'രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നപ്പോൾ പാലപ്പൂവിന്റെ മണം, ചെറിയ വവ്വാലുകൾ ചിറകടിക്കുന്ന ശബ്ദം...'
Mail This Article
ദുബായിൽ നിന്നുള്ള കൊച്ചിൻ ഫ്ലൈറ്റ് വളരെ ലേറ്റ് ആയിട്ടാണ് വന്നത്. ജോണി വളരെ നാളുകളായി നാട്ടിലേക്ക് ലീവിന് വന്നിട്ട്. ചെറുപ്രായത്തിൽ തന്നെ നാട്ടിൽ നിന്ന് മാറി നിൽക്കുന്നത് കാരണം കൂടുതൽ ആരെയും നാട്ടിൽ പരിചയം ഇല്ലായിരുന്നു. അങ്കമാലിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ചിന്നക്കടവിലേക്കു ടിക്കറ്റ് എടുത്ത ജോണി ചിന്നക്കടവ് സ്റ്റേഷനിൽ എത്തിയപ്പോൾ നേരം വളരെ ഇരുട്ട് ആയി. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നടക്കാനുണ്ട് ജോണിയുടെ വീട്ടിലേക്ക്. ജോണി റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെങ്കൽ റോഡിലൂടെ അര കിലോമീറ്റർ വീടിനെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നപ്പോൾ പാലപ്പൂവിന്റെ നല്ല ഒരു മണം അനുഭവപ്പെട്ടു. അതെ സമയം മനസ്സിലേക്ക് കടന്നു വന്ന ഒരു സുഖം സ്വന്തം നാട് മനസ്സിനെ ഒന്ന് തൊട്ടുണർത്തിയത് പോലെ തോന്നി. നിശബ്ദത നിറഞ്ഞ നിമിഷങ്ങളിൽ റോഡിലൂടെ നടന്ന് നീങ്ങുമ്പോൾ ചെറിയ വവ്വാലുകൾ ചിറകടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. നിലാവെളിച്ചമുള്ള രാത്രിയിൽ ആകാശത്ത് ചന്ദ്രനെ മറച്ചു ചിറകുകൾ വിടർത്തി പറക്കുന്ന വലിയ വാവലുകൾ (കടവാവൽ) ശരിക്കും ഭീകരരൂപികൾ ആയി ജോണിക്ക് തോന്നിച്ചു.
അൽപം നടന്ന് മന്ദാരംകുന്ന് വളവിൽ എത്തിയപ്പോൾ പരിചയമുള്ള ഒരു തോമസ് ചേട്ടനെ കണ്ടുമുട്ടി. വീട്ടിലേക്ക് കുറെ ദൂരം നടക്കാൻ ഉള്ളത് കൊണ്ട് തോമാസ് ചേട്ടനെ കൂട്ടിന് കിട്ടിയത് വളരെ അനുഗ്രഹമായി ജോണിക്കു തോന്നി. വിശേഷങ്ങൾ ഓരോന്നായി തോമാസ് ചേട്ടനോട് പറഞ്ഞു നടന്ന് നീങ്ങുമ്പോൾ ഭൂമി കൂടുതൽ ഇരുട്ടിലേക്ക് വഴുതി മാറുന്നത് പോലെ തോന്നി. വഴിയോരങ്ങളിൽ കാണുന്ന വീടുകളിൽ നിന്നും വരുന്ന ചെറിയ അരണ്ട വെളിച്ചത്തിൽ റോഡുകൾ അവ്യക്തമായി കാണുന്നുണ്ടായിരുന്നു. തോമസ് ചേട്ടനോട് നാട്ടുവിശേഷം പറഞ്ഞു വഴിയിൽ ഉള്ള പല കുത്തനെയുള്ള റോഡുകളും കയറി ഇറങ്ങിയത് ജോണി അറിഞ്ഞില്ലായിരുന്നു. എവിടെ നിന്നോ വന്ന തണുത്ത കാറ്റിൽ കൊയ്യാറായി നിൽക്കുന്ന പാടശേഖരങ്ങളിൽ അനുഭവപ്പെടുന്ന ഒരു തരം സുഗന്ധം അപ്പോൾ അനുഭവപ്പെട്ടു. റോഡിനോട് ചേർന്ന് മലയുടെ താഴ്‌വാരത്തു നിൽക്കുന്ന വലിയ ഒരു നെല്ലിമരത്തിന്റെ അടുത്ത് എത്തിയപ്പോൾ തോമസ് ചേട്ടൻ മറ്റൊരു വഴിയിലൂടെ പോകുവാൻ ആരംഭിച്ചു. തോമസ് ചേട്ടനോട് പിന്നെ കാണാം എന്ന് പറഞ്ഞതിന് ശേഷം ജോണി യാത്ര തുടർന്നു.
