അച്ഛനും അമ്മയുമില്ലാതെ ഒറ്റയ്ക്ക്; രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി നാട്ടിലെ തെമ്മാടികൾ
Mail This Article
അധ്യായം: പതിനഞ്ച്
കാലവർഷ തിരമാല പോലെ ചിരുതയുടെ മുഖം പല രൂപത്തിൽ ഭാവത്തിൽ തുടരെ തുടരെ മനസ്സിൽ വസന്തം സൃഷ്ടിച്ചപ്പോൾ തുരുത്തി കാടിനുള്ളിലെ ഊടു വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ചെമ്പൻ നടത്തം നിർത്തി. പിന്നെ പതുക്കെ പിന്തിരിഞ്ഞു നടന്നു. തുരുത്തി പാടത്തെ, വയലറ്റ് പൂക്കൾ നിറഞ്ഞ മൺതിട്ടയിൽ ചെമ്പനിരുന്നു. ചക്രവാള ചോപ്പിൽ വയലറ്റ് പൂക്കളെല്ലാം ഇളം ചുവപ്പ് പൂക്കളായി മാറിയിരുന്നു. തുരുത്തി കാടിനുള്ളിലെ ഞാവൽ മരത്തിലുള്ള കൂറ്റനായ കാട്ടുകടന്നൽ കൂടിന് ആരോ കല്ലെറിഞ്ഞതുപോലെ ചെമ്പന്റെ തലക്കുള്ളിൽ അനേകം കടന്നലുകൾ മൂളി പറന്നു. ഒരു ഭാഗത്ത് യോഗാചാര്യൻ ശെൽവെഴു പരമാനന്ദ. എന്നെ ഞാനാക്കിയ അച്ഛൻ. അച്ഛൻ മാത്രമല്ല അമ്മയും. ആദരണീയനായ ഗുരു. മറുഭാഗത്ത് ചിരുത. ചിരുത തന്റെ ആരാണെന്നുള്ളതിന്റെയൊരു നിര്‍വചനം രൂപീകരിക്കാൻ ചെമ്പന് കഴിഞ്ഞില്ല. തന്റെ ഹൃദയം കീഴടക്കിയവൾ? തന്റെ ശരീരത്തിലെ ഓരോ അണുവും മിടിക്കുന്നത് അവൾക്കു വേണ്ടിയാണെന്ന് തോന്നുന്നു. മായ്ച്ചാലും മായ്ച്ചാലും വീണ്ടും വീണ്ടും തെളിഞ്ഞു വരുന്ന രൂപം.
ചെമ്പൻ പുൽത്തകിടിയിൽ മലർന്നു കിടന്നു. തുരുത്തി കാടിന് വടക്ക് കിഴക്കെ കോണിന് മുകളിൽ ഒരു നക്ഷത്രം മാത്രം ആരെയോ പ്രതീക്ഷിച്ച് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. കോലോത്തെ പാടത്തു നിന്നും വീശി വന്ന ഒരു ചെറു തെന്നൽ കാട്ടുചെടികളെ തഴുകി കടന്നു പോയി. ചിരുതയെ ഓർക്കാൻ ശ്രമിക്കുമ്പോൾ വളര്‍ത്തച്ഛന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞു വരുന്നത്. വളർത്തച്ഛനെ ഓർക്കുമ്പോഴോ ചിരുതയുടെ മുഖവും..! ഇത് വല്ലാത്തൊരു അവസ്ഥ തന്നെ. രണ്ടുപേരെയും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും കടന്നു കളഞ്ഞാലോ..? ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഔഷധത്തെക്കുറിച്ചും താനിതുവരെ പഠിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത് ചെമ്പന് കുണ്ഠിതം തോന്നി. പാതിരയായെന്നറിയിച്ചു കൊണ്ട് പാതിരാക്കോഴി നീട്ടി കൂവി. അതുകേട്ട് ചെമ്പൻ കണ്ണു തുറന്നു. ദൂരെയെവിടുന്നോ നിന്ന് ഇണക്കോഴിയുടെ കൂവലും കാറ്റിലലിഞ്ഞു വന്നു. തുരുത്തിക്കാടിന് മുകളിലെ ആകാശത്ത് ആരെയോ കാത്തിരുന്ന വെള്ളിനക്ഷത്രം ഇരുട്ടിൽ അലിഞ്ഞുപോയിരിക്കുന്നു. ആ കൂരിരുട്ടിൽ മൺതിട്ടയിൽ നിന്നും പതുക്കെ എഴുന്നേറ്റ് ദിശാബോധമില്ലാതെ ചെമ്പൻ നടക്കാൻ തുടങ്ങി.
