സ്വന്തം വീട്ടിൽ അന്യയെ പോലെ ജീവിതം, 'ജോലി ചെയ്യാൻ ഒരാളെ വേണം അവർക്ക്, അത്രേയുള്ളൂ...'
Mail This Article
"പാർതീ..." മഴ തിമിർത്തു പെയ്യുന്ന കണ്ടത്തിൽ കള പറിക്കുകയായിരുന്നു. തളിർത്തു വളർന്ന നെൽച്ചെടികളുടെ പാതിയോളം വെള്ളമുണ്ട്. മഴ പെയ്താൽ അങ്ങനെയാണ്. മഴവെള്ളം കുത്തിയൊലിച്ചു പാടത്തേക്ക് വരും. അരികിലെ ചെറിയ തോടിലൂടെ പിന്നെയത് എവിടേക്കെന്നില്ലാതെ ഒഴുകും. വിളികേട്ട് തലയുയർത്തി നോക്കി. കണങ്കാലോളമുള്ള വെള്ളമുണ്ടും അതിനു മീതെ ചുറ്റിയ തോർത്തും നന്നായി നനഞ്ഞിരുന്നു. തലയിൽ ചൂടിയ ഓലക്കുടയിൽനിന്ന് ഒരു കൈക്കുടന്ന വെള്ളം താഴേക്കുതിർന്നു. ഏട്ടത്തിയാണ്.. എന്തിനാപ്പാ ഇങ്ങോട്ടു വന്നത് എന്ന വെപ്രാളത്തോടെ നോക്കി. "അപ്പു വന്നിറ്റ്ണ്ട്. ആട എറയത്ത് അവരോട് മിണ്ടീമ്പറഞ്ഞും ഇരിക്കുന്നുണ്ട്. നീ വേഗം കേറി വാ..." "ഈ കണ്ടം തീരാൻ ഇനി കൊറച്ചൂടേ ഇല്ലൂ. ഞാനിപ്പം വരാ." പാർവ്വതി വീണ്ടും കള പറിക്കുന്നതിൽ മുഴുകി. "ശരി.. നീ വേം വാപ്പാ..." ഏട്ടത്തി തിരിഞ്ഞു നടന്നു.
അപ്പേട്ടനുമായുള്ള കല്യാണം മൂന്നു കൊല്ലങ്ങൾക്ക് മുൻപായിരുന്നു. ഇപ്പോഴും താമസം തറവാട് വീട്ടിൽ അച്ഛനും അമ്മയ്ക്കും ഏട്ടനും ഏട്ടത്തിക്കുമൊപ്പം തന്നെ. അപ്പേട്ടൻ ഇടയ്ക്ക് വരും. കുന്നും മലയും കയറി കൊവ്വലിൽ നിന്ന് വടശ്ശേരിയിലെത്തുമ്പോഴേക്കും നേരം ഒരുപാടാകും. "നീ കുട്ട്യോളീം കൂട്ടി അങ്ങോട്ട് വാ. എനക്കാവൂല ഏപ്പും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ട്ക്കാൻ." എല്ലാ തവണയും അപ്പേട്ടൻ പറയും. "ഓള് അങ്ങോട്ട് വന്നാ പിന്നെ ഈട കണ്ടത്തിലും വളപ്പിലും പണിയൊക്കെ എങ്ങന്യാ നടക്ക്വ... ഈടില്ല്യോർ മാത്രം ഇതെല്ലാം കൂട്ട്യാ കൂട്വാ" ഏട്ടന്റെ സ്ഥിരം പല്ലവിയാണ്. "ഇന്നിപ്പോ എന്താന്നുപ്പ പറയാൻ പോന്ന്" പാർവ്വതി ദീർഘ നിശ്വാസം വിട്ടു. പരന്നു കിടക്കുന്ന കണ്ടത്തിലും വളപ്പിലും പിന്നെ അടുക്കളയിലും പണിയെടുത്ത് രണ്ടു കുഞ്ഞുമക്കളെ നേരാം വണ്ണം നോക്കാൻ പോലും സമയം കിട്ടുന്നില്ല.
പാർവ്വതി പണി നിർത്തി വേഗം വീട്ടിലേക്ക് നടന്നു. അപ്പേട്ടൻ ഇറയത്തിരിക്കുന്നു. ഏട്ടനുമായി എന്തോ വർത്താനം പറയുകയാണ്. നെറ്റിയിൽ ഒരു ചന്ദനക്കുറിയും അതിനു നടുക്കൊരു കുങ്കുമ കുറിയുമുണ്ട് പതിവുപോലെ. അകത്തു നിന്ന് അച്ഛന്റെ ചുമ കേൾക്കാം. അച്ഛനുമമ്മയും മിക്കവാറും കിടപ്പാണ്. എപ്പോഴെങ്കിലുമേ എഴുന്നേറ്റ് ഇറയത്തേക്ക് വരൂ. കുട്ട്യോൾ അവിടെയിരുന്ന് കളിക്കുന്നുണ്ട്. "നിങ്ങ വന്നിറ്റ് കുറേ നേരായ...?" പാർവ്വതി ചോദിച്ചു. "കുറച്ചേരായി... രാവിലേ എറങ്യാതാണ്.. വേം പോവീം വേണം." കുറച്ചു നേരം നിശബ്ദത പടർന്നു. പുറത്തു മഴ തോർന്നിട്ടില്ല. "നീ വേം മുണ്ടുമാറ്റി കുട്ട്യളീം കൂട്ടി വാ. മഴ നിന്ന അപ്പാട് പോവാ.." അപ്പേട്ടൻ ഇതുവരെ ഇല്ലാത്ത മാതിരി കടുപ്പിച്ചാണല്ലോ എന്ന് പാർവ്വതി മനസ്സിലോർത്തു. ഏട്ടന്റെ തറപ്പിച്ചുള്ള നോട്ടം തന്റെ നേരെയായിരിക്കുമെന്ന് പാർവ്വതി ഊഹിച്ചു.
"അല്ലപ്പാ... ഞാനെങ്ങന്യാ അങ്ങോട്ട് വര്വാ. ഈട ഏട്ടനും ഏട്ടത്തിയും മാത്രല്ലേ ഉള്ളൂ. അച്ഛനും അമ്മയും ഒന്നും കയ്യാണ്ട് കെടക്കീം ചെയ്യ്ന്ന്. നിങ്ങക്ക് എടക്ക് ഇങ്ങോട്ടു വന്നാപ്പോരേ.." പാർവ്വതി പറഞ്ഞൊപ്പിച്ചു. "അല്ല പാർതീ... ഞാനെത്രോട്ടായീ നിന്നോട് അങ്ങട്ട് വരാൻ പറീന്ന്. ഇനീം എനക്കീ നടത്തം ശര്യാവൂല്ല. ഞാൻ പോവ്വാണ്. ഈനേക്കാളും നല്ലത് ആട തന്നെ വേറെ മംഗലം കയ്ക്കുന്നതാണ്." ഇറയത്ത് വച്ച ഓലക്കുടയും എടുത്ത് തോൾ സഞ്ചിയും തൂക്കി അപ്പേട്ടൻ ധൃതിയിൽ ഇറങ്ങി പോകുന്നത് പാർവ്വതി വെറുതേ നോക്കി നിന്നു. ശക്തമായ മലവെള്ളം വന്ന് നെൽനാമ്പുകളെ പോലും മൂടപ്പെട്ട വയൽ പോലെയായിരുന്നു അവളുടെ മനസ്സപ്പോൾ.