മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒരമ്മ ഒറ്റയ്ക്ക്; ആരുമില്ലാത്ത ആ പാവത്തിനെ ഇടയ്ക്ക് കാണാൻ പോകുന്ന കള്ളൻ
Mail This Article
തറവാട്ടിലേക്ക് അയാൾ കയറിച്ചെല്ലുമ്പോൾ പൂമുഖവാതിൽ തുറന്നുകിടക്കുകയായിരുന്നു. കാളിങ് ബെൽ ഞെക്കിയപ്പോൾ അകത്തുനിന്ന് ശബ്ദമൊന്നും വന്നില്ല. അകത്ത് ടിവിയിൽ എന്തോ പരിപാടി ഓടുന്നുണ്ട്. അതിന്റെ ശബ്ദത്തിൽ താൻ കേൾക്കാതെ പോയതാണോ എന്ന സംശയത്തിൽ അയാൾ വീണ്ടും കാളിങ് ബെൽ ഞെക്കി നോക്കി, ശബ്ദമൊന്നും കേട്ടില്ല, കേടായിരിക്കും. വാതിലിനുള്ളിലേക്ക് തലയിട്ട് അയാൾ "വെല്യമ്മേ" എന്നുറക്കെ വിളിച്ചു. അമ്മാളുഅമ്മയെ അയാൾ വെല്യമ്മ എന്നാണ് വിളിക്കുക. ഒന്നുരണ്ടു തവണ വിളിച്ചെങ്കിലും മറുപടിയൊന്നും വന്നില്ല. അയാൾ അകത്തേക്ക് കടന്നു. ഓടിക്കൊണ്ടിരിക്കുന്ന ടിവിയുടെ മുമ്പിലെ ചാരുകസേരയിൽ അമ്മാളുഅമ്മ ഉറങ്ങുന്നത് അയാൾ കണ്ടു. വീണ്ടും വിളിച്ചുനോക്കി. ഗാഢനിദ്രയിൽ ആണെന്ന് തോന്നുന്നു. അയാൾ അമ്മാളുഅമ്മയെ തൊട്ടുവിളിച്ചു.
ഏതോ വലിയ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന അവർ വേഗം ചാടി എഴുന്നേറ്റു, അയാളെക്കണ്ടപ്പോൾ പറഞ്ഞു. "നീയായിരുന്നോ? വന്നിട്ട് കുറെ നേരമായോ? ഞാൻ ടിവി കണ്ട് ഉറങ്ങിപ്പോയി". അയാൾ ചിരിച്ചുകൊണ്ട് അമ്മാളുഅമ്മയെ കെട്ടിപ്പിടിച്ചു ചോദിച്ചു. "വെല്യമ്മക്ക് സുഖമല്ലേ?" "സുഖം, സത്യത്തിൽ ഞാൻ വലിയ ഒരു സ്വപ്നത്തിൽ ആയിരുന്നു. വല്യച്ഛൻ എല്ലാവരും ഉണ്ടായിരുന്നു സ്വപ്നത്തിൽ, മുറ്റത്തും, വീടിനുള്ളിലും കുറെ മക്കൾ, അവരുടെ കളിയും ചിരിയും, ഒച്ചയിടലും, അവരുടെ അച്ഛനമ്മമാർ, ബന്ധുക്കൾ. ആരോ ഉയർത്തിയ ബാനറിൽ എഴുതിയിരുന്നു, മുത്തച്ഛന് നൂറാം പിറന്നാൾ ആശംസകൾ. വലിയ ബഹളം, ബലൂണുകൾ, വലിയ കേക്ക് ഉണ്ടായിരുന്നു. മുത്തച്ഛൻ കേക്ക് മുറിക്കാൻ എന്നെക്കൂടി വിളിച്ചു, ഞങ്ങൾ ഒരുമിച്ചു, ആർപ്പുവിളികൾക്കിടയിൽ കേക്ക് മുറിക്കാൻ തുടങ്ങുമ്പോഴാണ് നീ വിളിച്ചുണർത്തിയത്" "സ്വപ്‍നമായിരുന്നെങ്കിലും വളരെ സന്തോഷം തോന്നി. ഇനിയതൊക്കെ സ്വപ്നത്തിലല്ലേ നടക്കൂ. തെക്കേപ്പുറത്ത് വളരെ മുമ്പേ ഉറങ്ങിയ വല്യച്ഛൻ ആരുപറഞ്ഞാലും കേക്ക് മുറിക്കാൻ വരില്ലല്ലോ".
