ആഗ്രഹിച്ച ജോലി, പെൺകുട്ടി... എല്ലാം ഇപ്പോൾ കൂടെ പഠിച്ചവൻ സ്വന്തമാക്കി; ഹൃദയം തകർന്ന് യുവാവ്
Mail This Article
“തിരുമേനിക്കെന്നെ മനസിലായില്ല, അല്ലെ?” ശ്രീലകത്തു നിന്നും ആ ശബ്ദം വന്നപ്പോൾ അപ്പുണ്ണി എന്ന് വിളിപ്പേരുള്ള ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒന്ന് ഞെട്ടി. രണ്ടാമതൊരു ഞെട്ടൽ ബാക്കിയുണ്ട് എന്നറിയാതെ. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ദീപാരാധന കഴിഞ്ഞു ഭക്തജനങ്ങൾ ഒഴിഞ്ഞുപോയിരിക്കുന്നു. കുന്നിൻമുകളിൽ ആ കുഞ്ഞമ്പലം പ്രശാന്തമായ ഒരു ദീപ്തിയെ ചൂടിനിന്നു. മഹാനഗരത്തിന്റെ തിരക്കിൽ നിന്നൊട്ടുമാറി തത്വമസി എന്ന് ഉദ്ബോധിപ്പിക്കുന്ന ഒരു വിളക്കിട്ട വിളംബരത്തിലേക്കു ഷർട്ടും പാന്റ്സും ധരിച്ചു പടികൾ ചവിട്ടുമ്പോൾ ശീലബലം കൊണ്ടാവണം ഉണ്ണികൃഷ്ണൻ പടികൾ എണ്ണി. നടന്നു കയറുന്നതു ഒരു ഇന്റർവ്യൂവിലേക്കാണെന്നു സങ്കൽപിച്ചുംകൊണ്ടു.
അതു നീതന്നെയാകുന്നു എന്നാണ് ഏതു ഉദ്യോഗാർഥിയും കേൾക്കാൻ ആഗ്രഹിക്കുന്ന തത്വമസി. ഒന്നോർത്തു നോക്കു: കാടായ കാടും മേടായ മേടും കുളയട്ടകളും താണ്ടി വൈതരണികൾ പലതും പലകുറി കടന്നു കർമസഞ്ചയികയുടെ ഇരുമുടിക്കെട്ടുമായി സത്യമായ പൊന്നുപതിനെട്ടാംപടിയും ചവുട്ടി മുകളിൽ ചെല്ലുമ്പോൾ അയ്യപ്പൻ ലളിതമായ ഒരു പുഞ്ചിരിയിൽ കാര്യം പറയുന്നു: എന്താണോ നീ ഇത്രനാളും തേടിയത് അത് നീതന്നെയാകുന്നു. നിന്നെത്തന്നെയാകുന്നു. നല്ല തമാശ!
എന്നാൽ പരീക്ഷകൾ പലതുമെഴുതി, പലതും എന്നുവെച്ചാൽ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഒട്ടുമിക്കതും, അഭിമുഖ പരീക്ഷകൾ പലതും താണ്ടി കടമ്പകൾ അനവധി കടന്നു റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുമെന്നാകുമ്പോൾ സംവരണതത്വങ്ങൾ തത്വമസിയുടെ കൊരവള്ളിയിൽ നഖരങ്ങളാഴ്ത്തി ദംഷ്ട്രകൾ കൊണ്ട് രുധിരപാനത്തിനു മുതിരുന്ന…
“തിരുമേനി തീർഥം…” ശ്രീലകത്തെ സുദീപ്തമായ ഇരുട്ടിൽ നിന്നും പ്രത്യക്ഷപ്പെട്ട സുസ്മേരവദമായ മുഖം ഉണ്ണികൃഷ്ണൻ തിരിച്ചറിഞ്ഞത് തീർഥം സ്വാംശീകരിച്ചു കഴിഞ്ഞപ്പോഴാണ്. അടുത്തു, സ്കൂളിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച – തലകറങ്ങാതിരിക്കാൻ മണ്ഡപത്തിലെ തൂണിൽ കൈപിടിച്ച് മറുകൈ കൊണ്ട് പ്രസാദവും സ്വയമറിയാതെ വാങ്ങി – കള്ളുചെത്തുകാരൻ തങ്കന്റെ മകൻ… സുമേഷ്. പിന്നെ നടന്നതെല്ലാം അക്ഷരാർഥത്തിൽ സ്വപ്നതുല്യമാണ്:
“ഉണ്ണികൃഷ്ണൻ ഇവിടെ...?” “ഓ… ഒരു ഇന്റർവ്യൂവിന് വന്നതാണ്…” “എന്നിട്ടു എന്തായി...?” “അറിയിക്കാം എന്നവർ പറഞ്ഞിട്ടുണ്ട്…” “നന്നായി.. നാട്ടിൽ എന്തുണ്ട് വിശേഷം…? അമ്പലത്തിൽ ഇപ്പോൾ ആരാ ശാന്തി?” “വടക്കുനിന്നുള്ള ആരോ ആണ്... ഞങ്ങൾ അല്ല…” “വേളിയൊക്കെ?” കൂടുതൽ എന്തെങ്കിലും പറയാനുള്ള ത്രാണി അപ്പുണ്ണിക്ക് ഉണ്ടായിരുന്നില്ല. എന്തൊക്കെയോ മൊഴിഞ്ഞു ധൃതിയിൽ അമ്പലപ്പടവിറങ്ങുമ്പോൾ കയറിവന്ന പെൺകുട്ടിയെ കണ്ടു നല്ല മുഖപരിചയം. ഭഗവതിയുടെ ഐശ്വര്യം പ്രസരിക്കുന്ന പ്രസാദാത്മകത്വം.
“ചേട്ടന് എന്നെ മനസ്സിലായോ…?” “ഇല്ല... പക്ഷെ…” “ഞാൻ നിങ്ങളുടെ ജൂനിയർ ആയിരുന്നു പ്ലസ് ടു…” “സ്മിത…! രതീഷിന്റെ സിസ്റ്റർ അല്ലേ?” “പേരൊക്കെ ഓർമയുണ്ടല്ലേ…” “രതീഷ്…?” “ചേട്ടൻ കാനഡക്കു പോയി...” “ഓ.. സൂപ്പർ… ഓടി ചെന്നോളൂ, നട അടക്കാറായിട്ടുണ്ട്..” കൂടുതൽ ഒന്നും പറയാതെ പടവിറങ്ങാൻ ഭാവിക്കുമ്പോൾ… “സുമേഷേട്ടൻ ഞാൻ ചെന്നിട്ടെ നട അടയ്ക്കു…” കെട്ടുതാലിയിൽ പിടിച്ചു തന്നെയാണോ അവളതു പറഞ്ഞത്? അതോ തോന്നിയതാണോ? അറിയില്ല. അറിയണമെന്നില്ല…