'വഴക്കുപറഞ്ഞ അച്ഛനെതിരെ പീഡന പരാതി'; അയാൾ ദുഃഖം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തു...
Mail This Article
അനൂപേട്ടൻ ആത്മഹത്യ ചെയ്തു!! അമ്മേടെ ഫോൺ കോൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. കണ്ണുകളിൽ ഇരുൾ മൂടി. തലയ്ക്കുള്ളിലൂടെ മിന്നൽ പിണരുകൾ പാഞ്ഞു. ശരീരം വെട്ടി വിയർത്തു. ബോധം പോയി മറയുന്നത് പോലെ.. ഒന്നും ഓർമയില്ല.. ബോധം തെളിയുമ്പോൾ ഹോസ്പിറ്റലിൽ, ആരൊക്കെയോ അടുത്തുണ്ട്.. ''എനിക്ക് ഇപ്പോ നാട്ടിൽ പോണം.'' ആരൊക്കെയോ നാട്ടിൽ പോകാനുള്ള ടിക്കറ്റ് എടുത്തു തന്നു... ഇവിടെ സൗദിയിൽ വന്നിട്ട് പത്തു മാസമേ ആയുള്ളൂ.. ഞാനും അനൂപേട്ടനും ഒരുമിച്ച് വരാൻ ഇരുന്നതാണ്.. പക്ഷെ എനിക്ക് മാത്രമേ വരാനുള്ള സാഹചര്യം ഒത്തൊള്ളൂ.. രണ്ടു മക്കളെയും നോക്കി ചേട്ടൻ നാട്ടിൽ തന്നെ നിന്നു. വീട്ടിലെത്തിയപ്പോഴേക്കും ചടങ്ങുകൾ തുടങ്ങിയിരുന്നു. നിർജ്ജീവമായ മനസോടെ പൂക്കൾക്ക് നടുവിൽ കിടക്കുന്ന അനൂപേട്ടനെ നോക്കി നിന്നു. കുട്ടികളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലുമുള്ള മാനസികാവസ്ഥയിലായിരുന്നില്ല. സംസ്കാരചടങ്ങ് കഴിഞ്ഞ രണ്ടാം ദിവസം.. ''ഇവിടെ ആളില്ലേ?'' പുറത്താരോ വിളിച്ച ശബ്ദം കേട്ടാണ് ബെഡിൽ നിന്നും എണീറ്റത്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയ മരിയ മോൾ പേടിച്ചു അകത്തേക്ക് ഓടിയപ്പോൾ വാതിൽ തുറന്നു. ''ശാലിനി അല്ലെ? അനൂപിന്റെ വൈഫ്? ഞങ്ങൾ സ്റ്റേഷനിൽ നിന്നാണ്. ഞാൻ സക്കറിയ'' വന്നവരിൽ പ്രൗഢനായ ഒരാൾ പറഞ്ഞപ്പോൾ ഒട്ടൊന്ന് ഭയന്നു. അവരെ ഹാളിലേക്ക് കയറ്റിയിരുത്തി പെട്ടന്ന് മുഖം കഴുകി വന്നപ്പോൾ മരിയ അകത്തെ മുറിയിൽ പേടിച്ചപോലെ ഇരിപ്പുണ്ടായിരുന്നു.
