ADVERTISEMENT

മരണത്താൽ കനംവച്ച അന്തരീക്ഷം. വരുന്നവർക്ക് ഒറ്റ നോട്ടത്തിൽ തന്നെ കാണാവുന്ന രീതിയിൽ ഗേറ്റിനു പുറത്ത് "കണ്ണീരോടെ വിട" എന്ന് മുകളിലും മരണപ്പെട്ടയാളുടെ ചിത്രത്തിനു താഴെ "ഞങ്ങളുടെ പ്രിയപ്പെട്ട ദാസേട്ടൻ വയസ്സ് അൻപത്തിനാല്, ആദരാഞ്ജലി" എന്നും എഴുതിയിട്ടുള്ള ഫ്ലെക്സ് വച്ചിരിക്കുന്നു. മുറ്റത്ത് തണലുതീർക്കുവാൻ താൽക്കാലികമായി വലിച്ചുകെട്ടിയ ടാർപായയുടെ വശത്തിരിക്കാൻ ശ്രമിച്ച് ബദ്ധപ്പെട്ട് കരയുന്നുണ്ട് ഒന്നുരണ്ടു കാക്കകൾ. ഭക്ഷണം തേടിയെത്തിയ ആ കറുത്തപക്ഷികൾക്കറിയില്ലല്ലോ ഇതൊരു മരണവീടാണെന്ന്! നിരതെറ്റിയിട്ട കസേരകളിലിരുന്നും അങ്ങിങ്ങ് ചെറിയ സംഘങ്ങളായി നിന്നും മൊബൈൽ ഫോണിലൂടെയും ആളുകൾ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നു. ഇടവിട്ട് വാഹനങ്ങൾ വരുകയും അതിൽ നിന്നിറങ്ങി ആളുകൾ മൃതദേഹം കണ്ട് തിരിച്ചുപോവുകയും ചെയ്യുന്നുണ്ട്. കണ്ണുകൾ തുടച്ച് ഇറങ്ങി പോവുന്ന അവരുടെയൊക്കെ മനസ്സുകളിൽ പരേതന്റെ ചലനമില്ലാത്ത ശരീരം മറ്റൊന്നിനാലും  സാധിക്കാത്ത മരണത്തിന്റെ കടലിരമ്പം നിറച്ചുകൊണ്ടിരിക്കുന്നു. സന്ദർശകരുടെ സാമീപ്യത്തിനനുസരിച്ച് മൃതദേഹത്തിന്റെ ചുറ്റുമിരിക്കുന്ന ബന്ധുക്കളുടെ വിലാപത്തിന്റെ ഏറ്റകുറച്ചിലുകൾ മരണത്തിന്റെ അറിയിപ്പായി കേൾവിക്കാരിൽ ഭീതിയുണർത്തുന്നു.

ഹാളിൽ കത്തിച്ചുവച്ചിരിക്കുന്ന ചന്ദനത്തിരിഗന്ധം മരണഗന്ധമായി അവിടെയുള്ള ആളുകളുടെ ശ്വാസകോശത്തിൽ അൽപനേരം തങ്ങിനിന്ന് അതിനെക്കാൾ വെപ്രാളത്തോടെ പുറത്തേക്ക് പ്രവഹിക്കുന്നുണ്ട്. സമയം ഏതാണ്ട് ഉച്ചയോടടുത്തിരിക്കുന്നു. സന്ദർശകർ മിക്കവരും വന്നുകഴിഞ്ഞു. ഇനി ശവസംസ്ക്കാരത്തിനുള്ള കാത്തിരിപ്പാണ്. ഇന്നലെ രാത്രി ഉറങ്ങുന്നതുവരെ ദാസേട്ടനെന്ന ആ മനുഷ്യൻ ഇവിടം നിറഞ്ഞുനിന്നിരുന്നു. ഇനി ഈ വീട്ടിൽ നിന്നും ഏതാനും സമയത്തിനകം മരണം എന്നന്നേക്കുമായി അയാളെ ഇറക്കിവിടും. സിറ്റൗട്ടുവരെ എത്തിനോക്കി വിടർന്നപൂക്കളുമായി നിൽക്കുന്ന അയാളുടെ പൂന്തോട്ടം കുറച്ചേറെ അയാളുടെ മരണാനന്തര കർമ്മങ്ങൾക്ക് സ്ഥലമൊരുക്കുവാനായി വെട്ടിമാറ്റിയിരിക്കുന്നു. അവയുടെ ഒരു ചില്ലപോലും വെട്ടിമാറ്റുവാൻ അയാളറിഞ്ഞുവെങ്കിൽ സമ്മതിക്കില്ലായിരുന്നു. തൂക്കിയിട്ടിരിക്കുന്ന പൂച്ചട്ടികൾ കൂടിനിന്നവരുടെ തലയിൽ തടയുന്നതു കണ്ടപ്പോൾ പൂച്ചട്ടികൾ ആരോ കൂട്ടത്തോടെ എടുത്തുമാറ്റി.

