ADVERTISEMENT

നീയെന്താടാ ആറാം തമ്പുരാനിലെ മോഹൻലാല് കളിക്ക്യാണോ?പണ്ടെങ്ങാണ്ടു അമ്മ പണിക്കു പോയിരുന്നുന്ന് പറയുന്ന പറമ്പ് വാങ്ങാൻ അഡ്വാൻസ് കൊടുക്കുന്നു.. അതിനടുത്തു അഞ്ചു സെന്റും കൂടി വേറെ വാങ്ങുന്നു. രസമതല്ല അതില് ഒരു ചെറ്റക്കുടില് പണിയുന്നു.. ശരിക്കും തനിക്കു വട്ടായോ? ടൗണിലെങ്ങാനും പത്തോ പതിനഞ്ചോ സെന്റ്‌ വാങ്ങി കിടുക്കാച്ചിയൊരു വീട് പണിയാനുള്ളതിനു.. മാത്തുക്കുട്ടിയുടെ പ്രിയപ്പെട്ട സുഹൃത്തും സിവിൽ എഞ്ചിനീയറുമായ ദീപക് എന്ന ദീപുവിന്റെ അഭിപ്രായം ഏകദേശം ഇത് തന്നെ ആയിരിക്കുമെന്ന് മനസിലെ ആഗ്രഹം പങ്കു വച്ചപ്പോൾ തന്നെ മാത്തുക്കുട്ടിക്ക് തോന്നിയിരുന്നു.. അതല്ലെടാ മനസാണ് പ്രധാനം ആഗ്രഹമാണ് ഏറ്റവും വലിയ പ്രേരണ.. ഞാനീ പറഞ്ഞ സ്ഥലം നീയെനിക്കു വാങ്ങിച്ചു തരണം.. അതിനു ചിലവാകുന്ന പണമോ മറ്റു ഭൗതിക സാഹചര്യമോ എനിക്ക് വിഷയമേയല്ല.. എന്റമ്മച്ചിക്കും അതാവും ഇഷ്ടം.. ശരി നിന്റെ ആഗ്രഹമല്ലേ നടക്കട്ടെ.. ഞാനുണ്ടാകും കൂടെ ദീപു അത് പറഞ്ഞപ്പോൾ മാത്തുക്കുട്ടി പുഞ്ചിരിച്ചു.. വർഷങ്ങൾ എത്ര കഴിഞ്ഞു എത്രയെത്ര ഋതുഭേദങ്ങൾ.. ഓർമ്മകൾ മലവെള്ളപ്പാച്ചിൽ പോലെ ആർത്തലച്ചു വരികയാണ്..

അന്ന് നേരം നന്നേ വെളുക്കുന്നതിനു മുൻപേ വീടിന്റെ തെക്കേ മൂലയിലുള്ള പുളിമരച്ചുവട്ടിൽ നിന്നും കീറിപ്പറിഞ്ഞ കൈതോലപായ ചുരുട്ടി മടക്കി എഴുന്നേറ്റു വരുമ്പോൾ കിണറാഴത്തിന്റെ അഗാധതയിൽ തലേന്ന് രാത്രി വലിച്ചെറിയപ്പെട്ട പാത്രങ്ങളുടെയും, കുടുക്കകളുടെയും വസ്സികളുടെയും എണ്ണത്തെക്കുറിച്ചു അവ എണ്ണത്തിൽ വളരെ കുറവായിരുന്നതു കൊണ്ട് മോളിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നാൽ അതിലുമേറെ കൃത്യമായിരുന്നു അവളുടെ മകൻ മാത്തുക്കുട്ടിക്ക് അതേ കിണറിൽ വിശ്രമിക്കുന്ന തന്റെ ബുക്കുകളും പേനയും പെൻസിലും എത്രയെന്നതിന്റെയും കാര്യത്തിൽ. പുളിഞ്ചോട്ടിലുറക്കം അമ്മയ്ക്കും മകനും അത്ര പുത്തരിയൊന്നുമല്ല. തോമാച്ചൻ മിക്കദിവസങ്ങളിലും കുടിച്ചാടിയാടി വീട്ടിലേക്കു കയറി വന്നു മോളിയേയും മകനെയും തെറിപറഞ്ഞു കൊണ്ടാണ് തുടങ്ങുക.. പ്രതികരിച്ചു തുടങ്ങിയാൽ പിന്നെ കവിളത്തു പടക്കം പൊട്ടും. കണ്ണിൽ മിന്നൽപ്പിണറുണ്ടാകും. ചെവിയിൽ പിന്നെ കടലിരമ്പും പോലെയാണ്. അതോർക്കുമ്പോൾ ഒരക്ഷരം മിണ്ടാതെ നിത്യ രോഗികളായ അപ്പനെയും അമ്മയെയും കായും പൂവും ചേർത്ത് പറയുമ്പോൾ കെട്ടിയിട്ട അറവുമാടിന്റെ നിസ്സംഗതയിൽ ഞാനിതൊന്നുമറിയുന്നില്ല എന്നമട്ടിൽ വിദൂരതയിലേക്ക് ദൃഷ്ടി പായിച്ചിരിക്കുമ്പോഴാണ് ആക്രോശത്തോടെ പാഞ്ഞടുത്തുകൊണ്ടു വലതു കാലുയർത്തുക. ബ്ഭാ.. പന്ന മോളെ നീയെന്നാടീ ചെലക്കാത്തെ? വായില് പഴമാണോടീ..

