ഒരു കവിതയുടെ പിറവി – സാന്ദ്രഹരി സരീഷ് എഴുതിയ കവിത
Mail This Article
ഒരു തൂലികത്തുമ്പിൽ നിന്നുതിർന്നു
വീഴുന്ന കേവല -
മക്ഷരക്കൂട്ടങ്ങളല്ല, കവിത!
കവിതയുടെ പിറവിയൊരു
ധ്യാനാത്മക പ്രക്രിയയത്രെ.
മനുഷ്യന്റെ പിറവിയോളം പവിത്രമായത്.
കവിയുടെ ഹൃദയത്തിൽ പിറവി കൊണ്ട
മകളത്രേ കവിത!
തന്റെ സങ്കൽപങ്ങളെ
തൂലികയിലേക്കാവാഹിച്ച്,
മഷിയാൽ നിറമേകി, ഓരോ വാക്കും
കുറിക്കുമ്പോൾ ഒരു കവിത ജനിക്കുന്നു.
അവിടെ പുതിയൊരു ലോകം തെളിയുന്നു,
അക്ഷരങ്ങളാൽ കെട്ടിപ്പടുത്ത ഒരു ലോകം.
മനസ്സുകളിലേക്ക് നീളുന്ന കണ്ണാടിയായ്
ചിന്തകളുടെ പ്രതിബിംബമായ്,
മാനവ ഹൃദയങ്ങളിലവൾ വളർന്നു.
പ്രണയം മൊട്ടിടും നാളുകൾക്കായവൾ
പ്രണയ കാവ്യങ്ങളെഴുതി.
വിരഹത്തിൻ ദുഃഖത്തിലുഴറും
മനസ്സുകൾക്കവ-
ളാശ്വാസത്തിൻ തെളിനീരായി.
ചിന്തകളിൽ നിന്നുടലെടുക്കും
നവാശയങ്ങളെ ലോകത്തിന് തുറന്നു കാട്ടാനും,
അനീതിക്കെതിരെ നിശബ്ദം പോരാടാനും ചിലർ -
കവിതയെന്ന മുഖംമൂടിയണിഞ്ഞൂ.
നിസ്സഹായരാം ജനതയെ തളരാതെ
താങ്ങുന്ന കൈകളായും,
പ്രതീക്ഷകൾ വറ്റിയ മനസ്സുകളിൽ
നാളെയെന്ന പ്രത്യാശയുടെ
തിരി തെളിയിക്കാനും
അക്ഷരങ്ങളെയവൾ കൂടെക്കൂട്ടി.
നന്മയെ മുറുകെ പ്പിടിച്ച്, സ്നേഹത്താൽ
ആലിംഗനം ചെയ്ത്,
പ്രതീക്ഷയുടെ, പ്രത്യാശയുടെ,
ശുഭാപതിയുടെ പുതു കിരണമായവൾ
ആസ്വാദക ഹൃദയങ്ങളിൽ ശോഭിച്ചു.