''ശാലിനി.. ലീവെത്ര നാൾ ഉണ്ട്?'' സൗമ്യമായ ചോദ്യം ആണെങ്കിലും ഉള്ളിൽ മുറിവാണുണ്ടാക്കിയത്. ആർക്കുവേണ്ടിയാണോ സമ്പാദിച്ചത് അദ്ദേഹം പോയല്ലോ. എന്ത് നട്ടാലും വേലി ഇല്ലാതെ!! ''ഒന്നും തീരുമാനിച്ചില്ല'' ''ഹമ്'' സക്കറിയ ഒന്ന് മുരടനക്കി. ''അനൂപ് സൂയിസൈഡ് ചെയ്യുകയായിരുന്നല്ലോ. ആളുടെ അനക്കമൊന്നും ഇല്ലാഞ്ഞിട്ട് അയൽക്കാരാണ് ഞങ്ങളെ ഇൻഫോം ചെയ്തത്. എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ? നിങ്ങൾ തമ്മിൽ വല്ല പ്രശ്നങ്ങളും?'' ''ഹേയ് ഇല്ല സാർ. തലേന്നും എന്നെ വിളിച്ചതാണ്.'' ''ഹ്മ്മ്... സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നോ? അനൂപ് മദ്യപാനി ആയിരുന്നല്ലേ?'' ''ഇല്ല സാർ. ബാധ്യതയുണ്ടായിരുന്നു. അതൊക്കെ തീർത്തിരുന്നു. കുടിക്കുമായിരുന്നു, പക്ഷെ വലിയ വഴക്കൊന്നുമില്ലായിരുന്നു.'' ''ഹ്മ്മ്... കുട്ടികളെവിടെ?'' ''മോൻ തറവാട്ടിലേക്ക് പോയതാണ്. മോളകത്തുണ്ട്. നിങ്ങളെ കണ്ടപ്പോൾ പേടിച്ചുപോയെന്ന് തോന്നുന്നു.'' ''ഹമ്..'' സക്കറിയ ഒന്ന് ഇരുത്തി മൂളിയിട്ടകത്തേക്കൊന്ന് എത്തിനോക്കിയിട്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ''ശാലിനീ... പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്. ശ്രദ്ധയോടെ കേൾക്കണം. രണ്ട് മാസം മുൻപ് നിങ്ങളുടെ ഹസ്ബന്റിനെതിരെ മോളും നിങ്ങളുടെ അയൽവക്കക്കാരും പരാതി തന്നിരുന്നു. മക്കളെ പീഡിപ്പിച്ചെന്ന്.'' ശാലിനിക്ക് കണ്ണിലിരുട്ട് കയറുന്നത് പോലെ തോന്നി. അനൂപേട്ടൻ !! താനൊന്നും അറിഞ്ഞിരുന്നില്ല.. മോളും ഒന്നും പറഞ്ഞില്ല.
നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പ് വകവെക്കാതെ വിവാഹിതരായതാണ് ഞങ്ങൾ.. സന്തോഷത്തോടെ ജീവിതം ആരംഭിച്ചു.. വെൽഡിംഗ് തൊഴിലാളിയായിരുന്നു അനൂപേട്ടൻ. കഠിനാധ്വാനിയും. വല്ലപ്പോഴുമൊക്കെ മദ്യപിക്കുവായിരുന്നു എന്നല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് ഞാൻ കാര്യമാക്കിയില്ല. പോകെ പോകെ കൂട്ടുകാരും മദ്യപാനവും കൂടി കൂടി വന്നു. ഇടയ്ക്ക് ഇടയ്ക്ക് വഴക്കും.. ഉണ്ടാക്കിയതെല്ലാം വിറ്റു.. എന്നാലും എന്നെയും മക്കളെയും സ്നേഹത്തോടെ തന്നെ നോക്കിയിരുന്നു.. ലോൺ എടുത്തു ഒരു ചെറിയ വീട് ഉണ്ടാക്കി.. കൊറോണ സമയത്തു ജോലി ഇല്ലാതെ ആയപ്പോൾ അതിന്റെ അടവ് മുടങ്ങി. ബാങ്കുകാർ വീട് ജപ്തി ചെയ്തു.. പിന്നീട് തറവാടിന്റെ അടുത്തുള്ള ഒരു വാടക വീട്ടിലേക്കു മാറി.. അങ്ങനെ ജീവിച്ചുകൊണ്ടിരുന്ന സമയത്താണ് ഞങ്ങളുടെ കഷ്ടപ്പാട് കണ്ടു ഗൾഫിൽ നിന്ന് വന്ന സനൂപ് ഞങ്ങൾക്ക് രണ്ടാൾക്കും ഗൾഫിൽ പോകാൻ വിസ തരപ്പെടുത്തി തരാം എന്ന് പറഞ്ഞത്.. ജീവിതം അങ്ങനെ എങ്കിലും ഒരു കരക്ക് എത്തട്ടെ എന്നോർത്ത് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി. അങ്ങനെ വേഗം വിസ എല്ലാം റെഡി ആയി. എനിക്ക് ആദ്യം പോകാനുള്ള വിസ കിട്ടി. അങ്ങനെ പത്തു മാസം മുൻപ് ഞാൻ ഇവിടെ എത്തി. ഏട്ടൻ മക്കളായ മരിയയേയും ഡേവിഡിനെയും നോക്കി നാട്ടിൽ തന്നെ നിന്നു. തറവാട് അടുത്തുള്ളത് കൊണ്ട് അച്ഛനും അമ്മയും വേണ്ട സഹായം ഒക്കെ ചെയ്തു കൊടുത്തിരുന്നു.
