ADVERTISEMENT

"മുരൻ, നിങ്ങൾ വലിയ ഭാഗ്യവാനാണ്". മറൈൻ ഡ്രൈവിലെ നടപ്പാതയിലൂടെ ഒന്നിച്ചു നടക്കുമ്പോൾ ശ്രീലങ്കക്കാരിയായ അമന്തി എന്ന അമ പറഞ്ഞു. "അമന്തി - സമാധാനത്തിന്റെ സംരക്ഷക എന്നാണ് ആ പേരിന്റെ അർഥം, എന്നിട്ട് എന്റെ  ജീവിതത്തിന് ഒരിക്കലെങ്കിലും സമാധാനം ലഭിച്ചോ?" "അമ ജീവിതം ചിലപ്പോൾ അങ്ങനെയാണ്, ഒരുപക്ഷെ ഇത്രയൊക്കെയേ അനുഭവിച്ചുള്ളൂ എന്ന് സമാധാനിക്കാം. നമ്മളെക്കാൾ ക്രൂരമെന്ന് കരുതുന്ന ജീവിതത്തിലൂടെ ഒരുപാടുപേർ കടന്നുപോകുന്നില്ലേ?" "നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ മുരൻ" നേരെ മുന്നിലേക്ക് കയറിനിന്ന് അമ ചോദിച്ചു. ആരൊക്കെയാണ് എന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്നത് എന്നെനിക്കറിയില്ല, ഇന്ത്യയിലെയും ശ്രീലങ്കയിലെയും രഹസ്യാന്വേഷകരാകാം, രണ്ടു രാജ്യത്തെയും വിവിധ സംഘടനാംഗങ്ങൾ ആകാം. എനിക്കാരുമായും ബന്ധമില്ല, എന്നാൽ അവർ എന്നെ എല്ലാതുമായി ബന്ധിപ്പിക്കുന്നു, അല്ലെങ്കിൽ അതിനായി ശ്രമിക്കുന്നു. 

ശരിയായ തെളിവ് കിട്ടിക്കാണില്ല, അല്ലെങ്കിൽ കൊച്ചിയിൽ ഒരു ബാർടെൻഡർ ആയ എന്നെ എന്നേ അവർ പൊക്കിയേനെ, നിങ്ങൾ പോലും അവരുടെ അന്വേഷണനിഴലിൽ ആകാം. ഗൾഫിൽ ജോലിസ്ഥലത്ത് ബോസ്കോ നിങ്ങളുടെ സന്തതസഹചാരിയായിരുന്നല്ലോ. ഞങ്ങളുടെ ബാല്യകാലത്ത് അനാഥരായ കുട്ടികൾ മാത്രമായിരുന്നു ചുറ്റും. ആഭ്യന്തരയുദ്ധങ്ങൾ മുതിർന്നവർ എല്ലാവരെയും കൊന്നൊടുക്കി. അവരൊക്കെ ആരായിരുന്നു എന്തിനുവേണ്ടി നിലകൊണ്ടു എന്ന് നോക്കിയല്ല ആ അനാഥാലയത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. രണ്ടുപേരുടെയും കണ്ണുകളിൽ കണ്ണുനീരിന്റെ പാടുകൾ എത്ര തുടച്ചുകളഞ്ഞിട്ടും മാഞ്ഞുപോയിരുന്നില്ല. ഞങ്ങളുടെ മാതാപിതാക്കളെ ഇനിയൊരിക്കലും കാണില്ലെന്ന് ഉറപ്പായിരുന്നു, എന്നിട്ടും അവർ വരുമെന്ന് കുഞ്ഞുങ്ങളായ ഞങ്ങൾ കൊതിച്ചു. 

