വാടകവീട്ടിലെ അതിഥി – കെ. ആർ. രാഹുൽ എഴുതിയ കവിത
Mail This Article
കഴിഞ്ഞ വേനൽക്കാലത്ത്
എണ്ണപ്പലഹാരങ്ങൾ
ഉണ്ടാക്കി വിൽക്കുന്ന
ഒരു വീടിന്റെ
മുകൾ നിലയിലാണ്
ഞാൻ വാടകയ്ക്ക്
കഴിഞ്ഞിരുന്നത്.
ഉണരുമ്പോഴും
ഉറങ്ങുമ്പോഴും
കിടക്കുമ്പോഴും
ഇരിക്കുമ്പോഴും
കുളിക്കുമ്പോഴും
വായിക്കുമ്പോഴും
വെളിച്ചെണ്ണയുടേയും
നെയ്യുടേയും മണം
എത്തിനോക്കുന്ന ഒരു
തട്ടിൻപുറത്ത്.
വാടക കൊടുക്കാൻ
താഴെപ്പോകുന്ന
ഒന്നാം തീയതികളിൽ
തിളച്ചു മറിയുന്ന എണ്ണയിൽ
മുളച്ചു പൊന്തുന്ന
പലഹാരങ്ങൾ കാണും.
അപ്പോഴെല്ലാം
പച്ചപ്പട്ടുപാവാടയിട്ട
പത്തു വയസ്സുകാരി
പെൺകുട്ടി
പൊടിഞ്ഞ അച്ചപ്പവും
പൊട്ടാത്ത കുഴലപ്പവും
തിളങ്ങുന്ന ചിരിയും
എനിക്ക് തരും.
നെയ്യിൽ വറുത്തു കോരിയ
നാളികേരക്കൊത്തിന്റെ
മണവും
ഉരുക്കു വെളിച്ചെണ്ണയുടെ
നിറവുമായിരുന്നു അവൾക്ക്!
മാസത്തിലെ മറ്റൊരു ദിവസവും
അവളെ ഞാൻ കണ്ടിട്ടില്ല.
സ്കൂളിൽ പോകുന്നതോ
കളിക്കുന്നതോ
വാശിപിടിക്കുന്നതോ
കരയുന്നതോ
ഒന്നും കണ്ടിട്ടില്ല.
എണ്ണ തിളച്ചുകിടക്കുന്ന
ഉരുളികൾക്ക് ഇടയിലൂടെ
അവൾ ഓടി മറയുന്നത്
കാണുമ്പോൾ
ചങ്കു പിടയ്ക്കും.
അവളുടെ പാവാടഞൊറികൾ
കത്തുന്ന തീയിൽ തഴുകി
കടന്നു പോകുമ്പോൾ
ദീർഘനിശ്വാസം ഉതിർക്കും.
അവളെപ്പറ്റി ആദ്യം ഞാൻ പറഞ്ഞത്
കുടിവെള്ളം സപ്ലൈ ചെയ്യുന്ന
കൂട്ടുകാരനോടായിരുന്നു.
അങ്ങനെ ഒരു കുട്ടിയില്ലെന്നും
തോന്നലാണെന്നും പറഞ്ഞ്
അവൻ ആശ്വസിപ്പിച്ചു.
ഉറക്കം കുറവാണെങ്കിൽ
ഡോക്ടറെ കാണാൻ
ഉപദേശിച്ചു.
അടുത്തമാസം
വാടക കൊടുക്കാൻ
പോയപ്പോൾ
അച്ചപ്പം തരാൻ നീട്ടിയ
കൈയിൽ
ഞാൻ മൃദുവായി തൊട്ടു.
ആമ്പൽ പൂവിതളുകളിൽ
വിരലുകൾ മുളച്ചതായി തോന്നി!
ആളുന്ന തീയേക്കാൾ
ഉജ്ജ്വലമായിരുന്നു
അവളുടെ കണ്ണുകൾ.
എണ്ണയിൽ മൊരിയുന്ന
മാവ് പോലെ അവളുടെ ശബ്ദം.
അവളെപ്പറ്റി പിന്നീടും
ഞാൻ പറഞ്ഞു.
കേട്ടവരെല്ലാം ചിരിച്ചു.
കളിയാക്കി.
അവൾ ഒളിച്ചു
കളിക്കുകയാണെന്ന്
ആണയിട്ട് പറഞ്ഞിട്ടും
ആരും വിശ്വസിച്ചില്ല.
അവരെ കുറ്റം പറയാൻ പറ്റില്ല
വീടിന്റെ മച്ചിൽ
ഞാൻ താമസിക്കുന്നതും
ഇവരറിഞ്ഞിട്ടില്ലല്ലോ !
വീട് ചോദിക്കുന്നവരോട്
കൈ ചൂണ്ടിക്കാണിക്കുമ്പോൾ
പുറകിലെ മലയല്ലേ
അവർ കാണുന്നുള്ളൂ!