തെറിയോടൊപ്പം ഇറയിൽ നിന്ന് വാക്കത്തി വലിച്ചൂരിയെടുക്കുമ്പോഴാണ് പുളിമരചുവട്ടിലേക്കു ഓടാനുള്ള സമയമായി എന്ന് മാത്തുക്കുട്ടി മനസിലാക്കുക. ഒന്നും പറയാതെ തന്നെ ഓട്ടത്തിനിടയ്ക്കു ആ കീറിയ ഓലപ്പായ അവന്റെ കൈകളിൽ എത്തിയിട്ടുണ്ടാകും. വെറും അൻപതു വാര അകലെയാണ് പുളിമരചുവടെങ്കിലും കട്ടപിടിച്ച ഇരുട്ടിൽ തപ്പിത്തടഞ്ഞു ഓടുമ്പോൾ കാല് കല്ലിലും മുള്ളിലുമൊക്കെ തട്ടി മുറിഞ്ഞിട്ടുണ്ടാകുമെങ്കിലും അതൊന്നും കാര്യമാക്കാറില്ല. പുളിമരചുവട്ടിലെത്തി കിതപ്പാറുന്നവരെ അമ്മയുടെയും മകന്റെയും നിശ്വാസങ്ങൾ മാത്രമാണ് അവരുടെ ആശയവിനിമയങ്ങൾ.. കുറേക്കഴിഞ്ഞു അപ്പൻ ഉറങ്ങിയെന്നു ഉറപ്പാകുന്നതുവരെ അവരങ്ങനെ ഇരിക്കും. തോമാച്ചന്റെ ഉറക്കത്തിനുമുണ്ട് പ്രത്യേകത വാതിലടച്ചു വാതിലിനു മുന്നിൽ കട്ടിലിട്ടു വിലങ്ങനെയാണ് കിടക്കുക. ഓടിപ്പോയവർ ഇന്ന് രാത്രി പറമ്പിൽ കഴിയട്ടെ എന്നൊരു ദുർവാശി അതിനു പിന്നിലുണ്ട്. പിറകിലെ വാതിൽ ഇതിനകം ഉള്ളിൽ നിന്നും അടച്ചിട്ടുണ്ടാകും. എത്ര മദ്യപിച്ചു മദോന്മത്തനായാലും അത്തരം ക്രൂരതകൾക്കു കൃത്യമായ ഓർമ്മശക്തിയുണ്ടാകും. ഒരു ജോലിക്കും പോകാറില്ലെങ്കിലും എന്നും മദ്യപിക്കാനും ചീട്ടുകളിക്കാനും ഉള്ള വക അയാൾ എങ്ങനെയും സംഘടിപ്പിക്കും. ഒരിക്കൽ മോളി അയലത്തെ മാധവിയോട് വായ്പ വാങ്ങി കൊണ്ടുവന്ന അന്നത്തെ അത്താഴത്തിനുള്ള അരി പോലും എടുത്തുകൊണ്ടുപോയി ചീട്ടുകളിച്ച ഒരു സംഭവവും അയാളുടെ പേരിലുണ്ട്..

വീട് എങ്ങനെ പുലരുന്നെന്നോ അവിടെ രണ്ടാത്മാക്കൾ എങ്ങനെ കഴിയുന്നെന്നോ അയാൾ അന്വേഷിക്കാറേയില്ല.. അയാളെ സംബന്ധിച്ച് ചാരായ ഷാപ്പും അതിനപ്പുറമുള്ള ചീട്ടുകളി ക്ലബും വീണുറങ്ങാൻ ചെറ്റപ്പുരയും ഇണ ചേരാൻ തോന്നുമ്പോൾ ഒരു പെണ്ണുടലും (ആരായിരുന്നാലും) മതിയായിരുന്നു.. വല്ലപ്പോഴും മാത്രം കിട്ടുന്ന കൂലിപ്പണിയിൽ നിന്നുള്ള തുച്ഛമായ വരുമാനത്തിലായിരുന്നു മോളി കുടുംബത്തെ നയിച്ചിരുന്നത്. അവൾ വിളമ്പുന്നതൊക്കെ ആർത്തിയോടെ വെട്ടി വിഴുങ്ങുമ്പോഴും ഇതെങ്ങനെ കിട്ടിയെന്നൊ നീയും ചെറുക്കനും കഴിച്ചായിരുന്നോ എന്നോ ഒന്നും അയാൾ ചോദിക്കില്ലായിരുന്നു. അയാൾ അവളോട് എന്തെങ്കിലും സംസാരിച്ചിരുന്നത് ആകെ തെറി ഭാഷ മാത്രമായിരുന്നു. മാജിക്കുകാർ ശൂന്യതയിൽ നിന്ന് സ്വർണ്ണമാല എടുക്കുന്നതു പോലെ മാത്തുക്കുട്ടി തന്റെ കുടുക്കുപോയ ട്രൗസറിന്റെ കീശയിൽ നിന്ന് ഒരു തീപ്പെട്ടിയും പകുതി കത്തി തീർന്ന ഒരു മെഴുകുതിരി കഷണവുമെടുത്തു തീപ്പെട്ടിയുരച്ചു പിശറൻ കാറ്റിൽ ആദ്യശ്രമത്തിൽ പരാജയപ്പെടുമ്പോൾ കൊള്ളി കുറവായതുകൊണ്ട് പ്രാർഥനയോടെ വീണ്ടും ശ്രമിച്ചു വിജയിക്കുമ്പോൾ കൊളുത്തിയ അഗ്നിനാളത്തിന്റെ വെട്ടത്തിലാണ് അമ്മയും മകനും പരസ്പരം കാണുക. അപ്പോൾ രണ്ടുപേരുടെയും കവിളിലെ കണ്ണീർ ചാലുകൾ തിളങ്ങും. തണുത്തു വിറച്ചു കൈകൾ കാലുകൾക്കിടയിൽ തിരുകി മയക്കത്തിന്റെയും ഉറക്കത്തിന്റെയും ഇടയിലൂടെ ഒരോട്ട പ്രദക്ഷിണം കഴിയുമ്പോൾ നേരം വെളുക്കും..

