ADVERTISEMENT

ചില രോഗികളുടെയൊക്കെ ഫോൺ നമ്പർ തുടർചികിത്സയുടെ ഭാഗമായി വാങ്ങി വെക്കാറുണ്ട്. ആദ്യമൊക്കെ രോഗിയുടെ പേര് വെച്ചാണ് നമ്പർ ഫോണിൽ സൂക്ഷിച്ചിരുന്നതെങ്കിലും കുറച്ചുനാൾ കഴിയുമ്പോഴേക്കും പേരൊക്കെ മറന്നു പോകുന്നതുകൊണ്ട് ഓർക്കാൻ എളുപ്പത്തിന് അസുഖങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇപ്പൊ നമ്പർ സൂക്ഷിക്കുന്നത്. അങ്ങനെ സൈന സൈറ്റിസ്കാരൻ സൈനുവായും ബാലൻസ് പ്രോബ്ലം ഉള്ള രോഗി ബാലനായും (അതിൽ തന്നെ ന്യൂ ബാലൻ, ഓൾഡ് ബാലൻ, വെറും ബാലൻ, ബാലൻ 1,2,3 പോലെ ഉപവിഭാഗങ്ങളും) ഒക്കെ ഫോണിലുണ്ടാവും...

കഴിഞ്ഞദിവസം ഭാര്യ..' ആരാ ഈ ഹേമ.. നിങ്ങളുടെ ഫോണിൽ രണ്ടുമൂന്ന് മിസ്കോൾ കണ്ടല്ലോ..' ആരാണിപ്പം ഈ ഹേമ??. ഓർമ്മ കിട്ടുന്നില്ല.. "ആ, അറിയില്ലല്ലോ.." തുളുമ്പിയ നിഷ്കളങ്കത ലേശം കൂടിപ്പോയോ ആവോ.. "അറിഞ്ഞുകൂടാത്ത ഒരാളുടെ ഫോൺ നമ്പർ പിന്നെങ്ങനാ പേര് സഹിതം നിങ്ങടെ ഫോണിൽ വന്നേ... നേരത്തെയും വിളിച്ചിട്ടുള്ളതായിട്ട് കോൾ ഹിസ്റ്ററി കാണുന്നുണ്ടല്ലോ.." ഇന്ന് ഞാൻ തന്നെ റെഡിയാക്കി തരാം കേട്ടോ എന്ന ഭാവേന ഭാര്യ മുന്നിൽ തന്നെ ഫോണും പിടിച്ച് നില ഉറപ്പിച്ചു.

ഞാൻ വീണ്ടും ആലോചിച്ചു.. എൽകെജി മുതൽ മെഡിസിൻ വരെ കൂടെ പഠിച്ച പെൺകുട്ടികളുടെ മുഖം ഒരു മിന്നായം പോലെ മനസ്സിലൂടെ കേറിയിറങ്ങി. ഇല്ല.. അതിലൊന്നും ഹേമ ഇല്ല... എനിക്ക് ആകെ അറിയാവുന്ന ഹേമ ഒരു 'ഹേമമാലിനി'യാണ് കേട്ടോ എന്ന് ചളി വാരി എറിഞ്ഞാലോ എന്ന് തോന്നിയെങ്കിലും ഉള്ളിൽ കിടന്ന് അന്തരാത്മാവ് 'പരലോകത്ത് ഒക്കെ ഇപ്പോ നല്ല സീനാണ് കേട്ടോ' എന്ന മുന്നറിയിപ്പ് തന്നത് കൊണ്ട് ഒന്നും മിണുങ്ങാതെ ഭാര്യയുടെ കൈയ്യിൽ നിന്ന് ഫോൺ മേടിച്ചു നോക്കി..

ഹെമച്ചൂറിയ (Hematuria.. മൂത്രത്തിലൂടെ ചോര പോകുന്ന അവസ്ഥ) ഉണ്ടായിരുന്ന ഒരു രോഗിയുടെ നമ്പർ ആണ്. നമ്പർ ഓർക്കാനുള്ള എളുപ്പത്തിന് അസുഖത്തിന്റെ ആദ്യ അക്ഷരങ്ങളായ 'Hema' എന്ന് സ്റ്റോർ ചെയ്തിരിക്കുകയായിരുന്നു. മലയാളത്തിലായപ്പോ ഹെമ, 'ഹേമ' യായിപോയതാണ്!! എന്തായാലും ബാലനേയും സൈനുവിനെയും ഒക്കെ കാട്ടികൊടുത്ത് ഭാര്യയെ ഒരു വിധം കാര്യം പറഞ്ഞ്  മനസ്സിലാക്കി. ഇല്ലേൽ നാഭിക്ക് നല്ല തൊഴി കിട്ടിയിട്ട്, ഹെമച്ചൂറിയയായി വേറെ ഏതേലും ഡോക്ടർമാരുടെ ഫോണിൽ  'ഹേമ' യായി ഞാൻ ഇരുന്നേനെ...!!!

English Summary:

Malayalam Short Story ' Hema ' Written by Dr. Anoop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com