സത്യങ്ങള് അവൾ അറിയരുതെന്ന് അമ്മാവൻ; സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കേണ്ടി വന്നത് നിവൃത്തികേടു കൊണ്ട്...
Mail This Article
"എന്റെ പ്രിയപ്പെട്ടവന്," ഒരിക്കൽ പോലും ഏട്ടനെ ചതിക്കണം എന്ന് ഞാൻ വിചാരിച്ചിട്ടില്ല, വേദനിപ്പിക്കണം എന്നും ഞാൻ കരുതിയിട്ടില്ല എന്നിട്ടും എത്ര ശ്രമിച്ചിട്ടും എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കുറച്ചു നാളായുള്ള ഏട്ടന്റെ മൗനം എന്നെ ആകെ ഭ്രാന്ത് പിടിപ്പിക്കുന്നു. ഈ ഒഴിഞ്ഞു മാറൽ ആണെങ്കിൽ വേദനയാകുന്നു. പ്രിയപ്പെട്ടവനെ, ഇനി ഒരുപക്ഷേ എന്റെ മരണമായിരിക്കും നിങ്ങൾക്ക് സന്തോഷമെങ്കിൽ അതിന് ഞാൻ തയാറാണ്. പക്ഷേ എന്റെ മരണം ഏട്ടനെ വേദനിപ്പിച്ചാലോ? അത്ര ഇഷ്ടമായിരുന്നല്ലോ എന്നെ! ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടല്ലോ. എന്നെ കാണണമെന്ന് ഒരു വാക്ക് പറഞ്ഞാൽ ഞാൻ ആ അരികിൽ തന്നെ ഉണ്ടാവും. അതുപോലെ ഒരിക്കലും എന്നെ കാണരുത് എന്ന് ആഗ്രഹിച്ചാൽ ഞാൻ പിന്നെ തേടി ഒരിക്കലും വരികയില്ല. പണ്ട് ഏട്ടൻ എന്നോട് പറഞ്ഞ വാക്കുകൾ ഇവിടെ ഞാനും ആവർത്തിക്കുന്നു. എനിക്ക് മറക്കാൻ കഴിയില്ല. എനിക്ക് പ്രധാനം എന്നും ഏട്ടന്റെ ഇഷ്ടമാണ്. അത് എന്റെ ആഗ്രഹത്തെക്കാളും വലുതാണ്. ഇങ്ങനെയൊക്കെ ആയിട്ടും എന്നെ എന്തിനു വെറുക്കുന്നു. നിങ്ങൾ എനിക്ക് വെറുമൊരു കാമുകൻ ആയിരുന്നില്ല. എന്റെ പ്രാണൻ ആയിരുന്നു. എത്രയും വേഗം എനിക്ക് കണ്ടേ പറ്റൂ..."
എന്ന്
ഏട്ടന്റെ സിന്ധു.
മേശപ്പുറത്ത് ഇരുന്ന കത്ത് വായിച്ചുകഴിഞ്ഞപ്പോൾ അശോകൻ അറിയാതെ ഒന്നു തേങ്ങി പോയി. സിന്ധു തന്റെയെല്ലാമാണ്. ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ നിരവധിയാണ്. പക്ഷേ ഇപ്പോൾ താൻ കാണിക്കുന്ന മൗനം അവളുടെ നന്മയ്ക്കുവേണ്ടിയാണ്.. അതൊന്നും അവളെ പറഞ്ഞറിയിക്കാൻ ഇനിയൊരിക്കലും സാധിക്കില്ല. സ്ഥിരമായ ജോലിയും കൂലിയും ഇല്ലാത്ത ഒരുവൻ ഒരിക്കൽ പോലും ആഗ്രഹിക്കാവുന്നതിലുമപ്പുറമാണ് സിന്ധു എന്ന മുറപ്പെണ്ണ്. പക്ഷേ കൃത്രിമമായി മെനഞ്ഞെടുത്ത തന്റെ ഈ നിശബ്ദത അവൾ വല്ലാതെ തെറ്റിദ്ധരിക്കുന്നു. സാരമില്ല, അത് അങ്ങനെതന്നെ ഇരിക്കട്ടെ. അമ്മാവന്റെ തീരുമാനം അമ്മയോട് തുറന്നു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരിക്കലും അദ്ദേഹത്തിന് സ്വന്തം മകളെ ദാരിദ്ര്യം പിടിച്ച പെങ്ങളുടെ വേല ഇല്ലാത്ത മകന് നൽകാൻ താൽപര്യമില്ല എന്നത് വളച്ചു കെട്ടലില്ലാതെ തന്നെ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. ഇനിയും എന്തിന് ആ കിട്ടാത്ത ജീവിതം വെറുതെ താൻ ആഗ്രഹിക്കണം. അവൾ രക്ഷപെടട്ടെ. തന്റെ ഈ പെട്ടെന്നുള്ള അകൽച്ച അവൾ തൽക്കാലം ഒരു തേപ്പ് ആയി തന്നെ വ്യാഖ്യാനിക്കട്ടെ. അത് അവളുടെ മാത്രം തെറ്റല്ലല്ലോ. പെട്ടെന്നുള്ള തന്റെ മാറ്റം അത്ര പെട്ടെന്ന് അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു കാണില്ല. അത് പതിയെ ശരിയാകും. ഇനി അത് ഒരിക്കലും താനായിട്ട് തിരുത്താൻ നിൽക്കണ്ട.