അടുത്തുള്ള റബ്ബർതോട്ടത്തിൽ തൊഴിലാളികൾ എത്തുന്നതിനു മുൻപ് പായും ചുരുട്ടി വീട്ടിലേക്കു നടക്കുമ്പോഴാണ് മാത്തുക്കുട്ടി മോളിയോട് ആ ചോദ്യം ചോദിക്കുന്നത് അപ്പനെന്താമ്മേ ചാകാത്തേ? മറുപടി പറയാതെ ഏങ്ങി വന്ന ഗദ്ഗദത്തെ പണിപ്പെട്ടടക്കി മോളി മകനെ ചേർത്ത് പിടിച്ചു ഇടതൂർന്ന കോലൻ മുടിയിലൂടെ കൈവിരലുകൾ ഓടിക്കും. അപ്പനെന്താമ്മേ ചാകാത്തേ എന്ന ചോദ്യം അപ്പനോടുള്ള കട്ടക്കലിപ്പിൽ പെട്ടെന്ന് തോന്നിയ ഒരു ചോദ്യമല്ല മാത്തുക്കുട്ടിക്ക്. കാരണം തോമാച്ചൻ അമിതമായി മദ്യപിച്ചു വീട്ടിൽ വന്നു വഴക്കുണ്ടാക്കി ഒരു ഘട്ടം കഴിയുമ്പോൾ ഒരു കഷണം കയറു ഞാൻ ചെലവാക്കും കാണിച്ചു തരാം രണ്ടിനും.. എന്നൊരു ഭീഷണിയും മുഴക്കി തെറിയും വിളിച്ചു ഒരു കഷണം കയറുമെടുത്തു മുറ്റകോണിലുള്ള അധികം ഉയരമില്ലാത്ത മാവിലോട്ടു വലിഞ്ഞു കയറും. അവിടിരുന്നു കൈയ്യിലെ കയർ മരത്തിലും കഴുത്തിലുമായി ബന്ധിപ്പിച്ച ശേഷം ഒരു ഭീഷണിയാണ്. ഞാനിപ്പം ചാടും. ആദ്യത്തെ ഒന്ന് രണ്ടു തവണ മോളി വല്ലവിധേനയും അനുനയിപ്പിച്ചു താഴെയിറക്കിയിരുന്നു.. രണ്ടു മൂന്ന് തവണ ആവർത്തിച്ചപ്പോൾ പിന്നെ ഇത് അങ്ങേരുടെ സ്വന്തം തെറ്റുകൾ മൂടി വെക്കാനുള്ള ഒരു കൗശലമായേ മോളിക്കു തോന്നിയുള്ളൂ.. സത്യത്തിൽ ഒരു കഷണം കയറു ചെലവാക്കേണ്ടിയിരുന്നത് എന്നോ മോളിയായിരുന്നു.. പക്ഷെ കൗമാരക്കാരനായ മാത്തുക്കുട്ടി അതീവ ഗൗരവതരമായാണ് ആ ശ്രമത്തെ കണ്ടിരുന്നത്. അപ്പൻ മരിക്കണോ വേണ്ടയോ എന്ന് പലതവണ അവൻ അവനോടു ചോദിച്ചു നോക്കിയിട്ടുണ്ട്. മരിക്കണം എന്ന് തന്നെയായിരുന്നു ഉത്തരം. എന്നിട്ടും പോരാഞ്ഞിട്ടാണ് അച്ചും പുള്ളിയും ഇട്ടു നോക്കിയത് അതിലും മരിക്കണമെന്നു തന്നെയായിരുന്നു മൂന്നു തവണയും വിധി.. അതോടു കൂടി മാത്തുക്കുട്ടി ഒന്നുറപ്പിച്ചു.. അപ്പൻ മരിക്കേണ്ടവനാണ്..

