ഉണർത്തു പാട്ടുകൾ – ജസിയ ഷാജഹാൻ എഴുതിയ കവിത
Mail This Article
മൂപ്പെത്തിയ മുഷിഞ്ഞ
സായാഹ്നത്തിന്റെ
വരാന്തപ്പടിയിലിരുന്ന്
ഏങ്കോണിച്ച കാറ്റിന്റെ
തൂവാലയൊപ്പുമ്പോൾ
പിച്ചും പേയും പറഞ്ഞ്
ഏതാനും മഴത്തുള്ളികളും
ദേഹത്ത് മുട്ടിയുടഞ്ഞു
കടന്നു പോയിരുന്നു.
രാക്കോളിന്റെ നിതാന്തമായ മൂടുപടത്തിൽ
ആകാശ നീലിമ അലിഞ്ഞു പോയോ?..
എന്തിനാപ്പോ... സംശയം
ബാക്കിവച്ചേക്കണെ?
മേലേക്ക് പാഞ്ഞു നടന്ന്
വട്ടം കറങ്ങുന്ന എന്റെ
കണ്ണുകളിൽ
ഇച്ഛാഭംഗത്തിന്റെ
കരിന്തിരി പുകയുന്നത്
ഞാനറിഞ്ഞു...
എന്റെ തൊണ്ടയിൽ കുടുങ്ങിപ്പോയ
ഒച്ചയില്ലാത്ത വാക്കുകൾ
ഞരങ്ങി...
ഹൃദയം പരതുന്ന നക്ഷത്ര
തിളക്കങ്ങളെ മിഴികൾ തുറക്കൂ...
ഞാനുമെന്റെ സ്വപ്നങ്ങളും
നിങ്ങളുടെ കാവൽക്കാരാണ്.
വിശ്വാസ്യതയുടെ
ചോലയിൽ അകമഴിഞ്ഞ്
കാത്തിരിക്കുന്നവർ!
ഉലഞ്ഞമർന്ന ഇരുളിന്റെ
മുത്താരം കുന്നിലേക്ക്
പതിയെ.. പതിയെ..
പൂത്തിറങ്ങിയ പാൽനിലാവിന്റെ
അരക്കെട്ടിൽ നിന്നും
അരഞ്ഞാണമൂർന്നുവീഴുമ്പോൾ
റാഹേലിന്റെ കൂരയിലെ
അത്താഴ വിളക്ക്
പതിവിലും നേരത്തേ
കെട്ടുപോയിരുന്നു.
ഇടവകയിലെ അന്തോണീസ്
പുണ്യാളന്റെ സ്തോത്രത്തിൽ
കൊന്തമണികൾ ഉരുളുമ്പോൾ
വടക്കെ ചരിവിലെ വക്കച്ചന്റെ
കള്ളുഷാപ്പിൽ താറാവ് മപ്പാസ്
ഉലയുന്നുണ്ടായിരുന്നു.
തെക്കേടത്തെ സുബൈദാത്താന്റെ
മാസക്കുളി തെറ്റിയതിന്റെ ഭൂകമ്പം
ഈ രാവിനെയെങ്കിലും
കൂട്ടിക്കൊണ്ടു പോകാതിരുന്നെങ്കിൽ!
ഞാനാഗ്രഹിച്ചു...
തികച്ചുമൊരു നിശ്ശബ്ദതയിലേക്ക്
ഞാൻ നടന്നിറങ്ങുന്നുണ്ട് ...
എന്റെ മുന്നിൽ
പല കോണുകളിലായി
വഴികൾ നീണ്ടു നീണ്ടു
പോകയാണ്...
പക്ഷേ....
എനിക്കിപ്പോഴുറക്കെ
പാടാൻ കഴിയുന്നുണ്ട്!
അതിശയോക്തിയോടെ
ഞാനെന്റെ കണ്ഠമമർത്തി നോക്കി...
ഒരു വല്ലാത്ത പരവേശമെന്നെ
പൊതിഞ്ഞിരിക്കുന്നു...
വെള്ളം... വെള്ളമെന്നെന്റെ
വാക്കൊച്ചകൾ മുറിഞ്ഞു
വീഴുമ്പോൾ
ഭീതിയോടെ എന്നെ വിഴുങ്ങാൻ
വന്ന രാത്തിരി വെട്ടത്തിൽ
ഏതോ ഭ്രാന്തൻ ഉച്ചത്തിലുച്ചത്തിൽ
പാടുന്നുണ്ടായിരുന്നു...
എല്ലാ നിശ്ശബ്ദതകളേയും
ഭേദിക്കുമാറൊരുണർത്തു
പാട്ട്...