കല്യാണത്തിന് ഒരാഴ്ചയെയുള്ളൂ; 'പറ്റിയ അബദ്ധം ആരുമറിയരുത്, പ്രത്യേകിച്ച് ആ പെൺകുട്ടി...'
Mail This Article
ഒരേ കോളജിൽ ഒന്നിച്ചു പഠിച്ച ഉറ്റ സുഹൃത്തുക്കളായിരുന്നു ഗോകുലും കെവിനും. പഠിക്കുമ്പോൾതന്നെ പ്രണയകുരുക്കിൽ വീണ ഗോകുലിന്റെയും തനുവിന്‍റെയും വിവാഹം കോഴ്സ് കഴിഞ്ഞു ക്യാമ്പസിൽ നിന്ന് രണ്ടുപേർക്കും ജോലി കിട്ടി അധികം വൈകാതെ തന്നെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ആശീർവാദത്തോടെ എല്ലാവരും സഹകരിച്ച് പ്രത്യേകിച്ച് കെവിൻ ആണ് എല്ലാത്തിനും നേതൃത്വം കൊടുത്ത് നടത്തിക്കൊടുത്തത്. സമ്പന്നനും സുമുഖനും എല്ലാവരോടും നയത്തിൽ സംസാരിക്കാൻ പ്രത്യേക കഴിവുള്ള കെവിൻ ആണ് ഇരുകൂട്ടരുടെയും ബന്ധുക്കളെ പറഞ്ഞ് സമ്മതിപ്പിച്ച് അനുനയിപ്പിച്ച് വിവാഹത്തിൽ എത്തിച്ചു കൊടുത്തത്. ചെറിയ ചില സാമ്പത്തിക അന്തരങ്ങളും കുടുംബ മഹിമയുടെ പ്രശ്നങ്ങളും ഇരുവീട്ടുകാരും തമ്മിൽ ഉണ്ടായിരുന്നു. ഏതായാലും ഇരുപത്തി മൂന്നാമത്തെ വയസ്സിൽ തന്നെ രണ്ടുപേരും കെവിന്റെ സഹായത്തോടെ നല്ലൊരു കുടുംബ ജീവിതത്തിനു തുടക്കം കുറിച്ചു. ഇപ്പോൾ സന്തുഷ്ട ജീവിതം നയിക്കുന്ന അവർക്ക് രണ്ട് ആൺമക്കൾ ഉണ്ട്.
അഞ്ചുവർഷം.. കണ്ണടച്ചുതുറക്കുന്നതുപോലെ പോയി. അപ്പോഴാണ് അവരുടെ ഉറ്റ സുഹൃത്ത് കെവിന് കല്യാണം ഫിക്സ് ആയെന്നും പ്രവാസിയായ അവൻ കല്യാണത്തിന് വേണ്ടി മാത്രം നാട്ടിൽ വരുന്നു എന്ന വിവരവും കിട്ടിയത്. നീ നാട്ടിലേക്ക് എത്തിയാൽ മാത്രം മതി ബാക്കി എല്ലാ കാര്യങ്ങളും ഞങ്ങൾ നോക്കിക്കോളാം എന്ന ഉറപ്പ് അപ്പോൾ തന്നെ ഗോകുലും കുടുംബവും കൊടുത്തു. അന്നുതൊട്ട് കെവിന്റെ കല്യാണത്തിനു വേണ്ടിയുള്ള ഉത്സാഹത്തിലായിരുന്നു ഗോകുൽ. കൂടെ പഠിച്ച എല്ലാ സഹപാഠികളെയും കണ്ടെത്തി ക്ഷണിച്ചു. കല്യാണ തലേദിവസത്തെ പരിപാടി തൊട്ട് കെവിനേയും ബ്ലെസ്സിയേയും കല്യാണം കഴിപ്പിച്ച് മണിയറയിൽ കയറ്റുന്നത് വരെയുള്ള പരിപാടികൾ കൂട്ടുകാർ എല്ലാവരും ചേർന്ന് ആസൂത്രണം ചെയ്ത് ഇവന്റ് മാനേജ്മെന്റ്കാരെ ഏൽപ്പിച്ചു. കൂടെ പഠിച്ച പെൺകുട്ടികൾ ഒക്കെ പാട്ടും ഡാൻസും പ്രാക്ടീസ് തുടങ്ങി.