പൂമുഖത്ത് വല്യച്ഛന്റെ കാല് നീട്ടിവെക്കാവുന്ന പ്ലാസ്റ്റിക് ഇഴകളിൽ കെട്ടിയ നീണ്ട മരക്കസേര. വല്യച്ഛൻ പോയതിൽ പിന്നെ അതിൽ ആരും ഇരിക്കാറില്ല. വെല്യമ്മ അതിനടുത്ത ചെറിയ കസേരയിൽ ഇരുന്നു. വെല്യമ്മക്കെതിരെ തിണ്ണയിൽ അയാളും ഇരുന്നു. "ഈ വാതിലൊക്കെ തുറന്നിട്ട് ഉറങ്ങിയാൽ വല്ല കള്ളന്മാരും കയറിയാൽ വെല്യമ്മ അറിയുമോ?" "കള്ളന്മാർ, അവരെങ്കിലും വരട്ടെ, കുറച്ചു പരിശോധിച്ചു കഴിയുമ്പോൾ അവർക്കു മനസ്സിലാകും, ഞാനല്ലാതെ ഇവിടെ കട്ടുകൊണ്ടുപോകാൻ മറ്റൊന്നുമില്ലെന്ന്". വെല്യമ്മ പൊട്ടിച്ചിരിച്ചു. "ഒരുപക്ഷെ പോകുന്നതിന് മുമ്പ് അവരെന്നോട് ചോദിക്കും, എവിടെയാ സ്വർണ്ണം വെച്ചിരിക്കുന്നത്, ഞാനാണ് സ്വർണ്ണം, എന്നെ കൊണ്ടുപോകൂ എന്ന് ഞാൻ ആവശ്യപ്പെടും, അങ്ങനെയെങ്കിലും ഒരാൾ കടന്നുവന്നാൽ മതിയായിരുന്നു. എനിക്ക് കുറച്ചെങ്കിലും സംസാരിക്കാൻ ഒരാൾ ആകുമല്ലോ"
"അങ്ങനെ ഒരാൾ വന്നിരുന്നു, ഇവിടെ ഒന്നുമില്ല എന്ന് മനസ്സിലായപ്പോൾ അയാൾ എന്നോട് ചോദിച്ചു "എല്ലാവരും ഉപേക്ഷിച്ചു പോയതാണല്ലേ" എനിക്ക് സന്തോഷം തോന്നി. കള്ളനാണെങ്കിലും, നല്ലൊരു മനസ്സുണ്ടല്ലോ. പിന്നെ വല്ലപ്പോഴുമൊക്കെ അയാൾ ഈ വഴി വരുമായിരുന്നു. വരുമ്പോൾ എനിക്ക് പലഹാരങ്ങളോ, പഴങ്ങളോ ഒക്കെ വാങ്ങിക്കൊണ്ട് വരും. കുറച്ചുനാൾ കഴിഞ്ഞു വരാതെയായി. ഒരിക്കൽ ടിവിയിൽ കണ്ടു, കളവിനിടയിൽ വീട്ടുകാർ തടഞ്ഞെന്നും, എതിർത്തപ്പോൾ വീട്ടുകാരന് പരിക്ക് പറ്റിയെന്നും, അയാൾ തന്നെ വീട്ടുകാരനെ ആശുപത്രിയിലാക്കി പിന്നീട് അയാൾ പൊലീസിൽ കീഴടങ്ങിയെന്നും. മനുഷ്യർ പലവിധമല്ലേ. നമുക്ക് അവരുടെ മനസ്സ് വായിക്കാനാകില്ലല്ലോ". "എന്താ ടിവി നിർത്താതിരുന്നത്" അയാൾ ചോദിച്ചു. "അവരാണ് എന്നോട് നിരന്തരമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്, അവർക്ക് എന്നെ കേൾക്കാൻ പറ്റില്ല എന്നല്ലേയുള്ളൂ, എന്നാൽ ഞാൻ അവരോട് സംസാരിക്കാറുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറയാറുണ്ട്, എനിക്ക് ഇഷ്ടമാകാത്ത കാര്യങ്ങൾ കഥാപാത്രങ്ങൾ ചെയ്താൽ അവരോട് കോപിക്കാറുണ്ട്".
