ADVERTISEMENT

ഇടതടവില്ലാതെ ഫോൺ റിംഗ് കേട്ടുകൊണ്ടാണ് ചക്കക്കുരു നന്നാക്കുന്ന, അന്നമ്മ ചേട്ടത്തി... വീട്ടിനകത്തേയ്ക്ക് കടന്നത്, ഫോണടുത്തു. മറുവശത്ത് ഘന ഗംഭീര ശബ്ദം. "മത്തായിച്ചൻ ഇല്ലേ? ചേട്ടത്തി... അവിടെ?" ചേട്ടത്തിക്ക് ശബ്ദം കേട്ടപ്പോഴേ മനസിലായി, മടക്കശ്ശേരി സജിയാണന്ന്... "അങ്ങേര് ഇവിടെയുണ്ട് ഇപ്പം കൊടുക്കാം..." അന്നാമ്മ ചേട്ടത്തി മത്തായി അച്ഛനെ നോക്കുമ്പോൾ കണ്ടത്.. തലേ ദിവസത്തേ ചോറ്റ് പാത്രത്തിലെ ഇത്തിരി വറ്റ്, കോഴികൾക്ക് വീതിച്ച് കൊടുക്കുന്ന മത്തായിച്ചനെയാണ്. "ഒന്നിങ് വായോ, മടക്കശ്ശേരിയിലെ കൊച്ചൻ വിളിക്കുന്നുണ്ട്...." മത്തായിച്ചന്റെ മനസിൽ ഇത്തിരി സമാധാനത്തിന്റെ വെളിച്ചം കയറി. ഒപ്പം അന്നാമ്മ ചേട്ടത്തിയുടെ ചെറിയ ശബ്ദം താഴ്ത്തിയുള്ള സംസാരവും, പള്ളിയിൽ നിന്ന് സഹായം വല്ലതും തരാനാവും വേഗം ഫോണെടുക്ക്.. പഴം ചോറിന്റെ ഈർപ്പമുള്ള കൈകൾ ഉടുമുണ്ടിൽ തുടച്ച്, ഫോണെടുത്തു. മറുതലയിൽ നിന്ന് സജി "എന്നാ എടുക്കുവാ മത്തായിച്ചാ..? അടിച്ചിരിക്കാവൂല്ലേ...?"

നാളെയ്ക്ക് വെക്കാൻ അവസാന അരിയും കഴിഞ്ഞ് എന്തു ചെയ്യുമെന്ന് അറിയാതെ നിൽക്കുന്ന മത്തായിച്ചന് മറുപടി ഒന്നും പറയാനുണ്ടായില്ല.. കഫം മുറിഞ്ഞ് കിട്ടാത്ത ഒരു ചുമയോട് കൂടി മത്തായിച്ചൻ, "പറഞ്ഞോ സജീ..." "മത്തായിച്ചാ... പള്ളിയുടെ മണ്ഡപത്തിന്റെ പണി നടക്കുവാ.. അതിലോട്ട് കാര്യമായിട്ട് എന്തെങ്കിലും വേണം. കൂടാതെ കല്ലറ പണിയുന്ന കാര്യം പള്ളിയിൽ പറഞ്ഞായിരുന്നല്ലോ..? വേണങ്കിൽ അതും പണിത് വെച്ചേയ്ക്ക്.. ആ ചാത്തുട്ടുകൂടി പോയാൽ പിന്നെ ഒരുത്തനേയും ഈ പണിയ്ക്ക് കിട്ടുകേല്ലാ.." സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നപ്പോൾ വീണ്ടും വന്നു മുട്ടി ചുമ..., കഞ്ഞിവെള്ളമെടുക്കാൻ പോലും കാണാനില്ലല്ലോ എന്ന മറുതല ചോദ്യത്തിന്.... ഞാൻ അവൾക്ക് കൊടുക്കാമെന്ന ഒരു ഉത്തരത്തോടെ  ഫോൺ കൈമാറി.. ഇവരുടെ ഫോണിന് ഒരു കുഴപ്പമുണ്ട്.. സംസാരിക്കുമ്പോൾ അടുത്തിരിക്കുന്ന ആൾക്ക് ആവശ്യത്തിന് കേൾക്കാൻ കഴിയും, ഫോണിലൂടെ വരുന്ന ശബ്ദം. ഇത് ഇടയ്ക്ക് അവർക്ക് ദോഷമായി തോന്നിയെങ്കിലും ഇപ്പോൾ ഇത് നന്നായി എന്ന് തോന്നി മത്തായിച്ചന് കാരണം.... സജി പറഞ്ഞത് മുഴുവൻ അന്നാമ്മ ചേട്ടത്തി കേട്ടിരുന്നു..