''എനിക്ക്... എനിക്കൊന്നുമറിയില്ല സാർ... അനൂപേട്ടൻ.. അനൂപേട്ടൻ പാവമായിരുന്നു.. കുടിക്കുമെന്നല്ലാതെ'' ശാലിനി വിമ്മിക്കരഞ്ഞു കൊണ്ട് ഭിത്തിയിലേക്ക് ചാരി. ''ശാലിനി.. വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. ഇങ്ങനെയൊരു കേസ് ഉണ്ടായിരുന്നു. നിങ്ങളുടെ അമ്മയെ കണ്ടിട്ടാണ് ഞങ്ങളിപ്പോൾ വരുന്നത്. അന്നവർ കൊച്ചിനെ ഉപദ്രവിക്കുന്നു എന്ന പരാതിയിന്മേൽ ഉറച്ചുനിന്നിരുന്നു. ഇന്ന് പക്ഷെ അവനങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു കരച്ചിലാണ്.. കൂടുതലൊന്നും പറയാൻ കൂട്ടാക്കുന്നുമില്ല..'' ''ശാലിനീ.. ഒരു മരണം നടന്ന വീടാണ്. ഞങ്ങൾ അധികം ബുദ്ധിമുട്ടിക്കുന്നില്ല. പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തല്ലേ മതിയാകൂ'' സക്കറിയ എഴുന്നേറ്റ് വാതിൽക്കൽ എത്തിയിട്ട് തിരിഞ്ഞു നിന്നു. ''സാവകാശം മോളോടും അമ്മയോടും ഒന്ന് സംസാരിക്കണം. കേസുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന സമയമാണ്. പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ശാരീരികമായും മാനസികമായും ഉള്ള ഉപദ്രവങ്ങൾ ഉൾപ്പെടും. പക്ഷെ നമ്മുടെ ആളുകൾ എപ്പോഴും ശാരീരിക പീഡനം എന്നാണ് ആദ്യംതന്നെ ധരിക്കുക. മകൾ അല്ലേ? അവൾ പ്രായപൂർത്തിയാകുമ്പോൾ'' പൊലീസുകാർ പോയതും ശാലിനി ഒരുവിധത്തിൽ മരിയയുടെ മുറിയിലെത്തി. പുറത്തെ സംസാരങ്ങൾ കേട്ടതിനാലാകും മരിയ അവളെ കണ്ടതോടെ വാവിട്ട് കരഞ്ഞുകൊണ്ട് കട്ടിലിന്റെ മൂലയിലേക്ക് ചുരുണ്ടു.. ''അമ്മാ... എന്നെ ഒന്നും ചെയ്യല്ലേ.. അച്ഛ പാവമാണ്.'' ശാലിനി അടുത്തേക്ക് ചെല്ലും തോറും മരിയ ഭയന്ന് പുറകോട്ട് ചുരുണ്ടുകൂടിക്കൊണ്ടിരുന്നു.. അച്ഛന്റെ മരണം കഴിഞ്ഞതിൽ പിന്നെ അവൾ ഒന്നും കഴിക്കുന്നുമില്ല സംസാരവുമില്ല. താനിനിയും അവളോട് സംസാരിക്കാൻ ശ്രമിച്ചാൽ ഒരു പക്ഷേ വിപരീത ഫലമാണുണ്ടാവുക എന്ന് തോന്നിയപ്പോൾ ശാലിനി വാതിൽ പുറത്തൂന്ന് പൂട്ടിയിട്ട് തറവാട്ടിലേക്ക് നടന്നു.