അശോകന്റെ ചിന്തകൾ കാട് കയറിയിറങ്ങി ഒരുപാട് പാതകൾ താണ്ടി. നാളുകൾ കടന്നു പോയി. അശോകന്റെ മുടിയിഴകളിൽ നര പാകി, കഥകൾ കാലത്തോടൊപ്പം തന്നെ ഒരുപാട് മാറി. അപ്പോഴും ജീവിതം ആരോടും യാതൊരു പരിഭവവും ഇല്ലാതെ മുൻപോട്ടു നീങ്ങി കൊണ്ടിരുന്നു. ഇതിനിടയിൽ സിന്ധുവിനെ പറ്റിയുള്ള ചിന്തകൾ വല്ലപ്പോഴും മാത്രം വിരുന്നു വരുന്ന പഴയ ഓർമ്മകൾ ആയി മാറി. അവൾ തന്നെ തേടി വരുമ്പോൾ എല്ലാം എന്തിനോ താൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. പിന്നീട് അവൾ വരാതെയായി. എന്നിട്ടും വളരെ നാളുകൾക്കു ശേഷം ഇന്ന് വൈകിട്ട് സിന്ധുവിനെ അമ്പലത്തിൽ വച്ചു വീണ്ടും കണ്ടുമുട്ടി. എതിരെ വന്ന അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു. യാതൊരു സങ്കോചവും ഇല്ലാതെ അവൾ നല്ലൊരു ചിരി തിരിച്ചും നൽകി. അവളോടൊപ്പം ഭർത്താവും കുട്ടികളും ഉണ്ടായിരുന്നു. എന്നെങ്കിലും താൻ നിരപരാധി ആണെന്ന് അവൾ അറിയുമെന്നും, ഒരു തവണ സ്നേഹത്തോടെ രണ്ടു വാക്ക് സംസാരിക്കാൻ അവൾ വിളിക്കുമെന്നും കരുതി. പക്ഷെ അത് സംഭവിച്ചില്ല. അമ്മാവൻ മരിക്കുന്നത് വരെയും കഴിഞ്ഞതൊന്നും സിന്ധു അറിയരുത് എന്ന് അമ്മയും തന്നോട് പറഞ്ഞിരുന്നു.
അവസാന നാളുകളിൽ അദ്ദേഹം പ്രായശ്ചിത്തം എന്നോണം അമ്മയ്ക്ക് അഞ്ചു സെന്റ് ഭൂമി നൽകി. എങ്കിലും സ്വന്തം മകളുടെ മുൻപിൽ അദ്ദേഹം വളരെ നല്ലവൻ ആയി തന്നെ ജീവിച്ചു മരിച്ചു. ഒരിക്കലും തന്നെ പിരിയില്ല എന്ന് പറഞ്ഞ തന്റെ മുറപ്പെണ്ണ് ഇതാ ഭർത്താവിനോടും അവളുടെ രണ്ടു കുഞ്ഞുങ്ങളോടുമൊപ്പം അമ്പലത്തിൽ നിന്നും ഒരു യാത്ര പോലും പറയാതെ വെളിയിലേക്ക് നടന്നു നീങ്ങുന്നു. അവൾ സന്തോഷവതിയാണ്, ആ മുഖം കൂടുതൽ സുന്ദരമായിരിക്കുന്നു. കണ്ണുകളിൽ പ്രകാശം എറിയിരിക്കുന്നു. അവളുടെ മുൻപിൽ ഇപ്പോഴും തന്റെ വേഷം വെറുമൊരു വഞ്ചകന്റേതായിരിക്കാം. അവൾ എല്ലാം മറന്നു കഴിഞ്ഞു. സത്യത്തിൽ മനുഷ്യർക്ക് ഉണ്ടാകുന്ന ഈ മറവി നല്ലതാണ്. നന്മകൾക്ക് വേണ്ടിയാണെങ്കിൽ മറവി കൂടുതൽ നല്ലതാണ്. എന്നാലും എങ്ങനെ സിന്ധു മാറിപ്പോയി എന്നും, തന്നെ മറക്കാൻ കഴിഞ്ഞു എന്നും ഇതുവരെ മനസ്സിലായിട്ടില്ല പിന്നെ അതൊന്നും മനസ്സിലാക്കുവാൻ ഇപ്പോൾ എന്തോ ആഗ്രഹവുമില്ല. അശോകൻ അമ്പലത്തിൽ നിന്നും പുറത്തിറങ്ങി.
കടയിൽ നിന്നും വാങ്ങിയ പലചരക്കു സാധനങ്ങളുമായി വീട്ടിലേക്ക് നടന്നു. അവിടെ തന്നെ കാത്തിരിക്കാൻ അമ്മയും ഭാര്യയും തന്റെ പ്രിയപ്പെട്ട ഒരേ ഒരു മകളുമുണ്ട്. ഒന്നില്ലെങ്കിൽ അച്ഛന്റെ തീരുമാനം ശരിയായിരുന്നു എന്ന് സിന്ധു വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു കാണും. അല്ലെങ്കിൽ വഞ്ചകനായ കാമുകനോട് തോന്നിയ പുച്ഛം ആയിരിക്കും തനിക്ക് സമ്മാനിച്ച ആ സന്തോഷം നിറഞ്ഞ പുഞ്ചിരി. പക്ഷേ ആ സമ്മാനം മനസിലെ ശേഷിച്ച കുറ്റബോധത്തെയും പൂർണമായും ഇല്ലാതാക്കിയിരിക്കുന്നു. ഇനി ശേഷിക്കുന്ന ഓർമ്മകൾ കൂടെ ഇല്ലാതാവട്ടെ. വീണ്ടും അവളെ ഒരിക്കലും കാണാതിരിക്കട്ടെ. ആകാശം നിറയെ മഴക്കാറ് കണ്ട അശോകൻ ധൃതിയിൽ വീട്ടിലേക്ക് നടന്നു.