ADVERTISEMENT

ചരിത്രമെപ്പോഴുമങ്ങനെയാണ്

ചതുപ്പുപോലെയെന്നു തോന്നാറുണ്ട്

ആഴ്ന്നിറങ്ങെ ആഴങ്ങളിൽ പൂണ്ടുപോവും

പുറംകാഴ്ചയിൽ തങ്ങിനിൽക്കുമധികവും

തിരശ്ശീലയ്ക്കുപിന്നിൽ ആടിത്തിമിർത്ത്

അരങ്ങിലെത്താതെപോയവരുടെ ചരിതം

പടച്ചതുപുരുഷനാണല്ലോ.
 

സീതായനം വായിക്കപ്പെടുമ്പോഴും

അന്തപ്പുരങ്ങളിൽ മിഴികൾ പലതും

നിസ്സംഗതയുടെ പോക്കുവെയിൽതേടി.

കുരുക്ഷേത്രത്തിൽ കത്തിജ്വലിച്ച

കൃഷ്ണയ്ക്കു പിന്നിലും മറഞ്ഞിരുന്നു 

കാണാതെപോയ വൃഷാലിമാർ.
 

കാലചക്രവീഥികളിൽ മണ്ണറിഞ്ഞ

പെൺപാദങ്ങളൊരുപാടുണ്ട്.

അടിമത്തമറിയാതെയണിഞ്ഞപ്പോഴും

വിധിയെപ്പഴിച്ച നോക്കുകുത്തികൾ.

മാറുമറയ്ക്കാനും മാനംകാക്കാനും

നവോത്ഥാന വഴികളിൽ ചെമപ്പുപടർത്തി.
 

കരിപുരണ്ടചുവരുകളിൽ കവിതകൾ

രചിക്കുന്ന നിസംഗതയുടെ നേർക്കാഴ്ചകൾ.

കുടുംബവിളക്കിനു പെണ്ണിന്റെ നിറംനൽകി

സ്വയമെരിയാൻ എണ്ണപകർന്നു.

അടക്കവുമൊതുക്കവും മുഖമുദ്രയായപ്പോൾ

അടക്കിയതവളെയാണെന്നു മാത്രം.
 

ആകാശം കൈയെത്തിവന്നിട്ടും

ആത്തേമാരിപ്പോഴുമകത്തളങ്ങളിൽ

പുകഞ്ഞുതീരുന്നു. 

ആർച്ചയും താത്രിയും മണികർണ്ണികയും 

ആടിത്തീർത്തയരങ്ങുകളെ നോക്കി

നെടുവീർപ്പുകളുയരുന്നു. 
 

സമത്വമെന്ന ഔദാര്യമേറ്റുവാങ്ങുമ്പോൾ

സ്വാതന്ത്ര്യം കൊടുക്കുന്നു മഹാമനസ്കത.

തന്റെയിടംതേടി പെണ്ണുനടന്നപ്പോൾ

തന്റേടിയായി തന്നിഷ്ടക്കാരിയും.

ഒപ്പം നടക്കാൻ പെണ്ണുതുനിഞ്ഞാൽ

അരങ്ങിലെത്താൻ ദൂരമില്ലെന്നറിക..

English Summary:

Malayalam Poem ' Arangilethathe Poyavar ' Written by S. Padmaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com