പിന്നീടുള്ള യാത്രയിൽ തോമസു ചേട്ടനെയും അവരുടെ വീടിനെയും ഓർത്തു നടന്നപ്പോൾ സ്വന്തം വീട് എത്തിയത് അറിഞ്ഞില്ല. പ്രതീക്ഷിച്ചതിലും അൽപം വൈകിയാണ് ജോണി വീട്ടിൽ എത്തിയത് എങ്കിലും വീട്ടിൽ എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു. അന്യനാട്ടിലെ ജീവിതത്തിന്റെ സുഖദുഃഖങ്ങൾ നിറഞ്ഞ എല്ലാ കഥകളും പറഞ്ഞു തീർന്നപ്പോഴേക്കും പൂവൻ കോഴി കൂവാൻ തുടങ്ങിയിരുന്നു. അതിരാവിലെ വീട്ടിലെ പൂവൻ കോഴികൾ പരസ്പരം കൊത്തുകൂടി കലഹിക്കുന്ന ശബ്ദം കേട്ടാണ് ജോണി ബെഡിൽ നിന്ന് എണീറ്റത്. അപ്പോഴേക്കും സമയം രാവിലെ പത്തു മണി ആയി. പ്രഭാതഭക്ഷണത്തിന് ശേഷം ജോണി നാട് കാണാനായി സ്കൂട്ടറിൽ വീട്ടിൽ നിന്ന് ഇറങ്ങി. പ്രകൃതി രമണീയമായ നാടിന്റെ കാഴ്ചകൾ കണ്ട് കവലയിൽ എത്തിയപ്പോൾ പഴയ പല കൂട്ടുകാരെയും കാണുവാൻ സാധിച്ചു. ആ കൂട്ടത്തിൽ തലേ ദിവസം രാത്രിയിൽ ജോണിക്ക് കൂട്ടിന് ഉണ്ടായിരുന്ന തോമസ് ചേട്ടന്റെ മകനെ കണ്ടുമുട്ടി. സൗഹൃദം പുതുക്കിയതിന് ശേഷം തോമസ് ചേട്ടന്റെ ഭവനത്തിലേക്ക് ജോണിയെ ക്ഷണിച്ചു.
കുന്നിൽ ചെരുവിൽ നിൽക്കുന്ന തോമസ് ചേട്ടന്റെ വീട്ടിലേക്ക് റോഡിൽ നിന്ന് എത്തിച്ചേരാൻ ഇരുപത് സ്റ്റെപ്പുകൾ കയറിയിട്ട് വേണം. നിറയെ കാട് പിടിച്ചു കിടക്കുന്ന പറമ്പിൽ നിൽക്കുന്ന ഓടിട്ട വീട്ടിൽ എത്തിയപ്പോഴേക്കും ജോണി വല്ലാതെ കിതച്ചിരുന്നു. തോമസ് ചേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും വളരെ ദുഃഖിതരെ പോലെ തോന്നിപ്പിച്ചു. എന്താണ് എല്ലാവർക്കും പറ്റിയത് എന്ന ചോദ്യത്തിനിടയിലാണ് ചുമരിൽ തൂങ്ങി കിടക്കുന്ന ഫോട്ടോ ശ്രദ്ധയിൽ പെട്ടത്. ജോണി അൽപ നേരം കൊണ്ട് ഞെട്ടി പോയ നിമിഷങ്ങളായിരുന്നു അത്. പെട്ടെന്ന് ഒരു കാറ്റും മഴയും വന്നത് ജോണി അറിഞ്ഞില്ലായിരുന്നു. വല്ലാത്ത ഒരു മാറ്റം ജോണിയിൽ പ്രകടമായി കണ്ടപ്പോൾ അവർ ചോദിച്ചു... എന്ത് പറ്റി ജോണി...? വിളറിയ ശബ്ദത്തോടെ ആണെങ്കിലും ജോണി മറുപടി പറഞ്ഞു.. എയ് ഒന്നുമില്ല, എന്നിട്ട് അവരോട് ചോദിച്ചു... എന്നാണ് തോമസ് ചേട്ടൻ മരിച്ചത്...? ഓ മോനെ അത് ഒരു അപകടമരണം ആയിരുന്നു. ഒരു മാസം മുൻപ് ചന്തയിൽ പോയതാണ്. കച്ചവടം കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. ഒന്നും പറയാൻ സമയം നൽകാതെ ആണ് തോമസ് ചേട്ടൻ കടന്ന് പോയത്.
ആ അമ്മ വിതുമ്പി കരയുന്നത് കണ്ടപ്പോൾ ജോണിക്ക് അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു. അപ്പോൾ കണ്ട കാഴ്ച ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ ജോണി ഒരിക്കൽ കൂടി തോമസ് ചേട്ടന്റെ ഫോട്ടോയിൽ നോക്കി. അതിനു ശേഷം സ്വന്തം വീട്ടിലേക്കു പോകാൻ തിരക്ക് കൂട്ടി. വീട്ടിൽ ചെന്ന ജോണിയുടെ മുഖം വല്ലാതെ വിളറി ഇരിക്കുന്നുണ്ടായിരുന്നു. ജോണി വീട്ടിൽ ഉണ്ടായിരുന്ന എല്ലാവരോടും “ഇരുട്ടിൽ പിന്തുടരുന്ന പ്രേതത്തെ" കുറിച്ച് പറഞ്ഞു. മരിച്ച തോമസ് ചേട്ടൻ തലേ ദിവസം യാത്രയിൽ ജോണിയുടെ കൂടെ ഉണ്ടായിരുന്നു എന്നും വേറെ ആരും അല്ലായിരുന്നു എന്നും പറഞ്ഞപ്പോൾ വീട്ടിൽ ഉള്ളവർ ആരും തന്നെ അങ്ങനെ വിശ്വസിച്ചില്ല. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഇന്നും ജോണിയുടെ മനസ്സിൽ ആ ദിവസം ഒരു പേടി സ്വപ്നമായി നിലകൊള്ളുന്നു.