കാറ്റ് പറഞ്ഞ കഥ – എം. ഗോകുൽദാസ് എഴുതിയ കവിത
Mail This Article
നെൽവയലുകളോടും
കരകവിഞ്ഞ തോടുകളോടും
വയൽക്കിളികളോടും
ചതുപ്പ് നിലങ്ങളോടും
ചേമ്പിലകളോടും
ഞാൻ വീണ്ടും വരുമെന്ന് പറഞ്ഞ്
ഇന്നലെയും കനത്ത മഴവന്നു
ഇഴപൊട്ടിയ മഴനൂലുകൾ
ആകാശത്ത് വലവിരിച്ചു
വലയിൽ പരൽ മീനുകൾ പിച്ചവെച്ചു
പിന്നെ കൊടുങ്കാറ്റായിരുന്നു
കാറ്റിൽ ആകാശം കുലുങ്ങി വീണു
വാതിലുകളും ജനലുകളും
കാറ്റിൽ പറന്നു പോയി.
കാറ്റ് പറഞ്ഞു
കളർകോട് സ്‌കൂളിലാണ് അവൻ പഠിച്ചത്
എന്റെ കൈ പിടിച്ചു അയാൾ മലകയറി
കറുത്ത മനുഷ്യരുടെയും,
പച്ചമരങ്ങളുടെയും വീട് തേടി അയാൾ
കുന്നിറങ്ങി
കാടിറങ്ങി.
കർകത്തൊഴിലാളികൾക്കൊപ്പവും
മൽസ്യത്തൊഴിലാളികൾക്കൊപ്പവും അന്തിയുറങ്ങി.
പുന്നപ്ര സമരവും
പൂഞ്ഞാറിലെ ഒളിജീവിതവും
പാലായിലെ ലോക്കപ്പും
ജീവിതമെന്ന ഗുഹയിൽ
വെടിമരുന്നിന്റെ ഗന്ധം നിറച്ചു.
നെഞ്ചിലും വയറ്റിലും
കറ്റ മെതിക്കുന്നതുപോലെ ആരോ
ചവിട്ടി മെതിച്ചു.
ജീവിതത്തിന്റെ അടിത്തട്ട് കാണുന്നതുവരെ
കാലിൽ ബയണറ്റ് കുത്തിയിറക്കി.
പട്ടിണിയും പരിവട്ടവും
ജീവിതത്തിനു ഇന്ധനമേകി
സംഘർഷങ്ങളും
സംത്രാസങ്ങളും
നിസ്വവർഗ്ഗത്തിന്റെ
സമര നായകനാക്കി.
കാലം പറഞ്ഞു
എനിക്ക് ഭൂമിയെ ഇഷ്ടമാണ്
വിഎസ്സിന്റെ നൂറു വർഷങ്ങൾ
ഞാൻ എഴുതാൻ ആഗ്രഹിച്ച കവിതയായിരുന്നു.