ഒരു ദിവസം ക്ലാസ് മുറിയിൽ തൊട്ടിരിക്കുന്നവനും ഏറ്റവുമടുത്ത കൂട്ടുകാരനുമായ കൃഷ്ണൻ മാത്തുക്കുട്ടിയോടു ചോദിച്ചു.. എടാ നിന്നെ പുത്തൻപുരയിലെ ചാവിനു വിളിച്ചിട്ടുണ്ടോ? ഇല്ല നിരാശയോടെയായിരുന്നു അവന്റെ മറുപടി. (വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ പുത്തൻപുരയിലെ കാരണവർ വറീത് മാപ്പിളയുടെ പേരിൽ എല്ലാ വർഷവും ആ ദിനത്തിൽ ഗ്രാമത്തിലെ ഏറ്റവും നിർധനരായ അഞ്ചു കുട്ടികളെ വിളിച്ചു വിഭവസമൃദ്ധമായ ആഹാരം കൊടുക്കുന്ന പതിവുണ്ട്) കഴിഞ്ഞ വർഷവും അവനെ വിളിച്ചിരുന്നു. ചാവടിയന്തിരം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മാത്തുക്കുട്ടിയുടെ വായിൽ കപ്പലോടിക്കാം.. കാരണം പിടി (അരിയരച്ചു ഉരുളയാക്കി ആവിയിൽ വേവിച്ചെടുക്കുന്നതു) അപ്പം, കപ്പ വേവിച്ചത്, ചോറ്, ചൂടുള്ള ഇറച്ചിക്കറി, മീൻ പൊരിച്ചത്, മീൻകറി, ആട്ടിൻകറി തേങ്ങയരച്ചു വറുത്തരച്ചു വച്ചതു, പുഴുങ്ങിയ മുട്ട, പായസം, പാളയംകോടൻ പഴം അങ്ങനെ വിഭവ സമൃദ്ധമായ ഒരു വിരുന്നായിരുന്നു അത്.. ചാവിനു ഇനിയും രണ്ടുമൂന്നു ദിവസമുണ്ടല്ലോ അവൻ പ്രതീക്ഷ കൈവിട്ടില്ല.. പിറ്റേദിവസം അതീവ ആഹ്ലാദവാനായാണ് മാത്തുക്കുട്ടി ക്ലാസിൽ എത്തിയത്.. കൃഷ്ണനെ കണ്ടപാടെ മാത്തുക്കുട്ടി അവന്റെ ചെവിയിൽ പറഞ്ഞു.. "എടാ എന്നെയും പുത്തൻപുരയിലെ ചാവിനു വിളിച്ചു ഇന്നലെ വൈകീട്ട്.." ഏതാണ്ട് അതേ സമയത്തു തന്നെയാണ് അതേ ക്ലാസിൽ പഠിക്കുന്ന ജാൻസി (പുത്തൻപുരയിലെ മരിച്ചുപോയ വറീത് മാപ്പിളയുടെ ഇളയമകൻ ഔസേപ്പച്ചന്റെ മകൾ. മാത്തുക്കുട്ടിയെയും കൃഷ്ണനെയും പോലുള്ള നിർധന സഹപാഠികളെ പുച്ഛത്തോടും അവജ്ഞയോടും മാത്രം കാണുന്ന പെൺകുട്ടി) കൃഷ്ണൻ കുട്ടിയേയും മാത്തുക്കുട്ടിയെയും ചൂണ്ടി ആവശ്യത്തിൽ കൂടുതൽ ശബ്ദത്തിൽ തന്റെ കൂട്ടുകാരികളോട് പറയുന്നത് "കേട്ടോടി ഈ ചെറുക്കന്മാർ വരുന്ന ഞായറാഴ്ച എന്റെ വീട്ടിൽ തിന്നാൻ വരും.." 

