എന്റെ ഓണം – മഹി ഹരിപ്പാട് എഴുതിയ കവിത
Mail This Article
ചിങ്ങം പിറന്നല്ലോ അത്തമുദിച്ചല്ലോ
മാവേലിമന്നനെ എതിരേൽക്കുവാൻ
പൂക്കൾ പറിച്ചിട്ടു പൂക്കളം തീർക്കുവാൻ
ബാലിക ഞാനുമൊരുങ്ങിയല്ലോ...
മുക്കുറ്റിപ്പൂ വേണം, തുമ്പപ്പൂവും വേണം
പിച്ചിയും, ചെമ്പകപ്പൂവും വേണം
അഴകേറും തെച്ചിപ്പൂ നുള്ളിപ്പറിച്ചിട്ടു
വട്ടത്തിൽ പൂക്കളമിട്ടിടേണം...
നമ്മൾ വട്ടത്തിൽ പൂക്കളമിട്ടിടേണം...
ഊഞ്ഞാലുകെട്ടണം, ചില്ലാട്ടമാടണം
കൂട്ടുകാരൊത്തു കളിച്ചിടേണം
കണ്ണൻചിരട്ടയിൽ മണ്ണപ്പംചുട്ടിട്ട്
ആമോദത്തോടെ കളിച്ചിടേണം...
തെല്ല് ആമോദത്തോടെ കളിച്ചിടേണം...
ഓണത്തിനച്ഛനെടുത്തു തന്നിട്ടുള്ള
ഓണക്കോടിയുമണിഞ്ഞിടേണം
ഉച്ചയ്ക്ക് സദ്യ കഴിച്ചുകഴിഞ്ഞിട്ട്
പായസം നന്നായികുടിച്ചിടേണം...
നല്ല പായസം നന്നായികുടിച്ചിടേണം...
ഈറൻ നിലാവിന്റെ ചാരുതകണ്ടിട്ട്
കൈകൊട്ടി കുമ്മിയടിച്ചിടേണം
പൂക്കുല വെച്ചിട്ട് തുമ്പിതുള്ളിക്കൊണ്ട്
പൂക്കളമൊക്കെയും വാരിടേണം....
എന്റെ പൂക്കളമൊക്കെയും വാരിടേണം