കടൽത്തീരത്തായിരുന്നു ആ അനാഥാലയം. എല്ലാവരെയും സ്വതന്ത്രമായി വിടുക എന്നതായിരുന്നു, ഞങ്ങളുടെ മനസ്സിലെ മുറിവുകൾ ഉണക്കാൻ അവിടത്തെ അധികാരി കണ്ടെത്തിയ രീതി. വൈകുന്നേരങ്ങളിൽ ഒരു പാറയുടെ രണ്ടുവശത്തുമായി ഞങ്ങൾ ഇരിക്കുമായിരുന്നു. ഒരിക്കൽ ഒരു വലിയ തിരയിൽ ഞാൻ വീണുപോയി, ബോസ്കോ പാഞ്ഞുവന്നു എന്നെ കോരിയെടുത്തു. പിന്നെ കരയുമ്പോൾ കവിളുകളിൽ ഉമ്മ തന്നു എന്റെ കണ്ണുനീർ ഉണക്കി. ഞങ്ങൾ ഒന്നിച്ചു വളർന്നു, വലുതായി. പഠിച്ചു, നല്ല നിലയിൽ ജയിച്ചു. ശ്രീലങ്കയിൽ നിന്ന് വിമാനം കയറുമ്പോൾ ബോസ്കോ ഒന്നേ പറഞ്ഞുള്ളൂ, കാത്തിരിക്കണം. എന്തുതന്നെ സംഭവിച്ചാലും ഞാൻ വരും, നിന്നെ സ്വന്തമാക്കും, നമ്മൾ ഒരുമിച്ചു ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കും. ബോസ്കോ വിളിക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന അണ്ണന്റെ ശബ്ദം ഞാൻ കേൾക്കുമായിരുന്നു. ബോസ്കോ അണ്ണനെക്കുറിച്ചു എല്ലാം പറഞ്ഞിട്ടുണ്ട്. ഞാൻ കാണാത്ത എന്റെ അണ്ണൻ. 

ഞങ്ങളുടെ വിവാഹത്തിനായാണ് ബോസ്കോ ശ്രീലങ്കയിലേക്ക് വന്നത്. എനിക്കായി അണ്ണൻ തന്ന സമ്മാനം - ആ കല്ലുമാല - അതിന്നും കഴുത്തിലുണ്ട്. വിവാഹത്തലേന്ന് ഞങ്ങൾ കടൽത്തീരത്തെ ഞങ്ങളുടെ ആ പഴയ പാറക്കെട്ടിൽ ഇരിക്കുകയായിരുന്നു. ബോസ്കോ അണ്ണൻ തന്ന കല്ലുമാല എന്റെ കഴുത്തിൽ അണിയിച്ചു തന്നു. പെട്ടെന്നാണ് കടൽ മാറിയത്. കടൽ ഒരു മലപോലെ ഞങ്ങളിലേക്ക് ആർത്തലച്ചു വന്നു. അന്നാണ് സുനാമിയുണ്ടായത്. ഞങ്ങളെ ചേർത്ത പാറക്കെട്ടുതന്നെ ഞങ്ങളെ പിരിച്ചു. മൂന്ന് ദിവസം കഴിഞ്ഞാണ് ബോസ്‌കോയുടെ മൃതദേഹം കണ്ടെത്തിയത്. എന്നിൽ കണ്ണുനീർ ഇല്ലായിരുന്നു. ഞാൻ ബോധരഹിതയായി നിലംപതിച്ചു. ജീവിക്കണം എന്നില്ലായിരുന്നു. എന്നിട്ടും ജീവിച്ചു. അതിജീവനമാണല്ലോ ജീവിതത്തിന്റെ പരീക്ഷണകാലം. എത്രയെത്ര അതിജീവനങ്ങൾ. ഏതോ ഒരു ശക്തി മുന്നോട്ട് നയിച്ചു. 

