കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചവന്റെ കൈകൊണ്ടാകുമോ മരണം? തുല്യശക്തികള് തമ്മിലുള്ള യുദ്ധത്തിൽ ആര് ജയിക്കും?
Mail This Article
അധ്യായം: പതിനെഴ്
ചിരുത അന്ന് പതിവിലും ആഹ്ലാദവതിയായിരുന്നു. ചികിത്സപ്പുരയുടെ മുമ്പിൽ പത്ത് പതിനഞ്ചു രോഗികൾ ചികിത്സക്കായി വരി നിൽക്കുന്നുണ്ട്. ചെമ്പൻ വരുന്നതിനു മുമ്പ് അവളൊറ്റയ്ക്കും അതിനുശേഷം അവർ രണ്ടുപേരും ഒരുമിച്ചാണ് രോഗികളെ പരിശോധിച്ചിരുന്നത്.
പക്ഷേ ഇന്ന് ചെമ്പനെ തനിച്ചാക്കി അവൾ ചികിത്സപ്പുരയിലേക്ക് പോയതേയില്ല. വടക്കിനി വൃത്തിയാക്കണം. അച്ഛന്റെയും അമ്മയുടെയും ഗന്ധമുള്ള മുറി. കുറച്ച് ദിവസമായി അത് നല്ലവണ്ണം തൂത്തുവാരി വൃത്തിയാക്കിയിട്ട്. ചെമ്പനെ കൊണ്ട് ഇന്നു മുതൽ വീടിനകത്തു കിടക്കാമെന്ന് ഒരുവിധം പറഞ്ഞ് സമ്മിതിപ്പിച്ചിട്ടുണ്ട്. അതോർത്തപ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വീണു ചിതറി. ചന്ദ്രവിമുഖി രഹസ്യം കണ്ടെത്തുന്നതിൽ താൻ ഒരു പടി കൂടി അടുത്തെത്തിയിരിക്കുന്നു. അവളുടെ ആത്മവിശ്വാസം ഒന്നുകൂടി വർധിച്ചു.
കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട് ചെമ്പനെയും കൂട്ടി പെരുമാൾ കാവിൽ പോണം. ദേവിയുടെ മുമ്പിൽ വെച്ച് നാലാൾ കാൺകെ വരണമാല്യം ചാർത്തി ചിരുതയുടെ പുരുഷനായി ചെമ്പനെ സ്വീകരിക്കണം. പിന്നെ പതുക്കെ പതുക്കെ ചന്ദ്രവിമുഖിയുടെ രഹസ്യം താൻ കണ്ടെത്തും. തന്റെ പിതാവിന്റെ സ്വപ്നം നിറവേറ്റും. നാട്ടുചികിത്സയും ഗോത്ര ചികിത്സയും ഒരുമിച്ചു ചേർന്നാൽ മഹാ അത്ഭുതങ്ങൾ സംഭവിക്കും. വടക്കിനിയുടെ ജനലഴികളിൽ കെട്ടിയുണ്ടാക്കിയ ചിലന്തി വലയിൽ കുടുങ്ങിയ ചെറിയൊരു വണ്ട് രക്ഷപ്പെടാനായി പിടഞ്ഞുകൊണ്ടിരിക്കുന്നത് ചിരുത കണ്ടു. ചിലന്തി വല തൂത്തുകളയാനായി അവൾ ചൂലുയർത്തി.