പത്തുമിനിറ്റ് നടന്നാൽ മതി തറവാട്ടിലേക്ക്. ഡേവിഡ് രാവിലെ അങ്ങോട്ട് പോയിരുന്നു. അവിടെ അമ്മയാകെ വിഷമത്തിലാണെന്ന് അപ്പച്ചൻ വന്നു പറഞ്ഞപ്പോൾ കൂടെ ഡേവിഡിനെ വിട്ടതാണ്. ''അമ്മേ... അമ്മയെന്തിയെ അപ്പച്ചാ'' ശാലിനി ചെന്നപ്പോൾ ഡേവിഡ് ടിവി കാണുകയായിരുന്നു. സോഫയിൽ ചാരി എന്തോ ആലോചിച്ചിരുന്ന അപ്പച്ചനോട് ശാലിനി ചോദിച്ചതും അകത്ത് വാതിൽ കൊട്ടിയടക്കുന്ന ശബ്ദം കേട്ടു. ''അമ്മച്ചീ...'' ശാലിനി അമ്മ കയറിയ വാതിലിൽ കൊട്ടി വിളിച്ചു. ''മോളേ...'' പുറകിൽ അപ്പച്ചന്റെ കരമമർന്നതും അവൾ തിരിഞ്ഞു നോക്കി. ശാലിനിയുടെ കണ്ണുകളെ നേരിടാനാവാതെ അയാൾ മുഖം കുനിച്ചു. ''മോളെ... അവളാകെ തകർന്നിരിക്കുവാ.. ഇപ്പോഴൊന്നും ചോദിക്കല്ലേ?'' ''അവിടെ മോൾ.. ഇവിടെയമ്മച്ചി.. ഞാനെന്തു ചെയ്യണം അപ്പച്ചാ... ആരോട് ചോദിക്കണം? എനിക്കറിയണം അനൂപേട്ടനെന്ത് പറ്റിയെന്ന്. ഏട്ടൻ വെറുതെ ആത്മഹത്യ ചെയ്യില്ല.'' ''വേണമെന്ന് കരുതിയിട്ടല്ല.. അവന്റെ ഒടുക്കത്തെ കുടി. നിർത്താൻ ഞങ്ങളാകുന്നത് പറഞ്ഞതാ. കുടിച്ചാൽ പിന്നെ ദേഷ്യമാ. നീയില്ലാത്തതിന്റേം കൂടെ കാണും. ചെറിയ തെറ്റുകൾക്ക് വരെ പിള്ളേരെ അടിക്കും. കുടിച്ചില്ലേൽ ഭയങ്കര സ്നേഹോം. നീ അവിടെ തനിച്ചല്ലേ എന്ന് കരുതി ഒന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. അന്ന് കൊച്ചിനെ അടിച്ചപ്പോ അവരോടി അയൽവക്കത്തെ തങ്കച്ചന്റെ വീട്ടിൽ ചെന്നു.. അവൻ പിള്ളേരുടെ പിറകെ അവിടെ എത്തി.. പക്ഷെ തങ്കച്ചൻ പിള്ളേരെ വിട്ടു കൊടുത്തില്ല... രാവിലെ ഇവിടെ കൊണ്ടേ ആക്കി.. അവരാ പറഞ്ഞെ കേസ് കൊടുക്കാൻ. പൊലീസുകാരൊന്ന് പേടിപ്പിച്ചാൽ കുടി നിർത്തൂന്ന്. ആലോചിച്ചപ്പോ അത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി. അതവനോടുള്ള സ്നേഹം കൊണ്ടല്ലേ.. അതിനവൻ ഇങ്ങനെ ചെയ്യൂന്ന് ഞങ്ങളോർത്തോ. കാരണക്കാരി അവൾ ആണെന്നും പറഞ്ഞൊരുതുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.. പോയതെന്റെ മകൻ അല്ലെ.. ദെണ്ണം ഞങ്ങൾക്കുമില്ലേ.. ചാകാൻ പറ്റോ.''