വിദേശത്തു നിന്ന് എത്തിയ കെവിനെ റിസീവ് ചെയ്യാൻ തന്നെ എയർപോർട്ടിൽ പത്ത് പന്ത്രണ്ട് പേർ ഉണ്ടായിരുന്നു. എല്ലാവരും ഒന്നുകൂടി പഴയ ആ നല്ല കോളജ് നാളുകളുടെ ഓർമ്മകളിലേക്ക് പോകാനുള്ള ഉത്സാഹത്തിലായിരുന്നു. കല്യാണം ഉറപ്പിക്കൽ, മനസ്സമ്മതം, മന്ത്രകോടി, സ്വർണം എടുക്കൽ.. ആ വക പരിപാടികളുമായി ബിസിയായിരുന്നു കെവിൻ. ആകെ ഉള്ള ലീവ് 50 ദിവസം. അതിനുള്ളിൽ എല്ലാ കാര്യവും മുറപോലെ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സിറ്റി ഹോസ്പിറ്റലിൽ നിന്ന് ഗോകുലിനെ തേടി ഒരു ഫോൺ കോൾ എത്തിയത്.
“ഒരു അപകടം പറ്റി കെവിൻ ആശുപത്രിയിലാണ്. നിങ്ങൾ കെവിന്റെ ഫ്രണ്ട് ആണോ? നിങ്ങളെ അറിയിക്കാനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്” എന്ന് പറഞ്ഞ് ഉള്ള ഒരു നഴ്സിന്‍റെ ഫോൺ കാൾ ആയിരുന്നു അത്. അവന്റെ അലറിക്കരച്ചിൽ ഫോണിലൂടെ കേൾക്കുകയും ചെയ്യാം. "ദൈവമേ!" ഗോകുൽ അപ്പോൾതന്നെ ഹാഫ് ഡേ ലീവ് പറഞ്ഞ് പറന്ന് ആശുപത്രിയിലെത്തി. മുഖം മുഴുവൻ ചോരയൊലിപ്പിച്ച് വെളുത്ത ഷർട്ട് മുഴുവൻ ചോര വീണു ഏകദേശം പിങ്ക് കളർ ആയി കരഞ്ഞു കൊണ്ടിരിക്കുകയാണ് കെവിൻ. നഴ്സ് പറഞ്ഞു. "ഇയാൾ ആരോ ആയി അടിപിടി ഉണ്ടാക്കി തല പൊട്ടി ആണ് ചോര വരുന്നത്. തലമുടി വടിച്ച് സ്റ്റിച്ച് ഇടണം എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല. അടി പിടി കേസ് ആണെങ്കിൽ ഞങ്ങൾക്ക് പൊലീസിൽ അറിയിക്കണം എന്നൊന്നും പറഞ്ഞിട്ട് ഇയാൾ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഞങ്ങൾ എന്ത് ചെയ്യണം എന്ന് നിങ്ങൾ തന്നെ പറയൂ. വീട്ടിലെ ഫോൺ നമ്പർ ചോദിച്ചപ്പോൾ അത് തരാൻ അയാൾ തയ്യാറല്ല. അവസാനം സുഹൃത്തായ നിങ്ങളുടെ നമ്പർ തന്നു. അതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്."
അടുത്ത ആഴ്ച ഇദ്ദേഹത്തിന്റെ കല്യാണമാണ്. തലമുടി വടിക്കാതെ സ്റ്റിച്ച് ഇടാൻ ആകുമോ എന്ന് ചോദിച്ചു ഗോകുൽ. കാരണം കല്യാണത്തിന് വീഡിയോഷൂട്ട്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഷൂട്ട് ഇതൊക്കെ നടക്കാനിരിക്കുന്നതേ ഉള്ളൂ. ഇപ്പോൾ സ്റ്റിച്ച് ഇട്ട് വേണ്ട ശുശ്രൂഷ ചെയ്തില്ലെങ്കിൽ ഇയാളുടെ ജീവൻ തന്നെ അപകടത്തിൽ ആകും. പിന്നെ തലമുടി അടക്കം സ്റ്റിച്ച് ഇടാനുള്ള വിദ്യ ഒന്നും ഞാൻ പഠിച്ചിട്ടില്ല. നിങ്ങൾ എന്റെ സമയം മിനക്കെടുത്താതെ വേറെ വല്ല ആശുപത്രിയിലും കൊണ്ടു പോകാമോ എന്ന് നഴ്സും. ചോര പോയാലും വിരോധമില്ല തന്റെ തല മൊട്ടയടിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് കെവിനും ഒറ്റക്കാലിൽ നിൽക്കുകയാണ്.