ഇപ്പോൾ മൃതശരീരം വച്ചിരിക്കുന്ന ഹാളിനുള്ളിലെ കരച്ചിൽ ശബ്ദം ഏതാണ്ട് കെട്ടടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് എണ്ണയുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ തലഭാഗത്ത് കത്തികൊണ്ടിരിക്കുന്ന വിളക്കിലേക്ക് പ്രായമുള്ള ഒരു വൃദ്ധ വീണ്ടും എണ്ണപകർന്ന് തിരി നീട്ടിവച്ചു. അയാളുടെ ഭാര്യ പകുതിയോളം പ്രാണൻ നഷ്ടമായി ജഡത്തിനരുകിൽ തളർന്നു കമിഴ്ന്നുകിടപ്പുണ്ട്. ഇടയ്ക്കിടെ ജീവനടർന്നുപോകുന്നതു പോലെയുള്ള അവരുടെ തേങ്ങികരച്ചിൽ അവർ മരിച്ചിട്ടില്ലെന്ന് മറ്റുള്ളവരെ ആശ്വസത്തോടെ ഓർമ്മപ്പെടുത്തി. അയാളുടെ മകളാവട്ടെ ഇടതടവില്ലാതെ "അച്ഛാ.. അച്ഛാ.." എന്ന് അയാളെ വിളിച്ച് കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ നിർത്താതെ കരഞ്ഞാൽ ആ കുട്ടിക്ക് വല്ലതും സംഭവിച്ചാലോ എന്നു ഭയന്ന് ബന്ധുക്കൾ കരച്ചിൽ നിർത്താനാവശ്യപ്പെടുന്നുണ്ട്.. പക്ഷേ ആ കുഞ്ഞിനെകൊണ്ട് കരച്ചിലടക്കുവാൻ സാധിക്കുമോ? അവളുടെ ജീവനെക്കാൾ വിലപ്പെട്ട മനുഷ്യനാണല്ലോ ഈ മരിച്ചുകിടക്കുന്നത്.

വളർന്നിട്ടും വളർച്ചയറിയാത്ത അയാളുടെ മകൻ മാത്രം അയാളുടെ മരണം അറിഞ്ഞിട്ടില്ലെന്ന് ഹാളിലെ ഒരു മൂലയിൽ അവന്റെ ഒരുവശം ചരിഞ്ഞ ഇരിപ്പുകണ്ടാലറിയാം. ഇരുപത്തിനാലുവർഷം വളർച്ചയുള്ള ഭീമാകാരമായ ഒരു മാംസപിണ്ഡം! അതാണവൻ! വളഞ്ഞുതിരിഞ്ഞ കൈപ്പടങ്ങൾ തമ്മിലടിച്ച് ഒച്ചയുണ്ടാക്കികൊണ്ട് അവന്റെ വികൃതമായ നിലവിളി ഹാളിലിരിക്കുന്നവരുടെ ചെവിയിൽ തീവണ്ടിയുടെചൂളം വിളിയായി തുളച്ചുകയറിക്കൊണ്ടിരിക്കുന്നു.. നൊമ്പരത്തിനിടയിലും ആളുകൾക്ക് അവന്റെ നിലവിളി ഭയപ്പാടു സൃഷ്ടിച്ചു. സദാസമയത്തും കടവായിലൂടൊഴുകുന്ന ഉമിനീര് അവന്റെ മാറും വയറും നനച്ച് നിലത്തേക്കും വീണുകൊണ്ടിരിക്കുന്നു. അവന്റെ വികലമായ ദൃഷ്ടികളും തുറന്നുപിടിച്ച വായും നിരതെറ്റിയ പല്ലുകളും പുറത്തേക്ക് തള്ളി നിൽക്കുന്ന നാവും  ആളുകളിൽ അസ്വസ്ഥത നിറച്ചു. എത്രയും പെട്ടെന്ന് മൃതദേഹം നീക്കിയിരുന്നെങ്കിൽ ഈ അന്തരീഷത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നെന്ന് അവരോരോരുത്തരും ചിന്തിച്ചു.