അപമാനമാണ് എന്നറിയാം എന്നാലും മറുത്തൊന്നും പറയില്ല. കാരണം അതിന്റെ പേരിൽ ആണ്ടിലൊരിക്കൽ മാത്രം കിട്ടുന്ന വിഭവ സമൃദ്ധമായ ഭക്ഷണം നഷ്ടപ്പെടുത്താൻ അവർ ഒരുക്കമായിരുന്നില്ല. അപമാനത്തിനും മുകളിലാണ് വിഭവസമൃദ്ധമായ ആ ഭക്ഷണം.. പിന്നെ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. മാത്തുക്കുട്ടിയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വിഭവസമൃദ്ധമായ ആഹാരമാണ് രണ്ടു നാളുകൾക്കു ശേഷം തന്റെ മുന്നിലെത്തുക. എങ്ങനെയൊക്കെയാണ് അത് കഴിക്കേണ്ടതെന്നും ആട്ടിൻകറി എന്തിനൊപ്പം ചേർത്ത് കഴിക്കണമെന്നും പോത്തു കറി എന്തിനൊപ്പം കഴിക്കണമെന്നൊക്കെ അവൻ മനസ്സിൽ ധാരണയുണ്ടാക്കി വച്ചു. മുൻപ് ചാവടിയന്തിരത്തിനു പോയപ്പോഴും അപ്പനറിഞ്ഞിട്ടുണ്ടായിരുന്നില്ല. അറിഞ്ഞാൽ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് അവനറിയാമായിരുന്നു. കാരണം മരിച്ചുപോയ വറീത് മാപ്പിളയുടെ ഭാര്യ കത്രീന ചേടത്തി ജോസൂട്ടിയുടെ കുത്തഴിഞ്ഞ ജീവിത രീതി കണ്ടു ഒരിക്കൽ ഒന്ന് ഉപദേശിക്കാൻ ശ്രമിച്ചതാണ്.. ചേടത്തി പോയി പണിനോക്ക് ചേടത്തി... എടുത്തടിച്ചതുപോലെയുള്ള ആ വർത്തമാനം കത്രീന ചേടത്തിക്കു ആകെ പ്രയാസമുണ്ടാക്കി. അതിൽപ്പിന്നെ രണ്ടുപേരും നേരെ കണ്ടിട്ടുപോലുമില്ല. ഏതായാലും ചാവിന്റെ ദിവസം ഏകദേശം ഉച്ചയാകാറായപ്പോൾ പിഞ്ചിപ്പഴകിയതാണെങ്കിലും അലക്കി വൃത്തിയാക്കിയ കുപ്പായവുമിടുവിച്ചു കുളിച്ചു എണ്ണതേച്ചു മിനുക്കിയ മുടി ചീകിയൊതുക്കി മോളി മകനെ പുത്തൻപുരയിലേക്കു പറഞ്ഞു വിട്ടു.

കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് വളരെ അപ്രതീക്ഷിതമായി പതിവില്ലാതെ തോമാച്ചൻ ആടിയാടി കയറി വന്നത്. വന്നപാടെ ഒറ്റച്ചോദ്യം "ചെറുക്കനെന്ത്യേടീ..?" എന്ത് പറയണമെന്നറിയാതെ മോളി പരുങ്ങുന്നതു കണ്ടപ്പോഴാണ് ഉത്തരവും അയാൾ തന്നെ പറഞ്ഞത്.. "കണ്ടിടത്ത് തെണ്ടി തിന്നാൻ വിട്ടിരിക്കുവാ അല്ലേ? വച്ചിട്ടുണ്ട് തള്ളക്കും മോനും.." മോളിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് കൊടുങ്കാറ്റുപോലെ അയാൾ ഇറങ്ങിയോടി.. മുൻപിലിരിക്കുന്ന ആവി പറക്കുന്ന വിഭവങ്ങളിലേക്കു മാത്തുക്കുട്ടി ആദ്യമൊന്നു കണ്ണോടിച്ചു. എല്ലാത്തിനെയും കണ്ണുകൾകൊണ്ടൊന്നു ഓമനിച്ചു പിടി ഒരെണ്ണമെടുത്തു ഇറച്ചിക്കറിയിൽ കുഴച്ചു വായിലേക്കിടാൻ തുടങ്ങുമ്പോഴാണ് മുറ്റത്തു നിന്നൊരലർച്ച.. "മാത്തുക്കുട്ടീ.." "ദൈവമേ. അപ്പൻ!!" വായിലേക്കിടാൻ തുടങ്ങിയ ആഹാരം അതേപടി പ്ലെയിറ്റിലേക്കിട്ടു ഒളിക്കാനൊരു സുരക്ഷിത സ്ഥാനം തേടി കൂട്ടിൽ പിടിച്ചിട്ട എലിയെപ്പോലെ അവൻ ആ മുറിക്കുള്ളിൽ പരക്കം പാഞ്ഞു.. കൃഷ്ണനും ഭക്ഷണം കഴിക്കാൻ വന്ന മറ്റു കുട്ടികളും വീട്ടുകാരും എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ കേൾക്കാം "ചേടത്തീ നിങ്ങടെ ദാനം തിന്നാനൊന്നും പ്ലാമൂട്ടിൽ തോമാച്ചനും കുടുംബവും ഗതികെട്ട് പോയിട്ടില്ല.. എല്ലാ ആഴ്ചയും നല്ല മീനും ഇറച്ചിയും മുട്ടയുമൊക്കെ കൊടുത്തുതന്നെയാ ഞാനെന്റെ കൊച്ചിനെ വളർത്തുന്നെ.. അതുകൊണ്ടു ചെറുക്കനെ ഇങ്ങോട്ടെറക്കി വിട്.. ഇല്ലേൽ ഞാനങ്ങോട്ടു കേറി വരും കേട്ടോ.." ആ ഭീഷണി കേട്ടപ്പോൾ കത്രീനച്ചേടത്തി മാത്തുക്കുട്ടിയോടു ഇറങ്ങിപ്പോകാൻ കണ്ണുകൾകൊണ്ട് ആംഗ്യം കാട്ടി.. അതു പ്രതീക്ഷിച്ച മാത്തുക്കുട്ടി ഇതിനകം മുറ്റത്തേക്കിറങ്ങിയിരുന്നു..പിന്നെ സ്വന്തം വീട്ടിലേക്കു ഒരൊറ്റ ഓട്ടമായിരുന്നു. ഓട്ടത്തിനിടയിൽ ഇടയ്ക്കു അപ്പൻ പിറകിലുണ്ടോ എന്നവൻ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.. ഭാഗ്യം ഇല്ല..