തുരുത്തി കാടിനുള്ളിലെ കൂരിരുട്ടിനുള്ളിൽ നിന്ന് തന്റെ അച്ഛൻ വിളിക്കുന്നത് കേട്ടാണ് ചിരുത കണ്ണു തുറന്നത്. അച്ഛനല്ല; വാതിലിൽ ആരോ മുട്ടുന്നതാണെന്ന് തിരിച്ചറിഞ്ഞ ചിരുത ജാഗരൂകയായി. ചെമ്പനായിരിക്കുമോ? ആകണേയെന്ന പ്രാർഥനയോടെ ചിരുത എഴുന്നേറ്റ് കുപ്പിവിളക്ക് കത്തിച്ചു. വാതിൽ തുറന്ന അവളെ ആദ്യമെതിരേറ്റത് വാറ്റുചാരായത്തിന്റെ ഗന്ധമായിരുന്നു. കോലായിൽ നിന്നിരുന്ന അജ്ഞാതൻ, ഉത്തരത്തിൽ തൂങ്ങി നിന്ന് മുനിഞ്ഞ് കത്തിക്കൊണ്ടിരുന്ന എണ്ണവിളക്കിന്റെ തിരി നീട്ടി. ശ്രീധരൻ. കോലോത്തെ തമ്പ്രാന്റെ മൂത്ത മകൻ. താന്തോന്നി. കള്ളുകുടിയൻ. ജന്മിയധികാരത്തിന്റെ ഹുങ്കിൽ കിടാത്തന്മാരെയും കിടാത്തികളെയും ദ്രോഹിക്കുന്നവന്‍. സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ലാത്തവൻ.വിശേഷണങ്ങൾ ഏറെയുണ്ട് ശ്രീധരന്. ശ്രീധരനെ കണ്ടതും ചിരുതയുടെ തലച്ചോറിലേക്ക് ഒരിടിവാള്‍ പാഞ്ഞുപോയി. മുറ്റത്ത് ശ്രീധരന്റെ അനുചരന്മാരെ കൂടി കണ്ടതോടെ ചിരുതയുടെ ഭയം ഇരട്ടിച്ചു.
"എന്താ.. എന്തുവേണം?" ധൈര്യം സംഭരിച്ച് ചിരുത ചോദിച്ചു. ശ്രീധരനൊന്നു ചിരിച്ചു. "തമ്പുരാട്ടി കുട്ടി ഒറ്റയ്ക്കാണല്ലോ എന്നു കരുതി വന്നതാ. നമ്മളെല്ലാം തറവാട്ടുകാരല്ലേ? വിശേഷങ്ങൾ ചോദിക്കേണ്ടയോ?" മടക്കികുത്തിയിരുന്ന മുഷിഞ്ഞ മുണ്ട് അൽപമൊന്നു കയറ്റി, വലതുകാൽ മുട്ടുമടക്കിയുയർത്തി, കൈകൊണ്ട് തുടയിലടിച്ച് ശ്രീധരൻ വീണ്ടും ചിരിച്ചു. "ഈ നട്ടപാതിരയ്ക്കാണോ വിശേഷം ചോദിക്കാൻ വരുന്നത്?" ചിരുത ദേഷ്യത്തോടെ വാതിലടക്കാൻ ശ്രമിച്ചു. "നട്ടപാതിരക്കല്ലേ മോളെ വിശേഷം" എന്നും പറഞ്ഞ് ശ്രീധരൻ വാതിൽ തള്ളി തുറന്ന് അകത്തു കയറി.
പ്രാചീന തമിഴകത്തിൽ നിലനിന്നിരുന്ന അയിന്തിണകളിൽ ഒന്നായ കുറിഞ്ചി തിണൈയുടെ ഭാഗമായിരുന്നു പാലോറ മല എന്നാണ് ഐതിഹ്യം. പാലുറവ മലൈയെന്നാണ് സംഘം കൃതികളിൽ വർണ്ണിച്ചിട്ടുള്ളത്. കാലാന്തരത്തിൽ പാലുറവ മലൈ പാലോറ മലയായതെന്നാണ് ഗോത്ര നിവാസികളുടെ വിശ്വാസം. സമുദ്രനിരപ്പിൽ നിന്നുള്ള വലിയ ഉയരവും കൊടും തണുപ്പും മഴയുടെയും മഞ്ഞിന്റെയും ലഭ്യതയും പാലോറ മലയെ നിബിഡവനമാക്കി മാറ്റി. മലമുകളിൽ നിന്നും പാലു പോലെ പരിശുദ്ധമായ ധാരാളം ഉറവകൾ ഒന്നുചേർന്ന് കാട്ടരുവികളായി മാറി താഴ്‌വാരത്തെ കൈതപ്പുഴയിൽ സംഗമിക്കുന്നു. തെങ്ങും കവുങ്ങും പ്ലാവും പുളിയും മാവും ഞാവലും ഇടകലർന്ന് മേലാപ്പ് വിരിച്ച വശ്യസുന്ദരമായ പ്രദേശമാണ് പാലോറ മലയുടെ താഴ്‌വാരം. അവിടെയാണ് സംഘകാലത്തിനുമപ്പുറം പ്രാചീനമായ വംശപാരമ്പര്യത്തിന്റെ അവകാശം പേറുന്ന ചോലവൈശ്യന്മാർ എന്ന ഗോത്രവിഭാഗക്കാര്‍ നിവസിക്കുന്നത്.