അത്താഴത്തിനു ശേഷം വരാന്തയുടെ വക്കിൽ തൂണും ചാരിയിരുന്ന ചെമ്പൻ ആകെ അസ്വസ്ഥനായിരുന്നു. സന്ധ്യയായപ്പോൾ തന്നെ മഞ്ഞ് നൂലിഴ പോലെ പെയ്യാൻ തുടങ്ങിയിരുന്നു. വൈകിയുദിച്ച ചന്ദ്രനെ ഇടയ്ക്കിടെ കാർമേഘങ്ങൾ മറച്ചു. പാണന്മാർ വേണ്ടാത്തത് പലതും പാടുന്നുണ്ടെങ്കിലും ചിരുതയെ തന്റെ ജീവിതസഖിയാക്കാതെ വീടിനുള്ളിൽ കയറി കിടക്കുന്നത് തന്റെ മന:സാക്ഷിക്ക് നിരക്കുന്നതല്ലെന്ന് ചെമ്പന് തോന്നി. ചിരുതയും ഞാനും എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്തു. പക്ഷേ വിവാഹത്തെ കുറിച്ച് മാത്രം ഇതുവരെ ഇരുവരും പറയാത്തതോർത്തപ്പോൾ ചെമ്പന് അത്ഭുതമായി.
പാലോറ മലയിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. അഥവാ പോയാൽ തന്നെ അവരെന്നെ സ്വീകരിക്കുമോ? ഒരു പെണ്ണിനു വേണ്ടി തന്റെ കുലത്തെ ഞാൻ വഞ്ചിച്ചുവോ? ചന്ദ്രവിമുഖിയടക്കമുള്ള ഗോത്ര പാരമ്പര്യത്തിന്റെ അപൂർവ വിജ്ഞാന രഹസ്യങ്ങൾ ഇതുവരെയും ആരോടും ഞാൻ വെളിപ്പെടുത്തിയിട്ടില്ല. യോഗാചാര്യ പട്ടത്തിനോടും താൽപര്യമില്ല. അതിന് തന്നേക്കാൾ ആഗ്രഹിച്ചത് കുഞ്ചനാണ്. വളർത്തച്ഛന് ശേഷം അവന്‍ തന്നെ ആ പദവി ഏറ്റെടുക്കട്ടെ. വളർത്തച്ഛനെ ഒന്നു കാണണമെന്ന് ചെമ്പന് അതിയായ ആഗ്രഹം തോന്നി. തന്റെ അവിവേകം പൊറുക്കാൻ ആ കാലില്‍ പിടിച്ച് മാപ്പ് പറയണമായിരുന്നു. "മാപ്പ്" ചെമ്പൻ പലതവണ ആ കാൽ തൊട്ടു വന്ദിച്ചു.
പെട്ടെന്നാണ് അകത്തു നിന്നും ചിരുതയുടെ നിലവിളി ശീതക്കാറ്റിനോടൊപ്പം പാഞ്ഞു വന്നത്. ഞെട്ടിപ്പോയ ചെമ്പൻ അകത്തേക്ക് കുതിക്കാൻ തുടങ്ങവെ അതിശക്തമായ അടിയേറ്റ് മുറ്റത്തേക്ക് തെറിച്ചു വീണു. മലർന്നു വീണ ചെമ്പന്റെ നെഞ്ചിനെ ലക്ഷ്യമാക്കി ഒരു വാൾ മിന്നായം പോലെ ഉയർന്നു താണു. ഞൊടിയിടയിൽ ചെമ്പൻ കുതറി മാറി. വട്ടം കറങ്ങി ഇടതു കാൽ വീശി ചാടിയെഴുന്നേറ്റു.
ലക്ഷ്യം തെറ്റി വാൾ പകുതിയോളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി. അടിയേറ്റ എതിരാളി ദൂരേക്ക് തെറിച്ചു പോയി. അടുത്ത നിമിഷം ആയുധങ്ങളുമായി നാലഞ്ചുപേർ ചെമ്പനു ചുറ്റും വലയം തീർത്തു. ചെമ്പൻ ജാഗരൂകനായി. മിന്നൽ വേഗത്തിൽ മുറ്റത്ത് തറഞ്ഞിരുന്ന വാൾ ചെമ്പൻ വലിച്ചൂരിയെടുത്തു. വാളുകൾ തമ്മിലുരഞ്ഞു. തീപ്പൊരികൾ ചിതറി തെറിച്ചു. ശീൽക്കാര ശബ്ദങ്ങൾ വായുവിൽ ഉയർന്നു പൊങ്ങി. അഞ്ചുപേരും പലയിടങ്ങളിലായി ചിതറി വീണു. ചെമ്പൻ വീടിനകത്തേക്ക് കുതിക്കുമ്പോൾ ഔഷധപുരയുടെ ഒരു ഭാഗം കത്താൻ തുടങ്ങിയിരുന്നു. ആരോ ഔഷധപുരയ്ക്ക് തീയിട്ടിരിക്കുന്നു. തീജ്വാലകൾ ആകാശത്തേക്ക് ഞാനാദ്യം ഞാനാദ്യം എന്ന നിലയിൽ മത്സരിച്ചു.