മാത്തുക്കുട്ടി കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ഓടിവരുന്നു കണ്ടപ്പോഴേ മോളി കാര്യങ്ങളൊക്കെ ഏറെക്കുറെ ഊഹിച്ചിരുന്നു. കണ്ണീർ വാർക്കുവാനെ ആ സാധുവിനു കഴിയുമായിരുന്നുള്ളൂ.. കുറെ കഴിഞ്ഞു തോമാച്ചൻ ആടിയാടി കയറിവന്നു വിളിച്ചു.. "മാത്തുക്കുട്ടീ.." ഉം വിളിക്കുന്നുണ്ട് തല്ലാനാവും.. വിറച്ചു വിറച്ചുകൊണ്ടാണ് അവൻ അപ്പന്റെ മുൻപിലേക്ക് എത്തിയത്.. അപ്പോഴാണവൻ കണ്ടത്. ങേ! പതിവിനു വിപരീതമായി അപ്പന്റെ കൈയ്യിലൊരു പൊതിയുണ്ടല്ലോ.. അപ്പോഴേക്കും തോമാച്ചൻ പൊതി തുറന്നു. പൊറോട്ടയും ഇറച്ചിക്കറിയും.. കൊതിയൂറുന്ന സുഖകരമായ മണം അവിടെങ്ങും വ്യാപിച്ചു.. വിശപ്പ് ആളിക്കത്തുന്നു. അതുവരെ അപ്പനോടുണ്ടായിരുന്ന കാലുഷ്യവും പകയും വെറുപ്പുമെല്ലാം മാത്തുക്കുട്ടിയിൽ നിന്നു മാഞ്ഞുപോയി.. അല്ലെങ്കിലും ഒരു പത്തുവയസുകാരന്റെ പിണക്കങ്ങൾക്കും പകയ്ക്കുമൊക്കെ നിമിഷങ്ങളുടെ ആയുസ് ദൈർഘ്യമല്ലേ ഉണ്ടാവൂ. പൊറോട്ടയും ഇറച്ചിക്കറിയും അവനെ അത്രമേൽ പ്രലോഭിപ്പിച്ചിരുന്നു.. "എടീ ഇത്തിരി പച്ചക്കാന്താരി അരച്ചോണ്ടു വാ നല്ല എരിവ് വേണം.." തോമാച്ചൻ പറഞ്ഞത് മുഴുവനാക്കുന്നതിനു മുൻപേ മോളി കാന്താരി അരയ്ക്കാനോടി. "ഇന്നെന്തു പറ്റിയാവോ? ചെലപ്പോൾ ചെറുക്കനോട് ചെയ്തത് തെറ്റായെന്ന് തോന്നിക്കാണും." ചോദ്യവും ഉത്തരവും അവൾതന്നെ കണ്ടെത്തിക്കഴിഞ്ഞു.. കാന്താരി മുളക് അരച്ചത് വാഴക്കീറിൽ അടുത്തെത്തിയപ്പോഴാണ് തോമാച്ചൻ മാത്തുക്കുട്ടിയെ വിളിക്കുന്നത്.. "ഇങ്ങുവന്നെടാ" അത് കേൾക്കാൻ കാത്തിട്ടെന്നപോലെ മാത്തുക്കുട്ടി അപ്പനരികിലെത്തി. 

"നീയെന്തിനാടാ ഇന്ന് പുത്തൻപുരയിൽ പോയത്? തെണ്ടിതിന്നാൻ ല്ലേ?" ചോദ്യവും വളരെ അപ്രതീക്ഷിതമായി വേട്ട മൃഗം ഇരയെ വീഴ്‌ത്തുന്ന സാമർഥ്യത്തിൽ തോമാച്ചൻ തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ചു മാത്തുക്കുട്ടിയുടെ കൈകൾ രണ്ടും പിറകിലേക്ക് കൂട്ടിക്കെട്ടലും ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.. ഞെട്ടിപ്പോയ മാത്തുക്കുട്ടിക്കു ഓടി രക്ഷപ്പെടാൻ കഴിയുന്നതിനു മുൻപേ ഇത്തിരി മുൻപേ മോളി കൊണ്ടുവച്ച മാരക എരിവുള്ള കാന്താരി അരച്ചത് അവന്റെ രണ്ടു കണ്ണിലും തേച്ചു പിടിപ്പിച്ചു അയാൾ.. കണ്ണിൽ അനേകായിരം നക്ഷത്രങ്ങൾ.. നീറ്റൽ ഒരു കടല് മുഴുവൻ കൊണ്ടുവന്നു കണ്ണിലൊഴിച്ചാലും ശമിക്കാത്ത അതിതീവ്ര നീറ്റലിന്റെ കഠിന നോവിൽ നിന്ന് രക്ഷപ്പെടാൻ പിറകിൽ കൈകെട്ടിയ നിലയിൽ ആ ബാലൻ അലറിക്കരഞ്ഞു കൊണ്ട് ആ പറമ്പ് മുഴുവനും ഓടിക്കൊണ്ടിരുന്നു.. കാഴ്ചയില്ലാത്ത ഓട്ടത്തിൽ തപ്പിത്തടഞ്ഞു വീണു വീണ്ടും എഴുന്നേറ്റു ഓടി വീണ്ടും വീണു ഒരിറ്റു വെള്ളം തേടി ഓടിക്കൊണ്ടിരിക്കുമ്പോൾ കുറച്ചു മുൻപ് വരെ വീപ്പയിലുണ്ടായിരുന്ന വെള്ളം ഒറ്റച്ചവിട്ടിനു ഒഴുക്കിക്കളഞ്ഞു ആ വെള്ളത്തിന്റെ ഒഴുക്ക് സൃഷ്ടിക്കുന്ന അവ്യക്ത ചിത്രങ്ങൾ അജ്ഞാത ഭൂപടങ്ങൾ നോക്കി മകന്റെ മരണ പരാക്രമങ്ങൾക്കൊപ്പം താൻ കൊണ്ടുവന്ന ഇറച്ചിയും പൈറോട്ടയും ആസ്വദിച്ച് കഴിക്കുകയായിരുന്നു തോമാച്ചൻ.. 

