'കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ എതിരെ വന്ന വാഹനം ഇടിച്ചു തെറിപ്പിച്ചു...'
Mail This Article
ആശുപത്രി വരാന്തയിലെ കസേരകളിൽ പ്രതീക്ഷകൾ അസ്തമിച്ചവരെപ്പോലെ രണ്ടുപേർ. അവരുടെ കണ്ണുകളിൽ നിരാശയും, വേദനയും നിറഞ്ഞു നിൽക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഇടയ്ക്കിടെ ശല്യം ചെയ്യുന്ന പോലെ ആ മിഴികൾ നിറഞ്ഞൊഴുകുന്നു. ദിവസങ്ങളോളം നഷ്ടമായ ഉറക്കം കനം തൂങ്ങി നിൽക്കുന്ന അവരുടെ കൺപോളകളിൽ തെളിഞ്ഞു കാണാം. കോട്ടയം ജില്ലയിലെ ഉൾനാടൻ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ അംഗങ്ങളാണ് ജോസും ഏലിക്കുട്ടിയും. അവർക്ക് ആണായിട്ടും പെണ്ണായിട്ടും ദൈവം കനിഞ്ഞു നൽകിയ പൊന്നോമനയാണ് സൂസൻ. അവരുടെ മാലാഖക്കുട്ടി. കാണാനും അവളൊരു മാലാഖ തന്നെ. പഠിക്കാനും അവൾ മിടുക്കിയാണ്. ഇപ്പോൾ അവൾക്ക് പ്രായം 19. ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ്. പ്ലസ്ടു കഴിഞ്ഞ് മുന്നോട്ട് പഠിപ്പിക്കാൻ അപ്പനും അമ്മയ്ക്കും സാമ്പത്തികമായി കഴിവില്ലാത്തതു കൊണ്ട് അവളുടെ പഠനം പള്ളിക്കാർ ഏറ്റെടുത്തിരിക്കുകയാണ്. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ജോസിനും ഏലിക്കുട്ടിക്കും നന്നേ ഉണ്ട്. അത് കാരണം അധികം ഭാരമുള്ളതും, പ്രയാസമേറിയതുമായ ജോലികൾ ചെയ്യുവാൻ അവരെക്കൊണ്ട് കഴിയില്ല. സ്വന്തമായി ചെറിയ റബ്ബർ തോട്ടം ഉണ്ട് അവർക്ക്. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ആ ചെറിയ കുടുംബം സന്തോഷത്തോടെ കഴിഞ്ഞു പോകുന്നത്. മകളുടെ വളർച്ച ആനന്ദത്തോടെ നോക്കിക്കണ്ടിരുന്ന രണ്ടു പേരും അവളിലൂടെ നല്ലൊരു ഭാവി ജീവിതം സ്വപ്നം കണ്ടിരുന്നു.
സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കൊച്ചു കുടുംബത്തിന്റെ മേൽ കരിനിഴൽ ബാധിച്ച പോലെ ഒരു ദിവസം സൂസന്റെ കോളജിൽ നിന്നും ഒരു ഫോൺ കോൾ വന്നു. ജോസിനോടും ഏലിക്കുട്ടിയോടും എത്രയും പെട്ടെന്ന് തന്നെ കോളജിലെത്തുവാനായിരുന്നു നിർദ്ദേശം. മറുതലക്കൽ ഉള്ള ശബ്ദം കേട്ടിട്ട് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് അവർക്ക് മനസ്സിലായി. രണ്ടു പേരും എത്രയും പെട്ടെന്ന് സൂസന്റെ കോളജ് ലക്ഷ്യമാക്കി യാത്രയായി. കോളജ് ഗേറ്റ് കടന്നപ്പോൾ തന്നെ അവരുടെ മനസ്സിൽ ആധി കൂടി വന്നു. ഓഫീസ് മുറിയിലേക്ക് അടുക്കുന്തോറും ആ രണ്ടു വയോധികരുടെ കാലുകൾക്ക് തളർച്ച വന്നതു പോലെ. മുറിയിലേക്ക് കടന്നപ്പോൾ എല്ലാവരുടെയും മുഖത്തു വിഷാദ ഭാവം. കോളജ് പ്രിൻസിപ്പൽ അവരെ കണ്ടപ്പോൾ തന്നെ എഴുന്നേറ്റു വന്നു. രണ്ടു പേരുടെയും മുഖഭാവം കണ്ടപ്പോൾ തന്നെ നന്നേ ഭയന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. അവരോട് സമാധാനപരമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. സൂസന് സുഖമില്ല, നമുക്ക് ഹോസ്പിറ്റൽ വരെ ഒന്നു പോകാം എന്ന് മാത്രം പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ അവർ കരഞ്ഞ് ബഹളം വയ്ക്കുവാൻ തുടങ്ങി. രണ്ട് പേരെയും കൂട്ടി പ്രിൻസിപ്പൽ ഹോസ്പിറ്റലിലേക്ക് പോയി.
