ADVERTISEMENT

ഇരുട്ട് നിറഞ്ഞ ഗുഹാന്തർ ഭാഗത്തിലൂടെ ഞാൻ അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു. ഏതോ ഒരു കാന്ത ശക്തിയിലേക്ക് ഞാൻ അതിവേഗം വലിച്ചെടുപ്പിക്കപെടുകയാണ്.. പതുക്കെ പതുക്കെ ആ ഗന്ധം ഞാൻ തിരിച്ചറിയുന്നുണ്ട്. ഒരിക്കൽ ഗുരുവായൂരിൽ നിർമ്മാല്യം തൊഴാൻപോയപ്പോൾ തെക്കേനടയിൽ കൂവളത്തെക്കടന്നു മുന്നോട്ട് നീങ്ങുമ്പോൾ ആണ് ഈ ഗന്ധം ഞാൻ ആദ്യം അറിയുന്നത്.. കിഴക്കേ ഗോപുരം കടന്നു അകത്തേക്ക് പ്രവേശിച്ചു, ആറേഴുവർഷം മുന്നെ കൈവിട്ട മഹാസൗഭാഗ്യം... ഒരവസരം കൂടി തരണമെന്ന് പ്രാർഥിച്ചു മുന്നിലേക്ക്‌ നടന്നു. വർഷങ്ങൾക്കു മുന്നേ ഇതേ ഗോപുരവാതിൽ കടന്നു പോകുമ്പോൾ ഗുരുവായൂർ ആണെന്നറിയില്ലായിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം ഗുരുവായൂരെത്തുമ്പോൾ ആണ് എല്ലാം നേരിട്ട് ബോധ്യം ആയത്. സ്വപ്നത്തിലെ കിഴക്കേ ഗോപുരവാതിലിന് കുറച്ചുകൂടി വിശാലത ഉണ്ടായിരുന്നു. 

ചുറ്റിലെയും കാഴ്ചകൾ കണ്ടു നിൽക്കുമ്പോൾ വെളുത്ത മുണ്ടുടുത്ത ഒരു യുവാവ് അതിവേഗം അകത്തേക്ക് ഓടിവന്നു. ഞാൻ വഴി മാറി നിന്നു. എന്നേക്കാൾ രണ്ടുമൂന്നു വയസു കൂടുതൽ കാണും. എന്റെ അരികിൽ എത്തിയപ്പോൾ നിന്നു, അർദ്ധ നഗ്നനാണ്. തേജസുള്ള മുഖത്തുനിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല. രാത്രിയുടെ നിശബ്ദതയിൽ എന്തൊക്കെയോ നേർത്ത ശബ്ദങ്ങൾ... അവനോടൊപ്പം പുറത്തുനിന്നുവന്ന ഇളം കാറ്റിൽ പേരറിയാത്ത സമ്മിശ്ര ഗന്ധങ്ങൾ എന്നെ പൊതിഞ്ഞു. വലതുകരം നീട്ടി അവനെന്നെ ചുറ്റി അരികിലേക്ക് ചേർത്തു. പെട്ടെന്നുള്ള പരിഭ്രമത്തിൽ കൈമുട്ടു കൊണ്ട് തട്ടി ഞാൻ അകന്നു മാറി. അത്ഭുതം ആണോ സഹതാപം ആണോന്നറിയില്ല കുറച്ചു നേരം എന്നെ നോക്കി. "കുളിക്കാൻ നേരമായി ഞാൻ പോകുന്നു" എന്നിട്ട് പുറത്തേക്കു കൈചൂണ്ടി, അവിടെ നീണ്ട നിര നിർമ്മാല്യം തൊഴാൻ.. എന്താണ് നടക്കുന്നതെന്ന് മനസിലാക്കി തുടങ്ങുമ്പോഴേക്കും അവൻ അകത്തേക്കു അതെ വേഗത്തിൽ ഓടി. കൃശഗാത്രനായ യുവാവിന് ചന്ദന നിറമായിരുന്നു. ഓടിമറഞ്ഞ സ്ഥലത്തേക്ക് നോക്കുമ്പോൾ ഒരു തിരശീലക്കു പിന്നിൽ മറഞ്ഞിരുന്നു കാൽപാദം കാണാം... അകന്നു മാറിയ ആ നിമിഷം മുതൽ ഇന്നോളം ഞാൻ അത് ഓർത്തു വേദനിക്കുന്നു.

