ADVERTISEMENT

"ഞാൻ പോവാ..." "എവിടേയ്ക്ക്?" "ബോംബെയ്ക്ക്... അച്ഛനും അമ്മേം ഇന്നലെ പറഞ്ഞു ഇന്ന് വന്ന് സ്കൂളുമാറാൻ പേപ്പേഴ്സ് മേടിക്ക്യാത്രേ..." "ഇന്നോ!... അപ്പോ ഇനി നാളെ ക്ലാസ്സിൽ ഇണ്ടാവില്ലേ..." "ഇല്ല... ഹോപ്പ് ടുഡേ ഈസ് മൈ ലാസ്‌റ്റ് ഡേ ഇൻ ദിസ് സ്കൂൾ. ഇനി നമ്മക്ക് കാണാൻ പറ്റില്ല സുകേശ്..." തലയിലെന്തോ കൂടംകൊണ്ട് അടിച്ചപോലെ തോന്നിപ്പോയി സുകേശന്... അവളുടെ നോട്ട്ബുക്കിൽ ഒരു പുഴയുടെ തീരത്തായി ഒരു വീടും അതിനടുത്തൊരു തെങ്ങും വരച്ചുകൊണ്ടിരുന്ന അവന്റെ കണ്ണുകൾ കലങ്ങി... ഒരു നിമിഷത്തെ മൗനത്തിന് ശേഷം... "ബോംബെ ഇവിടെ അടുത്തല്ലേ! സ്കൂൾ മാറേണ്ട കാര്യമുണ്ടോ?..." "ഏയ് ഒരുപാട് ദൂരെയാ... ഇവിടുന്ന് കുറേ പോണം..." "ദൂരേന്നു പറഞ്ഞാ! തൃശൂര് കഴിഞ്ഞു പോണോ?..." "ഉം... അയിന്റെ ഒക്കെ അപ്പർത്താ... ട്രെയിനിലാ പോവാ..." "ട്രെയിനിലോ!?..."

സുകേശന് തല കൊട്ടപ്പാലം തിരിയണപോലെ തോന്നിത്തുടങ്ങി... താൻ ട്രെയിൻ കണ്ടിട്ടുള്ളത് ടെക്സ്റ്റ് ബുക്കിലും പിന്നെ 'The Train' തീപ്പെട്ടി പടത്തിലും മാത്രാണ്... സുകേശന് മുന്നിലുള്ളതെല്ലാം ഒരു പുകമറപോലെ തോന്നിത്തുടങ്ങി... ഇനിയും പിടിച്ചുനിൽക്കാനാകില്ല. കണ്ണുനീർ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്നു.. സുകേശൻ തല ഉയർത്താതെ ആ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു... 'ഡും ഡ്ഡും...' പെട്ടന്ന് ഡസ്‌ക്കിലെ ആ അടികേട്ട് സുകേശന്റെ കണ്ണിൽ നിന്നും കണ്ണീർ ആ പുസ്തകത്തിലേക്ക് ഇറ്റിറ്റ് വീണു..." "സൈലൻസ്.. ഓൾ സ്റ്റാൻഡ്അപ്പ്... സുകേശൻ സി.പി. നിന്റെ സീറ്റ് ഇതാണോ!... ഗോ ബാക് ടു യുവർ സീറ്റ്..." ഉച്ചക്ക് ശേഷം ബെല്ലടിച്ചതും പദ്മിനി ടീച്ചർ ക്ലാസ്സിലേക്ക് കയറിവന്നു... കൂടെ അഞ്ജലിയുടെ പേരന്റ്സും.. സുകേശൻ ആ ബുക്കെടുത്ത് വേഗം തന്റെ സീറ്റിലേക്ക് ഓടി... 

"അഞ്ജലീ കം ഹിയർ... ടീച്ചർ അഞ്ജലിയെ അടുത്ത് വിളിച്ച് സ്കൂൾ മാറിപോവുകയാണെന്നും, എല്ലാരും ക്ലാപ്പടിച്ച് അഞ്ജലിയെ യാത്രയാക്കാനും... അങ്ങനെ എന്തൊക്കെയോ പറഞ്ഞു... കുറേയൊന്നും സുകേശന് കേൾക്കുന്നുണ്ടായിരുന്നില്ല... വിഷമത്തിലും അവൻ ചിരിക്കാൻ നന്നേ പ്രയാസപ്പെട്ടു. കവിളൊക്കെ സങ്കടംകൊണ്ട് ചുവന്ന് വീർത്തു.. "നൗ, അഞ്ജലി വിൽ സിങ് എ സോങ് ഫോർ അസ്സ്..." ക്ലാസ്സെല്ലാം നിശ്ശബ്ദമായി, അഞ്ജലി പാടിത്തുടങ്ങി...

"കണ്ണാം  തുമ്പി  പോരാമോ  എന്നോടിഷ്ടം  കൂടാമോ...

നിന്നെ  കൂടാതില്ലല്ലോ  ഇന്നെന്‍  ഉള്ളില്‍ പൂക്കാലം..."

"സുകേശേട്ടാ ഇങ്ങക്കീ പാട്ടൊന്ന് മാറ്റിക്കൂടെ... എന്നും ഒരേ ഒരു കണ്ണാം തുമ്പി പോരാമോ..." മുറ്റത്തേ അഴേല് തുണിവിരിച്ചിടുന്നതിനിടയിൽ സൗമി ചോദിച്ചു... "ഉം..." ഉമ്മറത്ത് ചാരുകസേരയിലിരുന്ന് റേഡിയോയിൽ ഇന്നും ആ പാട്ട് കേൾക്കുമ്പോൾ, പണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോ തന്നേപ്പിരിഞ്ഞെങ്ങോട്ടോ പാറിപ്പറന്നുപോയ ചെമ്പകപ്പൂമണമുള്ള ആ കൂട്ടുകാരിയേ മനസ്സിലോർത്ത് സുകേശൻ ഒന്ന് മൂളി...

English Summary:

Malayalam Short Story ' Koottukari ' Written by Vinod Kannath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com