എത്ര അസ്വസ്ഥതയുണ്ടെങ്കിലും പ്രധാന ബന്ധുക്കളൊഴികെ അവിടം വിട്ടു പോവാൻ വിഷമമുള്ള മറ്റൊരാൾ കൂടി അവിടെയുണ്ടായിരുന്നു. അത് മരണപ്പെട്ടയാളുടെ 'കാമുകി'യാണ്. അവൾക്കാണേൽ അയാളുടെ നെഞ്ചിൽ തലതല്ലി കരയണമെന്നുണ്ട്. പക്ഷേ എങ്ങനെ അതിനു സാധിക്കും? ഇത്രയും കാലം കൊണ്ടുനടന്ന മാന്യതയുടെ മറ ഈ നിമിഷത്തിൽ അനാവരണം ചെയ്യപ്പെട്ടാൽ സമൂഹത്തിൽ മരണപ്പെട്ട അദ്ദേഹത്തിന്റെ വില, തന്റെ ജീവിതം എല്ലാം അതോടെ തകരും. താനായി അതു നശിപ്പിക്കാൻ പാടില്ല. അവൾ സങ്കടം കടിച്ചമർത്തികൊണ്ട് ചുമരിൽ ചാരിയിരുന്ന് ഒന്നു കൂടി മുഖമമർത്തി. ഒഴുകിപടർന്ന കണ്ണുനീർ ആരാലും ശ്രദ്ധിക്കപ്പെടാതെ അവൾ തുടച്ചുകളഞ്ഞു. അന്നേരം സാമാന്യം വലിയൊരു ഈച്ച ഹാളിലേക്ക് മുരൾച്ചയോടെ പാറിയെത്തി. ഹാളിലാകെ ഒന്നു ചുറ്റിയടിച്ച് അത് മൃതശരീരഭാഗങ്ങളിൽ മാറിമാറിയിരുന്നു. അതുകണ്ട അവൾക്ക് ആ ഈച്ചയായെങ്കിലും ഞാൻ ഈ നിമിഷം മാറിയെങ്കിൽ എന്നാഗ്രഹമുണ്ടായി. അങ്ങനെയെങ്കിലും അദ്ദേഹത്തെ അവസാനമായി ഒന്നു സ്പർശിക്കാമായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകളിൽ, നെറ്റിയിൽ, അന്ത്യചുംബനമെങ്കിലും അർപ്പിക്കാമായിരുന്നു! 