പൊട്ടിക്കരഞ്ഞുകൊണ്ട് അപ്പച്ചൻ പതം പറഞ്ഞപ്പോൾ എന്ത് പറയണമെന്നറിയാതെ ശാലിനി തളർന്നിരുന്നു പോയി. ''എന്നാലും അപ്പച്ചൻ കേസ് കൊടുക്കാൻ പോകുന്ന കാര്യവും.. ഇവിടെ ഇത്രയും സംഭവങ്ങൾ ഉണ്ടായതും ഒന്നും എന്നോട് പറഞ്ഞില്ലല്ലോ.. ഞാൻ അല്ലെ ഇതൊക്കെ ആദ്യം അറിയേണ്ടത്?. ഞാൻ ഒരു പരിഹാരം ഉണ്ടാക്കുമായിരുന്നു.. മക്കൾ അപ്പന് എതിരെ കേസ് കൊടുത്തെന്നു അറിയുമ്പോൾ ഒരു അപ്പൻ എങ്ങനെ ആണ് പ്രതികരിക്കുക എന്ന് ഞാൻ പറയാതെ നിങ്ങൾക്ക് അറിയില്ലേ.. കഴിഞ്ഞ വർഷം നമ്മുടെ ലിസി ആന്റിയുടെ മൈസൂർ ഉള്ള ആങ്ങള ആത്മഹത്യ ചെയ്തത് ഇത്ര പെട്ടന്ന് മറന്നുപോയോ.. മക്കളും ഭാര്യയും സ്വത്തു വീതം വെക്കുന്നതിനെ ചൊല്ലി വഴക്കായതും അമ്മയും മക്കളും അപ്പന് എതിരെ കേസ് കൊടുത്തതും... അത് അപ്പന് നാണക്കേട് ഉണ്ടാക്കിയതും.. ആങ്ങള ലിസി ആന്റിയെ വിളിച്ചു ഞാൻ ആത്മഹത്യ ചെയ്യാൻ പോകുവാണെന്നു പറഞ്ഞതും ലിസി ആന്റി പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതും പൊലീസ് വന്നപ്പോഴേക്കും ആങ്ങള ആത്മഹത്യ ചെയ്തതും. ഇതൊക്കെ ആറു മാസം മുൻപ് നടന്ന സംഭവം.. ഇതൊക്കെ ഇത്ര പെട്ടന്ന് നിങ്ങൾ മറന്നു പോയോ...'' ''എന്റെ പൊന്നുമോളെ.. ഒന്നും.. ഒന്നുമോർത്തോണ്ടല്ല. അവന്റെ കുടി നിർത്താൻ പറ്റിയാലൊന്നോർത്താ. ഞങ്ങളെ ശപിക്കല്ലേടി മോളേ.'' അപ്പച്ചൻ കുനിഞ്ഞു കാലിൽ തൊടാൻ വന്നപ്പോൾ ശാലിനി മനസിലുള്ള വിഷമമെല്ലാം ഉള്ളിലൊതുക്കി.