വെള്ളിക്കൊലുസിട്ട് പൊട്ടിച്ചിരിച്ചൊഴുകുന്ന കൈതപ്പുഴയാണ് താഴ്‌വാരത്തിനതിർത്തി. അന്നൊരിക്കല്‍ ഉച്ചവെയിൽ ആറി തണുക്കാൻ തുടങ്ങിയ നേരത്ത്, കൈതപ്പുഴയുടെ തീരത്തെ വിശാലമായ ആൽമരച്ചോട്ടിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന വലിയൊരു കൂട്ടം ഒത്തുചേർന്നു. ചോലവൈശ്യന്മാരുടെ ഗോത്രസഭ നടക്കുകയാണവിടെ. സദസ്സിന് മുമ്പിൽ, ആൽമരത്തോട് ചേർന്നുള്ള കരിങ്കലിരിപ്പിടത്തിൽ അധികാരയാടയാഭരണങ്ങളണിഞ്ഞ് ഗോത്രമുഖ്യൻ വീരശൈല്യ ശങ്കരകുട്ടുവനും തൊട്ടടുത്ത് യോഗാചാര്യ ശെൽവെഴു പരമാനന്ദയും ഇരിക്കുന്നു. ഇലപടർപ്പുകൾക്കിടയിലൂടെ ചാഞ്ഞിറങ്ങി വന്ന സൂര്യകിരണങ്ങളേറ്റ് ഇരുവരുടെയും മുഖങ്ങൾ പ്രശോഭിച്ചു. ഗോത്രസഭ തുടങ്ങാൻ പോകുകയാണെന്നറിയിച്ചുകൊണ്ട് പുലിത്തോലുണക്കിയുണ്ടാക്കിയ ഒരു വാദ്യോപകരണത്തിൽ സേവകന്‍ മൂന്നു തവണ ആഞ്ഞടിച്ചു. അതിന്റെ പ്രകമ്പനത്തില്‍ ആല്‍മര ശിഖരങ്ങളിൽ ഫലങ്ങളെ പോലെ തൂങ്ങിയാടിയിരുന്ന വവ്വാലുകൾ കൂട്ടത്തോടെ ചിതറി പറന്നു.
പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് ഗോത്രമുഖ്യന്‍ ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാതെ, ഔപചാരികത തെല്ലുമില്ലാതെ പതുക്കെ പറഞ്ഞു തുടങ്ങി. "നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തിനും കുലമഹിമയ്ക്കും അതിലുപരി നമ്മൾ ഇക്കാലമത്രയും കാത്തുസൂക്ഷിച്ച ഗോത്ര ജ്ഞാനത്തിനും വിഘാതമാകുന്ന ഒരു പ്രവൃത്തി നമ്മുടെ കുടുംബത്തിലെ ഒരംഗത്തിൽ നിന്നുണ്ടായത് നിങ്ങളിൽ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകുമല്ലോ. അടുത്ത യോഗാചാര്യ പട്ടത്തിനർഹനും നമുക്ക് ഏവർക്കും പ്രിയപ്പെട്ടവനും സര്‍വശ്രീ ഗോത്രാചാര്യന്റെ വളർത്തുമകനുമായ ചെമ്പൻ നഗരവാസിയായ ഒരു രാക്ഷസസ്ത്രീയുടെ മായിക വലയത്തിൽപ്പെട്ട് നമ്മുടെ കുലത്തെ വഞ്ചിച്ചിരിക്കുന്നു." കൂട്ടം കൂടി നിന്നവരുടെ നിശ്വാസങ്ങൾ പോലും നിലച്ചുപോയ നിശബ്ദതയിലേക്ക് ഗോത്രമുഖ്യന്റെ പതിഞ്ഞ ശബ്ദം ചിതറിവീണു. ആദ്യമായി ഇക്കാര്യമറിഞ്ഞവർ വിശ്വാസം വരാതെ പരസ്പരം മിഴിച്ചു നോക്കി. ചെമ്പൻ എന്ന പേര് തെറ്റായി കേട്ടതാണോയെന്നു പോലും പലർക്കും തോന്നി.
