കോളജ് അധ്യാപികയായിരുന്നു; 'ഇപ്പോൾ സ്ഥലകാലബോധമില്ല, ഗുളികയില്ലാത്ത ജീവിക്കാനാവില്ല പാവത്തിന്...'
Mail This Article
സി. എം. സി ഹോസ്പിറ്റലിൽ നിന്നും നേരെ പോയത് ശാരദമ്മയുടെ വീട്ടിലേക്കാണ്. "ശാരദമ്മ" അങ്ങനെയാണ് ഞാൻ വിളിക്കാറ്. അവർക്കും ഇഷ്ടമാണ് ആ വിളി. എല്ലായ്പോഴത്തേയും പോലെ ഇത്തവണയും ഞാൻ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളു. അതിന്റെ ഭാഗമായി ഡോക്ടറുടെ അടുത്തുനിന്നും നല്ല മുട്ടൻ ചീത്തയും കേൾക്കേണ്ടി വന്നു. ഈ പ്രാവശ്യവും പെട്ടെന്ന് ഉണ്ടായ തലകറക്കവും സ്ഥിരകാല ബോധമില്ലാത്ത സംസാരവും തന്നെയാണ് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ കാരണം. ആ ഒരു സമയം അവർ വല്ലാത്തൊരു തരമാണ്. ചിലപ്പോൾ നമ്മുക്കാകേ പേടിതോന്നും. തലകറക്കം വരുന്നത് ഭൂമി തിരിഞ്ഞു കറങ്ങുന്നത് കൊണ്ടാണെന്നും തലച്ചോറിൽ ഉറുമ്പരിച്ചത് കൊണ്ടാണെന്നുമൊക്കെയാണവർ പറയാറ്. ഇത് കേട്ട് ഞാൻ ചിരിക്കുമ്പോൾ "ഇതേ തലകറക്കം കുട്ടിക്കും വരും അപ്പൊ മനസിലാകും" എന്ന് ചിരിച്ചോണ്ട് പറയും. ഞാൻ ഇതൊന്നും കാര്യമാക്കാറില്ല. ഇതിപ്പോൾ സ്ഥിരമാണ് തലകറക്കവും സ്ഥിരകാല ബോധമില്ലാതാവലും.
കോളജ് അധ്യാപികയായിരുന്നു അവർ. മാതൃക അധ്യാപികയ്ക്കുള്ള പുരസ്‌കാരൊക്കെ കിട്ടിട്ടുണ്ട്. ഇപ്പോൾ ഇടയ്ക്കുള്ള ഈ വല്ലായ്മ കാണുമ്പോൾ സങ്കടം വരും. "കുട്ട്യേ.. നീ ആ ഗുളിക ഇങ്ങ് തന്നേക്കു ഞാൻ ഉറങ്ങാൻ പോവാണ്". അടുത്ത റൂമിൽ നിന്നും ശാരദമ്മ വിളിച്ചു പറഞ്ഞു. ഞാൻ ചൂട് കഞ്ഞിയുമായി അകത്തേക്ക് ചെന്നു. "കഞ്ഞി ഒന്നും വേണ്ട കുട്ട്യേ.. എനിക്ക് ആ ഗുളിക ഇങ്ങ് തന്നേക്ക്." കഞ്ഞി ഒന്നും കുടിക്കാതെ ഗുളിക കഴിക്കേണ്ടെന്നും.. കഴിച്ചില്ലങ്കിൽ ഞാൻ ഗുളിക തരില്ലെന്നും പറഞ്ഞപ്പോൾ ചുണ്ടുകൾ കൂർപ്പിച്ചുപിടിച്ച് അവർ ആ പാത്രം മേടിച്ച് കട്ടിലിൽ വച്ചു. "വിശന്നിട്ടൊന്നുല്ല.. എനിക്കാ ഗുളിക കിട്ടിയേ മതിയാകു.. എങ്കിലേ എനിക്ക് ഉറങ്ങാൻ പറ്റു അല്ലേൽ വീണ്ടും ഭൂമി തിരിഞ്ഞു കറങ്ങിയാലോ." തീയിലിട്ട തീപ്പെട്ടി കൊള്ളിക്ക് തീ പിടിക്കുന്നതിലും വേഗത്തിൽ അവർ ആ കഞ്ഞി കുടിച്ചു തീർത്തു. "ഇനി ആ ഗുളികയിങ്ങെടുക്ക്" അവർ കെഞ്ചി പറഞ്ഞു. ഗുളിക പെട്ടിയിൽ നിന്നും ഞാൻ ഗുളിക എടുത്തു കൊടുത്തു. ഗുളിക കണ്ടതും അവരുടെ നെറ്റി ചുളിഞ്ഞു. "ഈ ഗുളികയല്ല.. ഇത് ഹൃദയത്തിന് ക്ഷതമേറ്റത്തിന്റെ ഗുളികയല്ലേ, എനിക്ക് വേണ്ടത് തലച്ചോറ് മുറിഞ്ഞാൽ കഴിക്കുന്ന ഗുളികയാ. എനിക്ക് എന്റെ തലച്ചോറ് മുറിഞ്ഞ വേദന സഹിക്കാൻ വയ്യ."
