ADVERTISEMENT

നിനക്ക്, നിന്റെ പേര് പോലും പെട്ടെന്ന് വായിൽ കിട്ടുന്നില്ല, പറയാൻ.. "ഡീ..." എന്നല്ലേ നിന്നെയെന്നും ഞാൻ വിളിക്കാറ്.. എന്റെ വിളി കേൾക്കുമ്പോഴേക്കും "എന്താ അണ്ണാ" എന്നും പറഞ്ഞു നീയോടി വരാറുണ്ടായിരുന്നു.. നീ രാവിലെ എപ്പോഴോ എഴുന്നേറ്റ് എനിക്കും കുട്ടികൾക്കും ഉള്ള ആഹാരം തന്നു വിടാനുള്ള തിരക്കിലായിരുന്നു, എന്നും... കുറച്ച് മാസങ്ങൾക്ക് മുന്നേ നീ പറഞ്ഞത് ഞാനിപ്പോൾ ഓർമ്മിക്കുന്നു.. "ഒരു സഹായത്തിനു ഒരാളെക്കിട്ടിയാൽ നന്നായിരുന്നു" എന്ന്... എന്റെ ഉണ്ടക്കണ്ണുകളിൽ നിന്ന് പാഞ്ഞു വന്ന തീപ്പൊരി രണ്ടാമതൊന്ന് പറയുന്നതിൽ നിന്ന് നിന്നെ വിലക്കി. "വേലയും കൂലിയും ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന നിനക്കൊക്കെ എന്തിനാടി സഹായത്തിനു ഒരാള്" എന്നുള്ള ആക്രോശവും.. നീയൊന്നും മിണ്ടാതെ പോയി... സാരിത്തലപ്പ് കൊണ്ട് നീ കണ്ണുകള്‍ തുടക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു.

"അമ്മേ..." എന്നുള്ള വിളിയിൽ കുട്ടികളുടെ എല്ലാ കാര്യങ്ങളും നീ ഭംഗിയായി നോക്കി നടത്തി. അവർ അവർക്ക് പ്രാപ്തരുമായി.. നീ ചലനമറ്റു കിടക്കുന്ന ഈ സമയത്ത്, എല്ലാവരും പറയുന്നു നിന്റെ മുഖം നീര് വന്നു വീങ്ങിയിരുന്നു എന്ന്.. നിന്റെ മുഖമെനിക്ക് ഓർമ്മയില്ല.. നിന്റെ കണ്ണുകളുടെ വിശാലത ഞാൻ കണ്ടിട്ടുമില്ല.. അന്നൊരു നാൾ, അപ്പുറത്തെ വീട്ടിലെ ചേച്ചി വിളിച്ച് ചോദിക്കുന്നത് കേട്ടു "സുജൂ, എന്ത്പറ്റി കണ്ണുകൾ വീർത്തിരിക്കുന്നല്ലോ, കണ്ണീസൂക്കേട് വന്നോ" എന്ന്.. "എന്ത് കണ്ണീസൂക്കേട്, എന്നിട്ടാണോ നീ ചോറും കറിയും ഉണ്ടാക്കി ഞങ്ങൾക്ക് തന്നു വിടുന്നത്" എന്ന് ഞാൻ നിന്നോട് കയർത്തു.