ദൈവമെ ! ഓ ദൈവമെ ! ജീവിതത്തിൽ ഒത്തിരി ഇഷ്ടപ്പെട്ട, ഏറെ സ്നേഹിച്ച തന്നെ ജീവിതത്തിൽ രക്ഷപ്പെടുത്തിയ ഈ മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ ഒന്നു സ്പർശിക്കാൻ പോലും എനിക്ക് അനുമതിയില്ലല്ലോ? സമൂഹത്തിന്റെ വേലികെട്ടുകളുടെ വലിപ്പം അവളെയതിൽ നിന്ന് വിലക്കി. "നോക്കൂ ഒരീച്ച.. അതിനെ ആട്ടിയകറ്റൂ" മരണവീടാണെന്ന ചിന്തയില്ലാതെ ആരോ ഒരാൾ ഉയർന്ന ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. അതോടെ മൃതദേഹത്തിൽ പാറിപ്പറന്നുള്ള ഈച്ചയുടെ ഇരിപ്പും മൂളലും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. ആരൊക്കെയോ ഈച്ചയെ ആട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും അവർക്കതിനു സാധിച്ചില്ല. ''കീ.... യോ.... കീ.... ഊ" വലിയൊരു അപസ്വരത്തോടെ അയാളുടെ മകൻ എഴുന്നേറ്റ് മൃതദേഹത്തിനരികിലെത്തി. താങ്ങാൻ കഴിയാത്ത ശരീരഭാരത്താൽ അവൻ വീണ്ടും ഒച്ചയാർത്തു. "ഠപ്പേ" അവൻ അച്ഛന്റെ ശരീരത്തോടു ചേർത്ത് ഈച്ചയെ ഒറ്റയടി.. അത് ചതഞ്ഞ് അകലേക്ക് തെറിച്ചുവീണു. അവന്റെ ആ അടിയിൽ അയാളുടെ ദേഹമൊന്നിളകി, തുറന്നുപിടിച്ച അവന്റെ വായിലുള്ള ഉമിനീർ പശപോലെ അയാളുടെ ചലനമില്ലാത്ത ചുണ്ടുകളിലേക്ക് ഇറ്റുവീണു. വേച്ചുവീഴാൻ പോയ അവനെ ആരൊക്കേയോ ചേർന്ന് പഴയ സ്ഥാനത്ത് പിടിച്ചിരുത്തി. 

"കീ... യോ... കീ... ഊ" വീണ്ടുമവന്റെ കൂവിവിളി ഹാളിൽ നിറഞ്ഞു. അത് കരച്ചിലാണോ? ചിരിയാണോ? അതോ അവൻ എന്തെങ്കിലും പറയുകയാണോ എന്ന് അവന്റെ അമ്മയൊഴികെ ആർക്കും തിരിച്ചറിയില്ലല്ലോ? വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ദൃഷ്ടി പതിപ്പിച്ച് അവൻ കൈകൾ ആവർത്തിച്ച് കൂട്ടിയടിച്ചു.. പിന്നെ വലിയ ശബ്ദത്തിൽ നിലത്തേക്ക് മറിഞ്ഞുവീണ് ചുരുണ്ടുകിടപ്പായി! അപ്പോഴും ജീവൻപോവാതെ പിടഞ്ഞുകൊണ്ടിരിക്കുന്ന ഈച്ചയിലേക്ക് കാമുകി വല്ലാത്ത വിഷമത്തോടെ നോക്കി.. അവളറിയാതെ അവൾ ഈച്ചയിലേക്ക് പരകായപ്രവേശം ചെയ്തുപിടഞ്ഞു. പുറത്ത് പൗരപ്രമുഖർ മൃതദേഹം മുറ്റത്തുവച്ചു ചെയ്യേണ്ട ക്രിയകൾക്കായുള്ള ഒരുക്കം തുടങ്ങി. "ബോഡി എടുക്കാറായി" ആരോ ഹാളിൽ വന്ന് അറിയിച്ചു. അതോടെ കുറച്ചൊതുങ്ങിനിന്നിരുന്ന സ്ത്രീകളുടെ കരച്ചിലിന്റെ ശബ്ദം ഉയർന്നുതുടങ്ങി. അയാളുടെ മകനാണ് മുഖ്യകർമ്മം ചെയ്യേണ്ടതെങ്കിലും ആരും അവനെ അതിനൊരുമ്പെടുത്തിയില്ല. യുവാവായിട്ടുണ്ടെങ്കിലും രണ്ടുവയസ്സുകാരന്റെ ബുദ്ധിപോലുമില്ലാത്ത അവനെങ്ങിനെ ആ ക്രിയകൾ ചെയ്യും?

