ഉപകാരസ്മരണ – വേണു നമ്പ്യാർ എഴുതിയ കവിത
Mail This Article
കാണാനതു
കണ്ണ് നിനക്കുമില്ലെങ്കിൽ
മനസ്സിനുള്ളിലെ
മനസ്സ് കാട്ടാൻ
മനസ്സെനിക്കുമില്ല!
2
ഭൂമിക്കടിയിൽ
ഒരു ഖനിയായിരുന്നു ഞാൻ
വേരുകൾ പൊട്ടിക്കാത്ത
എന്റെ അറ നിറയെ സ്വർണ്ണം
ആരും തന്നെ അത് കണ്ടെത്തിയില്ല
അറിയപ്പെടുവാൻ
അണിയപ്പെടുവാൻ
ഞാൻ അഭിലഷിച്ചു
എന്നെ അറിയുന്നതിനു വേണ്ടി
അണിയുന്നതിനു വേണ്ടി
നീ സൃഷ്ടിക്കപ്പെട്ടു
സ്വന്തം കാലടിക്ക് ചോട്ടിൽ
സ്വർണ്ണഖനിയാണെന്ന
രഹസ്യ വിവരമറിയാതെ
നീ വെറുമൊരു പിച്ചക്കാരിയായി
കേട്ടുകേൾവിയുടെ
പിശുക്കൻ ഊടുവഴികളിൽ
അലഞ്ഞു തിരിഞ്ഞു.
3
കണ്ണീരിലൂടെ
കിനാവിലൂടെ
തേടലിലൂടെ
ഭൂമിയെ
സ്വർഗ്ഗമാക്കാം.
മരുഭൂമിയെ
ഉപവനമാക്കാം.
നിത്യജീവിതത്തിലൂടെ തന്നെ
പൂകാം നിത്യത
24 x 7 സ്വർഗ്ഗത്തിലെ
മുന്തിയ വീഞ്ഞടിക്കാം
മടിയന്മാരുടെ
പരമഭോഷത്വമത്രെ
അവധിക്കാലത്തെ
അവധിയെടുപ്പ്!
4
മിഥുനത്തിലെ ലഘുവും
തീവ്രവും ആയ നൂൽമഴമുത്തങ്ങൾക്കുള്ള
ഉപകാരസ്മരണയ്ക്ക്
ചിങ്ങത്തിൽ സ്ഥലത്തെ ഭൂമി
ആകാശത്തിനു സമർപ്പിച്ചു
നിറഞ്ഞ ഒരു പച്ചപ്പൂപ്പാലിക!
5
അക്കരപ്പച്ചയ്ക്കെന്തൊരു പച്ച!
ഇച്ഛക്കുതിരയ്ക്കു കടിഞ്ഞാണിട്ടു
തളിക്കട്ടെ നീരൊന്നു രണ്ട് കുടന്ന,
ഇക്കരെയിവൻ മന്തുകാലാൽ
ചവിട്ടിയമർത്തിവെച്ചതാം
ഉണക്കപ്പുൽക്കൊടികൾക്ക്!