ADVERTISEMENT

ഞാനാ വാതിൽ പിന്നെയും 

തുറന്നിടാറുണ്ടായിരുന്നു.

മട്ടുപ്പാവിന്റെ മുകളിൽ കൂടി 

നീ വന്നിരിക്കുമെന്ന് നിനച്ചു.

പാഞ്ഞു പോകുന്ന താരകങ്ങൾ, 

നിലാവിലൊളിയുന്ന വയലറ്റു കസവ്,

നിശയുടെ ദീർഘ നിശ്വാസം, 

പൊട്ടിച്ചിരികൾ  

ഒന്നൂടെ കാണാമെന്ന് മോഹിച്ചു.
 

ഇന്നലത്തെ മഴയോട് കൂടി 

ഞാനതെല്ലാം നിർത്തി,

എന്റെ കത്തു പെട്ടി ഏതോ 

പാറക്കൂട്ടങ്ങളിൽ 

കണ്ടെന്നാരോ പറഞ്ഞു കേട്ട്,

സ്‌നേഹവീട്ടിലാകാശം കല്ലെറിഞ്ഞത് 

ടീവിയിൽ കണ്ട് 
 

സത്യമായിട്ടും 

ഇനി മഴയെപ്പറ്റി പറയില്ല, 

മഴയുടെ ചൂരിനെപ്പറ്റി പറയില്ല,

മഴയുടെ പ്രണയത്തെപ്പറ്റി പറയില്ല 

വരില്ലെന്ന് പറഞ്ഞിട്ടും 

വാക്ക് തെറ്റിച്ചു ഞാനിതാ വരുന്നു 

അവസാനമായൊന്ന് കാണണമായിരുന്നു 

ചുംബിക്കണമായിരുന്നു 

മണ്ണിലെങ്കിലും അനുഗമിക്കണമായിരുന്നു 
 

ചളിയിൽ പുതഞ്ഞ കഷണങ്ങളിലൊന്നും 

നിന്റെ കയ്യില്ലായിരുന്നു  

ആരോ കണ്ടം വച്ചു പോയിരുന്നു.

ഫ്ലിപ്കാർട്ടിൽ ഓർഡറിനു വെച്ച പോലെ 

മനുഷ്യരെയിങ്ങനെ തുണ്ടമായി 

പാക് ചെയ്തിരിക്കുന്നു.

സന്ധ്യക്ക് കോതിയിടാറുള്ള മുടിത്തുമ്പുകൾ 

മണ്ണിലൊരു കവരൊട്ടിക്കുന്നത് 

കണ്ടെനിക്ക് തലചുറ്റി 
 

വഴി മാറിയോ 

ഇല്ലെങ്കിൽ ഞാനാരോട് ചോദിക്കും 

നിന്റെ പച്ചപ്പട്ടാരാണ് 

മാറിയുടുത്തതെന്ന്?

കാറ്റിലാടുന്ന ജിമിക്കിയുടെ താളങ്ങളിൽ 

ആരാണ് ഒപ്പീസെഴുതുന്നതെന്ന്?

ആലിപ്പഴം പെറുക്കാനിറങ്ങിയ 

കുട്ടികളുടെ തൊണ്ടയിലെങ്ങനെ 

നനഞ്ഞ മരുഭൂമി കയറിപ്പാർത്തുവെന്ന്?
 

ആരും മിണ്ടിയില്ല 

അവളെ കാണണമെന്ന് പറഞ്ഞു 

ആരും മിണ്ടിയില്ല 

ആ കത്തുകളെന്റെതെന്ന് പറഞ്ഞു 

ആരും മിണ്ടിയില്ല 

ശവപ്പറമ്പിൽ ആര് മിണ്ടാനാണ് 

മരിച്ചോരല്ലാതെ 
 

പാലത്തിന്നക്കരെയൊരാൾ 

ഉറക്കെ ഉറക്കെ കൂവുന്നു 

മഴയിതാ കോളും കൊണ്ടു വരുന്നു, 

ഞാനാ വാതിലടക്കുന്നു  

അതൊരു മഴ അല്ലായിരുന്നു..

അവസാന ശ്വാസത്തിൽ ദൂരെയെവിടെന്നോ 

മനുഷ്യരൊഴുക്കുന്ന കണ്ണീരായിരുന്നു.

തുടച്ചാലും തുടച്ചാലും ഒഴുകുന്ന 

അവസാനത്തെ പിടച്ചിലുകൾ

എന്റെയും നിന്റെയും ചിതയൊരുക്കുന്ന

ചെളിക്കത്ത്.

English Summary:

Malayalam Poem ' Chelikkathu ' Written by Fayiz Abdulla Thariyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com