ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കി അമ്മ വിട പറഞ്ഞ ദിവസം; 'എല്ലാം നഷ്ടപ്പെട്ടതുപോലെ നിന്ന ആ മകൻ...'
Mail This Article
ആ ദിവസം, ഞാനും അമ്മയും എന്റെ പുതിയ വീട്ടിലെ കോലായിപടിയിൽ ഇരുന്നു വൈകുന്നേരത്തെ ഇളം കാറ്റിനെ വരവേൽക്കുകയായിരുന്നു. ചെടികളെയും പൂക്കളെയും പക്ഷികളെയും തഴുകി വരുന്ന ആ കാറ്റ് ഞങ്ങളെയും തഴുകി കടന്ന് പോയിക്കൊണ്ടിരുന്നു. ആ കാറ്റ് കടന്നുവന്ന വഴികളെ കുറിച്ചും, ഇനി ആ കാറ്റ് പിന്നിടേണ്ട ദൂരത്തെ കുറിച്ചും വെറുതേ ഓർത്തിരിക്കുമ്പോൾ, "സുനി, നിനക്ക് അമ്മമ്മയെ ഓർമ്മയുണ്ടോ" എന്ന അമ്മയുടെ ചോദ്യം എന്റെ ഓർമകളെ ഒരുപാട് വർഷം പിറകിലേക്ക് കൊണ്ടുപോയി.
ഓർമ്മകളെ മൂടൽ മഞ്ഞു പൊതിഞ്ഞിരിക്കുന്നു, അന്ന് ഞാൻ സ്കൂളിലെ ചെറിയ ക്ലാസ്സിലാണ്. ആ ദിവസം അമ്മയുടെ വീട്ടിൽ, ഇരുട്ടി തുടങ്ങിയപ്പോൾ നിലവിളി ശബ്ദം ഉയർന്നു. ഒന്നും മനസിലാകാതെ ചുറ്റുപാടും നോക്കുമ്പോൾ അടുത്തവീടുകളിൽ നിന്നും ആളുകൾ ഓടിവരുന്നു. എന്തെങ്കിലും മനസിലാകുന്നതിന് മുൻപ് അമ്മമ്മയെ ഒരുപാട് ആളുകൾ ചേർന്ന് എടുത്തു ഓടുകയാണ്. പിന്നെ ആരോ പറയുന്നത് കേട്ടു മനസിലായി, ആശുപത്രിയിലേക്ക് അമ്മമ്മയെ കൊണ്ടുപോയി എന്ന്. ആരോ എന്നെ എടുത്തു നടക്കുകയായിരുന്നു, കുറെ കഴിഞ്ഞു അമ്മയെ കാണണം എന്ന് പറഞ്ഞു ഞാൻ വാശി പിടിച്ചപ്പോൾ, ആ ചെറിയ വീട്ടിലെ വരാന്തയിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കരഞ്ഞു തളർന്നു കിടക്കുന്ന എന്റെ അമ്മയുടെ മുഖം കണ്ടതും സങ്കടത്തോടെ അമ്മേ എന്ന് ഉറക്കെ വിളിച്ചു ഞാൻ ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. നിലയ്ക്കാതെ പ്രവഹിക്കുന്ന അമ്മയുടെ മുഖത്തെ കണ്ണുനീർ തുടച്ചു കൊടുക്കുമ്പോഴും അമ്മ ഒന്നും മിണ്ടിയില്ല. കുറെ സമയത്തിനുശേഷം ആശുപത്രിയിൽ നിന്നും അമ്മമ്മയുടെ ചലനമറ്റ ശരീരം ആ വീട്ടിലേക്കു വന്നപ്പോൾ വീണ്ടും നിലവിളികൾ ഉയർന്നു. ആരോ എന്നെ അമ്മയുടെ അടുത്തുനിന്നും എടുത്തു പുറത്തേക്കു പോയി. അമ്മമ്മയുടെയും അമ്മയുടെയും ചിരികൾ ഒരുപോലെ ആയിരുന്നു. സ്നേഹം അതായിരുന്നു ഇരുവരുടെയും സംസാരഭാഷ. അമ്മമ്മയെ ഓർക്കുമ്പോൾ, കരഞ്ഞു തളർന്നു കിടക്കുന്ന എന്റെ അമ്മയെയാണ് ഓർമ വരുന്നത്.