"അയിന്തിണ കാലം മുതൽ ഇന്നലെ വരെ നമ്മൾ കാത്തു സൂക്ഷിച്ച വൈദ്യരഹസ്യങ്ങൾ ഒരു കാരണവശാലും പുറംലോകത്തെത്തിക്കൂടാ. യോഗാചാര്യ പട്ടം നേടിയ ചെമ്പന് നമ്മുടെ സർവവിജ്ഞാനവും മനഃപാഠമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് കുലദ്രോഹിയായ ചെമ്പനെയും അവനെ വശീകരിച്ച രാക്ഷസിയെയും പിടിച്ചു കൊണ്ടുവന്ന് കണ്ണും കാതും മൂക്കും പറിച്ചെടുത്ത്, കൈയ്യും കാലും കൊത്തിയരിഞ്ഞ്, ജീവനോടെ കരിച്ചെടുത്ത് ചോലവൈശ്യനാഥയായ കരിങ്കാളിക്ക് ബലി നൽകാൻ ഈ സഭയെ സാക്ഷി നിർത്തി ഞാൻ ഉത്തരവിടുന്നു." വാദ്യോപകരണത്തിൽ സേവകൻ മൂന്നു പ്രാവശ്യം അടിച്ചു. അതിന്റെ തരംഗത്തിൽ ആലിലകൾ വിറച്ചു. കൂട്ടം കൂടിയിരുന്നവർ രണ്ട് കൈയ്യും തലയ്ക്ക് മുകളിൽ വെച്ച് മൂന്നു തവണ കുരവയിട്ടു. ഗോത്രമുഖ്യന്റെ വാക്കുകൾക്ക് എതിർവാക്കുകൾ ഉണ്ടായില്ല. ചെമ്പനെ കണ്ടെത്തി പിടിച്ചു കൊണ്ടുവരാനുള്ള ദൗത്യ സംഘത്തിലെ പടയാളികള്‍ ആയുധങ്ങളുമായി വന്ന് ഗോത്ര മുഖ്യനെയും യോഗാചാര്യനെയും വണങ്ങി.
പിറ്റേന്ന് പുലർച്ചെ, പാലോറ മലയുടെ തുഞ്ചത്ത് ചുവപ്പു രാശി പടരാൻ തുടങ്ങുന്നതിന് മുമ്പ് ഇരുപത്തിയഞ്ചോളം വരുന്ന യോദ്ധാക്കൾ ആയുധങ്ങളുമായി കൈതപ്പുഴയിലൂടെ മൂന്നു ചങ്ങാടങ്ങളിലായി തുരുത്തി കാടിനെ ലക്ഷ്യമാക്കി കുതിച്ചു. യോദ്ധാക്കളുടെ നേതാവ് ചെമ്പനോടൊപ്പം യോഗാചാര്യ പട്ടം നേടിയ കുഞ്ചനായിരുന്നു. ഗുരുകുലത്തിൽ, കഴിഞ്ഞ പതിനെട്ട് വർഷവും ഒന്നാം സ്ഥാനത്തിനു വേണ്ടി ചെമ്പനോട് മത്സരിച്ച് തോറ്റ കുഞ്ചൻ. ഒറ്റത്തവണ പോലും പുറത്ത് പ്രകടിപ്പിക്കാനാകാതെ, ഉള്ളിലെ നെരിപ്പോടിൽ സൂക്ഷിച്ച പകയുടെ കനൽ ഊതിയൂതി ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന കുഞ്ചൻ. കത്തുന്ന പക തീർക്കാൻ കാലമിതാ ചെമ്പനെ തന്റെ മുന്നിൽ കൊണ്ടുവന്നിരിക്കുന്നു. വളർത്തുമകനെന്ന പരിഗണനയിൽ അവൻ നേടിയ ഓരോ വിജയത്തിലും പരിഹാസ്യകഥാപാത്രമായി തീരാനായിരുന്നു തന്റെ വിധി. കുഞ്ചന് പൊട്ടിച്ചിരിക്കണമെന്ന് തോന്നി. ചങ്ങാടത്തിന്റെ വേഗത വർധിപ്പിക്കാൻ കുഞ്ചൻ യോദ്ധാക്കൾക്ക് നിര്‍ദ്ദേശം നല്‍കി. ആഞ്ഞുവീണ തുഴകൾ കൈതപ്പുഴയുടെ തെളിനീരിനെ ചിതറി തെറിപ്പിച്ചു. കൈതപ്പുഴ പൊട്ടിച്ചിരിക്കുന്നതു പോലെ കുഞ്ചന് തോന്നി. തുരുത്തി കാടിനോരത്ത് ചങ്ങാടങ്ങൾ അടുപ്പിക്കുമ്പോൾ അങ്ങ് ദൂരെ പാലോറ മലയുടെ തുഞ്ചത്ത് മഞ്ഞിൽ വിരിഞ്ഞ ചെമ്പനീർ പൂവുപോലെ സൂര്യൻ മെല്ലെ വിടർന്നു വരുന്നുണ്ടായിരുന്നു.
(തുടരും)