ജോലികഴിഞ്ഞ് വന്ന സായാഹ്നങ്ങളിൽ നീ നീട്ടിത്തരുന്ന ചായ ഗ്ലാസ് വാങ്ങിക്കുമ്പോൾ അറിയാതെ വിരലുകൾ സ്പർശിച്ചാൽ പെട്ടെന്ന് ഞാൻ കൈ വലിക്കുമായിരുന്നു. അവളൊന്നുകൂടി കൈകൾ പിടിച്ചാൽ "അല്ല, നാട്ടുകാരെ കാണിച്ചാണോ നിന്റെ കൊഞ്ചല്, പോടീ അകത്ത്.." ഒന്നും മിണ്ടാതെയുള്ള അവളുടെ പോക്ക് കണ്ടിട്ടും "ആ, അതൊന്നും സാരല്യ" എന്ന് പറഞ്ഞു ഞാനൊഴിയും.. നീ വിളിക്കുമ്പോഴൊക്കെ, "അത്യാവശ്യമായി കുറച്ച് പണിയുണ്ടെന്നു" പറഞ്ഞ് രണ്ട് പെഗ് അകത്താക്കാനുള്ള തിരക്കിലായിരുന്നു ഞാൻ.. അത് കഴിഞ്ഞാൽ ഏതെങ്കിലും ഒരു പുസ്തകമെടുത്ത് വായിക്കാനിരിക്കും.. "അതേയ്, അണ്ണാ.." എന്ന് പറഞ്ഞ് നീയടുത്ത് വന്നാൽ "ഞാനൊന്നു കുറച്ച് നേരം വെറുതെ ഇരിക്കട്ടെടീ.. ഓഫീസിലും സ്വസ്ഥതയില്ല, വീട്ടിൽ വന്നാൽ നിന്റെ വക.."

എന്തിനായിരുന്നു ഞാനിങ്ങനെയൊക്കെ നിന്നോട് പെരുമാറിയത്... സമയാസമയത്ത് നീ ഞങ്ങൾക്ക് ഭക്ഷണം തന്നു.. എന്റെ വിശപ്പും ദാഹവും നീ തിരിച്ചറിഞ്ഞിരുന്നു. നിന്നോട് എന്നും എന്തെങ്കിലും മിണ്ടിയോ എന്നൊന്നും എനിക്ക് വിഷയമില്ലായിരുന്നു എന്നാലും രാത്രികാലങ്ങളിൽ നിന്നെയതിക്രമിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടുക, നിന്നെയൊന്നു തലോടാതെ... അതിനൊരു ഭംഗവും ഞാൻ അനുവദിച്ചില്ല.. കുറച്ച് ദിവസങ്ങളായി നീ ഒന്നും ശ്രദ്ധിക്കുന്നില്ല, "നീ പലപ്പോഴും എങ്ങോട്ടോ ഒരുങ്ങി പുറപ്പെട്ട് പോകുന്നുണ്ടല്ലോ, ഒന്നും ഞാനറിയുന്നില്ല എന്ന് നീ കരുതണ്ട, എന്തിന്റെ കുറവാണ് നിനക്കിവിടെ.." നിനക്ക് ഇവിടെനിന്ന് ഒന്നും കിട്ടിയിരുന്നില്ല എന്ന് ഇപ്പോഴാണോ ഞാൻ അറിയേണ്ടത്..

നിന്റെ അലമാരയിൽ കൂട്ടിവെച്ച മെഡിക്കൽ പരിശോധനാ ഫലങ്ങൾ.. ഇത്രക്ക് വേദന നീ സഹിച്ചിരുന്നുവോ.. ഒന്നും മിണ്ടാതെ നീ പോയി, അല്ല, മിണ്ടാൻ ഞാൻ നിന്നെ സമ്മതിച്ചിരുന്നില്ല, അതല്ലേ ശരി.. എന്നെ അറിയുന്ന എന്റെ ഇഷ്ടങ്ങളെ അറിഞ്ഞിരുന്ന ഒരേയൊരാൾ... അത് നീയായിരുന്നു. നിന്റെ ഒരിഷ്ടങ്ങളും എനിക്കറിയില്ല.. അതിനു നിനക്ക് ഇഷ്ടങ്ങൾ ഇല്ലായിരുന്നല്ലോ... നിന്റെ ഇഷ്ടങ്ങൾ ഞങ്ങളായിരുന്നു, ഞാനും മക്കളും. എല്ലാം വൈകിപ്പോയെടീ, നീ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും ഓർത്തില്ല.. ചായക്കുള്ള സമയമായി.. "എടി.." എന്ന് മനസ്സ് വിളിക്കുന്നു, ഒരിക്കലും ഉണരാതെ നീയും.. എന്റെ മനസിന്റെ ഭാരം ഒന്നിറക്കാൻ മാത്രം എഴുതുന്നു.. നീ എപ്പോഴും വിളിക്കാറുള്ള, അണ്ണൻ....

English Summary:

Malayalam Short Story Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com