സുഹ്റയും മജീദും ഇമ്മിണി ബല്യ ഒന്നും വന്നിട്ട് എൺപതു വർഷം!
Mail This Article
ശത്രുതയുള്ള അയൽക്കാർ. അതാണ് സുഹ്റയും മജീദും. അവരുടെ സ്ഥിരം പരിപാടി അന്യോന്യം കോക്രി കാട്ടുകയും പേടിപ്പെടുത്താൻ ശ്രമിക്കുകയുമാണ്. സൗഹാർദ്ദതയിൽ കഴിയുന്ന അവരുടെ കുടുംബങ്ങൾക്കു പോലും ആ ബദ്ധശത്രുക്കളെ നേരെയാക്കാനാകുന്നില്ല. അതിനു പ്രണയം തന്നെ വേണ്ടി വന്നു.
എൺപത് വർഷം.! ഏഴുവയസ്സുകാരി സുഹ്റയും ഒൻപതു വയസ്സുകാരൻ മജീദും മലയാളിയുടെ നെഞ്ചിൽ കുടിയേറിട്ട് എൺപത് വർഷമായിരിക്കുന്നു. എത്ര കാലം കഴിഞ്ഞിട്ടും, വൈക്കം മുഹമ്മദ് ബഷീർ എന്ന അതികായൻ എത്ര മികച്ച കൃതികൾ എഴുതിയിട്ടും, ബാല്യകാലസഖിക്ക് മങ്ങലേറ്റിട്ടില്ല. പതിറ്റാണ്ടുകൾക്കിടയിൽ എത്രയോ പേർ എത്രയോ പ്രണയകഥകൾ എഴുതിയിരിക്കുന്നു. മജീദിനെയും സുഹ്റയെയും എന്നിട്ടും ആരും മറന്നില്ല. 1943 ൽ പ്രേമലേഖനമെഴുതി ഞെട്ടിച്ച സുൽത്താൻ, 1944 ലാണ് ബാല്യകാലസഖി എഴുതുന്നത്.
സ്വാതന്ത്ര്യലബ്ധിക്കും മുന്‍പെഴുതിയ ഒരു കഥ ഇന്നും കൗതുകത്തോടെ വായിക്കപ്പെടുന്നുവെന്നതു നിസ്സാരകാര്യമല്ല. തലമുറകൾ മാറി മാറി വായിച്ചിട്ടും അതിന്റെ പുതുമ നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ കാലാന്തരയാത്രയുടെ മൂലകാരണം. നിഷ്കളങ്കത നിറഞ്ഞ രണ്ടു കുഞ്ഞുങ്ങൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടുതൽ അടുക്കുകയും അവർണ്ണനീയമായ സൗഹൃദത്തിലും പ്രണയത്തിലും എത്തിച്ചേരുകയും ചെയ്യുന്ന കഥ ആരുടെയും ഹൃദയം കീഴടക്കുന്നു. ഓരോ വാക്യവും ദൃശ്യം കണക്കെ ഉള്ളിൽ ഉറഞ്ഞു പോകുന്നു.
Read also: ഭ്രാന്തായി മാറിയ പുസ്തകവായന, പുതിയ കാലത്തും പ്രിയമേറി; 2023ലെ മികച്ച 10 സാഹിത്യലേഖനങ്ങൾ
വീടിനടുത്തുള്ള തൈമാവിൽ നിന്ന് പഴുത്ത മാമ്പഴം വീഴുന്നതും കേട്ട് ഓടിച്ചെല്ലുന്ന സുഹ്റ. കണ്ണുരുട്ടി അവളെ പേടിപ്പിച്ചു കൊണ്ട്, കൊതിപ്പിച്ചു കൊണ്ട് ആ മാമ്പഴം തിന്നുന്ന മജീദ്. മനസ്സിൽ ഒട്ടി നിൽക്കുന്ന രംഗം! മാവിൽ കയറുമ്പോൾ നെഞ്ചിലെ തൊലി ഒരുപാട് ഉരഞ്ഞു പോയെങ്കിലും മിശറു ദേഹം മുഴുവൻ കടിച്ചെങ്കിലും സുഹ്റയെ തോൽപിക്കുന്നതിലെ രസം കളയാനാവില്ല മജീദിന്. അതേപോലെ തന്നെ താൻ ഭാവിയിൽ പണിയുവാൻ പോകുന്ന 'പൊൻമാളിയ'യിൽ കൂടെയുള്ള രാജകുമാരി അവളാണെന്ന് തുടക്കത്തിൽ അവൻ സമ്മതിച്ചു കൊടുക്കുന്നുമില്ല. പക്ഷേ "വാ പെണ്ണേ" എന്ന വിളിക്ക് മറുപടിയില്ലാതെ, അവൾ കരഞ്ഞു തുടങ്ങുമ്പോൾ അവന്റെ എല്ലാ വാശിയും ഇല്ലാതാകുന്നു. "സുഹ്റയാണ് എന്റെ രാജകുമാരി" എന്നവൻ തുറന്നു പറയുന്നു.
