ADVERTISEMENT

മീനമാസത്തിലെ സായംസന്ധ്യ, അയാൾ ജാലകത്തിനടുത്തെത്തി, ജാലകപ്പാളി മെല്ലെ തുറന്നു. പൂർണ്ണചന്ദ്രൻ ഉദിച്ചു വരുന്നതേയുള്ളു, ഇളം തെന്നൽ അയാൾക്കരികിലെത്താൻ മടിക്കുന്ന പോലെ. പതിയെ അയാൾ ജാലകപ്പടിയിൽ പിടിച്ചു അങ്ങകലേക്കു നോക്കി നിന്നു. ദൂരെ പാടത്തു ഇനിയും ഉണങ്ങാൻ മടിയുള്ള പച്ചപ്പുകളിൽ ചിലവ തലയാട്ടുന്നുണ്ടായിരുന്നു. അന്ന് വൈകിട്ട് നനച്ച മുല്ല മൊട്ടുകൾ അയാളെ നോക്കി മന്ദസ്മിതം പൊഴിക്കാൻ വെമ്പൽ കൊണ്ട് നിൽപ്പുണ്ടായിരുന്നു. ആ മൃദു സ്മേരത്തിൽ സ്നേഹത്തിന്റെ തുടിപ്പുകൾ അയാൾക്ക് അനുഭവവേദ്യമായി.

കാളിച്ചരൻ, അതാണ് അയാളുടെ പേരെങ്കിലും കാളി എന്ന് അയാൾ അറിയപ്പെട്ടു. കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന പടശേഖരങ്ങളുടെ കാവൽക്കാരൻ കാളി. പകലന്തിയോളം പണിയെടുക്കാൻ അയാൾക്ക്‌ മടിയില്ല. പാടത്തും തൊടിയിലുമെല്ലാം ഫല വൃക്ഷ ലതാതികൾ കൊണ്ടൊരു സ്വർഗം തന്നെ തീർത്തിരുന്നു അയാൾ. കാളി സംസാരിക്കുന്നതൊക്കെയും ചിന്തിക്കുന്നതൊക്കെയും ചെടികൾക്കു മനസ്സിലാകുമായിരുന്നു, കാളിയുടെ മനസ്സ് വായ്ക്കുന്നവർ അവർ തന്നെ ആയിരുന്നു. അയാളുടെ ഭാര്യക്കോ കുടുംബക്കാർക്കോ പോലും അയാളെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല, അവർ ശ്രമിച്ചില്ല എന്നു വേണം കരുതാൻ.

അല്ലെങ്കിലും പണിയെടുക്കുന്നവരുടെയും അധ്വാനിക്കുന്നവരുടെയും മനസ്സ് വായ്ക്കുവാൻ ആർക്കു നേരം! പരിശ്രമഫലത്തിൽ മാത്രം ആണ് പലരുടെയും ശ്രദ്ധ. കാളിയുടെ കാര്യത്തിലും മറിച്ചല്ല കാര്യം. ഭാര്യ അയാൾക്ക്‌ ഭക്ഷണം കൊടുക്കാറുണ്ട്, പക്ഷെ അതിൽ പ്രണയമോ സ്നേഹമോ ഉണ്ടോ എന്നു അയാൾക്കോ ഭാര്യക്കോ വ്യക്തമല്ല. അത് കണ്ടെത്താൻ അയാൾ ശ്രമിച്ചിട്ടില്ല എന്നുവേണം കരുതാൻ. അയാൾ നട്ട ഓരോ ചെടിയിലും ഇലകളും പൂക്കളും നിറയുമ്പോൾ അവക്ക് അയാളോട് പ്രണയമുണ്ടെന്നു അയാൾക്ക്‌ തോന്നി. പ്രണയം സർവജനികം, ഭൂമിയിലെ സകല ചരാചരങ്ങളിലും അതിന്റെ അംശമുണ്ടെന്നും അത് ദൈവികമെന്നും അയാൾ വിശ്വസിച്ചു.

എങ്കിലും തന്റെ ഭാര്യ, തന്നിലെ ദൈവികാംശം അവൾ ഒരുവേള അറിയുന്നില്ലേ എന്ന ആശങ്ക അയാൾക്കുണ്ടായിരുന്നു. ചിന്തകൾക്ക് കനം കൂടിക്കൊണ്ടേയിരുന്നു അയാൾക്ക്‌, അപ്പോഴാണ് മുറ്റത്തു വിടരാൻ വെമ്പൽകൊണ്ട് നിൽക്കുന്ന നിശാഗന്ധിയിൽ അയാളുടെ ശ്രദ്ധ പതിഞ്ഞത്. നിലാവിനെ വെല്ലുന്ന ധവളിമയിൽ മുങ്ങി നിൽക്കുന്ന നിശാഗന്ധി. അവളുടെ സൗരഭ്യത്തിൽ മുങ്ങി ഇളം തെന്നൽ അയാൾക്കരികലേക്കെത്തി, അയാൾ പതിയെ മന്ത്രിച്ചു നിനക്കെന്റെ പ്രണയം പകർന്നു തരട്ടെ ഈ മന്ദമാരുതനിലൂടെ!

English Summary:

Malayalam Short Story ' Kali ' Written by Manshad Angalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com