ADVERTISEMENT

മലയാളസിനിമാരംഗത്തെ സൂപ്പർ നായികയായിരുന്നു മദിരാക്ഷി. സമ്പത്തിന്റെയും മറ്റെല്ലാവിധ സുഖഭോഗങ്ങളുടെയും നടുക്കായിരുന്നു അവളുടെ സിനിമാജീവിതം. അതിരാവിലെ വിളിച്ചുണർത്താൻ അലാറം വെയ്ക്കേണ്ട, അമ്മത്താരമുണ്ട്. അതല്ലെങ്കിൽ സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ ടെലിഫോൺ എത്തിയിരിക്കും.

പിന്നെ ഉണർന്ന് കുളിയുമൊക്കെ കഴിഞ്ഞ് ബാത്ത്റൂമില്‍ നിന്ന് പുറത്തുവന്നാൽ ഡ്രസ്സു ചെയ്യിക്കാൻ കോസ്റ്റ്യൂംസ്കാർ. തലമുടി ചീകിക്കെട്ടാൻ ഹെയർഡ്രസ്സർ. മുഖം മിനുക്കാൻ മേക്കപ്പ്മാൻ. കാലിൽ ചെരുപ്പണിയിക്കാൻ വരെ സഹായിയുണ്ട്. സിനിമയുടെ സെറ്റിലെത്തിയാലോ, ആപ്പിൾ ജ്യൂസുവേണോ സാത്തുക്കുടി ജ്യൂസു വേണോ എന്നു ചോദിച്ചുകൊണ്ട് ആയ തൊട്ടുപിന്നിൽ. മുഖത്ത് അൽപം വിയർപ്പു പൊടിഞ്ഞാൽ അതു തുടയ്ക്കാൻ ടച്ചപ്പുകാർ ഇടവും വലവും. ഷൂട്ടിംഗിന്റെ ഇടവേളകളിൽ വിശ്രമിക്കാൻ എയർ കണ്ടീഷൻ ചെയ്ത കാരവൻ.

അങ്ങനെ സിനിമയിലെ രാജ്ഞിയായി മദിരാക്ഷി വിരാജിച്ചീടുന്ന കാലം. അവൾക്കൊരു വിവാഹാലോചന വന്നു. പയ്യൻ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുടെ മകൻ. സുമുഖൻ. സുന്ദരന്‍. മംഗളമായി വിവാഹം നടന്നു. ആഘോഷമായി ആദ്യരാത്രിയും കഴിഞ്ഞു. നവവരൻ ആദിത്യന്‍ അതിരാവിലെ ഉറക്കമുണർന്നു. രാവിലെ ഒരു ബെഡ് കോഫി അതയാൾക്ക് നിർബന്ധമാണ്.

ഉറങ്ങിക്കിടക്കുന്ന മദിരാക്ഷിയെ കുലുക്കി വിളിച്ച് ഉണർത്തിക്കൊണ്ട് അയാൾ പറഞ്ഞു. "വേഗം ചെന്ന് ഒരു ചായ ഇട്ടോണ്ടു വാ!" അതുകേട്ട് മദിരാക്ഷി സ്തംഭിച്ചു പോയി. മലയാള സിനിമയിലെ മുടിചൂടാ മന്ന! കാലിൽ പാദരക്ഷ അണിയിക്കാൻ വരെ ആയമാരെ നിയമിച്ചിരിക്കുന്നവൾ! ചായ ഇട്ടുകൊണ്ട് വരണം പോലും. അന്നുതന്നെ അവർ ഡിവോഴ്സായി.

English Summary:

Malayalam Short Story ' Oru Rathri Oru Pakal ' Written by John J. Puthuchira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com