അമ്മയുടെ തേങ്ങൽ എന്നെ ഓർമകളിൽ നിന്നും ഉണർത്തി, ഞാൻ ഓർത്തത് തന്നെ അല്ലെ അമ്മയും ഓർത്തിട്ടുണ്ടാകുക, ഞാൻ ചോദിച്ചില്ല, പകരം ഒന്നും മിണ്ടാതെ അമ്മയുടെ കണ്ണ് തുടച്ചു കൈകൾ തലോടി ഇരുന്നു. കാറ്റ് എന്നെ തഴുകി കടന്നുപോയികൊണ്ടിരുന്നു, അമ്മയുടെ വാക്കുകളും. "അന്ന് എനിക്ക് 30 വയസ്സാണ് എന്ന് തോന്നുന്നു, ജീവൻ പോയ എന്റെ അമ്മയുടെ കൂടെ പോയാലോ എന്ന് ഞാൻ ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ നിന്നെയും നിന്റെ അച്ഛനെയും അനിയന്മാരേയും വിട്ടു പോകാൻ എനിക്ക് പറ്റുമായിരുന്നില്ല. നിങ്ങളെ വളർത്തണം, നിന്റെ അച്ഛന്റെ കൂടെ ജീവിക്കണം". അമ്മ പതിഞ്ഞ സ്വരത്തിൽ തുടർന്നു. "പക്ഷേ, ഇപ്പോൾ എനിക്ക് പോകാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു" ഇതു കേട്ടതും ഇടറുന്ന ശബ്ദത്തോടെ, ഞാൻ അമ്മയോട് സംസാരം നിർത്താൻ പറഞ്ഞു, പക്ഷേ അമ്മ പറഞ്ഞു കൊണ്ടിരുന്നു. "അല്ലെടാ, സമയം അടുത്തു, എനിക്കറിയാം., നിങ്ങൾ നാലു പേരും നിങ്ങളുടെ ഭാര്യയെയും മക്കളെയും കൂടെ നല്ലപോലെ ജീവിക്കണം, അച്ഛനെ നോക്കണം, എന്നെ നോക്കിയ പോലെ..." എന്റെ കണ്ണിൽ നിന്നും അമ്മയുടെ കൈകളിലേക്കു വീണ ചുടുരക്തം, അമ്മയെ കൂടുതൽ പറയുന്നതിൽ നിന്നും വിലക്കി. ഞാനും അമ്മയും കരഞ്ഞു. മുറ്റത്തു നിൽക്കുന്ന എന്റെ ഭാര്യയും മക്കളും, അതിലൂടെ നടക്കുന്ന അച്ഛനും ഞങ്ങൾ കരയുന്നത് കാണാതിരിക്കാൻ ഞങ്ങൾ ഒരുപാട് പാടുപെട്ടു.
ആ ദിവസത്തിനുശേഷം 12-ാം നാൾ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു. ശരീരത്തിൽ ചോര പൊടിയാതെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഒരിക്കലും ഉണങ്ങാത്ത മുറിവേറ്റ ആ ദിവസം, എല്ലാം നഷ്ടപ്പെട്ടവനെ പോലെ അമ്മയുടെ ചാരത്തുനിൽക്കുമ്പോൾ എന്റെ മനസിലൂടെ അലറിപ്പാഞ്ഞ ഭ്രാന്തൻ ചിന്തകളെ പിടിച്ചുനിർത്തിയത് അമ്മ പറയാതെ പറഞ്ഞ അമ്മമ്മയുടെ മരണസമയത്തെ അമ്മയുടെ ചിന്തകൾ ആയിരുന്നു. ജീവിക്കണം, അമ്മ പറഞ്ഞ പോലെ. രാത്രിയിൽ ജനൽ പാളികൾ തുറന്നപ്പോൾ, അമ്മയുടെ ഓർമയിൽ പതിയെ നിറയുന്ന എന്റെ കണ്ണുകളെ തഴുകി തണുത്ത കാറ്റ് അകത്തേക്കു ഒഴുകി, നിലാവെളിച്ചത്താൽ സുന്ദരമായ ആകാശത്തിൽ, അമ്മയെ കാണില്ല എന്നറിയാമായിട്ടും എന്റെ കണ്ണുകൾ അമ്മയെ തേടി കൊണ്ടിരുന്നു, തണുത്ത കാറ്റ് വീണ്ടും വീണ്ടും എന്നെ തഴുകി കടന്നുപോയികൊണ്ടിരുന്നു, ഏതോ ഒരു നിമിഷത്തിലെ ആ കാറ്റിൻ തഴുകലിന്റെ തണുപ്പിന് എന്റെ അമ്മയുടെ കരസ്പർശനത്തിലെ തണുപ്പ്. പതിയെ നിറഞ്ഞ കണ്ണുകളിൽ നിന്നും നീർതുള്ളി ഇറ്റുവീഴുന്നു.