലെ ചാപ്പാത്തിക്കുള്ള ഗോതമ്പ് മാവ് കുഴക്കുന്ന തിരക്കിലായിരുന്നു അമ്മ. അപ്പോഴാണ് പയ്യൻ ഇത്തരം ഒരു വികൃതി ഒപ്പിച്ചത്. ഉടൻ അടുത്തുള്ള ക്ലിനിക്കിൽ കൊണ്ടുപോയെങ്കിലും അവർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ടു. ചോര പുരണ്ട പഞ്ഞിയിൽ പുതഞ്ഞൊരു അഞ്ചു രൂപ നാണയം അച്ഛനെ ഏൽപ്പിച്ചു കൊണ്ട് അവർ പറഞ്ഞു. "മകൻ സേയ്ഫാണ്". അതു കേട്ട ഉടനെ കണ്ണുകൾ അടച്ചു അയാൾ വീണ്ടും പ്രാർഥനയിൽ മുഴുകി. ഇരു കവിളുകളിലൂടെയും ആനന്ദാശ്രുക്കൾ ഒലിച്ചിറങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിയെ ഒബ്സർവേഷൻ മുറിയിലേക്ക് മാറ്റി. കൃത്രിമ ശ്വാസം നൽകി ഡോക്ടർ പറഞ്ഞു. "ബോധം വരാൻ അഞ്ചു മണിക്കൂർ എങ്കിലും എടുക്കും." ശ്വസിക്കുമ്പോൾ ഉയർന്നു പൊങ്ങുന്ന മകന്റെ നെഞ്ചകം നോക്കി അയാൾ കട്ടിലിനരികിൽ ഇരുന്നു. "ബച്ചുപ്പൻമെ, മേ ഭീ സിക്ക ഖാലിയാഥാ. ഫിർ ഭീ ഉസ് ദിൻ കുച്ചു നഹി ഹുവാ. സിക്ക പേഡ്സെ ബാഹർ നികൽ ഗയാ ഥാ..." (എന്റെ കുട്ടിക്കാലത്ത് ഞാനും നാണയം വിഴുങ്ങിയിട്ടുണ്ടായിരുന്നു. എന്നിട്ട് അന്ന് ഒന്നും സംഭവിച്ചിരുന്നില്ല. നാണയം വയറ്റിലൂടെയങ്ങു പുറത്തുപോയി.) വലിയ ഒരു ഫലിതം കേട്ടപോലെ രോഗികളുടെ കൂട്ടിരിപ്പുകാർ ചിരിച്ചു. "ആപ് കാ ബേട്ടാനെ പരമ്പര സമ്പാൽദിയാ.' (താങ്കളുടെ മകൻ തന്റെ കുല പരമ്പര കാത്തു.) അവരിൽ ആരോ ഒരാൾ പറഞ്ഞു.
കൈ ഞരമ്പിലേക്ക് അടിച്ചുകയറ്റിയ പ്ലാസ്റ്റിക് പൂക്കൾ ചിരിച്ചു! അതിലൂടെ ഇൻജക്ഷൻ എടുക്കുമ്പോൾ അയാൾ വേദനകൊണ്ട് പുളഞ്ഞു. ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്ന സ്‌ക്രീനിലെ വീപ്പ് ശബ്ദത്തിൽ അയാൾ ഏതോ സംഗീതം തിരഞ്ഞു. പല പല മരുന്നുകൾ ട്രിപ്പിട്ട് സ്വന്തം ശരീരത്തിലേക്ക് തുള്ളി തുള്ളിയായി കയറുന്നത് അയാൾ വെറുതെ നോക്കി കിടന്നു. അപ്പുറത്തെ ബെഡിലുള്ള കുട്ടിക്ക് ഇപ്പോൾ ബോധം വന്നിരിക്കുന്നു. അവൻ ആ പഴയ ചുറുചുറുക്കുള്ള കുട്ടിയായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. അച്ഛന്റെ മടിയിൽക്കിടന്ന് ചെറിയ ചെറിയ വികൃതികൾ കാണിക്കാൻ തുടങ്ങി. അപ്പോൾ ഒരു സിസ്റ്റർ വന്ന് ഡിസ്‌ചാർജ് ആവുന്ന കാര്യം അവരെ അറിയിച്ചു.
ഉടനെ അയാൾ തന്റെ ആ ചെറിയ ബാഗിൽ സാധനങ്ങൾ എല്ലാം കുത്തിത്തിരുകി തയ്യാറാവാൻ ആരംഭിച്ചു. അടുത്ത ബെഡിലുള്ളവരോട് യാത്ര പറഞ്ഞു സന്തോഷത്തോടെ അച്ഛനും ആ കുട്ടിയും പോവുകയാണ്. അടുത്തിരിക്കുന്ന ഭാര്യയോട് അയാൾ ആംഗ്യം കാണിച്ചു. അവൾ ഒരു ഫ്രൂട്ടിയെടുത്ത് കുട്ടിക്ക് നേരെ നീട്ടി. ആദ്യം ഒന്നു മടിച്ചെങ്കിലും അവനത് വാങ്ങി. മകനെയും തോളിലിട്ട് നടന്ന് നീങ്ങുന്ന ആ അച്ഛന്റെ രൂപം ഒ. ടി. വാർഡിന്റെ അവസാന കവാടത്തിൽ മറയുന്നതുവരെ ക്ഷീണിച്ച കണ്ണുകളോടെ അയാൾ നോക്കിക്കിടന്നു.