"എനിക്ക് ആരോടെങ്കിലും സംസാരിക്കണ്ടേ മോനെ?" ആ ചോദ്യം അയാളുടെ ഹൃദയം തുളച്ചുകൊണ്ട് ഒരു ചാട്ടുളിപോലെ കടന്നുപോയി. ഒരു നിമിഷം അയാളുടെ ശരീരം വിറങ്ങലിച്ചപോലെ ആയി. ജീവിതത്തിൽ ഉത്തരങ്ങളില്ലാതെ നമ്മൾ സ്വയം ഇല്ലാതായിപ്പോകുന്ന നിമിഷങ്ങൾ ഉണ്ട്. അയാളുടെ അവസ്ഥ മനസ്സിലാക്കിയ വെല്യമ്മ ചോദിച്ചു, "അമ്മക്ക് എങ്ങനെയുണ്ട്, എണീറ്റ് നടക്കുന്നൊക്കെയില്ലേ, ഇപ്പോഴും അവൾ വൈകിട്ട് ആറുമണിക്ക് കുളിച്ചു കിഴക്കേപ്പുറത്ത് വിളിക്കുവെച്ചു നാമം ജപിക്കുന്നില്ലേ, അതൊരു സുകൃതമാണ് മോനെ. വിളക്ക് വെക്കാനെങ്കിലും സർവശക്തിയുമെടുത്ത് നടക്കുന്നില്ലേ, അതൊരു ഭാഗ്യമാണ്." "അമ്മ സുഖമായിരിക്കുന്നു, ഞാൻ ഇങ്ങോട്ട് വരുന്നത് അമ്മയോട് പറഞ്ഞില്ല, ഒരുപക്ഷെ കൂടെ വരണമെന്ന് പറഞ്ഞു വാശിപിടിക്കും" അയാൾ പറഞ്ഞു. "നിനക്ക് കൊണ്ടുവരാമായിരുന്നു, നീ ഇവിടെ ഉള്ളപ്പോഴല്ലേ അതൊക്കെ നടക്കൂ" ആ ചോദ്യവും, അതിന്റെ യാഥാർഥ്യം കൊണ്ട്, അയാളെ പൊള്ളിച്ചു.