ഞാൻ അധികം തർക്കിക്കാൻ നിക്കാതെ അതിൽ നിന്നും മറ്റൊരു ഗുളിക എടുത്തു കൊടുത്തു. ഇങ്ങനെ മുന്നേ ഒരു ദിവസം ഉണ്ടായിട്ടുണ്ട്. ഒരീസം ഞാൻ എവിടെയോ പോയി മടങ്ങി വരുമ്പോൾ അവർ ഇവിടെ ആകെ എന്തോ തിരയുന്നുണ്ടായിരുന്നു.. എന്നെ കണ്ടതും ആകെ പരിഭ്രാന്തയായി എന്നോട് പറഞ്ഞു എന്റെ തലച്ചോറ് മുറിഞ്ഞിട്ടുണ്ട് എത്രേം പെട്ടെന്ന് ഗുളിക കഴിച്ചില്ലെങ്കിൽ ഭൂമി തിരിഞ്ഞു കറങ്ങുമെന്നും ഞാൻ മരിച്ചുപോകുമെന്നും. എനിക്ക് ആകെ പേടിയായി.. എന്തോ സ്ഥിരകാല ബോധമില്ലാതെ പറയുകയാണെന്നുകരുതി ഞാൻ രക്ത സമ്മർദ്ദത്തിന്റെ ഒരു ഗുളിക കൊടുത്തു. "എന്റെ കുട്ടി ഈ ഗുളിക ഞാൻ കാണായിട്ടാന്നാ നീ വിചാരിച്ചേ. ഇത് ഹൃദയം മുറിഞ്ഞതിന്റെ ഗുളികയല്ലേ എനിക്ക് വേണ്ടത് തലച്ചോറ് മുറിഞ്ഞേന്റെ ഗുളികയാ." "ഈ ഗുളിക കഴിച്ചാലും മുറിവ് ഉണങ്ങും അമ്മേ ഇപ്പൊ ഇത് കഴിക്കു, എന്തായാലും മുറിവല്ലേ എല്ലാം ഒരുപോലെ അല്ലേ". കുറച്ചുനേരത്തെ നിശബ്ദതയ്ക്ക്ശേഷം ഇടയ്ക്കു കൊടുക്കാറുള്ള ഉറക്കഗുളിക എടുത്തു കൊടുത്തതും ഇഷ്ടപ്പെട്ട മിഠായി കിട്ടിയ കുട്ടിയേ പോലെ അതവർ സന്തോഷത്തോടെ കഴിച്ചു.
