ADVERTISEMENT

ഹാ കഷ്ടമീ ലോകം ചുമപ്പത് 

വിഷപ്രതീകങ്ങളിൻ

കറുത്തപുകമാത്രമല്ലെ.

തരളതീരങ്ങളിൻ സുഖദഭാവങ്ങളെ

നക്കിത്തുടച്ചിട്ട

മണ്ണിൻ മാറിലെ

മുലപ്പാലു തിരയുന്ന,

ജനിമൃതിതൻ

ജരാനരകളിലൂടെ 

നിരതെറ്റി നീങ്ങുന്ന 

മർത്യവേഷങ്ങളെക്കണ്ടു
 

കരളുതേങ്ങിയ 

കാലമിങ്ങനെയോതിയെങ്കി-

ലെന്തതിശയിപ്പാനിരിപ്പൂ.

ഒരുക്കിവച്ച ചോദ്യശരങ്ങൾക്കുമുൻപി-

ലൂടുത്തരത്തുണ്ടുകൾ

ചിതറിവീണനേരത്ത്

കാലം കുറിച്ചിട്ടതൊക്കെയും

തോറ്റുകീറിയ കടലാസ്സിലെ

തോൽക്കാൻ മടിച്ചെഴുതിയ 

ഹൃദയാക്ഷരങ്ങളെക്കുറിച്ചായിരുന്നു.
 

നരച്ചുവീണ

മുടിനാരുകൾക്കിടയിൽനിന്നും

മുളച്ചുപൊന്തിയ 

കറുത്തമുടിയിഴകളെക്കണ്ടു

കാലം കുറിച്ചിട്ടതൊക്കെയും

കരഞ്ഞുതീർത്ത രാവുകളുടെയും

പിടഞ്ഞുതിർന്ന പകലുകളുടെയും

ചിതയെരിഞ്ഞ,

തീനാമ്പുകളെക്കുറിച്ചായിരുന്നു.

ഒഴിഞ്ഞചഷകത്തിന്നോ- ർമ്മക്കുറിപ്പുമായ്

വിരുന്നിനെത്തിയമൗനത്തിനെക്കണ്ട്,

കാലം കുറിച്ചിട്ടതൊക്കെയും 

മറിഞ്ഞുവീണ യൗവ്വനത്തിൻ 

ശേഷിപ്പുകളെക്കുറിച്ചായിരുന്നു.
 

പുഴുതിന്നപൂക്കളിന്നിതളുകൾ നിറയുന്ന

പെരുവഴിത്തിണ്ണതൻപൊയ്മുഖം കണ്ടപ്പോൾ 

കാലം കുറിച്ചിട്ടതൊക്കെയും, മൂകപ്രണയത്തിൻ 

പ്രതീക്ഷകളെക്കുറിച്ചായിരുന്നു.

ഇന്ന്, കാലം കണക്കെടുപ്പിലാണ്.

അഴിഞ്ഞു തീരാത്ത

ചേലയുടെയും

അഹങ്കാരമിടിയാത്ത

ദുര്യോധനന്റെയും

അന്തരത്തിന്നറിവു

ചുമന്നുകൊണ്ട്

കാലം കണക്കെടുപ്പിലാണ് !!

English Summary:

Malayalam Poem ' Nishwasathadavarakal ' Written by Pramodini Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com