ഇതിനകം ഓടിത്തളർന്ന മാത്തുക്കുട്ടി ചെന്ന് വീണത് ഒരു നിമിത്തം പോലെ പുളിമരചുവട്ടിലായിരുന്നു. മുള്ളുരഞ്ഞു പോറിയ ദേഹത്തിൽ പലയിടത്തും ചോര പൊടിയാൻ തുടങ്ങിയിരുന്നു. വല്ല വിധേനയും ഒരു കുടം വെള്ളം കോരിക്കൊണ്ടുവന്നു മോളി മകനെ മടിയിലേക്കു ചേർത്ത് കിടത്തി അവന്റെ ഉപ്പന്റേതു പോലെ ചുവന്നു വീർത്ത കണ്ണിലേക്കു വെള്ളം അൽപാൽപമായി തൂകിക്കൊണ്ടിരുന്നു.. കുറെ തൂകിയപ്പോൾ അവന്റെ പിടച്ചിലിനും ഏങ്ങലടിക്കും ഇത്തിരി ശമനം കണ്ടപ്പോൾ ഉള്ളുലഞ്ഞു അതീവ സ്നേഹവാത്സല്യത്തോടെ അവന്റെ നെറുകയിൽ ചുംബിച്ചു വിരലൊടിച്ചുകൊണ്ടു അവൾ പതിയെ വിളിച്ചു.. "മാത്യുസേ മോനെ അമ്മേടെ ചക്കരേ.. ന്റെ മോൻ ദൂരേക്ക് അപ്പന്റെ കണ്ണീപ്പെടാത്ത എങ്ങോട്ടെങ്കിലും പൊയ്ക്കോ അമ്മക്ക് വയ്യെടാ ഇത് കണ്ടോണ്ടു നിക്കാൻ.." ഏങ്ങലടികൾക്കിടയിൽ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു കൊണ്ട് അവൻ മോളിയോട് ചോദിച്ചു.. "അപ്പനെന്താമ്മേ ചാകാത്തേ?" "മോനിവിടിരി അമ്മയിത്തിരി കഞ്ഞി തെളപ്പിച്ചോണ്ടു വരാം. പേടിക്കണ്ട അമ്മ പെട്ടെന്ന് വരാം." അവൻ തലയാട്ടി..

കുറച്ചു സമയം കഴിഞ്ഞു മോളി അലറിക്കരഞ്ഞു കൊണ്ട് മാധവിയുടെ വീട്ടിലേക്കു ഓടിക്കയറുന്നതു കണ്ടാണ് മാത്തുക്കുട്ടിയും അങ്ങോട്ട് ഓടിയത്. "മാധവി ഞാനിപ്പോ ചൊറിഞ്ഞു ചാകും.. എന്റെ കർത്താവെ ഈ കാലമാടനെ കാലൻ പാമ്പ് കൊത്തണേ.." പതം പറച്ചിലിനിടയിൽ മോളി അവിടെ കണ്ടൊരു തക്കാളിപ്പെട്ടിയുടെ പലകയെടുത്തു ദേഹമാസകലം ചൊറിയുന്നുണ്ടായിരുന്നു. "ഇഞ്ഞി കാര്യം പറ മോളീ." മാധവി അക്ഷമയായി.. "സഹിക്കാൻ വയ്യ മാധവി അങ്ങേരുടെ കാമപ്രാന്തിന് കിടന്നു കൊടുക്കാഞ്ഞിട്ടു നായ്ക്കുരുണ പൊടി വാരി തേച്ചതാടീ എന്നതേലുമൊരു മരുന്ന് ചെയ്യടി.." "ഈശ്വരാ.. ഇങ്ങനെയുമുണ്ടോ മനുഷ്യമ്മാര്?" മാധവി ഞെട്ടിപ്പോയി. "ഞാനിപ്പം ചൊറിഞ്ഞു ചാകും.. നീയിതു കണ്ടോടീ" അവൾ കരഞ്ഞു കൊണ്ട് സങ്കോചമേതുമില്ലാതെ പകുതിയും കീറിപ്പോയ നൈറ്റി ഉയർത്താൻ തുടങ്ങിയപ്പോൾ.. ബാക്കി മാധവിക്കു ഊഹിക്കാൻ കഴിഞ്ഞിരുന്നു.. അപ്പോഴാണ് അവർ മാത്തുക്കുട്ടിയുടെ തല തിണ്ണ കോണിൽ കാണുന്നത്.. അവൾ മോളിയുടെ കൈയ്യിലെ പലക വാങ്ങി നിലത്തേക്കിട്ടുകൊണ്ടു പറഞ്ഞു. "മോനിവിടെ ഇരിക്കി.. ഞങ്ങളിപ്പോ വരാം.. ഇത്തിരി വെളിച്ചെണ്ണ ചൂടാക്കി തേച്ചാൽ മതി.. മാധവി മോളിയേയും കൂട്ടി അകത്തേക്ക് പോയി. മോളിയുടെ തുടകൾക്കിടയിൽ നിന്നും ഇറ്റിയ രക്തത്തുള്ളികളിൽ നിന്നു നാലാം ക്ലാസുകാരനായിരുന്നെങ്കിലും ഏതാണ്ടൊക്കെ മാത്തുക്കുട്ടി ഊഹിച്ചിരുന്നു.. 