അകത്തെ മുറിയിൽ എതിരുനിന്ന എതിരാളിയെ ചെമ്പൻ അരിഞ്ഞു വീഴ്ത്തി. ചിരുതേയെന്ന വിളിയോടെ ഓരോ മുറിയും ചെമ്പൻ കയറിയിറങ്ങി. അടുക്കള പടിവാതിലെത്തിയ ചെമ്പന്റെ മേൽ മൂന്ന് പടയാളികള്‍ ചാടി വീണു. ചെമ്പന്റെ മെയ്കരുത്തിനു മുന്നിൽ അവരും പരിക്കേറ്റ് നിലം പതിച്ചു. അടുക്കളയിലും ചിരുതയില്ല. ചെമ്പൻ അടുക്കള മുറ്റത്തേക്കിറങ്ങി. ഔഷധപുര പാതിയും കത്തിപ്പോയിരിക്കുന്നു. ആർത്തിരമ്പുന്ന തീ നാമ്പുകൾ വീടിനു നേർക്കും വീശിയടുക്കുകയാണ്. അടുത്ത നിമിഷം വീടിനും തീ പിടിക്കും.
തീ പടർത്തിയ ചുവന്ന വെളിച്ചത്തിൽ ചെമ്പന്റെ കണ്ണുകൾ ചിരുതയെ തേടി അലഞ്ഞു. തൊടിയിലെ കൂറ്റൻ വീട്ടിമരത്തണലില്‍ ഒരു നിഴലനങ്ങുന്നത് കണ്ട് ചെമ്പൻ അങ്ങോട്ട് കുതിച്ചു. പക്ഷേ മര നിഴലിൽ നിന്നും നീണ്ടു വന്ന പ്രഹരമേറ്റ് ചെമ്പൻ അടുക്കളമുറ്റത്തേക്ക് തെറിച്ചു വീണു. ചെമ്പനു മുന്നിൽ പാലോറ മല പോലെ കുഞ്ചൻ നിന്നു. "കുഞ്ചാ.. നീ.." ചെമ്പന്റെ തൊണ്ടയിൽ നിന്നും വാക്കുകൾ ചിതറി വീണു. മറുപടിയെന്നോണം കുഞ്ചൻ ചെമ്പനു നേരെ വാൾ ചുഴറ്റി വീശി. മലക്കം മറിഞ്ഞ് കുതറി മാറിയ ചെമ്പൻ എഴുന്നേറ്റു. "കുഞ്ചാ.. ഇത് ഞാനാണ്.. ചെമ്പൻ" അതുകേട്ട് കുഞ്ചൻ പൊട്ടിച്ചിരിച്ചു. "നീ ചെമ്പനല്ല. ഒരു പെണ്ണിനു വേണ്ടി സ്വന്തം വംശത്തെ വഞ്ചിച്ച കുലദ്രോഹിയാണ്." കുഞ്ചൻ അട്ടഹസിച്ചു.