കുളിച്ചെത്തിയ ബന്ധുക്കളായ യുവാക്കൾ ഹാളിൽ വന്ന് മൃതശരീരം എടുക്കാനാരംഭിച്ചു. ഹാളിൽ കൂട്ടനിലവിളി ശക്തമായി. അതുവരെ തളർന്നുകിടന്ന അയാളുടെ ഭാര്യ തലയുയർത്തി മാറത്തടിച്ചുവിലപിച്ചു. കൂടെ മകളും. കാമുകിയും മറ്റൊരു ബന്ധുവായ സ്ത്രീയും ചേർന്ന് ഇരുവരെയും താങ്ങിപ്പിടിച്ചു. അതുവരെ കരച്ചിലടക്കിയിരുന്നുവെങ്കിലും കാമുകിയും ഉച്ചത്തിൽ കരഞ്ഞുതുടങ്ങി. മൃതദേഹം മുറ്റത്ത് തെക്കുവടക്ക് വാഴയിലയിൽ കിടത്തി മരണാനന്തരക്രിയകൾ ആരംഭിച്ചു. ചടങ്ങുകൾക്കുശേഷം സ്ത്രീകളെ അന്ത്യദർശനത്തിനായി വിളിക്കപ്പെട്ടു. സ്ത്രീകൾ മൃതശരീരത്തിനു ചുറ്റും വലംവെച്ച് പരേതന്റെ പാദങ്ങളിൽ തൊട്ടുവണങ്ങി പിന്മാറി തുടങ്ങി. അയാളുടെ ഭാര്യയെ താങ്ങിപ്പിടിച്ച് കാമുകിയും മൃതശരീരത്തിനും ചുറ്റും വലംവച്ചു. ഭാര്യ അയാളുടെ പാദങ്ങളിൽ വീണ് പൊട്ടിക്കരഞ്ഞു. മറ്റാർക്കും സംശയത്തിനിടനൽകാതെ കാമുകിക്കും അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടുവണങ്ങാൻ സാധിച്ചു. ഭാര്യയുടെ താലി അഴിച്ചുമാറ്റപ്പെട്ടു അത് പരേതന്റെ മൃതശരീരത്തോടൊപ്പം അടക്കം ചെയ്യാനുള്ളതാണ്. ആ മാത്രയിൽ അവർ ബോധരഹിതയായി കുഴഞ്ഞുവീണു.

അൽപനേരത്തിനുള്ളിൽ മൃതദേഹത്തെ വഹിച്ച് വാഹനം ശ്മശാനത്തിലേക്ക് പുറപ്പെട്ടു. തീർത്തും അവശയായ അയാളുടെ ഭാര്യയേയും മകളെയും ബന്ധുക്കൾ ചേർന്ന് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. ആളുകൾ പിരിഞ്ഞുതുടങ്ങി. "ഇനിയെന്തിനിവിടെ നിൽക്കുന്നു വാ നമുക്കു പോവാം." ആസ്ത്മരോഗിയായ കാമുകിയുടെ ഭർത്താവ് ശ്വാസം ഏന്തിവലിച്ചുകൊണ്ട് അവളോടാവശ്യപ്പെട്ടു. "നിൽക്കു ഞാൻ മുഖം കഴുകിവരാം." അങ്ങനെപറഞ്ഞ് അവൾ ഹാളിലേക്കു കയറി. മുഖം കഴുകുന്നതിനിടയിൽ പരേതനായ കാമുകൻ അവസാനമായി തനിക്കു സമ്മാനിച്ച മോതിരം നഷ്ടപ്പെട്ടതായി അവൾ ഞെട്ടലോടെ അറിഞ്ഞു. അവൾ താൻ ഇരുന്ന സ്ഥലത്തൊക്കെ മോതിരം തിരഞ്ഞു. അയാളുടെ ശരീരം കിടത്തിയിരുന്ന സ്ഥലത്തിലേക്ക് അവളൊന്നു വിഷാദത്തോടെ നോക്കി. അന്നേരം ഈച്ചയുടെ മൃതശരീരത്തെ ഉറുമ്പുകൾ ചേർന്ന് വലിച്ചുകൊണ്ടു പോവുന്നതവൾ കണ്ടു. ഏതാനും സമയം അവളുടെ നോട്ടം ആ കാഴ്ചയിൽ തങ്ങിനിന്നു. അവിടെയെങ്ങും മോതിരം കാണാത്തത് അവളിൽ വല്ലാത്ത സങ്കടമുളവാക്കി. 