നിശബ്ദതയെ ജനിപ്പിച്ച എന്റെ ആ ചോദ്യത്തിനുള്ള അവരുടെ മറുപടി ഇപ്പോഴും നല്ല ഓർമ്മയുണ്ട്. ഹൃദയത്തിന് മുറിവേറ്റ അത് വേഗം ഉണങ്ങും പക്ഷെ തലച്ചോറിന്റെ കാര്യം അങ്ങനെയല്ല ആ മുറിവ് പിന്നെ ഉണങ്ങൂല. പിന്നെ ഒന്നും തന്നെ ഓർമയുണ്ടാകില്ല.. ഹൃദയത്തിനാണ് ക്ഷതമേക്കുന്നത് എങ്കിൽ അത് എന്നും ഓർമ്മയുണ്ടാകും. കുട്ടി ശ്രദ്ധിച്ചിട്ടില്ലേ നമുക്കു ഏറ്റവും ഉചിതമായ കാര്യം നമ്മളെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് തലച്ചോറാ.. ഹൃദയം നേരെ മറിച്ച... ടീ.വി സീരിയലിലെ വില്ലനെയോ വില്ലത്തിയേയൊ പോലെയാത്. തലച്ചോറ് നമ്മുക്ക് ഗുണമുള്ളതായി എന്തേലും ചെയ്യാൻ നോക്കുമ്പോ അതിനിടയിൽ കേറി വന്ന് അത് നേരെ വഴിതിരിച്ചു വിടും. രണ്ടുപേരും വല്ലപ്പോഴേ ഒരുമിച്ച് നിൽക്കു. ഹൃദയത്തിനു ക്ഷതമേക്കുന്നതിനു എനിക്ക് ഭയമില്ല അത് തലച്ചോറിനാണെങ്കിൽ എനിക്ക് ഭയമാണ്. തലച്ചോറിന്നേൽക്കുന്ന മുറിവ് നമ്മുടെ വ്യക്തിഹത്യയ്ക്ക് തുല്യമാണ്. ഞാൻ ഇതു വരെ വ്യക്തിഹത്യ നടത്തിട്ടില്ല. എനിക്കു നേടേണ്ടതൊക്കെ ഞാൻ നേടിട്ടുണ്ട്.. അതും അന്നത്തെ കാലത്ത് അത് പഠിത്തത്തിന്റെ കാര്യത്തിലാണേലും ജോലിന്റെ കാര്യത്തിലാണേലും. ഒരു പാട് ആളുകൾ അന്ന് എന്നെ പിന്തിരിപ്പിക്കാൻ ഉണ്ടായിരുന്നു. അന്ന് രക്തം ഛർദിച്ചു മരിച്ചതാ എന്റെ ഹൃദയം. എന്തോരം ചോരയാർന്നുന്നറിയോ.. അതൊക്കെ വേഗം ഉണങ്ങി. എത്ര മുറിഞ്ഞാലും അത് ഉണങ്ങും. എന്നെ പിന്തിരിപ്പിക്കാൻ നോക്കിയോരെ കൂട്ടത്തിൽ ഹൃദയോം ഉണ്ടായിരുന്നു. തലച്ചോറാ എനിക്ക് സാരോപദേശം നടത്തിയത് ശ്രീകൃഷ്ണനെ പോലെ!.
ചിരിച്ചോണ്ടായിരുന്നു അവരത് പറഞ്ഞത്. ഇന്ന് എനിക്ക് നിന്നെ കാണുമ്പോ എന്റെ തലച്ചോറ് മുറിയുന്നപോലെ തോന്നുവ.. ഇപ്പൊ കുറേ ദിവസമായി എന്റെ തലച്ചോറ് ഉറുമ്പരിച്ചു തുടങ്ങീട്ട് അതിപ്പോൾ വലിയ മുറിവായി ഇനി പഴുക്കും അതിനു അനുവദിച്ചൂട! പെട്ടെന്ന് ഞാൻ കിടന്ന മുറിയുടെ വാതിൽ അടഞ്ഞു "ഡി നീ ഉറങ്ങിയാർന്നോ" "ഇല്ല എന്തേയ്" "നാളെ കൊണ്ടുപോകാൻ നിന്റെയാ തേങ്ങ വറുത്തരച്ച കൂർക്ക കൂട്ടാൻ മതി അത് ഓഫീസിൽ എല്ലാർക്കും ഭയങ്കര ഇഷ്ടാ ദിലീപ് ഇന്നും കൂടി പറഞ്ഞു അതേ പറ്റി" "ഉം" സഹിക്കാനാകാത്ത വിധം ഒരു വേദന എനിക്ക് അനുഭവപ്പെട്ടു. എന്റെ തലച്ചോറ് മുറിയുന്ന പോലെ തോന്നി. അതോ ഇനി ഭൂമി തിരിഞ്ഞു കറങ്ങുന്നതോ? ഞാനാ ഗുളിക പെട്ടിയുടെ അടുത്തേക്ക് ഓടി...