നിനക്ക് ചായ എടുക്കട്ടേ, പാതിയെംപ്പുറത്ത് പൂവട ഇരിപ്പുണ്ട്, അവസാനത്തെ ബാക്കിയായ അരിപ്പൊടികൊണ്ട് ഒരു ഓട്ടടയും ഉണ്ട്. ഇന്നലത്തെ ചാളക്കറി (മത്തി) മുളകുമാത്രമിട്ടത് ഇരിപ്പുണ്ട്. അയാളുടെ വായിൽ വെള്ളം നിറഞ്ഞു. ചായ ഞാനുണ്ടാക്കാം എന്നുപറഞ്ഞു അയാൾ അടുക്കളയിലേക്ക് ഓടി. ഓട്ടട ചാളക്കറിയിൽ മുക്കി വായിൽ വെച്ചപ്പോൾ അടുക്കളയുടെ പുറത്തെ വരാന്തയിൽ നിരനിരയായിരുന്നു കുറച്ചുകുട്ടികൾ തല്ലുകൂടി ഓട്ടട ചാളക്കറിയിൽ മുക്കി കഴിച്ചിരുന്നത് അയാളുടെ മുന്നിൽ തെളിഞ്ഞു വന്നു. അയാൾ അടുക്കള വാതിൽ തുറന്നു, പുറത്തെ വരാന്തയിൽ ഇരുന്നു കഴിക്കാൻ തുടങ്ങി. വാതിലിൽ വന്നു നിന്ന് വെല്യമ്മ ചോദിച്ചു, "നിനക്ക് പഴയതൊക്കെ ഓർമ്മ വന്നോ?" കണ്ണുകൾ നിറഞ്ഞു അയാൾ തലയാട്ടി. "ആർക്കും ആരേം കുറ്റം പറയാൻ പറ്റില്ല, കാലം കുറെ മാറി, എല്ലാവരും വിദേശത്തല്ലേ, അവരുടെ മക്കൾക്കും പുതിയ ജീവിതം വേണം, ഈ ഓണംകേറാമൂലയിൽ നിന്നാൽ ആരും രക്ഷപ്പെടില്ല, കൃഷിയൊന്നും ഇനി ജീവിക്കാനൊരു മാർഗ്ഗമല്ല, മറ്റുവരുമാനങ്ങൾ ഇല്ലാതെ ജീവിതം മുന്നോട്ടുപോകില്ല"
"വല്യച്ഛൻ തെക്കേപ്പുറത്ത് ഉള്ളതിനാൽ എനിക്കിവിടം വിട്ടു പോകാനാകില്ല. വല്യച്ചൻ മാത്രമല്ലല്ലോ, വല്യച്ചന് മുന്നെപ്പോയ നിന്റെ അച്ഛനും തൊട്ടരികിൽ തന്നെയുണ്ടല്ലോ. അവരുടെ സ്നേഹം അടുപ്പം അവർ മറ്റാർക്കും പങ്കുവെച്ചുകൊടുക്കില്ല. പോകുന്നതിന് മുമ്പ് നീ അവിടെ നിന്ന് പ്രാർഥിച്ചു അവരുടെ അനുഗ്രഹം വാങ്ങണം." "അതിന് തന്നെയാണ് ഞാൻ വന്നത് വെല്യമ്മേ" അയാൾ പറഞ്ഞു. "തിരിച്ചുപോകുന്നതിന് മുമ്പ് എനിക്ക് മറ്റൊന്നുകൂടി ചെയ്യാനുണ്ട്, നാളെ ഞാൻ അമ്മയുമായി വരാം". അതുകേട്ട് വെല്യമ്മയുടെ മുഖം തിളങ്ങി, അയാളെ കെട്ടിപ്പിടിച്ചു അയാളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
പിറ്റേന്ന് അയാൾ അമ്മയുമായി വന്നു. അയാൾ അമ്മയോടും വെല്യമ്മയോടുമായി പറഞ്ഞു, "ഇനി നിങ്ങൾ ഒരുമിച്ചു ഈ വീട്ടിൽ നിന്നാൽ മതി, രണ്ടുവീട്ടിൽ മിണ്ടാൻപോലും ആരുമില്ലാതെ കഴിയേണ്ടതില്ല. ആവശ്യമെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ എന്നോട് പറയുക, വീട്ടുജോലിയുടെ സഹായത്തിനും, ഭക്ഷണമുണ്ടാക്കാനും ഒരാളെ കണ്ടെത്താം." തെക്കേപ്പുറത്ത് നിന്ന് പ്രാർഥിച്ചു അയാൾ അച്ഛനോടും വെല്ല്യച്ഛനോടുമായി പറഞ്ഞു, "ഞാൻ പോവുകയാണ്, അമ്മയും വെല്യമ്മയും രണ്ടുപേരും ഇനി ഒന്നിച്ചു ഇവിടെ ജീവിക്കും, അവരെ നോക്കാൻ നിങ്ങൾ രണ്ടുപേരും തെക്കേപ്പുറത്ത് തന്നെയുണ്ടല്ലോ".