വീണ്ടും അതെ പ്രതീക്ഷയിൽ അകത്തുകടന്നു. പക്ഷെ നല്ല തിരക്കുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ആ നോട്ടം ഞാൻ തിരിച്ചറിഞ്ഞു. ഇത്രയും പ്രണയം നിറഞ്ഞ ഭാവത്തിൽ എന്നെ ഇന്നോളം ആരും നോക്കിയിട്ടില്ല. ഈ കണ്ണുകളെ നേരിടാൻ ഞാൻ അശക്തയാണ്. ലജ്ജയാൽ ആകെ വിവശയായി.. ഈ സ്വപ്നം മായാതിരുന്നെങ്കിൽ.. പെട്ടെന്ന് കലി ബാധിത ആയ ബോധ മനസു പറഞ്ഞു എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല. സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ വളരെ ഏറെ സ്വാർഥയാണ്. കുട്ടിക്കാലം മുതൽ അറിഞ്ഞ കഥയിൽ നിന്നോളം കാമുകിമാരുള്ള ഒരു പുരുഷന്നുമില്ല... എന്റെ പ്രണയത്തെ നിന്റെ ഗോപികമാർക്ക് പങ്കിട്ടു കൊടുക്കാൻ ഞാൻ ഒരിക്കലും തയാറല്ല, അതുകൊണ്ട് ഇടയ്ക്കൊക്കെ ഇങ്ങനെ കണ്ടു മടങ്ങിക്കൊള്ളാം.. കൃഷ്ണനെ ഉപേക്ഷിച്ച സ്ത്രീ... അശാന്തമായ പകലുകളും സ്വപ്‌നവിഹീനമായ രാത്രികളുമായി സ്വയം നഷ്ടപ്പെട്ടു ജീവിക്കുന്നു.. ചിലപ്പോഴൊക്കെ തോന്നാറുണ്ട് കുരുവംശത്തിന്റെ കുലവധു ഗാന്ധാരി, തപോബലവും സ്വഭാവ ഗുണം കൊണ്ടു പ്രശസ്തി നേടി, അതെ ഗുണങ്ങൾ ശാപം ആയപോലെ എന്റെ ജീവിതവും... പ്രകാശത്തെ സ്നേഹിച്ച ഗാന്ധാരിക്ക് അവളുടെ അതെ ഗുണങ്ങൾ ജീവിതത്തിലെ വെളിച്ചത്തെ ഊതി കെടുത്തിയപോലെ.. വൈവാഹിക ജീവിതം കുരുക്ഷേത്ര യുദ്ധം പോലെയായ് തീർന്നിരിക്കുന്നു. മാസങ്ങൾ തികഞ്ഞിട്ടും പ്രസവിക്കാത്ത ഗാന്ധാരി, പുത്രപ്രാപ്തിക്കായ് സ്വന്തം തോഴിയെ തന്നെ ഭർത്താവ് തിരഞ്ഞെടുത്തത് അറിഞ്ഞു നിറവയറിൽ വേദനയോടെ ആഞ്ഞടിച്ചു.

മയക്കം വിട്ടുണരുമ്പോൾ സിസേറിയൻ കഴിഞ്ഞു റിക്കവറി റൂമിൽ ഒബ്സെർവേഷനിൽ, അരണ്ടവെളിച്ചത്തിൽ മെഡിക്കൽ ഡെവൈസുകളിൽ നിന്നുള്ള നേർത്ത ശബ്ദം. ബോധമനസും ഉപബോധ മനസും തമ്മിൽ ഇപ്പോഴും ഇടഞ്ഞു നിൽക്കുന്നു... കുട്ടി പെണ്ണാണെന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു. പേരും ഞാൻ കണ്ടുവെച്ചിരുന്നു. "കൃഷ്ണ" അധികാരത്തിന്റെ അഹങ്കാരം പേറി നിലനിൽക്കുന്ന കുരുവംശം മൊത്തത്തിൽ തകർത്തെറിയാൻ കഴിവുള്ളവൾ..

English Summary:

Malayalam Short Story ' Krishnapakshathile Penkutty ' Written by Athira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com