വീട്ടിൽ മടങ്ങിയെത്തുമ്പോൾ ശാലിനി തന്റെ മനസിനെ പാകപ്പെടുത്തിയെടുത്തിരുന്നു. രണ്ട് ദിവസമായി അടുക്കളയിലേക്ക് കയറിയില്ലായിരുന്നു. അയൽക്കാരാണ് ആഹാരം കൊണ്ട് തന്നിരുന്നത്. വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് നോക്കാനായി ഓരോന്നും പരിശോധിച്ച ശാലിനി അമ്പരന്നു. ഒരു വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളൊക്കെയും മേടിച്ചു വെച്ചിരിക്കുന്നു.. അവൾ മുറികളിലൊക്കെ കയറിയിറങ്ങി. നന്നായി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. തളർന്നുറങ്ങിപ്പോയ മരിയയെ വിളിച്ചെഴുന്നേൽപിച്ചു. മൂർദ്ധാവിൽ ചുംബിച്ചാശ്വസിപ്പിച്ചു. കുളിക്കാൻ പറഞ്ഞു വിട്ടിട്ടവൾ തന്റെ മുറിയിലേക്ക് കയറി. ഇവിടെയാണ് അനൂപേട്ടൻ മരിച്ചു കിടന്നത്. ഷെൽഫിൽ പുസ്തകങ്ങൾ ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു. ധാരാളം വായിക്കുമായിരുന്നു അനൂപേട്ടൻ. അലമാരയും മേശകളുമെല്ലാം തുറന്ന നിലയിലാണ്. പൊലീസുകാർ പരിശോധിച്ചതാവും. പൊടുന്നനെ എന്തോ ഓർമ വന്ന അവൾ അടുക്കളയിലേക്കോടി. കബോർഡിനുള്ളിൽ ഉണ്ടായിരുന്ന ചുവന്ന പറ്റുബുക്കവൾ വലിച്ചെടുത്തു. പണ്ടുമുതലേ തീർന്ന സാധനങ്ങളെഴുതാനും എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതുമൊക്കെ ഓർമ്മിക്കാൻ എഴുതിയിടുന്ന ബുക്കാണ്. അതിൽ നാലായി മടക്കിവെച്ചിരുന്ന പേപ്പർ എടുത്തു നിവർത്തുമ്പോൾ ശാലിനിക്ക് തന്റെ ഹൃദയം നിലയ്ക്കുന്ന പോലെ തോന്നി.
''ശാലു ...
എന്നെ ശപിക്കരുത് മോളെ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കുടിക്കുമായിരുന്നു എന്നല്ലാതെ നിന്നെ നുള്ളി നോവിച്ചിട്ട് പോലുമില്ലല്ലോ ഇതുവരെ. ആ ഞാൻ നമ്മുടെ മോളെ... അത്രയ്ക്ക് പാപിയാണ് ഞാൻ എന്ന് നീ കരുതുന്നുണ്ടോ? അമ്മയില്ലാത്തിടം... അതൊരു വല്ലാത്ത അവസ്ഥയാണ്. തെറ്റേത് ശരിയേതെന്ന് പറഞ്ഞുകൊടുക്കുവാൻ ഒരച്ഛന് പലപ്പോഴും പറ്റിയെന്ന് വരില്ല. മരിയമോൾ മിക്കപ്പോഴും മൊബൈലിൽ മുഴുകിയിരിക്കുമ്പോൾ ഞാൻ വഴക്ക് പറയാറുണ്ടായിരുന്നു. ഓൺലൈൻ ക്ലാസ് ആണെന്ന് അവൾ പറയും. കോവിഡ് കഴിഞ്ഞു ക്ലാസ് തുടങ്ങിയ ഈ സമയത്തും ഓൺലൈൻ ക്ലാസ് എവിടെ എന്ന് ചോദിച്ചു ഞാൻ കഴിഞ്ഞ ദിവസം അവളെ അടിച്ചിരുന്നു. പത്രവാർത്തകളിൽ ഒക്കെ പലതും കാണുമ്പോൾ എങ്ങനെ പറഞ്ഞുകൊടുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു പെൺകുഞ്ഞിന് പ്രായപൂർത്തിയാകുമ്പോൾ അവളുടെ അമ്മ അടുത്തുണ്ടാവണം. അച്ഛനൊരിക്കലും അമ്മയാവാൻ പറ്റില്ല. നീ പ്രസവിച്ചു കയ്യിലേറ്റു വാങ്ങിയ അന്നുമുതൽ ഓരോന്നും എന്റെ മനസിലുണ്ട്. അവൾ ആദ്യമായി കമിഴ്ന്ന് കിടന്നതും മുട്ടിൽ നീന്തിയെന്റടുത്തേക്ക് വന്നതും അവൾക്കാദ്യം പല്ലുമുളച്ചതുമെല്ലാമെല്ലാം. കവലയിൽ ആളുകൾ എന്നെനോക്കി പുച്ഛിച്ചു മാറിപോകുമ്പോൾ എനിക്ക് അറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്ന്.