"ഈ പെണ്ണിന് പകരം ഒരു നൂറു പെണ്ണിനെയെങ്കിലും നിനക്കവിടെ കിട്ടുമായിരുന്നല്ലോ ചെമ്പാ.. എന്നിട്ടും നീ." കുഞ്ചൻ കരുതലോടെ ചെമ്പനു നേർക്ക് നീങ്ങി. "കുഞ്ചാ.. ഞാൻ പറയുന്നത് കേൾക്ക്.. നീ വിചാരിക്കുന്നതു പോലെ.." ചെമ്പൻ മുഴുമിപ്പിക്കുന്നതിന് മുമ്പ് കുഞ്ചൻ വാൾ വീശി. രാത്രിയെ കീറി മുറിച്ച മിന്നലെന്നവണ്ണം ചെമ്പന്റെ കഴുത്തിനെ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ വാൾ കടന്നു പോയി. "നീയൊന്നും പറയേണ്ട. കുലദ്രോഹിയായ നിന്നെ കൊന്ന് കുലനാഥയ്ക്ക് ഭിക്ഷയായ് കൊടുക്കാനാണ് സഭയുടെ തീരുമാനം. മരിക്കാൻ നീ തയാറായിക്കൊള്ളുക." വാൾ വാനിലുയര്‍ത്തി കുഞ്ചൻ ചെമ്പനു നേർക്കു ചാടി വീണു.
കണ്ണഞ്ചുന്ന വേഗതയിൽ കുഞ്ചനും ചെമ്പനും ഏറ്റുമുട്ടി. വായുവിൽ വാളുകൾ സൃഷ്ടിച്ച വെള്ളി രേഖകൾ നൃത്തം ചെയ്തു. ഒരേ ഗുരുവിൽ നിന്നും അഭ്യാസം പഠിച്ചവർ. പതിനെട്ട് വർഷക്കാലം കൂടെ പിറപ്പിനെ പോലെ കഴിഞ്ഞവർ. കഴിവും കഴിവുകേടും പരസ്പരം അറിഞ്ഞവർ. തുല്യശക്തികൾ. ഇടതടവില്ലാതെയുള്ള വാളുകളുടെ കൂട്ടിയിടികൾ പരിസരമാകെ പ്രകമ്പനം കൊള്ളിക്കാൻ തുടങ്ങി. അപ്പോഴെക്കും വീടിന്റെ മോന്തായത്തിൽ തീ പടർന്ന് ആളിക്കത്താൻ തുടങ്ങി. കരിമ്പുക മാനത്ത് കോട്ട കെട്ടി. ഔഷധപുരയുടെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. അസ്ഥികൂടം മാത്രമായ കളിമൺ ചുമരുകൾ പൊട്ടി പിളർന്നു.
വീടിനകത്ത് പരിക്കേറ്റ് വീണ യോദ്ധാക്കളുടെ മേൽ തീ പന്തങ്ങൾ അടർന്നു വീണു. വലതു കാലിൽ കുത്തിയുയർന്ന കുഞ്ചൻ ഇടതു കാൽ വീശി, ഒഴിഞ്ഞുമാറിയ ചെമ്പന്റെ നെഞ്ചിലേക്ക് വലതു കൈയ്യിലെ വാൾ കുത്തിയിറക്കി. പക്ഷേ ഒരു പക്ഷിയെ പോലെ വായുവിൽ കിടന്ന് മറുചാട്ടത്തിലൂടെ ചെമ്പൻ രണ്ടാമതും ഒഴിഞ്ഞു മാറി. അസാമാന്യമായ ആ മെയ്‌വഴക്കം കണ്ട് കുഞ്ചനൊന്ന് അന്ധാളിച്ചു പോയി. ആ നിമിഷം കുഞ്ചന്റെ പിൻകഴുത്തിൽ വെട്ടേറ്റു.
ഒരലർച്ചയോടെ ചെമ്പനു മുന്നിൽ കുഞ്ചൻ കമിഴ്ന്നു വീണു. കുഞ്ചന് പിന്നിൽ ചെഞ്ചോരയൊലിക്കുന്ന വാളുമായി, പെരുമാൾക്കാവിലെ ഭദ്രകാളിയെ പോലെ ചിരുത.
(തുടരും)