ശ്രീലങ്കയിലെ ഒരു ഉന്നത ഹോട്ടലിൽ ബാർടെൻഡർ ആയി. ഉത്സാഹിയായ എന്നെ എല്ലാവർക്കും  ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഇന്ത്യയിലെ ബിസിനെസ്സ്കാരനായ ക്രിസ്റ്റഫർ ഡിക്കോസ്റ്റയെ പരിചയപ്പെടുന്നത്. ക്രമേണ അയാളിൽ ഞാൻ ഒരു രക്ഷകനെ കണ്ടെത്തി. കൊച്ചിയിലും ഗോവയിലും ആയിരുന്നു ക്രിസ്റ്റഫറിന് ബിസിനെസ്സ്, എന്ത് എന്ന് ഞാൻ ചോദിച്ചില്ല. കൊച്ചിയിൽ ആയിരുന്നു ഞങ്ങളുടെ താമസം. ക്രമേണ ബിസിനെസ്സ് പഠിക്കാൻ എന്നോടും ആവശ്യപ്പെട്ടു. ബാർടെൻഡർ ആയിത്തന്നെ ഞാൻ തുടങ്ങി. അപ്പോഴാണ് ശരിയായ ബിസിനെസ്സ് ഞാൻ തിരിച്ചറിയുന്നത്. എന്റെ കൗണ്ടറിന്റെ മുന്നിൽ ആയിരുന്നു പ്രധാന കൈമാറ്റ കേന്ദ്രം. കച്ചവടങ്ങൾ എന്റെ നിരീക്ഷണത്തിൽ ആണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായിരുന്നു അത് എന്ന് പിന്നീട് ആണ് എനിക്ക് മനസ്സിലായത്. 

എന്നാൽ ഈ കച്ചവടങ്ങളിലെ കുടിപ്പക ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ഒരു രാത്രി ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ആക്രമിക്കപ്പെട്ടു. ക്രിസ്റ്റഫർ മരിക്കും എന്നുറപ്പാക്കിയാണവർ പോയത്. ഞാനയാളെ വാരിയെടുത്തു ആശുപത്രിയിലേക്ക് പാഞ്ഞു. ക്രിസ്റ്റഫർ മരിച്ചെന്ന് വാർത്ത പരന്നു. ക്രിസ്റ്റഫറിന്റെ സുഹൃത്തുക്കൾ തെരുവിൽ മരിച്ച ഒരാളുടെ മൃതദേഹം ഔദ്യോഗികമായി എല്ലാവരും കാൺകെ സംസ്കരിച്ചു. വെട്ടിക്കൂട്ടിയ മുഖം മറച്ചുകെട്ടിയിരുന്നു. ക്രിസ്റ്റഫർ ഇന്നും ഞങ്ങളുടെ വീടിന്റെ മുകൾത്തട്ടിൽ ജീവിച്ചിരിപ്പുണ്ട്. എന്നാൽ അവന് കട്ടിലിൽ നിന്ന് അനങ്ങാനാവില്ല. മരിക്കാൻ കിടക്കുന്നവന്റെ പ്രതികാരം അറിയാമല്ലോ. അവന്റെ സുഹൃത്തുക്കൾക്ക് ഒരു നേതാവ് വേണമായിരുന്നു. എല്ലാവരെയും ചേർത്തുനിർത്താൻ അവർ കണ്ടെത്തിയ നേതാവാണ് അണ്ണന്റെ മുന്നിൽ നിൽക്കുന്നത്. ഈ നഗരത്തിൽ എനിക്ക് ഒരു പേരേയുള്ളൂ, മിസിസ് ഡിക്കോസ്റ്റ.