എന്തായാലും ഗോകുൽ കെവിനെ പറഞ്ഞു സമ്മതിപ്പിച്ച് നഴ്സിനോട് എത്രയും വേഗം ചികിത്സ തുടങ്ങി കൊള്ളാൻ പറഞ്ഞു. ഉടനെ തന്നെ കാഷ്വാലിറ്റിയിൽ നിന്ന് ബാർബർ ഓടിയെത്തി തലമുടി മുഴുവൻ വടിച്ചിറക്കി മൊട്ടയാക്കി, ആറേഴ് സ്റ്റിച്ച് ഇട്ടു നന്നായി ഡ്രസ്സ് ചെയ്തു വേണമെങ്കിൽ വീട്ടിൽ പൊയ്ക്കോളൂ, എന്ന് പറഞ്ഞെങ്കിലും കെവിന്റെ നിർബന്ധം കാരണം അവിടെ റൂമെടുത്തു അഡ്മിറ്റായി. കട്ടിൽ കണ്ടതും മരുന്നിന്റെ സെഡേഷൻ കൊണ്ടാകും കെവിൻ ഉറങ്ങിയും പോയി. ഗോകുൽ സ്വന്തം വീട്ടിലും കെവിന്റെ വീട്ടിലും ഞങ്ങൾ കല്യാണം ക്ഷണിക്കാൻ ഒരു സഹപാഠിയുടെ വീട് അന്വേഷിച്ച് രണ്ടുപേരുംകൂടി പോവുകയാണ് ഇന്ന് വീട്ടിൽ എത്തില്ല എന്നും അറിയിച്ചു. വൈകുന്നേരം ഏഴുമണിയോടെ കെവിൻ കണ്ണുതുറന്നു. രണ്ടുപേരും ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് ഫുഡ് വരുത്തി കഴിച്ചു. സാവകാശം എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്.
എല്ലാ ദിവസവും ബ്ലെസിയും ആയി കെവിൻ ഔട്ടിംഗിന് പോകുന്ന പതിവ് തുടങ്ങിയിരുന്നു. അപ്പോഴപ്പോൾ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും വാട്സാപ്പിലെ സ്റ്റാറ്റസ് ആയും ഫെയ്സ്ബുക്ക് സ്റ്റോറിയിലും ഇൻസ്റ്റയിലും പോസ്റ്റ് ചെയ്യുകയും അവിടുന്ന് കിട്ടുന്ന ലൈക്കും കമന്റും എത്രയെന്ന് പരസ്പരം ചർച്ച ചെയ്ത് അങ്ങനെ… അർമാദിച്ചു നടക്കുകയായിരുന്നു രണ്ടുപേരുമത്രേ! മനസമ്മതം കൂടി കഴിഞ്ഞതുകൊണ്ട് വീട്ടുകാരുടെ അനുഗ്രഹത്തോടെ ആയിരുന്നു എല്ലാം. അപ്പോഴാണ് തന്റെ പ്രാണപ്രേയസി ഒരു ദിവസം കെവിനോട് പരാതി പറയുന്നത് തന്റെ വീടിന്റെ ഗേറ്റിനു പുറത്ത് റോഡ് പണിക്കായി കുറെ കല്ലു കൂട്ടിയിട്ടുണ്ട്. അവിടെ കുറച്ചു മാനസിക അസ്വാസ്ഥ്യം ഉള്ള ഒരാൾ വന്ന് ആ കല്ലിനു മുകളിൽ കയറിനിന്ന് തോട്ടം നനയ്ക്കുന്ന ബ്ലെസ്സിയെ നോക്കി ഓരോ ഗോഷ്ടികൾ കാണിക്കുന്നുവെന്ന്. അവഗണിച്ചാലും ‘ശൂ, ശൂ’ എന്ന് വിളിക്കുമത്രേ. ബ്ലെസ്സിയുടെ വീട്ടിലാണെങ്കിൽ ആണുങ്ങൾ ആരുമില്ല. അമ്മ മാത്രമേ ഉള്ളു. അച്ഛൻ ദുബായിലാണ്. ആങ്ങള പഠിക്കാനായി ബാംഗ്ലൂരിലും. കല്യാണത്തിന് ഒരാഴ്ച മുമ്പ് മാത്രമേ അവരെല്ലാവരും എത്തുകയുള്ളൂ.
