ഓണം – ശ്യാമള എഴുതിയ കവിത
Mail This Article
മനസ്സിൽ മീട്ടും തംബുരുവിൻ ഈണവുമായ്
ചിങ്ങമാസ പൂനിലാവിൽ സ്വപ്നമാം തേരിലേറി
ഓണസമൃദ്ധിതൻ തിളക്കവുമായ്
പൊന്നോണമിങ്ങെത്തി.
ഓണപൂക്കളമൊരുക്കാനായ് വർണ്ണപുഷ്പങ്ങൾ
തേടിയലഞ്ഞിരുന്നൊരു ബാല്യകാലം
ഇണക്കവും പിണക്കവുമായ് ഓടിയകന്ന
സൗഹൃദത്തിൻ മധുരസ്മരണകൾ
എന്നുള്ളിലേക്കോടിയെത്തി.
ബാല്യകാല സ്‌മൃതിയിൽ മനമങ്ങിനെ
നീന്തി തുടിക്കുമ്പോൾ ഞാനൊരു
വർണ്ണങ്ങൾ ചാലിച്ച സുഗന്ധഗന്ധിയായ് മാറി
സുഗന്ധഗന്ധിയായ്........ മാറി.
പുലരിയെ തേടുന്ന സ്വപ്നങ്ങളിൽ
ബാല്യകാല മധുരസ്മരണകൾ പ്രകാശമായ്
തിങ്ങി വിളങ്ങിടുമ്പോൾ മനസ്സിനുള്ളിൽ
ഓണം നൽകും വർണ്ണങ്ങളിൽ പൂത്തുനിൽക്കും
മനോഹര പുഷ്പങ്ങൾ ഓണസ്‌മൃതികളുണർത്തി
ഉണർത്തീ......
ഓണവെയിലിൽ പൂത്തുമ്പിയെ പോലങ്ങിനെ
പാറിനടക്കുമ്പോൾ
എൻ മനം വർണ്ണങ്ങൾ ചാലിച്ച മഴവില്ലായ് മാറി
പുലരിയെ തേടുന്ന എൻ സ്വപ്നങ്ങളിൽ
പുതുപ്രകാശവുമായ് പൊന്നോണമെത്തി.
കാലമാം യാത്രയിൽ എത്ര എത്ര ഓർമ്മകൾ
ഓടിമറഞ്ഞു
ഓർത്തിരിക്കും നാളുകളെത്ര മനോഹരം
പൂത്തു നിൽക്കും മനോഹര പുഷ്പങ്ങൾ
മനസ്സിനെന്തൊരാകർഷണം.
കാത്തിരിക്കും നാളുകളെത്ര മനോഹരം
മനസ്സിനകത്ത് കോറിവരച്ചോരോർമ്മയിൽ
മായാത്ത ചിത്രമായ് മോഹപ്രതീക്ഷയുമായ്
ഫലിക്കാത്ത സ്വപ്‌നങ്ങൾ നിലയ്ക്കാത്തൊ-
രോർമയിൽ അനന്തതയിലലയുന്നു.
പുതുനാമ്പു പൂക്കുന്ന പൂവാടിയിൽ പൊന്നോണം
പുലരിയെ തേടുന്ന സ്വപ്നങ്ങളിൽ ഞാൻ
മാവേലിത്തമ്പുരാനെ വരവേൽക്കാനായ്
ഓണത്തപ്പന് അടയും അപ്പവും നിവേദിച്ചു
കാത്തിരുന്നു.