ആണ്‍ എന്ന മജീദിന്റെ അഹന്തയെ സുഹ്റ ചെറുത്തു തോൽപിക്കുന്നത് കൂർത്ത നഖങ്ങള്‍ കാട്ടി "മാന്തും" എന്ന് ഭീഷണിയിലൂടെയാണ്. പക്ഷേ തന്റെ രാജകുമാരിയാകാൻ പോകുന്നവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അവനറിയാം. മനസ്സിലാക്കലാണ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും അടിസ്ഥാനമെന്ന് അവർ നമുക്ക് കാട്ടിത്തരുന്നു. മജീദിന്റെ വീട്ടിലെ ചെടികൾ തന്റെയാണെന്ന സുഹ്റയുടെ വാദം അവൻ മറ്റൊരാളല്ല എന്ന ബോധ്യമുള്ളതിനാലാണ്.
വാഴക്കൂട്ടങ്ങളുടെ ഇടയിലുള്ള വൈക്കോൽ മേഞ്ഞതും കളിമണ്ണു പൂശിയതുമായ സുഹ്റയുടെ വീടും തെങ്ങുകളുടെയിടയിൽ ഓടിട്ടതും വെള്ളതേച്ചതുമായ മജീദിന്റെ വീടും തമ്മിലുള്ള അന്തരം നോവലിൽ തുടരെ കാണാൻ സാധിക്കും. മജീദ് കാണുന്നതു പോലുള്ള സ്വപ്നങ്ങള്‍ കാണാൻ ധൈര്യപ്പെടാത്തത് തന്റെ വീടിന്റെ അവസ്ഥയെക്കുറിച്ച് അവള്‍ക്കു ബോധ്യമുള്ളതു കൊണ്ടാണ്. പക്ഷേ അപ്പോഴും അവളുടെ ഉപ്പ സ്വപ്നം കാണുന്നുണ്ട് – നന്നായി പഠിച്ച് ഉദ്യോഗസ്ഥയാകുന്ന സുഹ്റയെ. ആ സ്വപ്നത്തെ മജീദും താലോലിക്കുന്നുണ്ട്. എത്ര വഴക്കിട്ടാലും അവൾ നന്നായിരിക്കുവാനാണ് അവൻ ആഗ്രഹിക്കുന്നത്. ആറുമാസത്തെ വഴിക്കപ്പുറത്തേക്ക് യാത്ര പോകാൻ ആഗ്രഹിക്കുമ്പോഴും തിരികെ സുഹ്റയ്ക്കരികിലേക്ക് മടങ്ങാൻ തന്നെയാണ് മജീദിന്റെ തീരുമാനം.
“എന്നിട്ട് ഞാൻ നാടൊക്കെ ചുറ്റി മടങ്ങിവരുമ്പോൾ സുഹ്റാ വലിയ ഉദ്യോഗസ്ഥയായിരിക്കും. അപ്പോൾ ഈ ശ്രീമതി എന്നെക്കണ്ടാൽ കണ്ടിട്ടുള്ള ഭാവം പോലും കാണിക്കയില്ല!" എന്ന് കുസൃതിയോടെ അവൻ കൂട്ടിച്ചേർക്കുന്നു.
ഉപ്പ മരിച്ച്, പഠനം നിർത്തിയ സുഹ്റ എല്ലാ വേദനകളെയും ഒറ്റ വാചകത്തിൽ ഒതുക്കുന്നു. "നാം വളരേണ്ടായിരുന്നു..!" പതിനാറുകാരിയായ സുഹ്റയുെട ജീവിതം മാറിമാറിഞ്ഞതിനേക്കാൾ വേഗത്തിലാണ് മജീദിന്റെ ജീവിതം പിളർന്നില്ലാതാകുന്നത്. കാർക്കശ്യത്തോടെ കാര്യങ്ങൾ ചെയ്തിരുന്ന സ്വന്തം ഉപ്പയോട് അവന് ഒരിക്കലും യോജിക്കാനാവുന്നില്ല. സമ്പന്നനായിരുന്നിട്ടും സുഹ്റയെ പഠിപ്പിക്കുവാൻ തയാറാകാതിരുന്ന, ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ‘ഇറങ്ങിപ്പോക്കോ’ എന്ന് വെല്ലുവിളിക്കുന്ന ഉപ്പ. തുറന്നു സംസാരത്തിനു മാർഗമില്ലാതെ, തന്റെ പിതാവിനു മുന്നിൽ ഉരുകിയില്ലാതായ അനേകം മക്കളുടെ പ്രതിനിധിയാണിവിടെ മജീദ്. സുഹ്റ ഒരിക്കലും സ്വന്തം ഉപ്പയെ പേടിച്ചിരുന്നില്ലായെന്നതും തങ്ങൾക്കൊപ്പമിരുന്ന് മിണ്ടുവാൻ അദ്ദേഹം താൽപര്യം കാട്ടിരുന്നുവെന്നതും തന്റെ അച്ഛൻ സങ്കൽപത്തെ ഉള്ളിൽ മാത്രം താലോലിക്കുവാൻ ഭാഗ്യം കിട്ടിയ മജീദിന് അത്ഭുതക്കാഴ്ചയാണ്.
