ADVERTISEMENT

വായന എന്ന് പറയുന്നത് ഒരു അനുഭവമാണ്… കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്നും നമുക്ക് പലതും വായിച്ചെടുക്കാം.. പ്രകൃതി തന്നെ ഒരു തുറന്ന പുസ്തകമാണ്.. പുസ്തകവായന മനുഷ്യന്റെ ബുദ്ധിയെയും ചിന്തകളെയും തെളിച്ചമുള്ളതാക്കി തീർക്കുന്നു.. 

വായനയിലൂടെ നാം അറിവ് നേടുമ്പോൾ മനസ്സിന്റെ വേലിക്കെട്ടുകൾ ഓരോന്നായി അഴിയുന്നു. കുരുങ്ങി കിടന്ന ചിന്തകളെ അത് തുറന്നിടുന്നു.. അത്യന്തം വൈവിധ്യപൂർണ്ണമായ ഈ ലോകത്തിന്റെ വിശാലത ഉൾക്കൊള്ളാൻ പാകത്തിൽ നമ്മുടെ ഹൃദയവും വിശാലമാകുന്നത് നമുക്ക് അനുഭവിക്കാനാവും.. ഇത് ധ്യാന പൂർണ്ണമായ വായനയിലൂടെ കൈവരുന്ന നേട്ടമാണ്.

വായന എന്ന് പറയുന്നതും ഒരു ധ്യാനം തന്നെയാണ്.. മനസ്സിനെ ഏകോപിപ്പിച്ചു ഏകാഗ്രതയോടെ ചുറ്റുപാടുകളിൽ നിന്നും അകന്നു നിന്നുകൊണ്ട് പതിയെ ഓരോ കഥാപാത്രങ്ങളെയും ആവാഹിക്കുന്ന മഹാധ്യാനം.

വായനയുടെ വിശാലത കാണിച്ച പി. എൻ. പണിക്കർ

1926-ൽ ജന്മനാട്ടിൽ സനാതന ധർമ്മം എന്ന ഗ്രന്ഥശാല സ്ഥാപിച്ചു വലിയൊരു വായനയുടെ വാതായനം തുറന്നിട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് കേരള ഗ്രന്ഥശാല പ്രസ്ഥാനം രൂപം കൊണ്ടത്. കേന്ദ്രീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന്റെ കീഴിൽ ഏകോപിപ്പിച്ചു മുന്നോട്ട് നയിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ എന്ന് പിൽക്കാലത്തു അദ്ദേഹം അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജന്മദിനം വായന ദിനമായി ആചരിക്കുകയും ചെയ്യുന്നു.. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ആയിരുന്നു, കേരള പബ്ലിക് ലൈബ്രറി ആക്ട് ഗവണ്മെന്റ് പാസ്സാക്കിയത്.

ഇന്നത്തെ വായന എവിടെയെത്തി നിൽക്കുന്നു

വായന മരിക്കുന്നു എന്ന് പലയിടത്തും ആവർത്തിച്ചു കേൾക്കുന്നുണ്ട്.. എങ്കിലും യഥാർഥത്തിൽ വായനയുടെ രൂപവും രീതികളും മാറിയിരിക്കുന്നു എന്ന് പറയുന്നതാവും ശരി. ഇന്റർനെറ്റും ഇമെയിലും ഉപയോഗിക്കുന്നവരാണല്ലോ ഇന്നത്തെ തലമുറ. വിപ്ലവകരമായ മുന്നേറ്റം നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം വായനയെയും സ്വാധീനിച്ചിരുന്നു. പുസ്തകവായനയിൽ നിന്നും ഓൺലൈൻ വായനയിലേക്ക് കടന്നിരിക്കുന്നു യുവജനതയുടെ വലിയൊരു വിഭാഗം പേരും..

പുസ്തകവായന ആഴമുള്ളതാണെങ്കിൽ ഓൺലൈൻ വായന പരന്നതാണെന്ന് പറയാം.. ഒരു വിരൽ തുമ്പിൽ ലോകമെത്തി നിൽക്കുന്ന ഇക്കാലത്തു വായനയും അതിൽ ഒതുങ്ങി പോകുന്നത് കൗതുകമുള്ള ഒന്നല്ല.

ഇത്തരം സാഹചര്യങ്ങളും സാധ്യതകളും കുറച്ചെങ്കിലും യുവതലമുറയെ വായനയിലേക്ക് അടുപ്പിക്കുന്നുണ്ട് എന്ന് പറയാം.. താളിയോലകളിൽ നിന്നും തുടങ്ങിയ വായന കടലാസ്സിൽ നിന്നും മോണിട്ടറിലേക്ക് എത്തിയിരിക്കുന്നു. വരും കാല സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ളവയുടെ സ്വാധീനം വായനയെ ഏത് വിധത്തിൽ നമുക്ക് മുന്നിൽ എത്തിക്കുമെന്ന് പറയാൻ കഴിയില്ല.

വായനയുടെ പ്രാധാന്യവും ആസ്വാദനവും മനസ്സിലാക്കി പുസ്തകങ്ങൾ ഹൃദയത്തോട് ചേർക്കുക വഴി ഭാഷയുടെ നിലനിൽപ്പിനെ അത് സ്വാധീനിക്കുന്നുമുണ്ടെന്ന വസ്തുത കൂടി മറക്കാതിരിക്കുക. പുസ്തകങ്ങളെക്കാൾ മികച്ച ചങ്ങാതികളും ഉണ്ടാവില്ല. വായന എന്നും കൂടെ കൂട്ടുക..

വായിക്കുക.. വായിച്ചു കൊണ്ടേയിരിക്കുക...

English Summary:

Malayalam Article Written by Shanu Jithan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com