എന്നും ശല്യം ചെയ്തിട്ടേയുള്ളൂ; എന്നിട്ടും മരണവെപ്രാളം കാട്ടിയപ്പോൾ മക്കളും നാട്ടുകാരും സ്നേഹത്തോടെ കൂടെ നിന്നു
Mail This Article
ജീവിതം മറന്നുപോയത് മരണം ഓർമ്മപ്പെടുത്തുന്നു. അത് സ്നേഹമാണ്. എല്ലാവരോടും ഇപ്പോൾ സ്നേഹം മാത്രം. ഇതുവരെ ഞാൻ അറിയാത്ത ഒരു നിശ്ശബ്ദതയുടെ നനവ് എന്നിലേക്ക് ഇപ്പോൾ ആഴ്‌ന്നിറങ്ങുന്നു. ഇനി ഞാനില്ല.. എന്റെ കണ്ണുകൾ എന്നെത്തന്നെ കാണുകയാണ്. ഇതാണെല്ലോ ഞാൻ. എന്റെ വീട്. ഭാര്യ, മക്കൾ.. ആദ്യം പിറന്നത് മകൾ ആയിരുന്നു. അതിന്റെ താഴെ രണ്ട് ആൺകുട്ടികൾ. അച്ഛന്റെ നിഴൽ കണ്ടാൽ ഓടി ഒളിക്കുന്ന മക്കൾ. അറിയാതെ മുന്നിൽ വന്നു പെട്ടാൽ അവർ ഭയന്നു വിറയ്ക്കുന്നത് കാണാം. പഠിക്കാൻ മിടുക്കിയായിട്ടും സ്കൂൾ കഴിഞ്ഞപ്പോൾ മകൾ പഠനം നിർത്തി. അതിനു താഴെയുള്ള ഇരുവരും ഇപ്പോഴും പള്ളിക്കൂടത്തിൽ പഠിക്കുന്ന പ്രായം.
ഭാര്യാ, എന്നോ അവൾ ജീവിച്ചിരുന്നതിന്റെ ഒരു നിഴൽ മാത്രം. ഇതുവരെ ഞാൻ ഉണ്ടായിരുന്നതാണ് വീടിന്റെ ദുഃഖം. ഇനി ഞാൻ വഴി മാറേണ്ട സമയമായി, അവർ ജീവിക്കണം. വീടിനായുള്ള എന്റെ ആദ്യത്തെ കരുതൽ. മരണവും എന്നെ കാത്തിരുന്നതു പോലെ ഞങ്ങൾ മുഖാമുഖം കാണുന്നു. അന്ന് കൃഷിയുണ്ടായിരുന്ന സമയത്ത് വാങ്ങി വച്ചിരുന്ന വിഷം, മരണത്തിലേക്കുള്ള എന്റെ വാതിൽ മദ്യത്തോടൊപ്പം തുറന്നു തന്നു. ഞാൻ ചിരിച്ചു, പാട്ടുപാടി. ആരെയൊക്കെയോ പുലഭ്യം പറഞ്ഞു. ഒടുവിൽ ഞാൻ സ്നേഹമായി മാറി. ഭ്രാന്തോളം കരഞ്ഞു. "മക്കളേ.." അവർ വിളി കേൾക്കുമോ? വീട്ടിൽ നിന്ന് വഴക്കിട്ട് ആണ് ഞാൻ ഇറങ്ങിയത്. പതിവുപോലെ എല്ലാവരെയും ഇന്നും ഉപദ്രവിച്ചു. എന്തിനായിരുന്നു? ഒരു മദ്യപാനിക്ക് കാരണങ്ങൾ വേണ്ട. ജോലിയെടുക്കാതെ കിട്ടിയ ഭൂസ്വത്ത്, കുടുംബ വീതം, ജീവിതം ആഘോഷിക്കാൻ അത് കുറേശ്ശെ വിറ്റു. ഒടുവിൽ വീടു മാത്രം ശേഷിച്ചു, അതും പണയത്തിൽ.
ഒരിക്കൽ നാട്ടിലെ വലിയ കൃഷിക്കാരൻ, തറവാടി, സർവ്വസമ്മതൻ. വീടിന്റെ പേര് നാട് നിറഞ്ഞു നിന്നിരുന്ന സമയം. ഇന്ന് താൻ ആർക്കും വേണ്ടാത്തവൻ. ആർക്കും.. കണ്ണിൽ ശേഷിച്ച വെളിച്ചം കെട്ടുപോകും മുമ്പെ, ഞാൻ ആകാശത്തിലേക്ക് നിറയെ നോക്കി. നക്ഷത്രങ്ങൾ.. നിലാവ്.. വെളിച്ചം.. എത്ര സുന്ദരമാണ് ഈ ലോകം!! ഇന്നലെയും അതിവിടെ ഉണ്ടായിരുന്നല്ലോ! ഞാൻ ആദ്യമായി കണ്ട എന്റെ ആകാശം അകന്നു പോകുകയാണ്. മനുഷ്യനാകാൻ മറന്നു പോയതിന്റെ ശിക്ഷ. "മാപ്പ്.. എനിക്ക് ജീവിക്കണം." ഉള്ളു പിടഞ്ഞു കരയുന്ന അച്ഛന്റെ ശബ്ദം കേട്ടാൽ അവർ വരും. കലഹിച്ച് വീട്ടിൽ നിന്ന് പോരുമ്പോൾ ഞാൻ കേട്ടു "ഇതിലും ഭേദം മരിക്കുന്നതാണ്." മകൾ പറഞ്ഞത് അമ്മയും ആവർത്തിച്ചു. ചെറിയ കുട്ടികൾ കരയുക മാത്രം ചെയ്തു. എന്റെ നാവ് കുഴഞ്ഞ് ശബ്ദം നേർത്ത് വന്നു.
