ADVERTISEMENT

"അമ്മൂമ്മ ഇണ്ടാക്കണ ആ ചമ്മന്തി കൂട്ടാൻ ണ്ടാക്കാൻ അമ്മയ്ക്കറിയോ..?" "ഏതു കൂട്ടാൻ.." "വറ്റൽ മുളക് അടുപ്പിലെ കനലിൽ ചുട്ട് അതില് വാളൻപുളിയും ഉപ്പും ചേർത്തു ഞെരടിട്ട് കുറച്ച് കഞ്ഞി വെള്ളം ചൂടൊടെ ഒഴിച്ച് ഒന്നൂടെ ഞെരടിട്ട് അമ്മൂമ്മ എപ്പഴും ഇണ്ടാക്കണ ആ കൂട്ടാൻ... ചോറിന് വേറെയെത്ര കറിണ്ടായാലും അമ്മൂമ്മയ്ക്ക് അതില്ലാതെ ഒരു വറ്റ് ചോറ് തൊണ്ടേന്ന് ഇറങ്ങില്ലായിരുന്നു... ദിവസവും അത് കഴിച്ചാല് വയറ്റില് അൾസർ വരൂന്ന് പറഞ്ഞ് നിങ്ങള് തമ്മിലെത്ര അടിയുണ്ടാക്കിയിരിക്കുന്നു.." "ഈ പെണ്ണിന് ഇന്നെന്താ അമ്മൂമ്മയുടെ ബാധ കൂടിയോ..." "അന്നത്തെ ആ കാലം എന്തു രസായിരുന്നു അമ്മാ..." "നിനക്കു പ്രാന്താ പെണ്ണേ.." "വെറുതെ കുത്തിയിരുന്നു പഴേ കാലങ്ങള് ഓർക്കണത് ഒരു തരം പ്രാന്താണ്.." 

"ഈ ഉമ്മറത്തിരുന്ന് ഭക്ഷണം കഴിക്കല്ലേന്ന് എത്ര വട്ടം നിന്നോട് പറഞ്ഞിരിക്കുന്നു.. ആളുകള് എന്താ കരുതുക.." "എന്തു കരുതാൻ അമ്മ പറയണ പോലെ പ്രാന്താന്ന്, അല്ലാതെ വേറൊന്നും കരുതില്ല.." "തർക്കുത്തരം പറയാതെ അകത്ത് പോയിരുന്ന് കഴിച്ചൂടെ നിനക്ക്.." "ഇവിടിരുന്ന് ഇങ്ങനെ ചോറുണ്ണുന്നത് എന്തു രസാ.. പണ്ട് അമ്മൂമ്മ ഇവിടിരുന്നാ ഭക്ഷണം കഴിക്കാറ്.. ഒരിക്കെ ഇവിടിങ്ങനെയിരുന്ന് ഉരുള ഉരുട്ടി വായിലേക്ക് വയ്ക്കുന്നതിന് മുൻപേ ഞാനത് തട്ടിപറിച്ചെടുത്ത് ഓടിയപ്പോൾ ഒരിക്കെ ഞാനും ഇതുപോലെ നിന്റടുത്ത് വരും അന്ന് ഇത് പോലെ ഒരു  ഉരുള ചോറെനിയ്ക്ക് തരണട്ടാ.."

"എപ്പഴൊന്നും വരില്ല.. അങ്ങ് പരലോകത്ത് പോയാല് ആണ്ടിലൊരിക്കല് വരും നിങ്ങളെയൊക്കെ കാണാനായിട്ട്... അന്ന് ഇതു പോലെ ഒരുരുള ചോറ് എന്റെ കുഞ്ഞിയെനിക്ക് തരണം.." അന്ന് അമ്മൂമ്മ പറഞ്ഞ വാക്കുകള് ഇന്നലെ പറഞ്ഞ പോലെയാ ഓർമ്മേല് നിക്കണത്.. "അമ്മേ അമ്മൂമ്മ മരിച്ച ദിവസം ഓർമ്മേണ്ടോ..?" "എന്റെ കുഞ്ഞി നിനക്കിന്ന് എന്താ പറ്റിയത്.. അതൊന്നും ഞാൻ ഓർത്തു വയ്ക്കണില്ല.. വെറുതെ പഴയ കാര്യങ്ങള് ഓർത്തിരിക്കാണ്ട് ആ ജോലികള് തീർത്തുടെ.. ഓഫീസിലെ എന്തൊക്കെയോ ഫയലുകള് കൊണ്ടു വന്നത് കണ്ടല്ലോ.. പോയ് അതൊക്കെ ചെയ്തു തീർക്ക്.."

കൈയ്യില് ഒരു ഉരുള ചോറ് ബാക്കിയുണ്ടായിരുന്നു എവിടുന്നാന്ന് അറിയില്ല ഒരു കാക്കയങ്ങട് പറന്നു വന്നു എത്ര വേഗത്തിലാ അതും കൊത്തിയെടുത്ത് അത് പറന്നു പോയത്.. ചിലപ്പോ ഇന്നായിരുന്നിരിക്കാം ആ ദിവസം അല്ലാതെ പിന്നെങ്ങിനെയാ ഇന്നത് ഓർക്കാൻ തോന്നിയത്.. ഓർമ്മകള് അങ്ങനെയാ അതിന്റെ ദിവസങ്ങള് അതിനറിയാം അന്ന് കൃത്യായിട്ട് വന്നോർമ്മിപ്പിച്ചിട്ടു പോകും.. മുറ്റത്തിറങ്ങി വെറുതെയൊന്നു മുകളിലേക്ക് നോക്കി.. ഏതൊയൊരു മേഘത്തുണ്ടില് ആരോ അമ്മൂമ്മയുടെ ചിത്രം വരച്ചു വച്ച പോലെ.. തോന്നിയതാകും.. ചില തോന്നലുകള് വെറുതെയല്ല.. ഇതുപോലെ പലതും പറഞ്ഞിട്ട് പോകുമത്..

English Summary:

Malayalam Short Story ' Sradham ' Written by Sumitha Sivaraman