ഞാനിപ്പോൾ ഈ കൊച്ചിയുടെ രാജ്ഞിയാണ്. അധികം ദൂരെയല്ലാതെ എന്നെ പിന്തുടരുന്ന എന്റെ അംഗരക്ഷകരെ എനിക്കറിയാം. എന്നാൽ അവരുടെയെല്ലാം നിഴലായി അല്ലെങ്കിൽ കുറച്ചുദൂരെ ഒരവസരം കാത്ത് എതിരാളികളുടെ കിങ്കരന്മാരും ഉണ്ടാകാം. ഇന്നലെ ബോസ്‌കോയുടെ ഓർമ്മദിവസമായിരുന്നു. ഇന്നലെയാണ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന അവന്റെ ചിത്രത്തിന് പിറകിൽ അണ്ണന്റെ ഇന്ത്യയിലെ നമ്പർ കണ്ടത്. കണ്ടതും എനിക്ക് വിളിക്കണമെന്ന് തോന്നി. "അണ്ണാ, ഞാൻ അമ, അമന്തി, ബോസ്കോവുടെ പെണ്ണ്, ജ്ഞാപകം ഇരുക്കാ" എന്ന് ഇന്നലെ ഫോണിൽ കേട്ടപ്പോൾ നെഞ്ചു തകർന്നുപോയിരുന്നു. ഒന്ന് കാണണമെന്ന് തോന്നി. അണ്ണനെ ആരും ഉപദ്രവിക്കില്ല, ഞാനറിയാതെ തന്നെ എന്റെ രക്ഷകരും, ശത്രുക്കളും അണ്ണന്റെ മുഴുവൻ വിവരങ്ങളും ഇതിനകം ശേഖരിച്ചിരിക്കും. കച്ചവടവുമായി ബന്ധപ്പെട്ട ആളല്ല എന്നറിഞ്ഞാൽ അവർ വിട്ടുകളയും.

നിനക്ക് രക്ഷപെട്ടുകൂടെ എന്നൊന്നും ചോദിക്കണ്ട. ഇതിൽ നിന്നൊരു മോചനമില്ല, ഈ നഗരത്തിന്റെ രാജ്ഞിയായിരിക്കാനുള്ള കൊതികൊണ്ടല്ല, അങ്ങനെയാണെങ്കിൽ മാത്രമേ എനിക്ക് ജീവനോടെ ഇരിക്കാനാവൂ, എത്രകാലം എന്നറിയില്ല. ഒന്നെനിക്കുറപ്പാണ്, ബോസ്കോ കെട്ടിത്തന്ന, അണ്ണൻ കൊടുത്ത കല്ലുമാല എന്റെ കഴുത്തിൽ കിടക്കുന്നോളം കാലം എനിക്കൊന്നും സംഭവിക്കില്ല, അതുറപ്പാണ്, ആ ഉറപ്പ് നഷ്ടമാവുമ്പോൾ, ഞാൻ അണ്ണനെത്തേടി വരും. പോകട്ടെ എന്ന് പറഞ്ഞു, അമ പെട്ടെന്ന് അപ്രത്യക്ഷയായി. 

വീടിന് പുറത്ത് അതിഥികൾ എത്തിയാൽ അടിക്കാനുള്ള മണിയടി കേട്ടാണ് അയാൾ ഉച്ചമയക്കത്തിൽ നിന്ന് ഉണർന്നത്. "ഒരു പാർസൽ ഉണ്ട് സാർ" പുറത്തു നിന്ന ആൾ പറഞ്ഞു. അയാളത് ഒപ്പിട്ടു വാങ്ങി. തുറന്നപ്പോൾ, ഒരു കല്ലുമാല. ഒപ്പം, ഒറ്റവരി, "പോകാനുള്ള സമയമായി, അമ". അയാൾ ടിവി ഓണാക്കി, ബ്രേക്കിംഗ് ന്യൂസ് ഓടുന്നു. നഗരത്തിൽ നടന്ന ഒരു വെടിവെപ്പിൽ, നഗരം അടക്കിവാണിരുന്ന അധോലോക രാജ്ഞി മിസ്സിസ് ഡിക്കോസ്റ്റ കൊല്ലപ്പെട്ടു. അവരുടെ യഥാർഥ പേര് ആർക്കുംതന്നെ അറിയില്ല. 

English Summary:

Malayalam Short Story ' Amanthi ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com