അന്നുരാത്രിയാണ് വള്ളി ട്രൗസറിട്ട മൂക്കളയൊലിപ്പിച്ച ഒരു നിഷ്കളങ്ക ഗ്രാമം നാഗരികതയെ തേടിയിറങ്ങിയത്. ഒരാഴ്ചക്ക് ശേഷം ഒരു ദിവസം "മാധവീ.. എടീ മാധവീ.." അതിരാവിലെ മോളിയുടെ വിളികേട്ടാണ് കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റു മുടി വാരിച്ചുറ്റി മാധവി പുറത്തിറങ്ങി നോക്കിയത്.. "അങ്ങേരു ഇന്നലെ രാത്രിയും മരത്തേക്കേറി ഇത്തവണ താഴത്തിറക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല.. നീയാരെയെങ്കിലും കൂട്ടി താഴത്തിറക്കി തന്നേ.. ങാ കയറു കണ്ടിക്കാൻ നല്ലൊരു വാക്കത്തി കൂടി എടുത്തോ.." നിസ്സംഗതയോടെ മോളി പറഞ്ഞു പിന്നെ തിരിഞ്ഞു നടക്കുമ്പോൾ കൂട്ടിച്ചേർത്തു.. "പൊലീസിനെക്കൂടി വിളിച്ചോ.."

അനാഥ മന്ദിരത്തിൽ നിന്ന് അമ്മയെയും കൂട്ടിയിറങ്ങുമ്പോൾ തങ്ങളിനി മുതൽ താമസിക്കാൻ പോകുന്ന സ്ഥലത്തെക്കുറിച്ചോ വീടിനെക്കുറിച്ചോ യാതൊരു സൂചനപോലും മാത്തുക്കുട്ടി അമ്മയ്ക്ക് കൊടുത്തിരുന്നില്ല.. കാറിൽ ഇരിക്കുമ്പോൾ മാത്തുക്കുട്ടി അമ്മയോട് ചോദിച്ചു "അമ്മ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത് എന്നാണ്?" മോളി മറുപടി പറയാതെ പുഞ്ചിരിച്ചപ്പോൾ അയാൾ പറഞ്ഞു "ഇന്നല്ലേ.?" "അല്ല.." "എങ്കിൽ ഞാൻ ജനിച്ച ദിവസമായിരിക്കും.." അയാൾ പറഞ്ഞു.. "അതുമല്ല" "പിന്നെ..?" ഒരു നിമിഷം കഴിഞ്ഞാണ് മോളി പറഞ്ഞത്.. "നിന്റപ്പൻ ചത്ത ദിവസം..." പോക്കറ്റിൽ വിലയേറിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും കൂരിരുട്ടിൽ മകൻ ഒരു തീപ്പെട്ടിയുരയ്ക്കുന്നതു കണ്ടപ്പോൾ മോളി ചോദ്യഭാവത്തിൽ മകനെ നോക്കി. തീപ്പെട്ടിയുരച്ചു മെഴുകുതിരിക്കു തീ പകരുന്നതും ആ ദീപനാളത്തിൽ അവൻ നിലത്തു നിന്നൊരു പൊതിയെടുക്കുന്നതും ആ പൊതി നിവർത്തിയപ്പോൾ അതൊരു അരികു കീറിയ കൈതോലപ്പായയാണെന്നും മനസിലായപ്പോഴാണ് മുൻവിധിയെന്നപോലെ അവർ മുകളിലേക്ക് നോക്കുന്നത്.. ഉവ്വ് മുത്തശ്ശി പുളിമരത്തിനു മാത്രം വലിയ മാറ്റങ്ങളൊന്നുമില്ല ..

English Summary:

Malayalam Short Story Written by Nazer Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com