ഇന്നലെ പൊലീസുകാർ സ്റ്റേഷനിലേക്ക് വരണമെന്ന് വിളിച്ചുപറഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. അച്ഛനെയും അമ്മയെയും വിളിച്ചു ഞാൻ എന്റെ നിരപരാധിത്വം പറഞ്ഞു.. ഇനി ഒരിക്കലും ഞാൻ തെറ്റ് ചെയ്യില്ല ഒരു നവീകരണ ധ്യാനമൊക്കെ കൂടാം ഈ തവണ എന്നോട് ക്ഷമിക്കൂ എന്ന്.. അവർ കേട്ട ഭാവം നടിച്ചില്ല.. അവർ ഒരു നല്ല വാക്ക് എന്നോട് സ്നേഹത്തോടെ പറഞ്ഞിരുന്നെങ്കിൽ... ഇല്ല അത് ഉണ്ടായില്ല. ജോഷി ചേട്ടനെയും ഒരു നാലഞ്ച് തവണ വിളിച്ചു.. ചേട്ടൻ ഫോൺ എടുത്തില്ല. എന്നാലും എനിക്ക് ചേട്ടനോട് പിണക്കമില്ല. പണ്ട് ഞാൻ ആക്‌സിഡന്റ് പറ്റി ബാംഗ്ലൂരിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ ഒരു മാസത്തോളം അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ കിടന്നപ്പോൾ ഉറക്കമൊഴിച്ചു കൂട്ടുകാരെയും കൂട്ടി സമ്പാദിച്ചതിന്റെ മുഴുവൻ ചിലവാക്കി എന്നെ ജീവിതത്തിലേക്കു കൊണ്ടു വന്ന ആളാണ്. അത് ഒരിക്കലും മറക്കില്ല.. എന്നിട്ടും ഞാൻ നന്നായില്ല.. ജീവന്റെ വില മനസിലാക്കിയില്ല.. സാരമില്ല ഞാൻ ഇല്ലേലും നമ്മുടെ മക്കളെ പൊന്നുപോലെ ജോഷി ചേട്ടൻ നോക്കിക്കോളും.. അത് എനിക്ക് ഉറപ്പാണ്.. നീയും എന്നെ മനസിലാക്കിയില്ല.. ഞാൻ ഇല്ലാതായാൽ നിനക്കും നല്ലൊരു ജീവിതം കിട്ടും, ആർക്കും എന്നെ മനസിലാകില്ല.. ഇനി ആരുടെയും മുഖത്ത് നോക്കാൻ എനിക്ക് ആവില്ല... ഇനി ഈ ഭൂമിയിൽ ആർക്കും എന്നെ കൊണ്ട് ഉപയോഗമില്ല.. ഞാൻ പോകുവാണ്... എന്നെന്നേക്കുമായി...
കണ്ണീർതുള്ളികൾ വീണുമാഞ്ഞ ബാക്കി വായിക്കാനാവാതെ ശാലിനി എഴുന്നേറ്റു തന്റെ ബാഗിൽ ഇരുന്ന വിസ വലിച്ചുകീറി. ഇനി തന്റെ മക്കൾക്ക് താൻ ഉണ്ടാവണം... അച്ഛനായും അമ്മയായും.