എന്റെ തറവാടിന്റെ അന്ത്യകൂദാശയ്ക്കു മുമ്പായി.. – ഹാഷ് മീഡിയ എഴുതിയ കവിത
Mail This Article
×
അന്ത്യ ദർശനത്തിനായി നീ
തറവാട്ടിൽ ചെന്നൊന്ന് നോക്കണം.
പടിവാതിൽക്കലൊരു ചാരുകസേര
നാഥനില്ലാതലയുന്നുണ്ടാവും.
മനുഷ്യവാസമില്ലാത്തതിനാൽ,
പുതിയ അന്തേവാസികൾ
മുക്കിലും മൂലകളിലുമെല്ലാം
കുടിയേറിപ്പാർക്കുന്നുണ്ടാവും.
തീൻമേശക്ക് ചുറ്റുമുള്ള കസേരകളിലൊന്ന്
നിനക്കായ് ഒഴിഞ്ഞിരിക്കുന്നുണ്ടാവും.
മേലെ പൊളിഞ്ഞുവീഴാറായ
ഓടുകളിലൊന്ന് സൂര്യരശ്മികൾക്കായി
വഴിമാറിക്കൊടുക്കുന്നത് കാണാം.
അടുക്കളയിലൊരമ്മിക്കല്ല് തന്റെ
കുട്ടിയെ ഓമനിക്കുന്നുണ്ടാവും.
കല്ലടുപ്പുകളിലൊന്നിൽ സദാ,-
ചാരം പുകയുന്നുണ്ടാവും.
കിണറ്റിൽ അങ്ങുമിങ്ങും പച്ച-
ത്തവളകൾ നീന്തുന്നുണ്ടാവും.
കയററ്റൊരു തൊട്ടി മണ്ണിൽ
പൂണ്ടുനിൽക്കുന്നുണ്ടാവും.
ഒരു തോർത്തും കുരിശും
മുറ്റത്ത് പ്രതിഷ്ഠിച്ച്
ശവവേളിയും കഴിച്ച് നീ
തരിഞ്ഞു നടക്കുക,
പൂർണ സംതൃപ്തനായി!
English Summary:
Malayalam Poem ' Ente Tharavadinte Anthyakoodasakku Mumpayi ' Written by Hash Media
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.