ഉപ്പയുടെ അടി കൊണ്ട് നാടുവിട്ട മജീദ് പത്തുകൊല്ലത്തിനുശേഷം തിരികെ വരുന്നത് തന്റെ വീട് ആണ്ടു പോയിരിക്കുന്ന ദാരിദ്യം എന്ന വ്യാധിയിലേക്കാണ്. ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയുന്ന ആ വ്യാധി, സുഹ്റയെക്കുറിച്ചോർത്ത് ദുഃഖിച്ചിരിക്കുവാൻ അനുവദിക്കുന്നില്ല. എച്ചിൽ പാത്രം കഴുകി മടുത്ത് കിടക്കുന്ന ഒന്നരക്കാലൻ മജീദ്, ആയിരത്തി അഞ്ഞൂറ് മൈൽ ദൂരെയുള്ള സുഹ്റയുടെ ചുമ കേട്ടുകൊണ്ട് അവളെ മനസ്സിൽ ആശ്വസിപ്പിക്കുന്ന രംഗത്തെ എം.പി. പോൾ അവതാരികയിൽ എഴുതിയ പോലെ 'വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു' എന്നല്ലാതെ വിവരിക്കുവാനാകില്ല.
Read also: ഉന്മാദത്തിലും വിഷാദത്തിലും കൂടെ നിന്നവനായി ഒരു ആത്മഹത്യക്കുറിപ്പ്
ബാല്യകാലപ്രണയത്തെ ഇത്ര മനോഹരമായി വിവരിച്ച മറ്റൊരു കൃതി മലയാളത്തിലുണ്ടോയെന്ന് സംശയം. സ്നേഹിക്കപ്പെടുവാൻ എല്ലാ അർഹതയുണ്ടായിരുന്നിട്ടും ഒന്നിക്കാനാവാതെ പോയ സുഹ്റയും മജീദും ചോര മണക്കുന്ന ഓർമയാണ്. പരസ്പരം താങ്ങായി നിന്ന ആ രണ്ടു ജീവനുകള്‍ കാലങ്ങളായി നൽകിപ്പോരുന്നത് എത്ര കഷ്ടതയിലും പ്രണയം ഉള്ളിൽ സൂക്ഷിക്കുവാനുള്ള കരുത്താണ്. കാത്തിരിക്കും എന്ന ഉറപ്പോടെ, മറക്കില്ല എന്ന സമാധാനത്തോടെ എൺപതു വർഷങ്ങളായി പുസ്തക രൂപത്തിൽ അവർ ജീവിക്കുന്നു. തലമുറകള്‍ക്കുള്ളിൽ ബാക്കിയായി നിൽക്കുന്നു.
ഒടുവിലത്തെ ഓർമ.
അന്ന്... മജീദ് യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. സുഹ്റ എന്തോ പറയുവാൻ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ് ബസ്സിന്റെ ഹോൺ തുരുതുരാ ശബ്ദിച്ചു. ഉമ്മാ കയറിവന്നു. മജീദ് മുറ്റത്തേക്കിറങ്ങി, പൂന്തോട്ടത്തിലൂടെ പടിയിറങ്ങി. ഒന്നു തിരിഞ്ഞുനോക്കി.
പടിഞ്ഞാറേ ചക്രവാളത്തിൽ തങ്കമേഘങ്ങൾ, ഇളം മഞ്ഞവെയിലിൽ മുങ്ങിയ വൃക്ഷങ്ങളും വീടും മുറ്റവും പൂന്തോട്ടവും.
സഹോദരികൾ രണ്ടും മുഖം വെളിയിലേക്കു കാണിച്ചു കൊണ്ട് വാതിൽമറവിൽ. ബാപ്പാ ഭിത്തി ചാരി വരാന്തയിൽ. ഉമ്മാ മുറ്റത്ത്. നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട് പൂന്തോട്ടത്തിൽ സുഹ്റാ പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാൻ തുടങ്ങിയത്?