തന്റെ മാത്രം സ്വന്തം ആയ കുണുവാവയെ ഒരുത്തൻ ഗോഷ്ടി കാണിക്കുന്നോ? രണ്ടു വർഷം ജിംനാസ്റ്റിക് ജേതാവായ താൻ അത് കേട്ട് മിണ്ടാതിരിക്കാനോ? രോഷാകുലനായി കെവിൻ പറഞ്ഞത്രേ അയാൾ ഇനി അവിടെ വന്നാൽ ഉടനെ തന്നെ അറിയിക്കണമെന്ന്. താടിയും മുടിയും നീട്ടി വളർത്തി ക്ഷീണിതനായ കുളിച്ചിട്ടും നനച്ചിട്ടും ഇല്ലാത്ത ആ ചെറുപ്പക്കാരൻ അവിടെനിന്ന് പതിവുപോലെ ബ്ലസിയെ 'ശൂ..ശൂ..' എന്ന് വിളിച്ചതും ബ്ലെസ്സി കെവിനെ ഫോൺ ചെയ്തു. ഞൊടിയിടയിൽ കെവിൻ കാറുമെടുത്ത് പാഞ്ഞ് ബ്ലെസിയുടെ വീട്ടിലെത്തി. ഗേറ്റ് തുറന്ന് കാർ അകത്തു കയറ്റിയിട്ട് കാറിൽ കരുതിയിരുന്ന ചൂരൽ വടിയുമായി പുറത്ത് ഇറങ്ങി. ബ്ലെസിയോട് അകത്തു കയറി പോയി വാതിലടച്ചു കൊള്ളാൻ പറഞ്ഞു പുറത്തിറങ്ങി ഗേറ്റും കുറ്റിയിട്ട് ഈ മനുഷ്യന്റെ അടുത്തേക്ക് ചെന്നു.
ചൂരൽ വടി എടുത്തു തല്ലുന്ന പോലെ ആംഗ്യം കാണിച്ചു 'പോ, പോ' എന്ന് പറഞ്ഞു. ഒന്ന് പേടിപ്പിക്കണം അത് മാത്രമേ കെവിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളൂ. പക്ഷേ അപ്രതീക്ഷിതമായി ഈ ക്ഷീണിച്ച മനുഷ്യൻ കെവിനിൽനിന്ന് ആ ചൂരൽ വടി വാങ്ങി കെവിന്റെ തലയിൽ നിർത്താതെ അടിച്ചു. തല പൊട്ടി ചോര ഒഴുകി കണ്ണിലും മൂക്കിലും വീണതോടെ അതുവഴി ഇത് കണ്ടു വന്ന ഓട്ടോറിക്ഷക്കാരൻ കെവിനെ കയറ്റി ആശുപത്രിയിലെത്തിച്ചു. ആ മനുഷ്യൻ അവിടെനിന്ന് അപ്പോൾ തന്നെ എങ്ങോട്ടോ പോയി. ബ്ലെസി ഇതൊന്നും കണ്ടില്ല എന്ന് തോന്നുന്നു. അത് മാത്രം ആണ് ഏക ആശ്വാസം. ആശുപത്രിയിൽ നഴ്സ് പരിശോധിച്ചപ്പോഴാണ് പറയുന്നത് കുറഞ്ഞത് ആറേഴ് സ്റ്റിച്ച് എങ്കിലും ഇടേണ്ടി വരും എന്നും പക്ഷേ അതിന് തലമുടി വടിക്കണം എന്ന് പറഞ്ഞപ്പോൾ ആണ് ഇഷ്ടാ ഞാൻ നിന്നെ വിളിച്ചു വരുത്തിയത് എന്ന്. അപ്പോൾ തന്നെ ഗോകുൽ കെവിന്റെ ഫോൺ എടുത്തു നോക്കിയപ്പോൾ അവന്റെ കുണുവാവയുടെ 25 മിസ്സ്ഡ് കാൾ. ഉടനെ ബ്ലെസിയെ തിരിച്ചു വിളിച്ചു സ്ഥിതിഗതികൾ അന്വേഷിക്കാൻ പറഞ്ഞു ഗോകുൽ.
