എൺപതാം വയസ്സിൽ പഴയ കാമുകിയെ കാണാൻ അയാൾ വന്നു', കാത്തിരിക്കുമെന്ന ഉറപ്പ് പാലിച്ചവൾ
Mail This Article
ഒറ്റയ്ക്ക് നിൽക്കുന്ന ആൽമരത്തെ നോക്കി അയാൾ നിന്നു. ഇനി ഇവിടേക്കു ആരും വരാനില്ലെന്ന ബോധ്യം അയാൾക്കുണ്ട്. കിഴക്ക് ദിക്ക് നോക്കി കാറ്റ്, പടിഞ്ഞാറു നിന്നു വീശി, മണൽ തരികൾ കണ്ണിൽ വീഴാതിരിക്കാൻ അയാൾ കണ്ണുകൾ അടച്ചു. പതിവിന് വിപരീതമായി അയാളുടെ കണ്ണുകൾ ആരെയോ തേടി.. "ഇന്നെങ്കിലും വരും." "എന്താണ്, മാഷേ" ശങ്കർ കണ്ണ് തുടച്ചു. എത്ര എത്ര രാത്രികൾ മയക്കം വരാതെ. തിരിച്ചു കിട്ടാത്ത നിമിഷങ്ങൾ. അവൾ വരില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അയാൾ വിശ്വസിച്ചില്ല. എന്നോ ഇറങ്ങിപോയ വസന്തമായിരുന്നില്ലേ അവൾ. "ശങ്കരേട്ടാ, നമുക്ക് വിവാഹം കഴിക്കാം" "നീ, ഇത് എത്ര പ്രാവശ്യം പറഞ്ഞു ഇല്ല... എനിക്ക് ഇപ്പോൾ കുറച്ചു കൂടി കാര്യങ്ങൾ ചെയ്തു തീർക്കണം." "ഇനിയും എത്ര നാൾ...?" "കരഞ്ഞു കരഞ്ഞു കാലം കഴിക്കാൻ ഞാനില്ല.."
ഒരു മഴക്കാലം അതെ.. പെയ്തു തോരാത്ത മഴയായിരുന്നു അവൾ... വീട്, വീട്ടുകാർ അവർ മാത്രമെ അന്ന് മനസ്സിൽ ഉണ്ടായിരുന്നുള്ളു. കടങ്ങൾ.. തലമുറയായി കൈമാറി വന്നത്.. എല്ലാം തീർത്തു വന്നപ്പോൾ തനിക്കു ഒരു ജീവിതം ഇല്ലാതെ ആയി. പകൽപോയതും, രാവ് വന്നതും പലപ്പോഴും അറിഞ്ഞില്ല. തന്നെ ചാരി നിന്നവർ എല്ലാം വളർന്നു പുതു മേച്ചിൽ പുറങ്ങളിൽ എത്തി... വിരഹം എന്തെന്ന് അറിയാൻ പോലും അയാൾ കാത്തില്ല. കാരണം, അവൾ അയാൾക്ക് വേണ്ടി കാത്തിരിക്കുമെന്നു അയാൾക്ക് ഉറപ്പായിരുന്നു. എന്നാൽ നിനച്ചതും, കൊതിച്ചതും ഒരിക്കലും സ്വന്തമായില്ല, അയാൾക്ക്... "ഞാൻ പോകാണ്, നല്ല ജോലി ശരിയായിട്ടുണ്ട്. നിങ്ങളുടെ തീരുമാനം മാറില്ലലോ അല്ലെ. ഞാൻ വേറെ വിവാഹം കഴിക്കില്ല. നിങ്ങളെ മറക്കുകയും ഇല്ല." അവൾ പോയത് ഒരു മഴ പെയ്ത സന്ധ്യയിലായിരുന്നല്ലോ..
"ആളു, കയറാൻ ഉണ്ടോ" "ആളു, കയറാൻ ഉണ്ടോ" ബസ് കണ്ടക്ടർ വിളിച്ചു... "വിജയപുരം എത്തിയോ, ഞാൻ ഉറങ്ങി പോയി.." "എന്താ.... അമ്മൂമ്മേ... ഇങ്ങനെ ഒരു ഉറക്കം... എത്ര നേരായി ബസ് നിർത്തി ഇട്ടിരിക്കുന്നു.... ഇറങ്ങികോളൂ.. ഇതന്നെ നിങ്ങൾ ചോദിച്ച സ്ഥലം" മഴ നിർത്താതെ പെയ്തു. എങ്കിലും അഞ്ചടി മുന്നിലേക്ക് കാണാം. "ഇയ്യാൾ, ഇതെങ്ങോട്ടാ.. നിൽക്കൂ, ശങ്കരേട്ടാ " മധു, ശങ്കരനെ വിളിച്ചു.. "ഇന്ദിരാ... നീ.." മഴത്തുള്ളികൾ കണ്ണട നനച്ചു. പക്ഷെ അയാൾക്ക് ആളെ മനസ്സിലാക്കാൻ ഒരുപാട് നേരം വേണ്ടി വന്നില്ല. "വയസ്സ്, എൺപതു ആയിന്ന് പറയില്ല ശങ്കരേട്ടാ, നിങ്ങളെ" ഇന്ദിര നരച്ച മുടിയിഴകൾ കൺപീലികളിൽ നിന്നു മാറ്റി..