വേലിക്കെട്ടുകൾ ഇല്ലാത്ത ജീവിതം
Mail This Article
മുൻരാഷ്ട്രപതി അബ്ദുൾ കലാമിന്റെ ജീവിതത്തിലെ ഒട്ടേറെ സംഭവങ്ങൾ കുട്ടികൾക്ക് മാതൃകയാക്കാവുന്നതായി ഉണ്ട്. ഒട്ടേറെ മഹദ് സന്ദേശങ്ങള്‍ നല്‍കുന്ന അനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ട്. അബ്ദുൾ കലാം രാമേശ്വരം സ്കൂളിൽ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലഘട്ടം. അന്ന് ആ ബാലന്റെ അടുത്ത സതീർഥ്യനായിരുന്നു പൂണൂലിട്ട രാമശാസ്ത്രി. രാമേശ്വരം ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന ലക്ഷ്മണശാസ്ത്രിയുടെ മകൻ. അവന്റെ തൊട്ടടുത്തായിരുന്നു കുഞ്ഞുകലാം ഇരിക്കാറുണ്ടായിരുന്നത്.
ഒരുനാൾ ക്ലാസ്സിൽ പുതുതായി ഒരു അധ്യാപകൻ വന്നു. ഹൈന്ദവ പുരോഹിതന്റെ മകൻ തൊപ്പിവച്ച ഒരു മുസ്ലീം ബാലന്റെ തൊട്ടടുത്തിരിക്കുന്നത് അദ്ദേഹത്തിന് രസിച്ചില്ല. അദ്ദേഹം പറഞ്ഞു: 'എടോ തൊപ്പിക്കാരാ, താനവിടെ ഇരിക്കേണ്ട. പിന്നിലെ ബെഞ്ചിൽ പോയി ഇരിക്കൂ.' അബ്ദുൾ കലാമിന്റെ മനസ്സു വേദനിച്ചു. എങ്കിലും അവൻ യാതൊരു മടിയും കൂടാതെ അധ്യാപകനെ അനുസരിച്ചു. അവൻ പിന്‍ബെഞ്ചിൽ പോയി ഇരുന്നു. രാമശാസ്ത്രിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. തൊട്ടടുത്തിരുന്ന കൂട്ടുകാരൻ മറ്റൊരിടത്തേക്കു പോയതോടെ അവന്റെ കുഞ്ഞുമനസ്സും വേദനിച്ചു.
അന്നു വൈകുന്നേരം സ്കൂള്‍വിട്ട് വാടിയ മുഖത്തോടെ വീട്ടിലെത്തിയ കുട്ടികൾ രണ്ടുപേരും സ്കൂളില്‍ വെച്ചുണ്ടായ സംഭവത്തെക്കുറിച്ച് തങ്ങളുടെ മാതാപിതാക്കളോട് പറഞ്ഞു. നിഷ്കളങ്കരായ കുട്ടികളുടെ മനസ്സിൽ വിഷം പടർത്തുന്ന നടപടിയായിട്ടാണ് ആ മാതാപിതാക്കൾ അതുകണ്ടത്. ക്ഷേത്രപൂജാരിയായിട്ടു പോലും ലക്ഷ്മണശാസ്ത്രിക്ക് അത് ഉൾക്കൊള്ളാനായില്ല. അദ്ദേഹം സ്കൂളിലെ ആ പുതിയ അധ്യാപകനെ കണ്ട് സംസാരിച്ചു. ഇളംമനസ്സുകളിൽ ഇത്തരം ഹീനചിന്തകൾ വളർത്തുന്നത് ഒരു അധ്യാപകന് ഒട്ടും യോജിച്ചതല്ലെന്നും, നിങ്ങളെപ്പോലുള്ളവർ ജോലി രാജിവച്ചു പിരിഞ്ഞു പോവുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഇതുകേട്ടതോടെ ആ അധ്യാപകന്റെ ശിരസ്സു കുനിഞ്ഞു. താൻ ചെയ്ത പ്രവൃത്തി ഒട്ടും ശരിയായില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അയാൾ തന്റെ തെറ്റിൽ ഖേദിച്ചു. മേലിൽ ഇത്തരം ഒരു പ്രവൃത്തി തന്നില്‍ നിന്ന് ഉണ്ടാവില്ലെന്ന് അദ്ദേഹം ബന്ധപ്പെട്ടവർക്കെല്ലാം ഉറപ്പു നൽകി. അതോടെ ആ അധ്യാപകൻ ഒരു പുതിയ മനുഷ്യനായി മാറി. അടുത്ത ദിവസം അദ്ദേഹം കുട്ടികളെ നേരത്തേതു മാതിരി ഒരുമിച്ചിരുത്തി.
എ. പി. ജെ. അബ്ദുൾ കലാമിന്റെ ജീവിതത്തിലെ ഈ സംഭവം ഏവർക്കും ഒരു പാഠമാണ്. ജാതിയും മതവുമൊന്നും മനുഷ്യനെ വേർതിരിക്കുന്ന വേലിക്കെട്ടുകൾ ആവരുത്. മനുഷ്യനെ ഒരുമയിലേക്കു നയിക്കുന്നതാവണം അവയുടെ ദൗത്യം. ഈ മഹത്തായ സന്ദേശമാണ് അബ്ദുൾകലാമിന്റെ ബാല്യകാലാനുഭവം വെളിപ്പെടുത്തുന്നത്.