'കീമോയുടെ ഭാഗമായി അമ്മയുടെ മുടി കൊഴിയാൻ തുടങ്ങി', ഗർഭിണിയായ മകളാണ് ആകെയുള്ള തുണ
Mail This Article
ഡിഗ്രി പഠനകാലത്താണ് വൈഗയെ ആദ്യമായി കാണുന്നത്. പതിയെ അവൾ എന്റെ നല്ല ഒരു കൂട്ടുകാരിയായി മാറി. എന്റെ ഒരു കൂടപ്പിറപ്പിനെ പോലെ ഞാൻ അവളെ സ്നേഹിച്ചിരുന്നു. ഇടക്ക് ഞാൻ അവളുടെ വീട്ടിലും പോകാറുണ്ടായിരുന്നു. അമ്മയും അവളും അടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു അത്. അച്ഛന്‍ മരിച്ചു പോയിരുന്നു.
അങ്ങനെ മനോഹരമായ കലാലയ ജീവിതത്തിന്റെ അവസാന നാളുകൾ വന്നെത്തി. ഒത്തിരി സങ്കടത്തോടെ എല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞു. എന്റെ വീടിന്റെ അടുത്താണ് വൈഗയുടെ വീടും. അതു കൊണ്ട് ഞങ്ങൾ ഇടക്ക് കാണും. പഠനം കഴിഞ്ഞതും അവളുടെ കല്യാണം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞു അവൾ ഭർത്താവിന്റെ കൂടെ വിദേശത്തേക്ക് പോയി. ഇടയ്ക്കു ഞാൻ അവളുടെ അമ്മയെ വിളിക്കാറുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം ഞാൻ അമ്മയെ വിളിച്ചപ്പോൾ വിശേഷങ്ങൾ എല്ലാം പറയുന്നതിന്റെ ഇടക്ക് അമ്മ പറഞ്ഞു, 'ഭക്ഷണം കഴിക്കുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട്. ഡോക്ടറെ കണ്ടപ്പോൾ എന്റോസ്കോപ്പി ചെയ്യാൻ പറഞ്ഞിട്ടുണ്ട്'. പേടിക്കണ്ട അമ്മേ, കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് സമാധാനിപ്പിച്ചു കൊണ്ട് ഞാൻ ഫോൺ വെച്ചു. പിന്നീട് എന്തോ ഞാൻ തിരക്കിൽ പെട്ടു ഞാൻ അമ്മക്ക് വിളിച്ചില്ല. ഒ
ഒരു ദിവസം വൈഗയുടെ മെസ്സേജ് കണ്ടു. ഞാൻ ഫോൺ ഓണാക്കി നോക്കി, 'എടി ഒരു കാര്യം പറയാനുണ്ട്'. 'എന്താണ് പറ കേൾക്കട്ടെ'. 'ഞാൻ ഒരു അമ്മയാവാൻ പോവാ'. വൈഗയുടെ മറുപടി കേട്ട് ഒത്തിരി സന്തോഷം തോന്നി.
'എടി ഒരു കാര്യം കൂടെ പറയാനുണ്ട്'. 'എന്താടി', ഞാൻ ചോദിച്ചു. അമ്മേടെ എന്റോസ്കോപ്പി റിസൾട്ട് വന്നു. അമ്മക്ക് കാൻസർ ആണ്'. അവൾ അത് പറഞ്ഞതും എന്റെ ശരീരമാകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു. തിരിച്ചു ഒരു മറുപടി കൊടുക്കാതെ ഞാൻ ആകെ കരച്ചിലായി. അവളുടെ ഈ സമയത്തു ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ പാടില്ലായിരുന്നു. എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്നു എനിക്കറിയില്ല.
പിറ്റേന്ന് തന്നെ ഞാൻ അവളുടെ വീട്ടിൽ പോയി അമ്മയെ കണ്ടു. ആ പാവത്തിനെ ആരും ഒന്നും അറിയിച്ചിട്ടില്ലായിരുന്നു. പിന്നീടങ്ങോട്ട് കീമോയുടെ നാളുകളായിരുന്നു. പതിയെ അമ്മയുടെ ശരീരത്തിൽ മാറ്റങ്ങൾ വന്നു. കീമോയുടെ ഭാഗമായി മുടി കൊഴിയാൻ തുടങ്ങി. 4 മാസം ആയപ്പോൾ വൈഗ നാട്ടിലേക്ക് വന്നു. ഞാൻ ഇടയ്ക്കു അമ്മയെ കാണാൻ പോകുമായിരുന്നു. ഒരിക്കൽ പോയപ്പോ അമ്മ പറഞ്ഞു, 'എന്റെ മുടിയൊക്കെ പോയി മോളെ, ഞാൻ ഇനി ജീവിതത്തിലേക്ക് തിരിച്ചു വരുമോ ആവൊ. എന്റെ പേരക്കുട്ടികളെ കാണാനുള്ള ഭാഗ്യം ഉണ്ടാവാണേ ദൈവമെ'.
ഒഴുകി വന്ന കണ്ണുനീരിനെ പിടിച്ചു നിർത്തി ഞാൻ അവിടുന്നു യാത്ര പറഞ്ഞിറങ്ങി. പിന്നീട് ഞാൻ അമ്മയെ കാണാൻ പോയില്ല. ആ രൂപം കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. ഫോൺകോളിലൂടെ വിവരം അറിഞ്ഞു പോന്നു. ഒരിക്കൽ വിളിച്ചപ്പോ അവൾ പറഞ്ഞു, 'അമ്മക്ക് തീരെ വയ്യ. ഒറ്റക്കിരിപ്പാണ്. ആരെയും കാണുന്നത് ഇഷ്ടമല്ല. സംസാരിക്കാനും മടിയാണ്'. അവൾ ആകെ സങ്കടപ്പെട്ടാണ് പറഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു.
കുറച്ചു നാളുകൾ അങ്ങനെ കടന്നുപോയി. ഒരു ദിവസം രാത്രി കോളേജ് ഗ്രൂപ്പിൽ ഒരു മെസേജ് വന്നു. ഓണാക്കി നോക്കിയപ്പോൾ ഞാൻ ആകെ തരിച്ചു നിന്നു. അമ്മ ഇനി ഒരു ഓർമ മാത്രമായിരിക്കും. പൊട്ടി കരഞ്ഞു പോയി ഞാൻ. കണ്ണുനീരിനെ നിയന്ത്രിക്കാൻ എനിക്കാവുമായിരുന്നില്ല. ഇനി അവൾക്കാരുണ്ട്. മരണം... അതു എല്ലാവർക്കുമുണ്ട്. പക്ഷേ പ്രിയപ്പെട്ടവരുടെ വേർപാട് നമുക്കൊരിക്കലും സഹിക്കാൻ കഴിയില്ല. ആരോക്കെ മാറിവന്നാലും മറ്റാർക്കും പകരം വെക്കാൻ കഴിയാത്ത സ്ഥാനം അതിനുണ്ടാവും. ഇന്നും ഡിസംബർ വരുമ്പോൾ ഞാൻ അമ്മയെ ഓർത്തു പോകും. ജീവിച്ചു കൊതി തീരാതെയാണ് അമ്മ പോയത്. സ്വർഗത്തിൽ ഇരുന്ന് അമ്മ എല്ലാം കാണുണ്ടാവും...