അയാളെ തല്ലി ഓടിച്ചിട്ട് കെവിൻ എങ്ങോട്ട് പോയി എന്ന ബ്ലെസിയുടെ ചോദ്യം കേട്ടപ്പോൾ രണ്ടു പേരുടെയും നെഞ്ചത്ത് മഞ്ഞുകട്ട വീണ ആശ്വാസം. ഹാവൂ! ബ്ലെസി ഒന്നും കണ്ടിട്ടില്ല. ഇനി ബാക്കി ഞാൻ കൈകാര്യം ചെയ്തോളാം എന്ന് പറഞ്ഞു ഗോകുൽ ഫോൺ വാങ്ങി ഞങ്ങൾ രണ്ടു പേരും കൂടി ഒരു സുഹൃത്തിനെ ക്ഷണിക്കാൻ ബൈക്കിൽ പൊയ്കൊണ്ടിരിക്കുകയാണ്. ഹില്ലി ഏരിയ ആയത് കൊണ്ട് റേഞ്ച് കിട്ടുന്നില്ല എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്ത് ആ പ്രശ്നം അങ്ങനെ സോൾവ് ആക്കി. ഏതായാലും പിറ്റേദിവസം ഡിസ്ചാർജ് ആയി ഗോകുൽ കെവിനെ വീട്ടിൽ എത്തിച്ചു. ഗോകുലിന്റെ ബൈക്കിൽനിന്ന് ഉരുണ്ടു വീണു എന്ന് ഒരു കള്ളവും എല്ലാവരോടും പറഞ്ഞു. ഒരാഴ്ച കെവിൻ നമ്മുടെ ‘വടക്കുനോക്കി യന്ത്രത്തി’ലെ സി. ഐ. പോളേട്ടൻ നടന്നതുപോലെ തലയിലൊരു കെട്ടും ആയി നടന്നു. ആ ഭിക്ഷക്കാരനെ ചൂരൽ കൊണ്ട് അടിച്ച് ഞാൻ ഓടിച്ചു വിട്ടിരുന്നു പിന്നെ അവന്റെ ശല്യം ഉണ്ടായില്ലല്ലോ അല്ലേ എന്ന് ബ്ലെസിയോട് കെവിൻ ആ ആഴ്ച മുഴുവൻ ഫോൺ ചെയ്ത് ചോദിച്ചുകൊണ്ടേയിരുന്നു.
സത്യം കെവിനും ഗോകുലിനും മാത്രമേ അറിയാമായിരുന്നുള്ളൂ. ഏതായാലും നിശ്ചയിച്ച ദിവസം തന്നെ കല്യാണം ഗംഭീരമായി നടന്നു. എന്നാലും കെവിൻ എന്തിനാണ് ഗോകുലിന്റെ ബൈക്കിൽ ഒക്കെ കയറി പോയത് എന്ന് ബ്ലെസി കെവിന്റെ മൊട്ടത്തല തടവി ചോദിച്ചുകൊണ്ടേയിരുന്നു. ദുബായിൽ എത്തിയിട്ടെങ്കിലും കെവിൻ അവന്റെ കുണുവാവയോട് സത്യം തുറന്നു പറഞ്ഞോ എന്തോ? ബ്ലെസി ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നതിനിടയിലും കെവിൻ ആലോചിച്ചത് ബ്ലെസിയുടെ വീടും പരിസരവും യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാൻ ഉള്ള മാർഗം എന്തെന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുകയായിരുന്നു.
ഈയടുത്ത ദിവസം തിരുവനന്തപുരത്ത് നാടോടി കുടുംബത്തിലെ രണ്ടു വയസ്സ് മാത്രം പ്രായം ഉള്ള കുട്ടിയെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ ഇടയിൽ നിന്ന് എടുത്തു കൊണ്ടുപോയ 60 വയസ്സ് പ്രായം ഉള്ള ഹസ്സൻകുട്ടി പത്തോളം പോക്സോ കേസിലെ പ്രതിയായിരുന്നു എന്ന് നമ്മൾ ദൃശ്യ മാധ്യമങ്ങളിലും പത്ര വാർത്തകളിലും കണ്ടിരുന്നു. ഇങ്ങനെ അലഞ്ഞു തിരിയുന്നവർ എല്ലാവരും മാനസിക അസ്വാസ്ഥ്യം ഉള്ളവരല്ല. പലരും നല്ല ഒന്നാന്തരം ക്രിമിനലുകൾ തന്നെയാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? അതുകൊണ്ട് ജാഗ്രതൈ!
("കുണുവാവ" – ഡാർലിംഗ് എന്ന പദത്തിനു പകരം ആയി Gen. Z ഉപയോഗിക്കുന്ന പദം)