ഒരുപാട് നിലകളിലായി ഉയർന്ന് നിൽക്കുന്ന ഹോസ്പിറ്റൽ കെട്ടിടം. മാർബിൾ പാകിയ നിലവും, ശീതീകരിച്ച മുറികളും, വരാന്തകളും. കരഞ്ഞു തളർന്ന രണ്ടു പേരെയും കൂട്ടി ഹോസ്പിറ്റലിനുള്ളിലേക്ക് കയറി. ഇരുവരെയും ഐ.സി.യു വിന് മുന്നിലേക്കായ് കൂട്ടിക്കൊണ്ടു പോയി. ഐ.സി.യു വിന് മുന്നിലുള്ള ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് ഒന്ന് നോക്കിയേ ഉള്ളൂ രണ്ടു പേരും. തങ്ങളുടെ പൊന്നു മകൾ മരണത്തോട് മല്ലടിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ആ കാഴ്ച കണ്ടതും ഏലിക്കുട്ടി തളർന്നു വീണു. എല്ലാം കണ്ടിട്ടും എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ജോസ്. പൊന്നു മകൾക്ക് എന്തു സംഭവിച്ചതാണെന്നറിയാൻ ദയനീയ ഭാവത്തോടെ പ്രിൻസിപ്പലിന്റെ മുഖത്തേക്ക് ആ വൃദ്ധൻ നോക്കി നിന്നു. പ്രിൻസിപ്പൽ നടന്നതെന്തെന്ന് പറയുവാൻ തുടങ്ങി.
സൂസൻ രാവിലെ വീട്ടിൽ നിന്നും കോളജിലേക്ക് വരുന്ന വഴിയിൽ ഒരു കൊച്ചു കുഞ്ഞ് അശ്രദ്ധയോടെ റോഡു മുറിച്ചു കടക്കുവാൻ ഒരുങ്ങുന്നത് കണ്ടു. സ്വന്തം സുരക്ഷ പോലും നോക്കാതെ ആ കുഞ്ഞിനെ രക്ഷിക്കുവാൻ വേണ്ടി റോഡിലേക്ക് ഓടിയതാണ് സൂസൻ. കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ എതിരെ വന്ന വാഹനം സൂസനെ ഇടിച്ചു തെറിപ്പിച്ചു. തലയടിച്ചാണ് വീണത്. ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല. നമുക്ക് നമ്മുടെ സൂസന് വേണ്ടി പ്രാർഥിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ജോസിനെ വരാന്തയിലുള്ള ഒരു ബെഞ്ചിൽ ഇരുത്തി. ഏറെ നേരത്തിന് ശേഷം ഏലിക്കുട്ടിക്ക് ബോധം വന്നു. ഓരോ നിമിഷവും ദൈവത്തിനോടുള്ള പ്രാർഥനയും കരച്ചിലുമാണ് രണ്ടും പേർക്കും. ദിനങ്ങളോരോന്നായി കൊഴിഞ്ഞു പോകുന്നു. രണ്ടുപേരും തങ്ങളുടെ മകൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. ശീതീകരിച്ച ആശുപത്രി വരാന്തകളായിരുന്നിട്ടു പോലും അവരുടെ മുഖവും ശരീരവും വിയർപ്പിൽ മുങ്ങുകയും ചെയ്യുന്നു. ഇതുവരെയും സൂസന്റെ നിലയിൽ വലിയ മാറ്റങ്ങളൊന്നും തന്നെ ഇല്ല. അവൾ ഇനിയും തങ്ങളുടെ പൊന്നു മകളായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ജോസും ഏലിക്കുട്ടിയും.