മരത്തടികണക്കെ മലർന്നു കിടക്കുന്ന അദ്ദേഹത്തിന്റെ മകനിലേക്ക് അവളുടെ നോട്ടം ചെന്നെത്തി. അവന്റെ കൂർക്കംവലിയുടെ മുരൾച്ചയും ഉയർന്നുതാഴുന്ന വലിയ വയറും തുറന്നുകിടക്കുന്ന വായും അവളിൽ ഭയം ഉണർത്തി. തെല്ലുയർത്തി മടക്കി വിടർത്തിവച്ച അവന്റെ കാലുകൾ. അവൾ കുനിഞ്ഞിരുന്ന് പണിപ്പെട്ട് അവന്റെ കാലുകൾ നിവർത്തി ഒതുക്കിവച്ചു. വസ്ത്രം ശരിയാക്കിയിട്ട് അവനെ ഒന്നുകൂടിനോക്കി. "അദ്ദേഹത്തിന്റെ മകൻ!! ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഒത്തൊരു യുവാവ്." പാവം... പാവം! അവൾക്കു വേദനിച്ചു.. നഷ്ടപ്പെട്ട മോതിരത്തെ അന്നേരമവൾ മറന്നിരുന്നു! "എന്താണിവിടെ നീ ചെയ്യുന്നത്" പണിപ്പെട്ട് ശ്വാസം വലിച്ചുകൊണ്ട് അവളുടെ ഭർത്താവ് മുറ്റത്തു നിന്നും ഉറക്കെ വിളിച്ചുചോദിച്ചു. അവൾ പുറത്തോട്ടിറങ്ങി. അദ്ദേഹത്തിന്റെ ശരീരത്തെ കുളിപ്പിച്ച മഞ്ഞൾവെള്ളം മുറ്റത്ത് തളം കെട്ടികിടക്കുന്നു. 'അതാ തന്റെ മോതിരം ആ വെള്ളത്തിൽ! അവളത് കുനിഞ്ഞെടുത്ത് ഉള്ളം കൈയ്യിൽ ഭദ്രമായി അമർത്തിപ്പിടിച്ചു. ഭർത്താവിനോടൊപ്പം ബൈക്കിൽ കയറുമ്പോൾ അവൾക്ക് തന്റെ ശരീരഭാരം കൂടുന്നതായി അനുഭവപ്പെട്ടു. കണ്ണുകളിൽ ഇരുൾ നിറഞ്ഞു. അവൾക്ക് തല ചുറ്റുന്നതായി തോന്നി. അവൾ പ്രയാസപ്പെട്ട് ആ വീട്ടിലേക്ക് ഒന്നുകൂടി നോക്കി. "ഓ ദൈവമേ എനിക്ക് ഇനിയൊരിക്കലും ഈ വീട്ടിലേക്ക് വരാൻ കഴിയില്ലല്ലോ?" ആ ചിന്ത അവളുടെ ഹൃദയരക്തക്കുഴലുകളിലേക്ക് വേദനയുടെ വിസ്ഫോടനം ഇരമ്പികയറി. കൈയ്യിലടക്കിപ്പിടിച്ചിരിക്കുന്ന മോതിരം ഊർന്ന് നിലത്തേക്കു വീണു. ദുർബലമായ തന്റെ ഭർത്താവിന്റെ മുതുകിലേക്ക് അവൾ ഒരു മൃതദേഹമായി പതിയെ ചാഞ്ഞു!!

* കഥ വായിച്ച എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. പ്രധാന കഥാപാത്രമായ കാമുകി മരിക്കേണ്ടായിരുന്നു. അതിന് മരിച്ചതായി എഴുതിയിട്ടില്ലല്ലോ എന്ന് ഞാൻ മറുപടി പറഞ്ഞെങ്കിലും അദ്ദേഹം പറഞ്ഞു വായനക്കാരന് ആ കാമുകി മരിച്ചതായാണ് മനസ്സിലാവുക.. അതു വേണ്ടായിരുന്നു. കാരണം: ഇത്തരം കാമുകിമാർക്കൊന്നും ആത്മാർഥ സ്നേഹം ഉണ്ടാവില്ല എന്നതുതന്നെ..! അതുകേട്ട ഞാൻ മനസ്സിൽ ചിന്തിച്ചു: അങ്ങനെയായിരിക്കുമോ ഇത്തരക്കാർ? അതോ??

English Summary:

Malayalam Short Story ' Moonnu Mrithadehangal ' Written by Divakaran P. C.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com