മകളാണ് ആദ്യം ഓടി എത്തിയത്. കുട്ടികൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. പിന്നാലെ അവരുടെ അമ്മ. ഞാൻ എന്നും അവരുടെ മുന്നിലെ ഇരുട്ട് ആയിരുന്നിട്ടും അവരെന്നെ കണ്ടു. മനസ്സിൽ എന്നും മായാതെ നിൽക്കുന്ന സ്നേഹമാണ് അവരുടെ കാഴ്ചകൾ! കുറച്ചു നാളുകളായി വീടിന്റെ പറമ്പിൽ കയറ്റിവച്ച വള്ളത്തിൽ ആയിരുന്നു എന്റെ രാത്രിവാസം. എന്നെ ആഘോഷിക്കാൻ ഞാൻ കണ്ടെത്തിയ സ്വകാര്യ ലോകം. കാലുകൾ നിലത്തുറയ്ക്കുന്നില്ല. ഭൂമി എനിക്കും ചുറ്റും ഇളകിയാടുന്നു. മക്കളെ ചേർത്തു പിടിച്ച് എനിക്ക് ഈ മണ്ണിലൂടെ ഒന്ന് നടക്കണം.. കൈകൾ ചുറ്റിനും പരതി. ഭാര്യ വായിലേക്ക് പകർന്ന വെള്ളം ഒറ്റ ഇറക്കിന് ഞാൻ കുടിച്ചു തീർത്തു. എന്നിൽ ഒരു കടലോളം തീയുണ്ടെന്ന് ഞാനറിഞ്ഞു. മക്കളെ ഞാൻ ആദ്യമായി എന്നോട് ചേർത്തുപിടിച്ചു.
"എനിക്ക് മരിക്കണ്ട. ജീവിക്കണം. ആശുപത്രിയിൽ എത്തിക്കുമോ. വേഗം.." അവരുടെ കണ്ണീരിൽ ഞാനും നനഞ്ഞു. എന്റെ അടുത്ത് ഒഴിഞ്ഞു കിടന്ന വിഷക്കുപ്പി ചെറിയ മകന്റെ കൈയ്യിൽ. അവൻ അതൊരു കളിപ്പാട്ടം പോലെ തിരിച്ചും മറിച്ചും നോക്കി. ഭൂമിയാകെ എനിക്ക് മരണത്തിന്റെ മണം. കുട്ടികളെ കണ്ടപ്പോൾ എന്റെ തളർച്ച മാറി. "വള്ളമിറക്ക്-" മകൾ പറഞ്ഞു. "അരുത്, അച്ഛൻ പിടിക്കണ്ട." കുട്ടികൾ വിലക്കിയെങ്കിലും ഞങ്ങൾ ഒരുമിച്ച് വള്ളം പുഴയിലേക്ക് ഇറക്കി. അപ്പോഴേക്കും അയൽക്കാരിൽ ചിലർ ഓടിയെത്തി. കഴിഞ്ഞ നിമിഷം വരെ ഇവരെല്ലാം തന്റെ ശത്രുക്കൾ!
വള്ളം എന്നെയും കൊണ്ട് ദൂരെയുള്ള ആശുപത്രിയിലേക്ക് വെള്ളത്തിന് മീതെ പറന്നു. എന്നിട്ടും വേഗത പോരെന്ന് എനിക്ക് തോന്നി. മകൻ കുട്ടിയല്ലേ. അവന്റെ കൈയ്യിൽ നിന്ന് ഞാൻ തുഴ പിടിച്ചു വാങ്ങി. ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള യാത്ര.. മകൻ അപ്പോഴും തുഴയുകയാണ്. പുഴയുടെ ആഴങ്ങളിൽ അവന്റെ കൈകൾക്ക് കൊടുംകാറ്റിന്റെ വേഗം. ഭാര്യ, മക്കൾ, അയൽക്കാർ.. സ്വപ്നത്തിലെന്നപോലെ ഓരോ മുഖവും ഞാൻ കാണുന്നു. സ്നേഹത്തിന്റെ തോണിയിൽ ജീവിതം യാത്ര ചെയ്യുന്നു.!