മനസിൽ സങ്കടവും കോപവും അലതല്ലി... പാഞ്ഞു വരുന്ന തിരമാലകൾക്ക് സമമായിരുന്നു അന്നമ്മ ചേട്ടത്തിയുടെ മനസ്.. പിന്നെ ചില സിനിമകളിൽ വില്ലൻമാർക്ക് ശേഷം സംസാരിക്കുന്ന നായകൻമാരെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അന്നാമ്മ ചേട്ടത്തി... കസറി.. "സജി.., നിനക്ക് കേൾക്കണോ? മത്തായി ചേട്ടൻ ഹോസ്പ്പിറ്റലിൽ നിന്ന് വന്ന് 4 ആഴ്ച കഴിഞ്ഞതേയുള്ളൂ.. ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞു... കൈയ്യിലുള്ളത് മുഴുവൻ തീർന്നു. കൂടാതെ നിത്യവൃത്തിക്കുള്ള വരുമാനമായിരുന്ന  കൊച്ചന്റെ ഓട്ടോയും, ആകെ ഉണ്ടായിരുന്ന ആടിനെയും വിറ്റിട്ടാ ചികിൽസിച്ചത്... ഇപ്പോൾ മേലേ വീട്ടിലെ ജോസിന്റെ ഓട്ടോ ദിവസവാടകയ്ക്ക് എടുത്ത് ഓടിക്കുകയാ.. നിങ്ങളെ പോലുള്ള മുതലാളിമാർക്ക് ഞങ്ങളെ പോലുള്ള പാവങ്ങളുടെ കാര്യം അറിയില്ല.. അറിയുവാൻ ശ്രമിക്കുകയുമില്ല. പിരിവ് വരുമ്പോൾ മാത്രം ഓർക്കും.. പണ്ട് യൂത്തിലെ പിള്ളേര് ഉണ്ടായിരുന്ന കാലത്താണേൽ എല്ലാം അറിയുകയും സഹായിക്കുകയും ചെയ്തിരുന്നേനേ.. അതും നശിപ്പിച്ചു.." മതി.. മതിയെന്ന് മത്തായിച്ചൻ, കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.. എന്നാലും പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ നിർത്തൂ എന്ന ഭാവത്തിലായിരുന്നു അന്നമ്മ ചേട്ടത്തി..

"ആദ്യം നിങ്ങൾ പാവങ്ങളെ സഹായിക്ക് എന്നിട്ട്‌ മതി കർത്താവിന്റെ നാമത്തിൽ മണ്ഡപം പണിയൽ.. പുൽകൂട്ടിൽ പിറന്ന് മുൾ കിരീടം ധരിപ്പിച്ച് ക്രൂശിലേറ്റപ്പെട്ട കർത്താവിന് എന്തിനാ കുഞ്ഞേ ഈ ആഢംബരം.. കർത്താവ് നല്ലവനാ.. നല്ലവനായ കർത്താവിന്റെ പേരിന്റെ മറവിൽ നടത്തുന്ന ഇത്തരം പ്രവർത്തികൾ നല്ലതിനല്ലാ എന്ന് മാത്രം നീ തിരിച്ചറിഞ്ഞാൽ മതി..." ഇത്രയും പറഞ്ഞ് അന്നമ്മ ചേട്ടത്തി സങ്കടം സഹിക്കവയ്യാതെ ദേഷ്യത്തോടെ ഫോൺ വെച്ചു തിരഞ്ഞപ്പോഴേക്കും.. പള്ളിയിൽ നിന്ന്.. പാലത്തിങ്കൽ ജോജി ഒന്നര ലക്ഷം മണ്ഡപം പണിയാൻ സംഭാവന നൽകിയെന്ന ശബ്ദം മൈക്കിലൂടെ അലയടിക്കുന്നത് അന്നമ്മ ചേട്ടത്തിക്കും മത്തായിച്ചനും കേൾക്കാമായിരുന്നു.. ഈ സമയത്ത് വീട്ടിലെ ചുമരിൽ തൂക്കിയിരിക്കുന്ന കുരിശിൽ നിന്ന് തല ഉയർത്തി കർത്താവ്... പറയുന്നത് പോലെ അവർക്ക് അനുഭവപ്പെട്ടു.. ഭയപ്പെടേണ്ട... ഞാൻ നിന്നോട് കൂടെയുണ്ട്... ആ വാക്കുകൾ അവർക്ക് മുന്നോട്ടുള്ള ജീവിതത്തിന് ശക്തിയും, ബലവുമായിരുന്നു...

English Summary:

Malayalam Short Story ' Karthavinte Mandapavum Mathayichante Kallarayum ' Written by Vinod Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com